Image

ന്യൂജേഴ്സിയിൽ കോൺഗ്രസിലേക്ക് മത്സരിക്കുന്ന ജയ് വൈങ്കങ്കറിന് ഇന്ത്യൻ അമേരിക്കൻ ഇമ്പാക്റ്റിന്റെ പിന്തുണ

Published on 12 March, 2026
ന്യൂജേഴ്സിയിൽ കോൺഗ്രസിലേക്ക് മത്സരിക്കുന്ന ജയ് വൈങ്കങ്കറിന് ഇന്ത്യൻ അമേരിക്കൻ ഇമ്പാക്റ്റിന്റെ  പിന്തുണ

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ 12-ാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്ന് കോൺഗ്രസിലേക്ക് മത്സരിക്കുന്ന 28-കാരനായ ജയ് വൈങ്കങ്കറിന് ഇന്ത്യൻ-അമേരിക്കൻ ഇംപാക്ട് സംഘടന പിന്തുണ പ്രഖ്യാപിച്ചു. മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്ന് സംഘടന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ശുദ്ധ ഊർജം, ആരോഗ്യ പരിരക്ഷ, കുടിയേറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ തന്റെ തലമുറയുടെ ശക്തമായ ശബ്ദമാണ് വൈങ്കങ്കറെന്ന് സംഘടന വിലയിരുത്തി.

ഡിസ്ട്രിക്ടിലെ ജനസംഖ്യയിൽ 14 ശതമാനത്തിലധികം ഇന്ത്യൻ-അമേരിക്കൻ സമൂഹമാണ് ഉള്ളതെന്നും, ആ സമൂഹത്തെ പ്രതിനിധീകരിക്കുന്ന നേതാവായാണ് വൈങ്കങ്കറിനെ കാണുന്നതെന്നും ഇന്ത്യൻ അമേരിക്കൻ ഇംപാക്ട് വ്യക്തമാക്കി. പുതിയ ആശയങ്ങളും ശക്തമായ നേത്യത്വവും ആവശ്യമായ സമയത്ത് യുവ നേതാക്കളെ ഉയർത്തിക്കൊണ്ടു വരുന്നത് വളരെ പ്രധാനമാണെന്നും സംഘടന കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച എഎപിഐ വിക്ടറി ഫണ്ട് സംഘടനയും വൈങ്കങ്കറിനെ പിന്തുണച്ചിരുന്നു. അമേരിക്കയിൽ ജീവിതച്ചെലവ് കുറയ്ക്കാനും ശുദ്ധ ഊർജ വികസനം മുന്നോട്ട് കൊണ്ടുപോകാനും പ്രതിബദ്ധനായ നേതാവാണ് അദ്ദേഹമെന്നും സംഘടന വിലയിരുത്തി.

പിന്തുണയ്ക്ക് വൈങ്കങ്കർ നന്ദി അറിയിച്ചു.  ഉയരുന്ന ഊർജ ചെലവുകൾ നിയന്ത്രിക്കുക, കൂടുതൽ ആളുകൾക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുക, പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വൈദ്യുതി ബില്ലുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇത് പരിഹരിക്കാൻ കൂടുതൽ ഊർജവും ദൃഢനിശ്ചയവും ആവശ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വില കുറയ്ക്കാനും കൂടുതൽ വീടുകൾ നിർമ്മിക്കാനും ട്രെയിൻ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും  സാധിക്കാത്തതിൽ അമേരിക്കൻ കോൺഗ്രസിലെ നിലവിലെ നേതൃത്വത്തെ അദ്ദേഹം ചോദ്യം ചെയ്തു.

2025 ഡിസംബറിലാണ് വൈങ്കങ്കർ കോൺഗ്രസിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ നിന്ന് വിരമിക്കുന്ന കോൺഗ്രസ് അംഗം ബോണി വാട്സൺ കോൾമന്റെ പിന്‍ഗാമിയായി മത്സരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

മെർസർ കൗണ്ടിയിൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനായി വളർന്ന അനുഭവവും ഇൻഫ്ലേഷൻ റിഡക്ഷൻ ആക്ട് നടപ്പിലാക്കുന്നതിലും പുതുക്കിയ ഊർജ പദ്ധതികളിലും പ്രവർത്തിച്ച അനുഭവവുമാണ് തന്റെ രാഷ്ട്രീയ ദൗത്യത്തിന് അടിസ്ഥാനം എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിജയിച്ചാൽ ന്യൂജേഴ്സിയിൽ നിന്നുള്ള ആദ്യത്തെ ജെൻ സി നേതാവും ദക്ഷിണേഷ്യൻ വംശജനുമായ കോൺഗ്രസ് അംഗമായിരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക