
മലയാള സിനിമാ കണ്ട ബഹുമുഖ പ്രതിഭകളില്‍ ഒരാളാണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍: മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാർ എന്ന് വിശേപ്പിക്കപ്പെടുന്നു. കവിയും നാടകരചയിതാവും ഗാനരചയിതാവും നടനും സംവിധായകനും..... അങ്ങനെയൊരു സർവകലാവല്ലഭനായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ.
തിക്കുറിശ്ശിക്ക് 'ജെ.സി. ഡാനിയേൽ പുരസ്കാരം' (1993- ഈ അവാർഡ് നിലവിൽ വന്ന ശേഷം രണ്ടാം വർഷം) നല്കുവാൻ നിശ്ചയിച്ച സമിതിയിൽ ഞാനും അംഗമായിരുന്നു; ഇപ്പോൾ അത് ഓർക്കുമ്പോൾ അഭിനമാനം തോന്നുന്നു... മൂവാറ്റുപുഴയിൽ നടന്ന ആ അവാർഡ് നെറ്റിലും (1994 മാർച്ച്) ഞങ്ങൾ ഒരുമിച്ചു പങ്കെടുത്തു...
തിക്കുറിശ്ശി സുകുമരന്‍ നായരുടെ 29-ാം ഓർമദിനം, സ്മരണാഞ്ജലികൾ!
ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. 47-വർഷത്തെ സിനിമാ ജീവിതത്തിൽ 700-ലധികം സിനിമകളിൽ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യകാല നടന്മാരിൽ ഒരാളാണ് തിക്കുറിശ്ശി സുകുമാരൻ നായർ; ആദ്യകാല സംവിധയകരിലും അദ്ദേഹത്തിൻ്റെ പേര് ഇടം പിടിക്കുന്നുണ്ട്.
ചരിത്രം സൃഷ്ടിച്ച 'ജീവിതനൗക'യിലേറി ഒന്നാംനിരയിലേക്കുയർന്ന് മലയാളിയുടെ നായകസങ്കല്പത്തിന് അടിസ്ഥാനമുണ്ടാക്കിയ താരമാണ് തിക്കുറിശ്ശി സുകുമാരന്‍ നായർ.
മങ്കാട്ട് സി. ഗോവിന്ദപിള്ളയുടെയും ലക്ഷ്മിയുടെയും പുത്രനായി 1916 ഒക്ടോബര്‍ 16-ന് തെക്കൻ തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കന്യാകുമാരി ജില്ല) തിക്കുറിശ്ശിയിൽ ജനിച്ച സുകുമാരൻ നായർ സ്കൂള്‍ കാലയളവില്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റായിരുന്ന എൽ. ഓമനക്കുഞ്ഞമ്മ അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായിരുന്നു.
ചെറുപ്പത്തിൽ തന്നെ അദ്ദേഹം കവിതകളെഴുതുന്നതിൽ അസാമാന്യ കഴിവ് തെളിയിച്ചിരുന്നു. സ്‌കൂൾ വിദ്യാർത്ഥി ആയിരിക്കെതന്നെ കവിതാ രചനയിൽ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. (പഠനം മാർത്താണ്ഡം ബോയ്സ് സ്‌കൂളിൽ.) എട്ടാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യകവിത രചിച്ചത്. 'ദക്ഷിണ ഭാരതി' എന്ന മാസികയിൽ ആദ്യകവിത അച്ചടിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 14. ഇരുപതാം വയസ്സിൽ ആദ്യ കവിതാസമാഹാരമായ 'കെടാവിളക്ക്' പ്രസിദ്ധീകരിച്ചതോടെ കവിയെന്ന് പേരെടുത്തു.
തുടർന്ന് അദ്ദേഹം നാടകങ്ങളും എഴുതി. 'മരീചിക', 'കലാകാരന്‍', 'സ്ത്രീ', 'ശരിയോ തെറ്റോ' തുടങ്ങിയ നാടകങ്ങൾ ശ്രദ്ധനേടി.
നാടകമായിരുന്നു തിക്കുറിശ്ശിയുടെ അഭിനയ യാത്രയുടെയും ആദ്യ തട്ടകം. തിക്കുറിശ്ശിയുടെ സ്വന്തം രചനയിൽലുള്ള, 'സ്ത്രീ' (1950) എന്ന നാടകത്തിൽ നായകനടനായി തിക്കുറിശ്ശി അക്കാലത്തെ നാടകവേദിയിൽ പ്രസിദ്ധനായി.
1950-ലാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ആ വർഷം 'സ്ത്രീ' വേദിയിലെത്തിയ ഈ നാടകം അതേ പേരിൽ ആ വർഷം തന്നെ സിനിമയാക്കി. തിക്കുറിശ്ശി തന്നെയായിരുന്നു സിനിമയുടെ തിരക്കഥാകൃത്തും നായക നടനും. (സംവിധാനം: ആർ. വേലപ്പൻ നായർ); അതു പക്ഷേ, വലിയ പ്രദർശന വിജയം നേടിയില്ല. 'സ്ത്രീ' എന്ന ആ സിനിമയ്ക്ക് ശേഷം പുറത്തിറങ്ങിയ ജീവിതനൗക (1951) ആണ് തിക്കുറിശ്ശിയെ മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ ആക്കി മാറ്റിയത്.
സിനിമയിൽ തിക്കുറിശ്ശി സ്പർശം ഏൽക്കാത്ത മേഖലകളുണ്ടായിരുന്നില്ല. തൊട്ടതെല്ലാം പൊന്നാക്കുക എന്ന പഴഞ്ചൊല്ല് തിക്കുറിശ്ശിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമായിരുന്നു. 'ഹരിശ്ചന്ദ്ര'യിലെ 'ആത്മവിദ്യാലയമേ...' എന്ന പാട്ട് കേള്‍ക്കുമ്പോൾ കമുകറ പുരുഷോത്തമൻ മാത്രമല്ല, തോല്‍വസ്ത്രങ്ങളുമണിഞ്ഞ് ചുടലക്ക് തീ കൂട്ടുന്ന തിക്കുറിശ്ശിയും മലയാളികളുടെ മനസ്സിൽ തെളിയും. ‘സ്കൂൾ മാസ്റ്റർ', 'കൂട്ടുകാർ', 'കുടുംബിനി' തുടങ്ങിയ ആദ്യകാല സിനിമകളും ഈ നടൻ്റെ വിജയ കിരീടങ്ങളാണ്.
'ജീവിത നൗക'യിലെ നായകൻ സോമൻ എന്ന നായകനിൽ തുടക്കമിട്ടതിനു ശേഷം 'മായ'യിലെ ഡീസന്റ് ശങ്കരപിള്ള, 'മിഥുന'ത്തിലെ കുറുപ്പ് മാസ്റ്റർ, കാഴ്ചക്കപ്പുറത്തെ 'പരമു പിള്ള', 'വരവേല്പി'ലെ ആപല്‍ബാന്ധവൻ ഗോവിന്ദനൻ നായർ, തിക്കുറിശ്ശി അനശ്വരമാക്കിയ എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങൾ...... 'ഹിസ്‌ഹൈനസ് അബ്ദുള്ള'യിലെ മതിലകത്ത് ചെറിയച്ഛൻ തമ്പുരാൻ ആ പരമ്പരയിലെ അവസാനകാല സംഭാവനയാണ്; കാഴ്ച്ചയില്ലെങ്കിലും കൗശലത്തിനു കുറവൊട്ടും ഇല്ലാത്ത, 'ധൃതരാഷ്ട്രർ' സ്വാധീനമുള്ള, ചെറിയച്ഛൻ തമ്പുരാന്റെ വേഷം മറക്കാനാകില്ല.
1953-ല്‍ പുറത്തിറങ്ങിയ 'ശരിയോ തെറ്റോ' എന്ന ചിത്രമാണ് തിക്കുറിശ്ശി ആദ്യമായി സംവിധാനം ചെയ്തത്. 'കാര്‍ക്കൂന്തല്‍ കെട്ടിലെന്തിന് വാസനത്തൈലം' ഉള്‍പ്പെടെ ഓര്‍മ്മകളിലേക്കു വഴിനടത്തുന്ന നിരവധി ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചു.
പത്മശ്രീ അടക്കം 250-ഓളം പുരസ്‌കാരങ്ങൾ ലഭിച്ചു. അവയിൽ പ്രധാനപ്പെട്ട ചില പുരസ്കാരങ്ങൾ: 1972-മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (മായ); 1973 - പത്മശ്രീ; 1986 - സമഗ്ര സംഭാവന ഫിലിംഫെയർ പുരസ്കാരം; 1993 - സമഗ്ര സംഭാവന ജെ.സി. ഡാനിയേൽ പുരസ്കാരം.
മൂന്നു തവണയാണ് തിക്കുറിശ്ശി വിവാഹിതനായത്. ആദ്യവിവാഹം ആലപ്പുഴ കരുവാറ്റ 'സമുദായത്തിൽ' വീട്ടിൽ സരോജിനിക്കുഞ്ഞമ്മയായിരുന്നു. ഈ ബന്ധത്തിൽ ശ്യാമളാദേവി, ഗീതാദേവി എന്നിങ്ങനെ രണ്ട് പെണ്മക്കളാണ് അദ്ദേഹത്തിനുണ്ടായത്. ഈ ബന്ധം ശിഥിലമായശേഷം അദ്ദേഹം നാടക നടിയായിരുന്ന അമ്പലപ്പുഴ മീനാക്ഷിയമ്മയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രാജഹംസൻ എന്നൊരു മകൻ അദ്ദേഹത്തിനുണ്ടായി. ഈ ബന്ധവും പരാജയമായിരുന്നു. തുടർന്ന്, ഗായികയും നർത്തകിയുമായിരുന്ന കെ. സുലോചനാദേവിയെ തിക്കുറിശ്ശി വിവാഹം കഴിച്ചു; മരണം വരെ അവരുമായി ബന്ധം തുടർന്നു. ഈ ബന്ധത്തിൽ ജനിച്ച മകളായിരുന്നു പ്രശസ്ത യുവ കവയത്രിയായിരുന്ന 'കനകശ്രീ'.
1989-ലുണ്ടായ ഒരു വാഹനാപകടത്തിൽ, മകൾ കനകശ്രീ അന്തരിച്ചു. ഈ മരണം അദ്ദേഹത്തെ തളർത്തി. സാഹിത്യ അക്കാദമി യുവകവികൾക്ക് നൽകിവരുന്ന 'കനകശ്രീ എൻഡോമെൻഡോമെൻറ്' പുരസ്‌കാരം ഈ മകളുടെ ഓർമ്മ നിലനിർത്താനായി തിക്കുറിശ്ശി ഏർപ്പെടുത്തിയതാണ്.
അവസാനകാലത്ത് വാർദ്ധക്യസഹജമായ രോഗങ്ങൾ അലട്ടിയ തിക്കുറിശ്ശി, വൃക്കരോഗത്തെത്തുടർന്ന് 1997 മാർച്ച് 11-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.