Image

മെറിന്റെ വേര്‍പാടിന് അഞ്ച് വര്‍ഷങ്ങള്‍; നോവായി മകള്‍ നോറ

Published on 12 March, 2026
മെറിന്റെ വേര്‍പാടിന്  അഞ്ച് വര്‍ഷങ്ങള്‍; നോവായി മകള്‍ നോറ

മോനിപ്പള്ളി, കോട്ടയം: അമേരിക്കയിൽ മലയാളി നഴ്സിനെ കുത്തി വീഴ്ത്തിയ ശേഷം ഭർത്താവ് കാർ ഓടിച്ചു കയറ്റി ക്രൂരമായി കൊലപ്പെടുത്തിയ മെറിൻ ജോയിയുടെ കൊലപാതകത്തിന് അഞ്ച് വർഷം തികയുകയാണ്. മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകളാണ് മെറിൻ ജോയി. മരിക്കുമ്പോൾ 28 വയസ്സായിരുന്നു. രണ്ട് വയസ്സുകാരി നോറ മകളാണ്. മെറിൻ മരിക്കുമ്പോൾ നോറ നാട്ടിൽ മെറിന്റെ വീട്ടിലായിരുന്നു (ഇപ്പോൾ ആ കുഞ്ഞിന് ഏഴ് വയസ്). 

അമ്മേ.. അമ്മേ എന്നു വിളിച്ചു കൊണ്ട് മെറിന്റെ കുഞ്ഞ് നോറ മോനിപ്പളളിയിലെ വീട്ടിൽ മെറിന്റെ ഫോട്ടോയില്‍ മുത്തമിട്ടപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിളികേള്‍ക്കാത്ത ലോകത്തേയ്ക്കു തന്റെ അമ്മ പോയി എന്ന സത്യം ആ കുഞ്ഞുമോൾക്ക് അറിയില്ലായിരുന്നല്ലോ. ഒന്നുമറിയാതെ തന്റെ അമ്മക്കു ചിരിച്ചുകൊണ്ട് അന്ത്യ ചുബനം നൽകി യാത്രയാക്കുന്ന കുഞ്ഞുനോറയുടെ ആ ദൃശ്യം ഏവരുടെയും ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു. 

ഡിസംബറിൽ അമ്മ നാട്ടില്‍ വന്നു മടങ്ങിപ്പോയപ്പോൾ താൻ കൊടുത്തുവിട്ടത് തന്റെ അവസാന ഉമ്മയാണെന്ന് നോറ മോൾ അറിഞ്ഞില്ലല്ലോ. ഓർമകളിൽ തീരാനോവായി പടരുന്ന ആ ക്രൂരകൃത്യം നടത്തിയത് മെറിന്റെ ഭർത്താവാണെന്ന നടുക്കം ഇന്നും മലയാളികളിൽ നിന്ന് വിട്ടുപോയിട്ടില്ല. ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവിന്റെ (നെവിൻ) ഭാര്യയായിരുന്ന മെറിൻ. കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറ്റാനുള്ള തയാറെടുപ്പിൽ സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആ ദാരുണ സംഭവം.

 നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. കാറിലെത്തിയ ഭർത്താവ് നെവിൻ മാത്യു മെറിനെ 17 തവണ കുത്തിയ ശേഷം നിലത്തു വീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയെന്നും പൊലീസ് പറഞ്ഞു. 

മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന്‍ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിച്ചായിരുന്നു ഈ ക്രൂരകൃത്യം ചെയ്തത്. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മുഴുവൻ സ്നേഹവും പ്രാർത്ഥനയും ഏറ്റുവാങ്ങി മെറിൻ അമേരിക്കൻ മണ്ണിൽ അലിഞ്ഞു ചേര്‍ന്നിട്ട്‌ 5 വർഷം കഴിഞ്ഞിരിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക