
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സി.പി.എമ്മിന് കനത്ത പ്രഹരം നല്‍കി മുന്‍ മന്ത്രിയും കറതീര്‍ന്ന സി.പി.എം നേതാവുമായ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നതാണ് ഇന്ന് രാഷ്ട്രീയ കേരളം കേട്ട വലിയ വാര്‍ത്ത. പാര്‍ട്ടിയുമായി ഇടഞ്ഞകന്ന് നില്‍ക്കുന്ന സുധാകരന്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ തുടരുകയായിരുന്നു. ഇതിനിടെ സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പെടെയുള്ളവര്‍ ആലപ്പുഴയിലെ സനാതനപുരത്തെ സ്വവസതിയായ നവനീതത്തില്‍ എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുധാകരന്‍ വഴങ്ങിയില്ല. ഇന്നലെ രാത്രിയിലും നേതാക്കള്‍ എത്തിയെങ്കിലും വീടിനകത്തേയ്ക്ക് ക്ഷണിക്കാതെ പുറത്തു നിര്‍ത്തിയാണ് സുധാകരന്‍ അവരോട് സംസാരിച്ചത്. ഇതോടെ സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ഉറപ്പായി.
''ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ആരേയും വ്യക്തിഹത്യ നടത്താനില്ല. എന്നാല്‍ എനിക്ക് വളരെയധികം വ്യക്തിഹത്യ നേരിടേണ്ടി വന്നിട്ടുണ്ട്. പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെക്കൊണ്ട് നടക്കരുത്. ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ച എന്റെ പിതാവിനെ വരെ മോശമായി വിളിച്ചു വ്യക്തിഹത്യ നടത്തിയിട്ടുണ്ട്. രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആയുധം, വ്യക്തിഹത്യയല്ല. കേഡര്‍മാര്‍ക്ക് പാര്‍ട്ടി നേതാക്കളുടെ പിതാക്കന്‍മാരെ വരെ വിളിക്കാമെന്ന് അവസ്ഥയിലാണ് അമ്പലപ്പുഴയിലേത്. പല അധിക്ഷേപം നേരിട്ടിട്ടും പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നിട്ടില്ല. എന്നാല്‍, എന്തും കേട്ടുകൊണ്ട് മിണ്ടാതിരിക്കാന്‍ സാധിക്കില്ല...'' വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു. സി.പി.എം നേതാക്കളെ അതിരൂക്ഷമായിട്ടാണ് അദ്ദേഹം വിമര്‍ശിച്ചത്. അത് പിണറായിസത്തിന്റെ നെഞ്ചില്‍ തറയ്ക്കുന്ന കൂരമ്പുകളായി മാറി.
അതേസമയം, സുധാകരനെതിരെ പാര്‍ട്ടിയില്‍ യാതൊരു അവഗണനയും ഉണ്ടായിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വ്യക്തമാക്കുമ്പോള്‍, പാര്‍ട്ടിയെ സുധാകരന്‍ പച്ചയ്ക്ക് ചതിച്ചുവെന്ന രൂക്ഷവിമര്‍ശനവുമായി മന്ത്രി സജി ചെറിയാനും എച്ച് സലാം എം.എല്‍.എയും രംഗത്തെത്തി. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള ജി സുധാകരന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി പ്രതികരിച്ചതിന് പിന്നാലെയാണ് പ്രാദേശിക തലത്തിലും പ്രതിഷേധം ശക്തമാകുന്നത്. ഇതിനിടെ, സുധാകരനെ പിന്തുണക്കുന്നതില്‍ യു.ഡി.എഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഇനിയും വിസ്മയങ്ങള്‍ സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവി വി.ഡി സതീശന്‍ പറഞ്ഞു. സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസില്‍ നേരത്തെ തന്നെ പൊതുധാരണ നിലനിന്നിരുന്നു. സുധാകരന്‍ സി.പി.എമ്മില്‍ നിന്ന് പുറത്ത് വരുന്നത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ ശക്തമായ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരന്‍ പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാര്‍ട്ടിയും യു.ഡി.എഫും ചേര്‍ന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അമ്പലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരാണെന്നതിനെപ്പറ്റി വിവരമൊന്നുമില്ലതാനും.
താന്‍ യാതൊരു പരിഗണനയും അര്‍ഹിക്കാത്ത ആളാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഈയിടെ ജി സുധാകരന്‍ പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ആസന്നമായ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും തഴയപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തന്നെ അവഗണിക്കുന്നതിലും കുടുംബത്തെ അടക്കം അധിക്ഷേപിച്ചതിലും സുധാകരന്‍ നേതൃത്വത്തോട് പലതവണ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ നടപടികളൊന്നും ഉണ്ടായില്ല. പാര്‍ട്ടി പരിപാടികളില്‍ നിന്ന് സുധാകരനെ പരമാവധി ഒഴിവാക്കി നിര്‍ത്തുന്ന രീതിയും തുടര്‍ന്നു. കഴിഞ്ഞ പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണ പരിപാടിയില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് വലിയ ചുടുകാട്ടില്‍ അദ്ദേഹം ഒറ്റയ്ക്ക് പുഷ്പാര്‍ച്ചന നടത്തി തന്റെ അമര്‍ഷം രേഖപ്പെടുത്തിയത് വലിയ വാര്‍ത്തയായി. സ്വന്തം വീടിനടുത്ത് നടന്ന പാര്‍ട്ടി ഏരിയ സമ്മേളനത്തില്‍ പോലും സുധാകരനെ ക്ഷണിച്ചിരുന്നില്ല.
കര്‍ഷകത്തൊഴിലാളി സമരത്തില്‍ രക്തം ചിന്തിയ സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ അപ്പുഴയുടെ പുതുചരിത്രവുമായി ജി സുധാകരന്റെ പേര് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പലവട്ടം അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും മന്ത്രിയാവുകയും ചെയ്ത അദ്ദേഹത്തിന് ജനങ്ങളുമായി നേരിട്ടുള്ള ബന്ധമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പാടത്തും ഓഫീസിലും ഒരുപോലെ ഹാജരുണ്ടാവണമെന്ന് നിരവധി വേദികളില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് മാത്രമല്ല തെളിയിച്ചിട്ടുമുണ്ട്. ചെങ്കൊടി പാറിപ്പറന്ന് മുദ്രാവാക്യങ്ങള്‍ മാറ്റൊലികൊള്ളുന്ന നാടിന്റെ പുത്രനാണ് സുധാകരന്‍. പതിറ്റാണ്ടുകളായുള്ള സംഘടനാ പ്രവര്‍ത്തനത്തിലൂടെ കെട്ടിപ്പടുത്തതാണ് അവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ട്രേഡ് യൂണിയനുകള്‍, കര്‍ഷക സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍, പാടശേഖര സമിതികള്‍ എന്നിവ മണ്ഡലത്തില്‍ ശക്തമാണ്. അത്തരമൊരു ഉരുക്കുകോട്ട കെട്ടിയ ശക്തനാണ് ജി സുധാകരന്‍.
പക്ഷേ, പാര്‍ട്ടിയുടെ അച്ചടക്ക നടപടികള്‍ ഏറെ അറ്റുവാങ്ങിയിട്ടുണ്ട് അദ്ദേഹം. ഇണങ്ങിയും പിണങ്ങിയുമുള്ള പാര്‍ട്ടി യാത്രയായിരുന്നു സുധാകരന്റേത്. താക്കീത്, ശാസന, പരസ്യ ശാസന, തരംതാഴ്ത്തല്‍, സസ്‌പെന്‍ഷന്‍, അംഗത്വത്തില്‍ നിന്ന് പുറത്താക്കല്‍ എന്നിങ്ങനെയാണ് സി.പി.എമ്മിലെ അച്ചടക്ക നടപടിയുടെ ആരോഹണക്രമം എങ്കില്‍ പരസ്യ ശാസനയും തരംതാഴ്ത്തലും അദ്ദേഹം നേരത്തേ തന്നെ നേരിട്ടുകഴിഞ്ഞു. രണ്ടുതവണയും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു നടപടി. 2002-ല്‍ പാര്‍ട്ടി പിടിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി വിഭാഗീയത ആരോപിച്ച് സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ തരംതാഴ്ത്തുകയായിരുന്നു.
എന്നാല്‍, അടുത്ത സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരികെയെത്തിയ അദ്ദേഹം ആലപ്പുഴ ജില്ലയിലെ ഏതിരാളികളില്ലാത്ത നേതാവായി ഉയര്‍ന്നു. വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന ജി സുധാകരന്‍ കളംമാറി പിണറായി പക്ഷത്തായതോടെ ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയില്‍ വി.എസിന്റെ സ്വാധീനം നഷ്ടമായി തുടങ്ങി. വിഭാഗീയത വലിയ പ്രശശ്‌നമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കനുസരിച്ചായിരുന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ സഞ്ചാരം. പിണറായിയോടുള്ള അടുപ്പം സംഘടനാ രംഗത്തും പാര്‍ട്ടിയിലും അദ്ദേഹത്തെ കരുത്തനാക്കി. വി.എസ് മന്ത്രിസഭയില്‍ മന്ത്രിയായി. ഒന്നാം പിണറായി സര്‍ക്കാരിലും അദ്ദേഹത്തിന് സുപ്രധാന വകുപ്പാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ അമ്പലപ്പുഴ സീറ്റ് പ്രതീക്ഷിച്ച അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടത് വലിയ മാനസിക ആഘാതമുണ്ടാക്കി.
ഇന്ന് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തിനെതാരായ പോസ്റ്ററുകള്‍ പലയിടത്തും പത്യക്ഷപ്പെട്ടു. പുതിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി സി.പി.എം സജീവമായി രംഗത്തുണ്ട്. എല്ലാ തലങ്ങളിലും ജി സുധാകരനെ പ്രതിരോധിക്കുക എന്നത് തന്നെയാണ് സി.പി.എമ്മിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിന് മുന്നില്‍ പോസ്റ്ററുകള്‍ പതിച്ച് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. രക്തസാക്ഷികള്‍ സിന്ദാബാദ്, വര്‍ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല... സി.പി.എം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളാണ് ഏരിയ കമ്മിറ്റി ഓഫിസിന് മുന്‍പില്‍ പതിച്ചിരിക്കുന്നത്.
അമ്പലപ്പുഴയിലെ വിവിധ ഇടങ്ങളിലും പുന്നപ്ര വടക്ക്, പുന്നപ്ര പഞ്ചായത്തുകളിലും ആലപ്പുഴ നഗരത്തിലടക്കം ജി സുധാകരനെതിരെയുള്ള പ്രതിരോധം തീര്‍ത്തുകൊണ്ട് മുന്നോട്ടുപോകാനാണ് പാര്‍ട്ടി തീരുമാനം. യാതൊരു വിധത്തിലുള്ള രാഷ്ട്രീയ കാരണങ്ങളും ഇല്ലാതെയാണ് ജി സുധാകരന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായതെന്ന് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വിശദീകരണം നല്‍കുന്നുണ്ട്. അമ്പലപ്പുഴയില്‍ മത്സരിച്ചാല്‍ അദ്ദേഹത്തിന്റെ ആദര്‍ശ, അഴിമതി വിരുദ്ധ മുഖം വോട്ടുകള്‍ സമാഹരിക്കാന്‍ കാരണമാകുമെന്ന വിലയിരുത്തലുകള്‍ സജീവമാണ്. ഈ സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ശക്തമായ പ്രതിരോധം തീര്‍ക്കാനാണിപ്പോള്‍ നതാക്കളുടെ ശ്രദ്ധ.