
കാവുകളിലെ വെളിച്ചപ്പാടുകളെ എത്രയോ നേരിൽ കണ്ടിട്ടുണ്ട്; പലരെയും അടുത്ത് പരിചയവുമായുണ്ട്... എങ്കിലും 'വെളിച്ചപ്പാട്' എന്ന് കേൾക്കുമ്പോൾ മനസ്സിൽ കടന്നുവരുന്ന രൂപവും ഭാവവും 'നിർമ്മാല്യ'ത്തിലെ പി. ജെ. ആൻ്റണിയുടെ രൂപ-ഭാവങ്ങളും ശരീരഭാഷയുമാണ്.... ഇത് എന്റെ മാത്രം കാര്യമല്ല; മലയാളികളുടെ പൊതുമണ്ഡലത്തിലെ 'വെളിച്ചപ്പാട്' ഇദ്ദേഹമാണ്...
മലയാളചലച്ചിത്ര - നാടക രംഗത്തെ ഒരു അതുല്യ നടൻ (എഴുത്തുകാരനും) ആയിരുന്ന പി. ജെ. ആൻ്റണി 1973-ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന് അർഹമായ 'നിർമ്മാല്യം' എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് 'ഭരത് അവാർഡു'നേടി... പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാപ്രതിഭയായിരുന്നു.
സ്മരണാഞ്ജലികൾ!
1925-ൽ ജനുവരി 1-നു പനക്കൂട്ടത്തിൽ ജോസഫ് തോമസിന്റെയും എലിസബത്തിന്റെയും മകനായി കൊച്ചിയിലെ പച്ചാളത്ത് ജനനം. ജനനം ആലുവായിൽ ആയിരുന്നു എന്നും ചില രഖകളിൽ കാണുന്നു. വിദ്യാഭ്യാസം ആലുവ അദ്വൈതാശ്രമത്തിൽ ആയിരുന്നു. ചെറുപ്പകാലത്തു തന്നെ അഭിനയം വളരെ ഇഷ്ടമായിരുന്ന ആന്റണി കൂട്ടുകാരുമൊത്ത് ഒരുപാട് വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അഭിനയത്തോടൊപ്പം പല നാടകങ്ങൾ എഴുതുകയും, അതിൽ ചിലതിന്റെ സംവിധാനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നല്ല നാടകങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി 'പ്രതിഭ', 'പി. ജെ.' എന്നിങ്ങനെ രണ്ട് നാടകസംഘങ്ങൾ രൂപവത്കരിച്ചു. മലയാളസാഹിത്യ - നാടക രംഗങ്ങളിൽ നിലനിന്നിരുന്ന പതിവ് മാമൂൽ സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മലയാള നാടകവേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
പ്രധാന നാടകങ്ങൾ: 'ചക്രവാളം'; 'വേഴാമ്പൽ'; 'മൂഷികസ്ത്രീ'; 'പൊതുശത്രുക്കൾ'; 'ഇങ്ക്വിലാബിന്റെ മക്കൾ'; 'ദീപ്തി'; 'തീരം'; 'മണ്ണ്'; 'ഇത് പൊളിറ്റിക്സ്'
1958-ൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ 'രണ്ടിടങ്ങഴി' എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നു. പിന്നീട് 'മുടിയനായ പുത്രൻ', 'അമ്മയെ കാണാൻ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 'അതിഥി' എന്ന കെ.പി. കുമാരൻ്റെ ആദ്യ സിനിമയിലെ നായകനായിരുന്നു സിനിമ പി ജെ ആന്റണി; അതിലും മികച്ച പ്രകടനമായിരുന്നു. 'ഭാർഗ്ഗവീനിലയം'; 'ഇരുട്ടിന്റെ ആത്മാവ്'; 'അശ്വമേധം' തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹത്തിൻ്റെ അഭിനയം അവിസ്മരണീയമാണ്. 1958-ൽ തകഴിയുടെ 'രണ്ടിടങ്ങഴി'യെ ആധാരാക്കി വെള്ളിത്തിരയിലെത്തിയ അതേ പേരിലെ സിനിമയിൽ തുടങ്ങി 1979-ലെ മണ്ണിന്റെ മാറിൽ വരെ 53 ചിത്രങ്ങളിലാണ് രണ്ട് പതിറ്റാണ്ട് നീണ്ട ചലച്ചിത്രജീവിതത്തിൽ പി.ജെ. വേഷമിട്ടത്.
ചലച്ചിത്ര രംഗത്ത് സജീവമായ ഇദ്ദേഹം, 1967-ൽ പുറത്തിറങ്ങിയ 'ശീലാവതി' എന്ന ചിത്രത്തിനു കഥയും, തിരക്കഥയും രചിക്കുകയും 1973-ൽ ഇറങ്ങിയ 'പെരിയാർ' എന്ന ചിത്രത്തിനും, 'റാഗിങ്ങ്' എന്ന ചിത്രത്തിനും വേണ്ടി ഗാനരചന നിർവ്വഹിക്കുകയും ചെയ്തു.
'പെരിയാർ' സിനിമയിലെ നാലു പാട്ടുകൾ ( രചന: പി.ജെ.ആന്റണി; സംഗീതം - ജോബ് മാസ്റ്റർ & ശിവൻ)
പി. ജെ. ആൻ്റണി പല ചിത്രങ്ങളുടെ തിരക്കഥ- സംഭാഷണങ്ങൾ രചിച്ചിട്ടുമുണ്ട്. പി എൻ മേനോൻ ആദ്യമായി സംവിധാനം ചെയ്ത 'റോസി'യുടെ തിരക്കഥ പി ജെ ആന്റണിയുടേതായിരുന്നു. 'നദി' തുടങ്ങി ശ്രദ്ധേയമായ ചിലതും അതിലുണ്ട്. 'തൊമ്മന്റെ മക്കള്‍' (1965- ശശികുമാര്‍); 'ചെകുത്താന്റെ കോട്ട' (1967) 'ശീലാവതി' (1967) എന്നീ ചിത്രങ്ങൾക്കും തിരക്കഥ രചിച്ചു. കെ.ജി. ജോർജിന്റെ 'കോലങ്ങൾ' എന്ന സിനിമ ആന്റണിയുടെ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്' എന്ന നോവലിനെ അവലംബിച്ച് ഒരുക്കിയതാണ്.
'പെരിയാർ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകനുമായി. 'തേയവാഴി തമ്പുരാന്റെ തിരുമുറ്റത്തെ...' എന്ന് തുടങ്ങുന്ന ഗാനം (ചിത്രം: 'മുറപ്പെണ്ണ്'- 1965) ചിദംബരനാഥ് ഒത്തു പാടി പിന്നണി ഗായകനുമായിട്ടുണ്ട്.
എം.ടി.-യുടെ 'നിർമ്മാല്യ'ത്തിൽ വെളിച്ചപ്പാടിന്റെ കഥാപാത്രമവതരിപ്പിച്ച് 1973-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ദേശീയ പുരസ്കാരവും കരസ്ഥമാക്കി. മലയാളസിനിമയിൽ നിന്നുള്ള ആദ്യ 'ഭരത് അവാർഡ്' നേട്ടമായിരുന്നു അത്. (മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അക്കാലത്തു ഇങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.)
പി. എ. ബക്കറിന്റെ 'മണ്ണിന്റെ മാറിൽ' ആയിരുന്നു പി. ജെ. ആന്റണിയുടെ അവസാന ചിത്രം.
നാടകവും, സിനിമയും മാത്രമായിരുന്നില്ല, ഒരുപാട് വിപ്ലവഗാനങ്ങളും ലളിതഗാനങ്ങളും, 'ഇതാ മനുഷ്യൻ', 'ഒരു ഗ്രാമത്തിന്റെ ആത്മാവ്' തുടങ്ങിയ നോവലുകളും അനേകം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'പുകച്ചുരുളുകൾ', 'കലകവൻ', 'നാലുദിവസങ്ങൾ', 'എണ്ണയില്ലാത്ത വിളക്ക്', 'ചിലമ്പൊലി','തകർന്ന വീണ', 'ആ മോക്ഷം നിങ്ങൾക്കു വേണ്ട' തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചെറുകഥകൾ.
41 നാടകങ്ങൾ, മുപ്പതോളം ചെറുകഥകൾ, ഒരു നോവൽ, ഒരു നോവലൈറ്റ്, നൂറോളം കവിത/പാട്ട് തുടങ്ങിയവ സമാഹരിക്കപ്പെട്ടിട്ടുണ്ട്.
1954-ൽ അദ്ദേഹം മേരിയെ വിവാഹം കഴിച്ചു. ജോസഫ് (സിത്താറിസ്റ്റ്), എലിസബത്ത് (വക്കീൽ) എന്നിവരാണ് മക്കൾ. അവസാന കാലത്ത് ഇടപ്പള്ളിയിൽ ആണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരിൽ 'പി.ജെ.ആന്റണി മെമ്മോറിയൽ ഫൌണ്ടേഷൻ' എറണാകുളത്ത് പ്രവർത്തിക്കുന്നു.
1979-ൽ മാർച്ച് 14-ന്, വെറും 54-ാം വയസിൽ മണ്മറഞ്ഞ ഈ പ്രതിഭ ഇന്നും മലയാളികളുടെ ദീപ്തസ്‌മരണയായി നില്ക്കുന്നു.... പി.ജെ. ആന്റണിയുടെ 46-ാം ഓർമ്മദിനമാണിന്ന്.
പി. ജെ. ആൻ്റണിയുടെ പത്നി മേരി ആന്റണിയുടെ 93-ാം ജന്മദിനം ഈ മാസം 8-ാം തീയതിയായിരുന്നു.....
പി ജെ ആന്റണിയുടെ മകൾ അഡ്വക്കേറ്റ് എലിസബത് ആൻ്റണി 2022-ൽ facebook-ൽ പങ്കു വച്ച പി. ജെ. ആന്റണിയുടെ അവസാന കത്തിനെക്കുറിച്ചുള്ള കുറിപ്പ്:
"1979 മാർച്ച് 10-ന് അപ്പച്ചൻ മദ്രാസിലേക്ക് ട്രെയിൻ കയറുമ്പോൾ തന്നെ വയറിനു സുഖമില്ലായിരുന്നു. 1979 മാർച്ച് 11-ന്, അവിടെ എത്തിയ ഉടനെ കത്തയച്ചു; അപ്പച്ചൻ അവസാനമായി അമ്മച്ചിക്ക് അയച്ച കത്ത്! കത്ത് ഇവിടെ കിട്ടിയത് 1979 മാർച്ച് 14-ന്; അപ്പോഴേയ്ക്കും അപ്പച്ചൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു.