Image

അമ്പലപ്പുഴയുടെ ജി സുധാകരന്‍ സലാം പറഞ്ഞപ്പോള്‍ കണ്ണൂരിലെ കെ സുധാകരന്‍ കടുത്ത കോപത്തില്‍

എ.എസ് ശ്രീകുമാര്‍ Published on 13 March, 2026
അമ്പലപ്പുഴയുടെ ജി സുധാകരന്‍ സലാം പറഞ്ഞപ്പോള്‍ കണ്ണൂരിലെ കെ സുധാകരന്‍ കടുത്ത കോപത്തില്‍

രാഷ്ട്രീയ കേരളത്തില്‍ സുധാകരന്‍മാര്‍ സ്വന്തം പാര്‍ട്ടികളോട് കലഹിക്കുന്ന കാലമാണിത്. 63 വര്‍ഷത്തെ സംഭവ ബഹുലമായ സി.പി.എം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയുടെ മുന്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമൊക്കെയായ മുതിര്‍ന്ന സഖാവ് ജി സുധാകരന്‍ സ്വതന്ത്ര വേഷം തിരഞ്ഞെടുത്തത് ഇന്നലെയാണ്. ഇന്ന് കണ്ണൂരിന്റെ ഗര്‍ജിക്കുന്ന സിഹവും കോണ്‍ഗ്രസ് എം.പിയുമായ കെ സുധാരകന്‍ തന്നെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള രോഷം വൈകാരികമായിത്തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. ജി സുധാകരനെപ്പോലെ ക്ഷിപ്ര കോപിയാണ് കെ സുധാകരന്‍. അതുപോലെ പെട്ടെന്ന് തണുക്കുകയും ചെയ്യും. ആ വേദനയും അതൃപ്തിയും നിരാശയും കലിപ്പുമെക്കെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ രൂപത്തില്‍ പുറത്തുവരികയും ചെയ്തു.

''കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല. ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്...'' കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെ കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുന്ന വൈകാരിക പ്രതികരണത്തിന്റെ തുടക്കമാണിത്.

''ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും...''

''എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്...'' എന്നു പറഞ്ഞുകൊണ്ടാണ് സുധാകരന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ട എന്ന ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചതിന് പിന്നാലെ സുധാകരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കെ ഇതില്‍ പങ്കാളിയാകാതെ സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഈ പോസ്റ്റ്.

അതേസമയം,  തിരുവനന്തപുരത്തും കണ്ണൂരിലും സുധാകരന് അനുകൂലമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുധാകരന് സീറ്റ് നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. കണ്ണൂരില്‍ തനിക്ക് സീറ്റ് വേണം എന്നതൊഴിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും സുധാകരന്‍ തയ്യാറല്ല. സുധാകരനെ പിണക്കുന്നത് കോണ്‍ഗ്രസിന് ദോഷവുമാണ്. ഈ ദുര്‍ഘട സന്ധിയില്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് സുധാകരനെ അനുനയിപ്പിക്കാന്‍ 16-ാം തീയതി തിങ്കളാഴ്ച ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ്. കെ സുധാകരന്‍ വഹിച്ചിരുന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം 2025 മെയ് 8-ാം തീയതി സണ്ണി ജോസഫിന്  നല്‍കുമ്പോള്‍ സുധാകരനെ കണ്ണൂര്‍ സീറ്റില്‍ മല്‍സരിപ്പിക്കാമെന്ന് ഹൈക്കമാന്‍ഡ് വാക്ക് നല്‍കിയിരുന്നത്രേ. അതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ നിന്ന് അടിയന്തിര വിളി വന്നിരിക്കുന്നത്. അവിടെ സീറ്റ് നിര്‍ണയ ചര്‍ച്ച തുടരുന്നുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെയാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ കേരളത്തിലേക്ക് മടങ്ങിയത്. എം.പിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കവേയാണ് കെ സുധാകരന്റെ അതൃപ്തി പരസ്യമാക്കിയുള്ള ഈ നടപടി. കെ സുധാകരന് കണ്ണൂര്‍ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണൂരില്‍ മത്സരിക്കാനുള്ള തന്റെ താല്‍പര്യം സുധാകരന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന്‍ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട എന്ന താക്കീത് സണ്ണി ജോസഫ് നല്‍കിയിരുന്നു.

കണ്ണൂരില്‍ സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തോട് കട്ടയ്ക്ക് പോരടിച്ചു നില്‍ക്കാന്‍ കെ സുധാകരനോളം പോന്ന മറ്റൊരു നേതാവ് കോണ്‍ഗ്രസില്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സുധാകരന്റെ ശബ്ദവും ശരീരഭാഷയും സി.പി.എം ഗുണ്ടായിസത്തെ എക്കാലത്തും വെല്ലുവിളിക്കുന്നതാണ്താനും.  2019 മുതല്‍ കണ്ണൂരില്‍ നിന്നുള്ള ലോക്സഭ അംഗമായി തുടരുന്ന സുധാകരന്‍ 2009-ല്‍ കണ്ണൂര്‍ എം.പി ആയിരുന്നു. 1996, 2001, 2006 തിരഞ്ഞെടുപ്പുകളില്‍ കണ്ണൂരിന്റെ എം.എല്‍.എ ആയി. 1991-ല്‍ എടക്കാട് നിയമസഭാ മണ്ഡലത്തില്‍ 219 വോട്ടിന് കെ സുധാകരന്‍ സി.പി.എമ്മിലെ ഒ ഭരതനോട് തോറ്റിരുന്നു. സി.പി.എം കള്ളവോട്ട് ചെയ്തുവെന്ന് കേസ് കൊടുക്കുകയും 1992-ന് സുധാകരന് അനുകൂലമായി ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 1992 മുതല്‍ എടക്കാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിച്ച ഒ ഭരതന് അനുകൂലമായി 1996-ല്‍ വിധി വരുകയും എം.എല്‍.എ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. 2009-ല്‍ കണ്ണൂൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചപ്പോള്‍ നിയമസഭാംഗത്വം രാജി വെച്ചു.

താന്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കള്‍ പോലും ഇപ്പോള്‍ തനിക്കെതിരെ തിരിയുന്ന സാഹചര്യത്തിലും, സ്വന്തം പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ വീടിനെപ്പോലും മറന്നാണ് പ്രവര്‍ത്തിച്ചതെന്നാണ് സുധാകരന്‍ ഇപ്പോള്‍ പറയുന്നത്. അതിവൈകാരികമായ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ താന്‍ ഇപ്പോഴും കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന കൃത്യമായ സൂചനയാണ് സുധാകരന്‍ നല്‍കുന്നത്. സുധാകരന്റെ ഈ നീക്കം അണികളെ പ്രകോപിപ്പിക്കാനും സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കാനുമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ജി സുധാകരന്‍ സി.പി.എമ്മിന് തലവേദനയാകുന്നത് പോലെ കണ്ണൂര്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നത് കെ സുധാകരന്‍ തന്നെയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
 

Join WhatsApp News
ഒറ്റ മൂലി വേതാളമാരെകൊണ്ട് എലിയെ പിടിക്കാൻ വിടുക ? (ഇപ്പോൾ തെരുവ് നായാണ് ഉത്തമം ) 2026-03-13 14:40:33
വേതാളത്തെ ഓടിക്കാകാൻ എലിയെ കൊണ്ടുവന്നു, വേതാളം പോയപ്പോൾ ഏലി വേതാളമായി. പോയ വേതാളം വന്ന ഏലി വേതാളമായി കൂടി .അങ്ങെനെ വീണ്ടും എലികൾ വന്നു വേതാളമ്മാരുടെ കൊണ്ട് പുരനിറഞ്ഞു. ഭക്തൻമാർക്കു കയ്യാലപ്പുറത്തു നിന്ന് വേതാളമാരുടെ അടി കാണേണ്ട അവസ്ഥയാണ് കോൺഗ്രസ്സിന് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക