Image

മദീനയിലേക്കുള്ള പാതയില്ലാത്ത റമളാൻ രാവുകൾ എത്ര അരോചകം! (ഷുക്കൂർ ഉഗ്രപുരം)

Published on 14 March, 2026
മദീനയിലേക്കുള്ള പാതയില്ലാത്ത റമളാൻ രാവുകൾ എത്ര അരോചകം! (ഷുക്കൂർ ഉഗ്രപുരം)

ഡോ. എം. പി അബ്ദുസ്സമദ് സമദാനിയുടെ പേര് ഈയിടെ വാർത്തകളിൽ നിറഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് സമദാനിയുടെ വർഷങ്ങൾക്ക് മുമ്പുള്ള റമദാൻ പ്രഭാഷണമാണ്. 
അന്നൊക്കെ നോമ്പിൻ്റെ പ്രധാന അടയാളവും റമദാൻ വിഭവവുമായിരുന്നു സമദാനിയുടെ പ്രഭാഷണം.
ആത്മീയതക്കപ്പുറത്ത് അന്നത്തെ യുവാക്കളെ സാമൂഹിക വൽക്കരിക്കുന്ന (Socialisation) തിൽ സമദാനിയുടെ പ്രഭാഷണങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു.
അല്ലാമ മുഹമ്മദ് ഇഖ്ബാലിനേയും, കബീർദാസിനേയും, ആർനോഡ് ട്ടോയെൻബിയേയും മൈക്കിൾ എച്ച് ഹാർട്ടിനേയും ഇമ്മാന്വൽ കാൻ്റിനേയുമൊക്കെ - തൻ്റെ പ്രഭാഷണങ്ങളിൽ അവരുടെ തിയറിയും കവിതയും ഫിലോസഫിയും വെച്ചുദ്ധരിക്കുകയും അറബിക്കടലിന് സമാന്തരമായി പ്രവാചക പ്രണയത്തിൻ്റെ ഒരു ഇശ്ഖിൻ മഹാസമുദ്രം തീർക്കുകയും ചെയ്യുമായിരുന്നു ആ മനുഷ്യൻ.
ഇന്നത്തെപ്പോലെ യാതൊരു ടെക്നോളജിയുമില്ലാത്ത കാലം. ഒരു ടേപ്പ് റെക്കോർഡർ കയ്യിലുണ്ടായാൽ പിന്നെ അവനാണ് വലിയ ഹീറോ. സമദാനിയുടെ പ്രസംഗം ഒപ്പിയെടുക്കാൻ ടേപ്പ്റെക്കോർഡറുകളുമായി വരുന്ന മനുഷ്യർ അന്ന് ധാരാളമുണ്ടായിരുന്നു.

"ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കൂ, എത്ര വശ്യമായി അവ മിന്നി മിന്നിത്തിളങ്ങുന്നു. ആരാണതിന് ഈ നയന മനോഹാരിത നൽകിയത്?"
അങ്ങനെ ധൈഷണികമായതും സർഗ്ഗാത്മകവുമായ ഒരുപാട് ചോദ്യങ്ങളും തത്ത്വചിന്തകളും പങ്കുവെച്ചു കൊണ്ട് സമദാനി ഒരു വശ്യസുന്ദരമായ കവിതയായി പരിണമിക്കുന്ന രാവുകളായിരുന്നു അത്.

പ്രവാചക പ്രണയത്തിൻ്റെ സമുദ്രം സമദാനിയുടെ ഉള്ളകത്തിൽ അണപൊട്ടിയൊഴുകുമ്പോൾ പുറത്തുവരുന്ന വാക്കുകൾക്ക് എന്തൊരു മധുരമായിരുന്നു. ഹൃദയം ഹൃദയത്തോട് ഹൃദദയോടെ നേരിട്ട് സംവദിക്കുന്ന അത്യപൂർവ രാവുകൾ. കോഴിക്കോട് കടപ്പുറത്തെ ഓരോ മണൽത്തരിയും സമുദ്രത്തിലെ അലമാലകളും മദീനയുടെ നായകനോടുള്ള ഇശ്ഖ് മൂത്ത് മജ്നുവായി പരിണമിച്ച രാത്രികൾക്ക് തുല്ല്യമായതൊന്നും ഇതുവരെ കിട്ടയിട്ടില്ല. 

"ഈ കടലിനക്കരെ ഹിജാസാണ് - പ്രവാചക തിരുമേനിയുടെ റൗളയെ ചുറ്റിവരുന്ന നനുത്ത കാറ്റാണ് നമ്മെ ഈ തഴുകുന്നത്. കാറ്റേ ഞങ്ങളുടെ സ്വലാത്തിനെ നീ പുണ്യ തിരുമേനി (സ്വല്ലള്ളാഹു അലൈഹിവ സല്ലമ)യുടെറൗളയിലെത്തിക്കേണമേ"...
അത്ര സ്നേഹത്തോടെ നബിയോട് സലാം ചൊല്ലിയ റമദാൻ രാവുകൾ ഞങ്ങളെ പോലെ ഫഖീറൻമാർക്ക് വേറെ കിട്ടിയിട്ടില്ല.

നട്ടുച്ചക്ക് ചൂട്ടു കത്തിച്ച് മനുഷ്യനെ തിരഞ്ഞ ഡയോജനീസിൻ്റെ കഥ പറഞ്ഞ് മാനവികതയുടെ പ്രധാന്യത്തെ മനുഷ്യനെ അന്നേ പഠിപ്പിക്കുകയായിരുന്നു സമദാനി. 
ഹിന്ദുസ്ഥാൻ എന്ന അത്ഭുത ഭൂമികയുടെ പൗരാണിക ഗരിമയും പ്രഭാഷണങ്ങളിൽ അന്ന് ഒഴുകിയെത്തുമായിരുന്നു.
സമദാനിയുടെ അന്നത്തെ പ്രഭാഷണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഏത് മനുഷ്യനും അത് കേട്ടിരിക്കാം - അവന് വേണ്ട വിജ്ഞാനങ്ങളും അതിലുണ്ടാകുമായിരുന്നു. മുസ്ലിം അവാന്ത വിഭാഗങ്ങളുടെ പരസ്പര കലഹ കാലത്തും യാതൊരു പ്രയാസവുമില്ലാതെ എല്ലാവർക്കും ഒരുമിച്ചിരുന്ന് കേൾക്കാൻ മാത്രം വിശാലമായിരുന്നു സമാദാനിയുടെ പ്രസംഗങ്ങൾ.

മുസ്ലിം സമുദായത്തിനകത്ത് ഉൽപ്പതിഷ്ണുക്കൾ പോലും സ്ത്രീധന ദുരാചാരത്തിനെതിരെ ഉറക്കെ സംസാരിച്ചു തുടങ്ങും മുമ്പേ സ്ത്രീധനത്തിനെതിരെ യുവാക്കളെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിപ്പിച്ച വിപ്ലവകാരിയായിരുന്നു സമദാനി. മുസ്ലിം സമൂഹത്തിനകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അവ കാരണമായിട്ടുണ്ട്. 
പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ് - എവിടുന്നാണ് സമദാനിക്ക് മൈക്കിന് മുന്നിൽ നിൽക്കുമ്പോൾ ഇത്രമേൽ ഭംഗിയായി ഹൃദയം കൊണ്ട് സംസാരിക്കാനുള്ള ഊർജ്ജം ലഭിക്കുന്നതെന്ന്. വിശ്വവിഖ്യാതമായ അൽ അസ്ഹർ യൂനിവാഴ്സിറ്റിയുടേയും ഖൈറോ യൂനിവാഴ്സിറ്റിയുടേയും സന്തതിയായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനകളായിരുന്നോ ആ ഊർജ്ജത്തിൻ്റെ പ്രഭവ കേന്ദ്രമെന്ന് സന്ദേഹം തോന്നിയിട്ടുണ്ട്. 

Join WhatsApp News
Mammootty 2026-03-14 16:22:18
അറുപതു കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയം നടിച്ചു പടിക്കെട്ടിലിട്ടു ബലാത്സംഗം ചെയ്ത സാഹിബിന്റെ പ്രസംഗം തീർച്ചയായും ടേപ്പ് റെക്കോർഡർ വെച്ച് ഒപ്പിയെടുക്കേണ്ടത് തന്നെ ആണ് .. അൽ ഹംദുലില്ലാഹ് ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക