
ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു അമേരിക്കന്‍ മലയാളി മാധ്യമം കേരള മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെപ്പറ്റി ഒരു തിരഞ്ഞെടുപ്പ് സര്‍വേ നടത്തുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ (ഏകദേശം 10 മില്യണ്‍) പ്രചാരമുള്ള ഇ മലയാളി സര്‍വേയ്ക്ക് തികഞ്ഞ ആധികാരികതയുണ്ട്. അതിനാല്‍ രാഷ്ട്രീയമായോ അല്ലാതെയോ ഇവര്‍ക്ക് മാര്‍ക്കിടാം. സസ്പെന്‍സ് നിറഞ്ഞ വോട്ടെടുപ്പ് ഫലം ഉചിത സമയത്ത് പ്രഖ്യാപിക്കുന്നതാണ്. നിയമസഭാ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഇ മലയാളിയും പ്രവാസി ചാനലും നടത്തുന്ന സര്‍വേയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എം.എല്‍.എ, രമേശ് ചെന്നിത്തല എം.എല്‍.എ, മുന്‍ മന്ത്രി കെ.കെ ശൈലജ എം.എന്‍.എ എന്നിവരാണ് അണിനിരക്കുന്നത്. ഇവരിലൊരാള്‍ അടുത്ത മുഖ്യമന്ത്രി ആവുമെന്നുറപ്പാണ്. എന്നാല്‍ ആ വ്യക്തി ആരായിരിക്കും..? അത് നിങ്ങള്‍ പറയുന്ന ആളാവട്ടെ.
പിണറായി വിജയന്‍
വരുന്ന ഇലക്ഷനില്‍ മൂന്നാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ ഗോദയിലിറങ്ങുന്ന വ്യക്തിയാണ് പിണറായി വിജയന്‍. മൂന്നാമതും അധികാരത്തില്‍ വരുമെന്ന എല്‍.ഡി.എഫിന്റെ പ്രതീക്ഷയ്ക്ക് കരുത്തേകുന്നതാണ് ധര്‍മ്മടം എം.എല്‍.എ ആയ പിണറായിയുടെ സ്ഥാനാര്‍ത്ഥിത്വം. ഇന്നത്തെ എസ്.എഫ്.എയുടെ പൂര്‍വ സംഘടനയായ കെ.എസ്എ.ഫിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നിരവധി വിദ്യാര്‍ത്ഥി സമര മുന്നേറ്റങ്ങളില്‍ നേതൃത്വം വഹിച്ചു. പിന്നീട് കെ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായി. 1964-ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. പിന്നീട് തലശേരി മണ്ഡലം സെക്രട്ടറിയായി, ജില്ലാകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പിണറായി വിജയന്‍ 1978-ലാണ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്. 1998-ല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ എം.എല്‍.എയും മന്ത്രിയുമായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് പിണറായി വിജയന്‍. ഇക്കുറിയും ധര്‍മ്മടത്ത് പിണറായി വിജയന്‍ മാറ്റുരയ്ക്കും.
വി.ഡി സതീശന്‍
പ്രതിപക്ഷ നേതാവ് സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രി പദത്തിന് അര്‍ഹനാണ്. ഇപ്പോള്‍ പുതുയുഗ യാത്ര കഴിഞ്ഞ് മൈലേജുണ്ടാക്കിയിരിക്കുകയാണ് വി.ഡി സതീശന്‍. 1996-ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ.എം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും പറവൂരില്‍ വിജയം ആവര്‍ത്തിച്ചു. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതല്‍ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന് അനുകൂലമായും പ്രതികരിക്കുന്ന എം.എല്‍.എ മാരുടെ രാഷ്ട്രീയേതര സംഘത്തില്‍ പ്രമുഖന്‍. എ.ഐ.സി.സി സെക്രട്ടറിയും 2014-ല്‍ കെ.പി.സി.സി വൈസ് പ്രസിഡന്റായും നിയമിതനായി. വി.ഡി സതീശന്റെ നേതൃത്വത്തിലാണ് ഇത്തവണ യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പറവൂരില്‍ നിന്ന് തന്നെയാണ് സതീശന്‍ ഇക്കുറിയും ജനവിധി തേടുക.
രാജീവ് ചന്ദ്രശേഖര്‍
മുന്‍ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ പണ്ട് ഒ രാജഗോപാലിലൂടെ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്ന നേമത്ത് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം കേര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവായ രാജീവ് ചന്ദ്രശേഖര്‍. 2006 മുതല്‍ 2024 വരെ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായും പ്രവര്‍ത്തിച്ച ഇദ്ദേഹം കര്‍ണാടകയിലെ വ്യവസായ പ്രമുഖന്‍ കൂടിയാണ്. 2025 മാര്‍ച്ച് 24 മുതല്‍ കേരളത്തിലെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാണ്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും സിറ്റിംഗ് എം.പിയായ ശശി തരൂരിനോട് പരാജയപ്പെട്ടു.
എം.വി ഗോവിന്ദന്‍
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ രൂപീകരിച്ച ബാലസംഘത്തിലൂടെയാണ് എം.വി ഗോവിന്ദന്റെ പൊതുരംഗ പ്രവേശം. 1980-ല്‍ ഡി.വൈ.എഫ്.ഐ. രൂപീകരിച്ചപ്പോള്‍ ആദ്യ സംസ്ഥാന പ്രസിഡന്റായി. സി.പി.എം സംസ്ഥാന സെക്രട്ടറിയും, പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവുമാണ് ഗോവിന്ദന്‍ മാസ്റ്റര്‍ എന്നറിയപ്പെടുന്ന എം.വി ഗോവിന്ദന്‍. രണ്ടാം പിണറായി മന്ത്രിസഭയിലെ എക്സൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായി തുടരവെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ സെക്രട്ടറിയായി ഗോവിന്ദന്‍ മാസ്റ്ററെ 2022 ഓഗസ്റ്റ് 28-ന് തിരഞ്ഞെടുത്തു. 2022 സെപ്റ്റംബര്‍ 2-ന് കാബിനറ്റ് മന്ത്രിപദം രാജിവച്ച് ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റു. കോടിയേരി ബാലകൃഷ്ണന്‍ 2022 ഒക്ടോബര്‍ ഒന്നിന് അന്തരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവില്‍ 2022 ഒക്ടോബര്‍ 31-ന് പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
രമേശ് ചെന്നിത്തല
എക്കാലത്തും ഹരിപ്പാടുകാരുടെ സ്വന്തം എം.എല്‍.എയാണ് രമേശ് ചെന്നിത്തല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ കെ.എസ്.യു നേതാവില്‍ നിന്നും ആദ്യമായി രമേശ് ചെന്നിത്തല എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടത് ഹരിപ്പാട് നിന്നാണ്. അന്ന് വെറും 26 വയസായിരുന്നു രാഷ്ട്രീയത്തിലേയ്ക്ക് കെ കരുണാകരന്‍ കൈപിടിച്ചുയര്‍ത്തിയ രമേശിന്. കരുണാകന്റെ മാനസപുത്രന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം 1986-ല്‍ മുപ്പതാം വയസ്സില്‍ മന്ത്രിയായി സ്ഥാനമേറ്റു. ആഭ്യന്തര വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ സുപ്രധാന പദവികളും പിന്നീട് രമേശ് ചെന്നിത്തല വഹിച്ചു. അഞ്ച് തവണയാണ് ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തല നിയമസഭയിലെത്തിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നെങ്കിലും 2021ലെ യു.ഡി.എഫിന്റെ ദയനീയ പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പദവി വി.ഡി സതീശനിലേക്കെത്തുകയായിരുന്നു. പക്ഷേ, നിരവധി ജനകീയ പ്രശ്നങ്ങള്‍ അദ്ദേഹം പൊതുജന സമക്ഷമെത്തിച്ചു.
കെ.കെ.ശൈലജ
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ചര്‍ച്ചകളില്‍ സജീവമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ ലോക പ്രശസ്തി നേടിയ കെ.കെ.ശൈലജ. പഴയ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996-ലും പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും 2006-ലും നിയമസഭാംഗമായി. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ക്കാണ് ശൈലജ 2021-ല്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ശൈലജ ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. 2020 ജൂണ്‍ 23-ന് ഐക്യരാഷ്ട്രസഭ ടീച്ചറെ ആദരിക്കുകയുണ്ടായി. 'കൊറോണ വൈറസ് കൊലയാളി', 'റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി' എന്നാണ് ഗാര്‍ഡിയന്‍ ടീച്ചറെ വിശേഷിപ്പിച്ചത്. ആരോഗ്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2021-ലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 'ഓപ്പണ്‍ സൊസൈറ്റി പ്രൈസ്' എന്ന ബഹുമതിയും ശൈലജ ടീച്ചര്‍ നേടി. ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ശൈലജ. ഇത്തവണ പേരാവൂരിലാണ് പോരിനിറങ്ങുക.
മേല്‍ സൂചിപ്പിച്ച ആറുപേരുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇ മലയാളിയുടെ സര്‍വേയില്‍ പങ്കെടുക്കാം. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വ്യൂവര്‍ഷിപ്പും റീഷര്‍ഷിപ്പുമുള്ള ഇ മലയാളി സര്‍വേയ്ക്ക് തികഞ്ഞ ആധികാരികതയുണ്ട്. അതിനാല്‍ പൊളിറ്റിക്കല്‍ സ്പിരിറ്റോടെ തന്നെ ഇവര്‍ക്ക് മാര്‍ക്കിടാം. സസ്പെന്‍സ് നിറഞ്ഞ വോട്ടെടുപ്പ് ഫലം ഉചിത സമയത്ത് പ്രഖ്യാപിക്കുന്നതാണ്. കേരളത്തിലെ തിരഞ്ഞടുപ്പില്‍ ഒരു ജനപ്രിയ മാധ്യമം വഴി അമേരിക്കയിലെ രാഷ്ട്രീയ പ്രബുദ്ധരായ മലയാളികള്‍ക്ക് സുചിന്തിതമായ അഭിപ്രായം പറയാനുള്ള അവസരമാണ് ഇ മലയാളി സര്‍വേ.
സൈറ്റ് സന്ദര്‍ശിക്കുക: www.eMalayalee.com/vote