Image

ആത്മ രഹസ്യം ( നോവൽ - 2 : മിനി ആന്റണി )

Published on 12 March, 2026
ആത്മ രഹസ്യം ( നോവൽ - 2 : മിനി ആന്റണി )

അത്തിക്കാവ്  ജംങ്ഷനിൽ വാഹനം നിർത്തി എല്ലാവരും പുറത്തിറങ്ങിയപ്പോൾ കൂടെയിറങ്ങാൻ മനസ്സനുവദിച്ചില്ല. പക്ഷേ, കണ്ണുകൾ   ആർത്തിയോടെ ഒരു കാഴ്ച്ചയിൽ നിന്ന് മറ്റൊരു കാഴ്ച്ചയിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരുന്നു.

മുപ്പത് വർഷങ്ങൾക്കു മുൻപാണ്. പെട്ടന്നൊരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ അച്ഛൻ്റെ അടുത്തേക്കെന്ന് കള്ളം പറഞ്ഞ് അമ്മ തന്നെയും കൂട്ടി ഇവിടെ നിന്ന്  സ്ഥലംവിട്ടത്.  
കുറേ കാലത്തേക്ക്  ഈ നാടൊരു വിങ്ങലായി  തിരികെ വിളിച്ചു കൊണ്ടേയിരുന്നു.  അപ്പോഴൊന്നും അമ്മയതനുവദിച്ചില്ല.   പിന്നീട് അമ്മയാഗ്രഹിച്ചപ്പോഴും വാശിയോടെ ഇനിയൊരിക്കലും ഒരു മടക്കമില്ലെന്ന്  തീരുമാനിക്കുകയായിരുന്നു. ശക്തമായൊരു കാരണവും അതിനു പുറകിലുണ്ടായിരുന്നു. പക്ഷേയിപ്പോൾ ......

അല്ലെങ്കിലും തീരുമാനിച്ചുറപ്പിക്കുന്ന എല്ലാ കാര്യങ്ങളും അതേപോലെ നടക്കാറില്ലല്ലോ.

അത്തിക്കാവിനും ഉണ്ടായിട്ടുണ്ട്  കാലോചിതമായ ചില മാറ്റങ്ങൾ.  റോഡിൻ്റെ വീതി പഴയതിലും ഇരട്ടിയായി.   സദാനന്ദൻ്റെ റേഷൻകട വിത്ത് പലചരക്കുകടക്ക്  ഒരു മാറ്റവുമില്ല.  പഴയ പലകയിട്ടടക്കുന്ന  സെറ്റപ്പുത്തന്നെ.  കുറച്ചുനേരം റേഷൻകടയിൽ കണ്ണുകൾ ഉടക്കി നിന്നു.  അവിടെ അരിയും ഗോതമ്പും മണ്ണെണ്ണയും മണക്കുന്ന പഴഞ്ചൻ മേശക്കു പുറകിലിപ്പോൾ മറ്റൊരു പയ്യൻ. ‘ ബാഷ ‘  അവനായിരുന്നു ഒരിക്കലാ മേശക്ക് പുറകിൽ. ഹൃദയത്തിലൊരു തണുപ്പ് പടരുന്നു.  പെട്ടെന്ന് നോട്ടം മറ്റൊരിടത്തേക്ക് മാറ്റി.

കുമാരേട്ടൻ്റെ ബാർബർ  ഷോപ്പ്.  കൊള്ളാം.   ന്യൂജനാക്കിയിട്ടുണ്ട്.  പേര് പഴയതായിരുന്നില്ലെങ്കിൽ തിരിച്ചറിയാനൊക്കില്ലായിരുന്നു.  അത്രക്കുണ്ട് പുതുമ. വാതിൽക്കലൊരു ഫ്രീക്കൻ.  കുമാരേട്ടൻ്റെ മകനായിരിക്കുമോ?

പണ്ട് വീട്ടിലൊരു അമ്പട്ടത്തി വരും. അത്തിക്കാവിലെ പെൺകുട്ടികളുടെ മുടി വെട്ടാനുള്ള അവകാശം അവർ തീറെഴുതി വാങ്ങിച്ച പോലെയാണ്.  മാസത്തിലൊരിക്കൽ നിർബന്ധമായും വരും.കൂലിയും കൂട്ടത്തിൽ ഒന്നോ രണ്ടോ തേങ്ങയും കിട്ടിയാൽ മറ്റെന്തെങ്കിലുമൊക്കെ വസൂലാക്കിയേ തിരിച്ച് പോകൂ.
.  
“എൻ്റെ മുടി അമ്പട്ടത്തി വെട്ടണ്ട. എനിക്ക് കുമാരേട്ടൻ്റെ ബാർബർ ഷോപ്പില് വെട്ട്യാ മതി.”  പെട്ടൊന്നൊരു ദിവസം അങ്ങനെ പ്രഖ്യാപിച്ചതു മുതൽ അമ്പട്ടത്തിക്ക് ഞാൻ ശത്രുവായിരുന്നു.  എന്നാലും മാസംതോറും വരും.  വല്യമ്മയുടെ കയ്യിൽ നിന്ന് കൂലിയും തേങ്ങയും വാങ്ങും.  

“ത്തിരി പോന്ന പിള്ളാർക്കും ഇപ്പോ പാഷനല്ലേ പാഷൻ“  എന്ന് എണ്ണിപ്പെറുക്കി മൊഖം കൊണ്ടൊരു ഗോഷ്ഠിയും കാട്ടി തിരിച്ച് പോകുന്ന അമ്പട്ടത്തിയെ ഓർത്തപ്പോൾ ചിരിവന്നു. ആ നിക്കുന്ന ഫ്രീക്കനെ കണ്ടാൽ അമ്പടത്തിയുടെ പ്രതികരണം എന്തായിരിക്കും?  പാവം. ജീവിച്ചിരിപ്പുണ്ടോ ആവോ?

പുഷ്പഗിരിക്ക് പോകുന്ന റോഡിൻ്റെ ഇരുവശങ്ങളിലും ഒരുപാട് പുത്തൻകെട്ടിടങ്ങൾ.  സൂപ്പർമാർക്കറ്റ്, ബ്യൂട്ടിപാർലർ, റെഡിമെയ്ഡ് ഷോപ്പ്, ഹോമിയോ ക്ലിനിക്ക്.  നിറയെ പുതിയ സ്ഥാപനങ്ങൾ.  അത്തിക്കാവ്  ഒത്തിരിയൊത്തിരി പുരോഗമിച്ചിരിക്കുന്നു.

കിഴക്കോട്ടുള്ള കയറ്റത്തിൽ പുതുക്കിയ പഞ്ചായത്ത് കെട്ടിടം.  തൊട്ടപ്പുറത്ത് വലിയ 
ഒരോഡിറ്റോറിയം,  അവിടെയും ഒരു വയസ്സൻ പാലമരം പണ്ടുണ്ടായിരുന്നു.   ഒരുപക്ഷേ കടപുഴകി വീണതാവാം. അത്രക്കും വയസ്സനായിരുന്നു.  അല്ലെങ്കിൽ ഓഡിറ്റോറിയത്തിനായി മുറിച്ച് മാറ്റിയതുമാവാം.

ഓഡിറ്റോറിയമിരുന്ന സ്ഥലം  പണ്ട് ചെറിയൊരു മൈതാനമായിരുന്നു.  കുഞ്ഞിലേ ഞങ്ങൾ ഒളിച്ചുകളിക്കാറുള്ള സ്ഥലം.  മൂന്നാലാൾക്ക് സുഖമായി മറഞ്ഞു നിൽക്കാനുള്ളത്ര വണ്ണമുണ്ടായിരുന്നു ആ പാലക്ക്.  

“കേറ്റത്തെ പാലേടടുത്ത് കളിക്കാൻ പോവാം “ എന്ന് ആരെങ്കിലുമൊരാൾ വിളിച്ച് പറയും.
പിന്നാലെ കൂകിവിളിച്ച്  ഒരോട്ടമാണ് എല്ലാവരും.  സുമയും സുരേഷും മിനിയും ബിജുവും.  ഒരു കുട്ടിക്കൂട്ടം മനസ്സിലേക്കോടിയെത്തി.ആൾ സഞ്ചാരമുള്ള സ്ഥലമായതിനാൽ അവിടേക്കുള്ള പോക്കിന് അമ്മ  തടസ്സം പറയാറില്ല.

കേറ്റത്തെ പാലമരം, ഇറക്കത്തെ പാലമരം, പടിഞ്ഞാട്ടെ പാലമരം,  എന്നിങ്ങനെ പാലമരങ്ങളാണ് അത്തിക്കാവിലെ പലയിടങ്ങൾക്കും അടയാളം.  ഇത്രയേറെ പാലളുള്ള മറ്റൊരു നാടുണ്ടോ ആവോ?  ഇറക്കത്തെ പാലമരത്തിൻ്റെ സൈഡിലൂടെ  പോകുന്ന വഴിയിലാണല്ലോ തറവാട്.

വഴിയിൽ നിന്ന് അൽപം ഉയരത്തിലാണ് തറവാട്ടുപറമ്പ്.  പറമ്പെന്ന് പറയാൻ മാത്രമൊന്നും ശേഷിച്ചിട്ടില്ല. വീടിരിക്കുന്ന  പത്തുസെൻ്റ് ഭൂമിയൊഴികെ ബാക്കിയുള്ളതെല്ലാം  മുറിച്ചു വിറ്റാണ് വല്യമ്മ താഴെയുള്ള അഞ്ചനിയത്തിമാരെ കെട്ടിച്ചയച്ചത്.   അമ്മയെ ഒഴികെ.

അത്തിക്കാവിലെ പലയിടങ്ങളും ഉറപ്പുള്ള ചെങ്കല്ലുള്ള ഭൂമിയാണ്. കല്ലുവെട്ടുകുഴികൾ പലയിടത്തുമുണ്ട്.  തറവാടിരുന്ന ഒന്നരയേക്കറിൽ നിന്ന് ഒരോ ഭാഗം കൊടുക്കുമ്പോഴും പലരും വല്യമ്മയെ ഉപദേശിച്ചിരുന്നത്രെ. “കല്ല് വെട്ടാൻ കൊടുത്താ ഭൂമിയവിടെ  കെടക്കൂലോ  സൂഭദ്രേ " ന്ന്. പക്ഷേ കല്ല് വെട്ടി ഭൂമി കുളംതോണ്ടുന്ന ഏർപ്പാടിനോട്  വല്യമ്മക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല.

തറവാട്ടിലേക്ക് കയറുന്ന  ആ  വീതിയുള്ള ഒതുക്കുകല്ലുകളുണ്ടല്ലോ.  അത്  കല്ലുവെട്ടിയെടുത്തുണ്ടാക്കിയതാണ് . ആ കല്ലുകളുപയോഗിച്ച് കെട്ടിയുയർത്തിയതു കൊണ്ടാവും  ഉമ്മറക്കിണറിൻ്റെ അരമതിലിനും പൂപ്പായപച്ച നിറമായിരുന്നു.  രഹസ്യവും പരസ്യവുമായ പല ചർച്ചകൾക്കും സാക്ഷിയായ   പൂപ്പൽ പടർന്നുകയറിയ ആ ഒതുക്കുകല്ലുകൾക്ക്  അത്തിക്കാവിലെ  പല മനുഷ്യരുടെയും കഥ പറയാനുണ്ടാവും.

തറവാട്ടു മുറ്റത്ത്  പല ഗ്രാമ്യചർച്ചകളും  നടക്കുക പതിവാണ്.  നേതാവ് വല്യമ്മയാണ്.  മുദ്രാവാക്യം വിളിക്കുന്നത്ര  ഉച്ചത്തിലാണ് വല്ല്യമ്മയുടെ സംസാരം. മൂക്കത്താണ് ശുണ്ഠി.
വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവം. ബന്ധുക്കൾക്കൊന്നും  വല്യമ്മയുടെ ഈ സ്വഭാവം പിടിക്കില്ല. മുഖത്ത് നോക്കി പറയാനുള്ള ധൈര്യമില്ലാത്തതിനാൽ  മിണ്ടാതിരിക്കുന്നവരാണ് പലരും.

ഈ കാളക്കൂറ്റി വല്യമ്മയെ മിതമായും പതിഞ്ഞ ശബ്ദത്തിലും സംസാരിക്കുന്ന മറ്റേമ്മ അനായാസമായി  നിയന്ത്രിക്കുന്നത് അന്നൊക്കെ അതിശയത്തോടെയാണ് നോക്കിയിരിക്കാറുള്ളത്.  അത്തിക്കാവ് വിടും വരെ  അമ്മയും വല്യമ്മയും  പരസ്പരം വാളെടുക്കാതിരുന്നതും  മറ്റേമ്മ ഇടയിലുള്ളത് കൊണ്ടായിരുന്നു. നേർക്കുനേർ വന്നാൽ കീരിയും പാമ്പും മാതിരിയായിരുന്നു അവർ തമ്മിലുള്ള സഹോദര സ്നേഹസംഭാഷണങ്ങൾ. “ ശാരദേ …. നീയൊന്നടങ്ങ്. “  എന്ന് അമ്മയെ സമാശ്വസിപ്പിക്കുന്നതും “ ഒന്നൂല്ലെങ്കി നിങ്ങടെ കൂടപ്പെറപ്പല്ലേ ! “ എന്ന് വല്ല്യമ്മയെ  വീണ്ടുവിചാരപ്പെടുത്തുന്നതും എപ്പോഴും മറ്റേമ്മയാണ്.

എന്നിട്ടും അവിടെ നിന്ന് പോന്ന ശേഷം  മരിക്കുംവരെ  അമ്മ മറ്റേമ്മയെപ്പറ്റി  ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. അതെന്തുകൊണ്ടെന്ന് പലപ്പോഴും  ചിന്തിച്ചിട്ടുണ്ട്.  അമ്മയ്ക്ക് മറ്റേമ്മയോട് വിരോധം തോന്നേണ്ട  കാര്യമുണ്ടോ? വല്യമ്മയുമൊത്തുള്ള  മറ്റേ കാര്യമായിരുന്നെങ്കിൽ  അത് പണ്ടേ പ്രകടിപ്പിക്കേണ്ടതാണല്ലോ. പക്ഷേ അന്നൊക്കെ വല്യമ്മയോട് മാത്രമായിരുന്നു അമ്മക്ക് ശത്രുത.  മറ്റേമ്മയോട് സ്നേഹത്തോടെയല്ലാതെ പെരുമാറി കണ്ടിട്ടേയില്ല.  

ആദ്യമൊക്കെ  നാട്ടിലേക്ക് തിരിച്ചുപോകാമെന്ന്   വാശിപിടിക്കുമ്പോൾ അമ്മ ഭീഷണി മുഴക്കും.   “ നീ എങ്ങട്ടാന്നെച്ചാ  പൊക്കോ.  എനിക്ക് പടിഞ്ഞാട്ടെ പ്ലാവുങ്കൊമ്പ് മതി. അവടെ തീർക്കും. അത്രന്നെ. എന്നെങ്കിലും നിൻ്റച്ഛൻ വരുമ്പോ  നീ മറുപടി പറഞ്ഞാ മതി.എല്ലാർക്കും സ്വന്തം കാര്യം നോക്ക്യാ മതിലോ.  നാളെത്രായ്ച്ച്ട്ടാ. എന്നെപ്പറ്റി ഞാനോർക്കാറേയില്ല.  എല്ലാം നിനക്കായിട്ടല്ലേ?”  ആദ്യമൊക്കെ ഈ  ഭീഷണി  ഭയന്ന്.  പിന്നെ പിന്നെ  ഈ എണ്ണിപ്പെറുക്കൽ സഹിക്കാൻ വയ്യാഞ്ഞ്.   പതുക്കെ പതുക്കെ അവരെയെല്ലാം മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുകയായിരുന്നു.  

തുടരും.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക