
ടൊറന്റോ: കാനഡയിൽ ഫെബ്രുവരി മാസത്തിൽ രാജ്യത്ത് 84,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതോടെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നതോടെയാണിത്. സാമ്പത്തിക വിദഗ്ധർ തൊഴിൽ വിപണിയിൽ നേരിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന സമയത്താണ് വൻ ഇടിവ് ഉണ്ടായത്. ജനുവരിയിൽ 6.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കിൽ ഫെബ്രുവരി അവസാനത്തോടെ ഇതിൽ വർധനയുണ്ടായത്. 15 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കളെയും 25-54 പ്രായപരിധിയിലുള്ള പുരുഷന്മാരെയുമാണ് ഈ തൊഴിൽ പ്രതിസന്ധി സാരമായി ബാധിച്ചത്. റീട്ടെയിൽ, ഹോൾസെയിൽ വ്യാപാര മേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്. കൂടാതെ നിർമ്മാണ മേഖല, ഉത്‌പാദനമേഖല എന്നിവിടങ്ങളിലും വലിയ തോതിൽ തൊഴിൽ നഷ്ടം രേഖപ്പെടുത്തി. കെബെക്കിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമായത് (ഏകദേശം 57,000 പേർ). ബ്രിട്ടീഷ് കൊളംബിയയിൽ 20,000 തൊഴിലവസരങ്ങൾ ഇല്ലാതായി.
യു.എസുമായുള്ള വ്യാപാര തർക്കങ്ങളും പുതിയ താരിഫ് നയങ്ങളും കാനഡയുടെ കയറ്റുമതിയെയും ഉത്‌പാദനത്തെയും ബാധിക്കുന്നതാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക അനിശ്ചിതത്വം കാരണം പല വൻകിട കമ്പനികളും പുതിയ നിയമനങ്ങൾ നിറുത്തിവെച്ചിരിക്കുന്നതും തിരിച്ചടിയാണ്. തൊഴിൽ വിപണിയിലെ ഈ തളർച്ച ബാങ്ക് ഓഫ് കാനഡയെ പലിശ നിരക്കുകൾ കുറയ്ക്കാൻ പ്രേരിപ്പിച്ചേക്കാം. മാർച്ചിൽ നടക്കാനിരിക്കുന്ന യോഗത്തിൽ പലിശ നിരക്കുകളിൽ മാറ്റമുണ്ടാകുമോ എന്നാണ് സാമ്പത്തിക വിദഗ്‌ദ്ധർ ഇപ്പോൾ ഉറ്റുനോക്കുന്നത്.