
അത്പക്ഷേ അത്യാഗ്രഹമല്ലേ എന്നവളോര്‍ത്തു. വേണ്ട!
ചില അഭിനിവേശങ്ങള്‍ കുതിരയെപ്പോലെ ആവേശംകയറി കുതിച്ചുപായാന്‍ അനുവദിച്ചൂടാ. കടിഞ്ഞാണിട്ടു പിടിച്ചു നിര്‍ത്തണം. സീത മുന്നോട്ടു തന്നെ ചുവടുകള്‍ വച്ചു.
അമ്മാളുവിന്റെ ശകാരം കേട്ടുകൊണ്ടാണ് സീത മുറ്റത്തേയ്ക്ക് കാലെടുത്തു വച്ചത്. രക്തം ഇരച്ചുകയറി, ആകെ തുടുത്ത തന്‍റെമുഖം അമ്മ കാണണ്ടെന്നു കരുതി അവള്‍ ഓടി വീട്ടിനുള്ളിലെയ്ക്ക് കയറി.
“ന്താ ണ്ണേ, വെകിളിപിടിച്ചോടുന്നത്? അടങ്ങ്!” അതുകേട്ടപ്പോളവള്‍ക്ക് വല്ലാത്ത അലോസരം തോന്നി, തലതിരിച്ച് അമ്മയുടെ കൂര്‍ത്തമുഖത്തേയ്ക്കൊന്നു പാളിനോക്കി.
അതിലെ ശാസന സീതയ്ക്കറിയാം.. ‘നീ പ്രായമായ പെണ്ണാണ്. തിരണ്ടു തീണ്ടാരിയുള്ളവളാണ്. നമ്മള്‍ വെറും പാവങ്ങളാണ്. സൂക്ഷിച്ചും കണ്ടും അടങ്ങിയൊതുങ്ങി ജീവിക്കണം’ എന്നൊക്കെയാണ്.
ഈയമ്മയ്ക്കെന്താ? സീത മുഖം കോട്ടി.
“പ്രായമായ പെണ്ണാണെന്ന് ഓര്‍മ്മയുണ്ടായാല്‍ മതി”. അവര്‍ കൂട്ടിച്ചേര്‍ത്തു.
“അമ്മയിതെത്ര തവണ പറഞ്ഞിട്ടുള്ളതാണമ്മേ?” ഉള്ളില്‍ തികട്ടി വന്ന നീരസം വാക്കുകളിലൂടെ പ്രകടിപ്പിച്ചുകൊണ്ടവള്‍ അകത്തേക്ക് കയറിപ്പോയി.
അമ്മാളുവമ്മ അടക്കിച്ചിരിച്ചു. മുത്തിന്‍റെ പിണക്കം കാണാനും അവര്‍ക്കിഷ്ടമാണ്. അമ്മാളു കാണാന്‍ ചേലുള്ളവളാണ്. നാലക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ചവളാണ്. കലാവാസനയുള്ളവളാണ്. അങ്ങനെ ചേരിയിലാര്‍ക്കുമില്ലാത്ത ചില സവിശേഷതകള്‍ അമ്മാളുവിനുണ്ട്.. കൊട്ടാരത്തിലെ അകത്തളത്തില്‍ ധനുമാസത്തിലെ പൂത്തിരുവാതിരയ്ക്ക് നേതൃത്വം കൊടുത്തിരുന്നത് അമ്മാളുവാണ്. അമ്മയുടെ ഗുണഗണങ്ങള്‍ മകള്‍ക്കും വേണ്ടുവോളം കിട്ടിയിട്ടുണ്ട്.
“മുത്തേ! ഞാനിത്താന് മണ്ണ്‍ കുഴയ്ക്കട്ട്. കുളികഴിഞ്ഞു വരുമ്പോള്‍ “അപ്പാക്ക് സെകദോഡാ ഗെഞ്ചി വിളമ്പിക്കൊടു.”( ഞാനിത്തിരി മണ്ണ് കുഴയ്ക്കട്ടെ! കുളി കഴിഞ്ഞു വരുമ്പോള്‍ അപ്പായ്ക്ക് ചൂടോടെ കഞ്ഞി വിളമ്പിക്കൊടുക്ക്)
അവര്‍ പാതി മലയാളത്തില്‍ മകളോട് പറഞ്ഞു. കുട്ടിക്കാലം മുതല്‍ പറഞ്ഞു ശീലിച്ച ഭാഷ മനസ്സറിയാതെ അമ്മയുടെ നാവിന്‍ തുമ്പില്‍ വരുന്നത് സീത ശ്രദ്ധിച്ചു. കൂടുതലും സന്തോഷം വരുമ്പോളാണത്. വേണ്ടെന്ന് എത്രപറഞ്ഞാലും ഇതാവര്‍ത്തിക്കുമെന്നും സീതയ്ക്കറിയാം. തനിക്കു പറയാന്‍ അറിയില്ലെങ്കിലും കേട്ടാല്‍ മനസ്സിലാകുമെന്നറിയാവുന്നതുകൊണ്ടാണ് വല്ലാതെ ശ്വാസം മുട്ടുമ്പോള്‍ അമ്മ പറഞ്ഞു പോകുന്നതെന്ന് സീതമ്മയക്കുമറിയാം.
കുളികഴിഞ്ഞു വരുന്ന അപ്പായെ സീത നോക്കിയിരുന്നു. കരിമണലിന്‍റെ നിറമാണപ്പയ്ക്ക്. കൃഷ്ണവര്‍ണ്ണം. നിത്യനിരാശ കൂടുകൂട്ടിയതെങ്കിലും ഐശ്വര്യമുള്ള മുഖം. വിരളമായേ അപ്പ ചിരിച്ചു കണ്ടിടുള്ളൂ അപ്പാവും അമ്മയും തമ്മിലുള്ള ശീതസമരം സീതമ്മ ഇന്നോ ഇന്നലെയോ കാണാന്‍ തുടങ്ങിയതല്ല. കഞ്ഞി വിളമ്പുമ്പോഴും മുഖത്ത് കടന്നല് കുത്തിയ ഭാവത്തോടെയിരിക്കുന്ന അപ്പയെ സീത സൂക്ഷിച്ചു നോക്കി.
“ന്താപ്പാ? അവള്‍ ചോദിച്ചു.
ഒന്നൂല്ലെന്ന് അയാള്‍ തലയാട്ടി.
“അപ്പാ! ഒന്ന് ചോദിക്കട്ടെ, എന്താ അപ്പയും അമ്മയും തമ്മില്‍?” ചോദ്യം കേട്ട് താമി അവളെ ക്ഷണിച്ചുവരുത്തിയ അമര്‍ഷം, കടമെടുത്തു പുരട്ടിയ കണ്‍കോണിലൂടെ നോക്കി. വ്രതം നോറ്റിരിക്കുന്ന എന്നോട് ഇപ്പെണ്ണിനു ചോദിക്കാന്‍ കണ്ട ഒരു ചോദ്യം? എന്നായിരുന്നു അതിന്‍റെയര്‍ത്ഥം. മറുപടിക്ക് പകരം ഈര്‍ക്കില്‍ കുത്തിയൊതുക്കിയ പ്ലാവിലകൊണ്ടയാള്‍ ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ കഞ്ഞി വേഗം വേഗം കോരി കുടിച്ചുകൊണ്ടിരുന്നു. .
എന്തൊക്കെയായാലും മുത്തിനോട് താമിയ്ക്ക് വലിയ സ്നേഹമാണ്. അവളുടെ മുഖത്തു നോക്കുമ്പോള്‍ താനുണ്ടാക്കുന്ന ദേവീവിഗ്രഹമാണ് അയാള്‍ക്കോര്‍മ്മ വരിക. ശാന്തസ്വരൂപിണിയായ ദേവി. പക്ഷേ വിഗ്രഹം പൂര്‍ത്തിയാവുമ്പോള്‍ രൂപവും ഭാവവും എല്ലാം മാറുമല്ലോ എന്നയാള്‍ ഖേദിച്ചു. ദംഷ്ട്രങ്ങള്‍ രാക്ഷസീയവും ചുവന്നു തുറിച്ച കണ്ണുകള്‍ രൌദ്രവും ആയി മാറുമ്പോള്‍ മൂര്‍ത്തീഭാവം ഉഗ്രത കൈവരിയ്ക്കും. ഉഗ്രരൂപിണിയായ കാളിയെയാണ് താന്‍ മണ്ണില്‍ വാര്‍ത്തെടുക്കുന്നത്. ദാരികനെ നിഗ്രഹിച്ച സാക്ഷാല്‍ ഭദ്രകാളി. താന്‍ മെനയുന്ന കാളീവിഗ്രഹത്തിന്, പുറത്തേയ്ക്ക്നീട്ടിയ രക്തമിറ്റുന്ന നാവാണ്.
തെല്ലിട താമിയുടെ മനസ്സ് തന്‍റെ നിര്‍മ്മാണ ശാലയിലെയ്ക്ക് തിരിഞ്ഞു. കളിമണ്ണ്‍ കുഴച്ചു പിടിപ്പിക്കുന്ന ഓരോ അവയവങ്ങളിലും അയാള്‍ തന്‍റെ ഭാര്യയെ കണ്ടു. മറ്റൊരു സ്ത്രീശരീരം അയാള്‍ക്ക് പരിചിതമായിരുന്നില്ലല്ലോ! അച്ഛന്‍റെ മനസ്സ് കാടുകയറുന്നത് സീത മനസ്സിലാക്കി... അപ്പയുടെ മനസ്സ് കലങ്ങുന്നത് സീതയ്ക്ക് സങ്കടമാണ്. വേഗമവള്‍ നിലത്തുവീണ എച്ചില്‍ പെറുക്കിയിട്ട് വസ്തിപ്പിഞ്ഞാണവുമെടുത്ത് അകത്തേയ്ക്ക് പോയി.
മുറ്റത്തിട്ട പാത്രം മോറുമ്പോളും സീതമ്മയുടെ മനസ്സ് നിറയെ കൊച്ചമ്പ്രാനായിരുന്നു. കഴിഞ്ഞ വെക്കേഷന് വന്നപ്പോളായിരുന്നു ആദ്യമായി ആ കണ്ണുകളിലെ തിളക്കം താന്‍ ശ്രദ്ധിച്ചത്. എന്ത് ദീപ്തമാണവ? രോമാവൃതമായ വിരിഞ്ഞ മാറും, കടഞ്ഞെടുത്ത കൈകാലുകളും കറുത്ത് നിബിഢമായ ചുരുളന്‍ മുടിയും ഒപ്പം ഗാംഭീര്യമാര്‍ന്ന നോട്ടവും ആ തലയെടുപ്പും. എന്തൊരു ഗരിമ? പൗരുഷത്തിന്‍റെ മൂര്‍ത്തരൂപമാണദ്ദേഹം എന്നവളോര്‍ത്തു. ഓര്‍ക്കുന്തോറും അവാച്യമായ ഒരനുഭൂതി ഉള്ളില്‍ നിറയുന്നതായും ഉടലാകെ കോരിത്തരിച്ച് മൃദുരോമങ്ങള്‍ എഴുന്നുനില്‍ക്കുന്നതായും അവളറിഞ്ഞു. അദ്ദേഹത്തെ സ്വപ്നം കാണാന്‍ പോലും അര്‍ഹതയില്ലാത്ത തനിയ്ക്കുണ്ടോ കിട്ടുന്നു, ആ വിലപ്പെട്ട സ്നേഹം? എങ്കില്‍ താന്‍ ആരായി? ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി.
“സീതേ, കോളേജില്‍ ഇരിക്കുമ്പോള്‍ എനിക്ക് നിന്നെ ഇടയ്ക്കിടെ കാണണമെന്ന് തോന്നാറുണ്ട്.” കുളിച്ചു മയ്യെഴുതി കുറിതൊട്ട് പതിവുപോലെ മുറുക്കാന്‍ ചവച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് തൊട്ടരികിലെത്തി കാതിലൊരു മന്ത്രണംപോലെ അന്ന് ശൗരി പറഞ്ഞത്.
ഈശ്വരാ ഞാനെന്താ ഈ കേള്‍ക്കുന്നത്? അവള്‍ക്കു സ്വന്തം കാതുകളെപ്പോലും വിശ്വസിക്കാനായില്ല. ഭൂമിയില്‍ തന്നെയാണോ താന്‍ നില്‍ക്കുന്നതെന്ന് തറയില്‍ നോക്കി അവള്‍ സ്വയം ഉറപ്പിച്ചു. താന്‍ ജീവിതത്തില്‍ കേട്ട ഏറ്റവും സുന്ദരമായ വാചകം.
അടക്കിപ്പിടിച്ച സന്തോഷം പൊട്ടി പുറത്തേയ്ക്ക് ചാടുമെന്നു ഭയന്ന്‍ അവിടന്നപ്പോള്‍ ഓടിപ്പോകാന്‍ ഭാവിക്കയായിരുന്നു. തുള്ളിച്ചാടി മാന്‍പേട എങ്ങോട്ടാ? നില്‍ക്കവിടെ! ശൗരി സീതയുടെ കൈത്തണ്ടയില്‍ കയറിപ്പിടിച്ചു. പതിയെ ആ കൈ മുറുകിവന്നു.
ഉണ്ണ്യേട്ടാ.. അവള്‍ കാതരയായി വിളിച്ചു. “വല്ലവരും കാണും” സീത മൃദുവായി ആ കൈ കുടഞ്ഞു മാറ്റിയിട്ട് സാവധാനം വീട്ടിലേയ്ക്ക് നടന്നു, ഉള്ളിലെ നഷ്ടബോധം പകര്‍ന്ന ഉറയ്ക്കാത്ത കാലടികളോടെ, ശൗരിയെത്തന്നെ ഓര്‍ത്തുകൊണ്ട്..
ഏട്ടാ! എന്ന് വിളിക്കാനുള്ള അവകാശം തമ്പുരാട്ടി തനിക്കു പതിച്ചുതന്നത് എന്നാണെന്ന് സീതയാലോചിച്ചു നോക്കി. കുട്ടിക്കാലത്തെപ്പോഴോ ആണെന്നറിയാം. അറിയാതെ ഉണ്ണ്യേട്ടന്‍ എന്ന് നാവില്‍ വന്നപ്പോള്‍ താനിളിഭ്യയായി നാവു കടിച്ചത് തമ്പുരാട്ടി കണ്ടു.
“നിനക്കങ്ങനെ മടിക്കാതെ വിളിക്കാം. നീ അവനെക്കാള്‍ ഇളപ്പമല്ലേ?.” അന്നവര്‍ സീതയോട് പറഞ്ഞു.
എന്താ മ്പ്രാട്ടി പറഞ്ഞേ? “ഞാന്‍ കേട്ടില്ല”. താന്‍ കേട്ടത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു കേള്‍ക്കാന്‍ വേണ്ടിയവള്‍ വീണ്ടുമെടുത്തുചോദിച്ചു.
‘ഒന്നൂല്യ. നീയെന്നെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം മ്പ്രാട്ടീ.. മ്പ്രാട്ടീന്ന്‍ വിളിക്കല്ലേ മുത്തേ! വല്ലപ്പോഴുമാണെങ്കില്‍ വേണ്ടില്യ. അല്ലേല്‍പ്പിന്നെ വേറെ എന്തെല്ലാമുണ്ട് വിളിക്കാന്‍? എളേമ്മേന്നോ കുഞ്ഞമ്മേന്നോ അതുമല്ലേല്‍ അമ്മേന്നോ വിളിച്ചോ.. അന്നവര്‍ അങ്ങനെ ആവശ്യപ്പെട്ടെങ്കിലും സീത പക്ഷേ ഇന്നോളം അത് ചെവിക്കൊണ്ടിട്ടില്ല. നാവതിന് വഴങ്ങണ്ടേ? പറ്റുന്നില്ല. ഉണ്ണ്യേട്ടന്‍റെ അച്ഛനെങ്ങാന്‍ അറിഞ്ഞാല്‍ തീര്‍ന്നു! അദ്ദേഹം ഉഗ്രമൂര്‍ത്തിയാണ്. മൂക്കിന്‍റെ തുമ്പത്താണ് കോപം. ക്ഷത്രിയരക്തം, അതിന്‍റെ എല്ലാ പ്രതാപത്തോടെയും ശൗര്യത്തോടെയും വല്യമ്പ്രാന്‍റെ സിരകളിലൂടെയാണ് ഒഴുകുന്നത്. പുരുഷമേല്‍ക്കോയ്മയുടെ പ്രത്യക്ഷരൂപം. പരുക്കന്‍ മട്ട്. ആരോടും മയമില്ല. ഹോ! ഈ ഉണ്ണ്യേട്ടനെ ഒന്ന് സമ്മതിക്കണം. ആ അമ്മയും മകനും എങ്ങനെ ഈ അച്ഛന്‍തമ്പുരാനെ സഹിക്കുന്നോ ആവോ? അമ്മയുടെ ശാന്തസ്വഭാവമാണ് മകന് കിട്ടിയിരിക്കുന്നത്. സമാധാനം! ചിന്തകള്‍ അവിടെവരെയെത്തിയപ്പോള്‍ എന്തിനെന്നറിയാതെയവള്‍ പുഞ്ചിരിച്ചു. പിന്നെ ഒന്നിനുമല്ലാതെ നെടുതായൊന്നു നിശ്വസിച്ചു.
‘നീയെന്താ മുത്തേ, അടുപ്പുംമൂട്ടിലിരുന്ന് സ്വപ്നം കാണുകയാണോ?
അഗ്ഗി! ഉടുപ്പില്‍ പിടിക്കണ്ട!’
വന്നു, അഗ്ഗി. ഈയമ്മയ്ക്ക് ‘തീ’ എന്ന് പറഞ്ഞാലെന്താ? ജീവിതത്തില്‍ അമ്മ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കാണ് ഈ അഗ്ഗി. കുശവരുടെ ജീവിതം എന്നും തീയും വെള്ളവുമായി ബന്ധപ്പെട്ടു കിടക്കുന്നുവല്ലോ അതുകൊണ്ടാവുമെന്ന് സീതയപ്പോള്‍ തമാശയോടെയോര്‍ത്തു
അവള്‍ എണീറ്റ് ഉമയുടെ വീട്ടിലേയ്ക്ക് നടന്നു. മുന്നിലൂടെ കിടക്കുന്ന ടാര്‍ റോഡിലൂടെ ഇടത്തേയ്ക്ക് നടന്ന് അടുത്ത വളവില്‍ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞാല്‍ പട്ടരുമുക്കായി. അവിടന്ന് രണ്ടാമതായി കാണുന്ന വീട് ഉമയുടെതാണ്. ആദ്യം കാണുന്നത് രുക്കുവമ്മയുടെ വീടാണ്. മുക്കിലലെത്തിയതും അവള്‍ ആ വീട്ടിലേയ്ക്ക് നോക്കി. ഇന്ന് രോഹുമുത്തിയെ അവിടെയെങ്ങും കാണുന്നില്ല. അല്ലെങ്കില്‍ എപ്പോ നോക്കിയാലും ഗ്രഹണിപിടിച്ചുന്തിയ വയറും താങ്ങി വീടിന്‍റെ അടര്‍ന്ന പുറംചുവരില്‍ നിന്ന് ചെങ്കല്ലടര്‍ത്തിയടര്‍ത്തി സ്വാദോടെ തിന്നുന്നുണ്ടാവും രോഹുമുത്തി. സ്കൂളില്‍ നിന്ന് വരുമ്പോള്‍ ഇടവഴി തിരിയും മുന്പ് തീരാത്ത വര്‍ത്തമാനവുമായി തങ്ങള്‍ രണ്ടാളും അല്‍പ്പനേരം ആ മുക്കിലൊന്നു നില്‍ക്കും.. അപ്പോഴെല്ലാം ഈ കാഴ്ച കാണാം.
“പാവം രോഹുമുത്തി. ഇവരെന്തിനാ ദേവൂ ഇത് തിന്നുന്നത്, അസുഖം വല്ലതുമാണോ?” സീതയൊരിക്കല്‍ ഉമയോട് ചോദിച്ചു.
അതിന് എനിക്കെന്തറിയാം സീതേ? “ഭിത്തിയുടെ അത്രയും ഭാഗം തിന്നാന്‍ പാകത്തിന് അവരുതന്നെ അടര്‍ത്തി മാറ്റിയതാ.” അസുഖമാണെന്നോ അല്ലെന്നോ ഒന്നും പറയാതെ അവളതിന് വായില്‍ത്തോന്നിയ ഒരു മറുപടിയും കൊടുത്തു. അത്രയൊക്കെയേ ഉമയ്ക്കുമറിയൂ!
തുടരും.......
Read More: https://www.emalayalee.com/writer/318