Image

പ്രശസ്ത ശില്പി കാനായിയെയും ഭാര്യ നളിനിയെയും ആദരിച്ചു

Published on 12 March, 2026
പ്രശസ്ത ശില്പി കാനായിയെയും ഭാര്യ നളിനിയെയും ആദരിച്ചു

കാഞ്ഞങ്ങാട് ശിൽപകലയിൽ വിഖ്യാതനായ കാനായിക്കപ്പുറം കവിതയിലെ കാനായിക്കൊപ്പമുള്ള യാത്രയായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലെ ഒത്തുചേരലിൽ കണ്ടത്. അണക്കര ചെല്ലാർകോവിൽ ഓരത്തേൽ ബെന്നി ജോസഫിൻ്റെ ഓർമയ്ക്കായി ഓരത്തേൽ ഫൗണ്ടേഷനും കോട്ടയത്തെ വര ഗാലറിയും ചേർന്നു ഏർപ്പെടുത്തിയ പ്രഥമ 'ഗുരുരത്ന' പുരസ്ക്‌കാരം നൽകാനായി അദ്ദേഹത്തിന്റെ വീട്ടിൽ ഒത്തുചേർന്ന ചടങ്ങാണ് കാനായിക്കുള്ളിലെ കവിയെ വെളിപ്പെടുത്തിയത്. 'അമ്മേ ഭൂമി ദേവീ, നിൻ്റെ പുത്രൻ ഞാൻ മനുഷ്യൻ, ആരാണ്? എന്നു തുടങ്ങുന്ന 'സ്വർഗം നിനക്കുള്ളതല്ല' എന്ന കവിത മനോഹരമായി ആലപിച്ച് സർഗാത്മക ഒത്തുചേരലിന് നാലാം ക്ലാസ് വിദ്യാർഥി വി.വേദസ് തുടക്കം കുറിച്ചു. 

Artist Ramesh k Kannan, Thekinkad Joseph, Sukumaran Periyachur,Dr Paul manalil, Fr Dr K M George and Curator Mathews Orathel

പിന്നീട് കാനായിയുടെ കലാലോകവും കവിതാലോകവും സൗഹൃദ നിമിഷങ്ങളും ഓർത്തെടുത്ത ചടങ്ങിന് മാത്യൂസ് ഓരത്തേലിന്റെ ആമുഖത്തോടെ തുടക്കമായി. കാനായിയുടെ കോട്ടയം കാലത്തെ സൗഹൃദവും അക്ഷര ശിൽപവും കോട്ടത്തേക്ക് കാനായി മടങ്ങി വരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. “ജനിച്ചപ്പോളെന്നെ നീ മലർത്തിക്കിടത്തി, മരിച്ചപ്പോളുമെന്ന നീ മലർത്തിക്കിടത്തി-ശിശു ഞാൻ കിടന്നകിടപ്പിൽ ആകാശപ്പെരുമ കണ്ടു' കാനായിയുടെ 'അതു ഞാനല്ല' കവിത ചൊല്ലി ആറാം കാസ്സ് വിദ്യാർഥി പവിത്ര കൃഷ്‌ണ കാനായി കവിതയുടെ ആഴം വീണ്ടും സദസ്സിനെ ഓർമപ്പെടുത്തി. 

കോട്ടയത്തമ്മയുടെ തണലിലാണ് കോട്ടയത്തുകാർ ജീവിക്കുന്നതെന്ന് എഴുത്തുകാരൻ ഫാ. ഡോ. കെ.എം. ജോർജ് പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രറിക്ക് മുൻപിലെ അക്ഷരശിൽപത്തെയാണ് അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചത്. ശിൽപ നിർമാണഘട്ടത്തിൽ അവിടെയുണ്ടായ സൗഹൃദ നിമിഷങ്ങളും അദ്ദേഹം പങ്കുവച്ചു. പിന്നീട് പുരസ്കാര സമർപ്പണ ചടങ്ങായിരുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കാനായിക്ക് ഫാ. ഡോ. കെ.എം.ജോർജും മാത്യൂസ് ഓരത്തേലും ചേർന്നു സമ്മാനിച്ചു. തുടർന്നു കാനായിയെയും ഭാര്യ നളിനിയെയും ഡോ. പോൾ മണലിൽ ആദരിച്ചു. പുരസ്‌കാരത്തുക ചടങ്ങിൽ വച്ചുതന്നെ മലപ്പച്ചേരി ന്യൂമലബാർ ചാരിറ്റിബിൾ ട്രസ്‌റ്റിന് കാനായി കൈമാറി. 

ഡയറക്‌ടർമാരായ സുസ്‌മിത ചാക്കോ, മനു ചാക്കോ എന്നിവർ ചേർന്നു തുക ഏറ്റുവാങ്ങി.  അവാർഡ് തുകകളൊന്നും എടുക്കാറില്ലെന്നും സമൂഹ സേവനം ചെയ്യുന്നവർക്ക് നൽകാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴയിലെ യക്ഷിയാണ് ശിൽപങ്ങളിൽ എന്നും ആകർഷിച്ചിട്ടുള്ളതെന്നും അരനൂറ്റാണ്ടുകാലത്തെ ബന്ധം തനിക്ക് കാനായിയുമായി ഉണ്ടെന്നും വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്‌റ്റ്, സുകുമാർ അഴീക്കോട് ട്രസ്‌റ്റ് എന്നിവയുടെ സെക്രട്ടറിയും ബാലസാഹിത്യ ഇൻസ്റ്റ‌ിറ്റ്യൂട്ട് മുൻ ഡയറക്‌ടറുമായ ഡോ. പോൾ മണലിൽ പറഞ്ഞു. പുരസ്കാരം വാങ്ങാറില്ലെന്നും ഇന്നോട്ട് വന്നു തരുന്നതാണ് സ്വീകരിക്കുന്നതെന്നും കൂട്ടായ്‌മയ്ക്ക് നന്ദി നേർന്നു കാനായി പറഞ്ഞു. 

കോട്ടയത്ത് നിന്നു എന്നെ കാണാനായി വന്നത് ഏറെ സന്തോഷം പകർന്നുവെന്നും അദ്ദേഹം പറഞ്ഞു. കാനായിക്ക് പത്മഭൂഷൺ ലഭിക്കാൻ കേരളം ഒത്തൊരുമിച്ച് നിൽക്കണമെന്ന് എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂരും പറഞ്ഞു. കാനായിയുടെ കവിത ആലപിച്ച കുമാരനെല്ലൂർ ലീല കമ്യൂണിറ്റി സ്കൂളിലെ വിദ്യാർഥികളായ വി.വേദസ്, പവിത്ര കൃഷ്ണ‌ എന്നിവർക്ക് കാനായി ഉപഹാരവും നൽകി. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ സെക്രട്ടറി തേക്കിൻകാട് ജോസഫ്, ചിത്രകാരൻ രമേശ് കെ.കണ്ണൻ, സാംസ്‌കാരിക പ്രവർത്തകൻ അശോക് കുമാർ കോട്ടയം, പി.സുധാകരൻ

എന്നിവർ പ്രസംഗിച്ചു. തുടർന്നു എല്ലാവരും ചേർന്നു കാനായി കാസർകോട് ജില്ലാ പഞ്ചായത്തിന് മുൻപിൽ ഒരുക്കുന്ന
അമ്മയും കുഞ്ഞും ശിൽപം കാണാൻ കാനായിയോടൊപ്പം പോയി.

പ്രശസ്ത ശില്പി കാനായിയെയും ഭാര്യ നളിനിയെയും ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക