
യു.എസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധം കേരളത്തിലുള്ളവരുടെ ശാപ്പാടിനെയും ബാധിച്ചിരിക്കുകയാണ്. ഇന്ത്യ നേരിടുന്ന പാചകവാതക പ്രതിസന്ധിയുടെ അലയടികള്‍ കേരളത്തിലുമെത്തിയിരിക്കുന്നു. ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ വീടുകളിലെയും ഹോട്ടലുകളിലെയും പാചക രീതികളില്‍ വലിയ മാറ്റം വരികയാണ്. ഗ്യാസ് കിട്ടാനില്ലെന്ന ഭീതിയില്‍ ആളുകള്‍ വലിയ തോതില്‍ ഇലക്ട്രിക് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങുന്നുണ്ട്. നിവര്‍ത്തിയില്ലാത്തവര്‍ പഴയ വിറകടുപ്പിനെയും ശരണം പ്രാപിക്കുന്നു. എന്നാല്‍ മിക്ക വീടുംകളിലും വിറകടുപ്പ് ഇല്ലെന്നതാണ് ദയനീയമായ സ്ഥിതിവിശേഷം.
ഗ്യാസ് ശീലമാക്കിയതോടെ പരമ്പരാഗത അടുപ്പും പിന്നെ പുകയില്ലാത്ത അടുപ്പുമൊക്കെ പൊളിച്ചുകളഞ്ഞ് ഗ്രാനൈറ്റിട്ട് അവിടയെല്ലാം ഗ്യാസ് സറ്റൗ് സ്ഥാപിച്ചതാണ് പുലിവാലായത്. വിറക് കിട്ടുന്ന കടകളും അന്യംനിന്ന് പോയി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണം പൂര്‍ണമായും തടസപ്പെട്ടതോടെ ഹോട്ടലുടമകളും വലിയ ആശങ്കയിലാണ്. ഹോട്ടല്‍ ഭക്ഷണം തീവിലയിലേക്ക് കുതിക്കുമോ എന്ന ഭീതി വേണ്ട. കാരണം കത്തിക്കാന്‍ തീ തന്നെ ഇല്ലല്ലോ. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഹോട്ടലുകള്‍ മെനുവിലെ വിഭവങ്ങള്‍ കുറച്ചുതുടങ്ങിയെന്നതാണ് ഏറ്റവും പുതിയ വിവരം. ഗ്യാസ് കൂടുതല്‍ ചെലവാകുന്ന വിഭവങ്ങള്‍ ഇനി വിളമ്പാനാകില്ല.
''വിറകടുപ്പുണ്ടെങ്കിലും ബിരിയാണിയോ ചോറോ പാചകം ചെയ്യാമെന്നേയുള്ളൂ. ചൈനീസ് വിഭവങ്ങള്‍ക്കോ ലൈവായി ഉണ്ടാക്കുന്നവയ്‌ക്കോ അടുപ്പ് പറ്റില്ല. ഇപ്പോള്‍ ഓര്‍ഡര്‍ചെയ്യുന്നതിന്റെ പകുതി സിലിന്‍ഡര്‍മാത്രമാണ് കിട്ടുന്നത്. ഇതുപോലെയെങ്കിലും കിട്ടിയില്ലെങ്കില്‍ സ്ഥിതി വഷളാകും...'' ഒരു വന്‍കിട ഹോട്ടല്‍ ഗ്രൂപ്പ് ഉടമ പറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രം പാചകവാതകം പരിമിതപ്പെടുത്തികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാണ് സേവന മേഖല കൂടിയായ ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും ആശങ്കയില്‍ ആക്കിയത്. രാജ്യത്തെ ഇന്ധനക്ഷാമം നിയന്ത്രിക്കുന്നതിനായാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഹോട്ടലുകളും റസ്റ്റോറന്റുകളും വലിയ പ്രതിസന്ധിയിലാണ്. പല ഹോട്ടലുകളിലും പ്രതിദിനം രണ്ട് മുതല്‍ അഞ്ച് വരെ ഗ്യാസ് സിലിണ്ടറുകളാണ് ആവശ്യമായത്.
പ്രതിസന്ധി രൂക്ഷമായതോടെ മെനുവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭക്ഷണശാലകള്‍ക്ക് നാഷണല്‍ റസ്റ്റോറന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി. * പാചകവാതകം ലാഭിക്കുന്നതിനായി കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം * ഗ്യാസിന് പകരമായി ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക * ഇന്ധനം ലാഭിക്കുന്ന രീതിയിലുള്ള പാചക പരീക്ഷണങ്ങള്‍ നടത്തണം * വിഭവങ്ങളുടെ ലഭ്യതക്കുറവിനെക്കുറിച്ച് ഉപഭോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്തുകയും ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുകയും വേണം. തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
ഇതിനിടെ പൂഴ്ത്തിവെക്കല്‍ കൂടിയായതും, ഈ പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു കഴിഞ്ഞു. സാഹചര്യം രൂക്ഷമാവുന്നതിനിടയില്‍ കേന്ദ്രത്തിനു മുന്നില്‍ സംരക്ഷണ സംവിധാനം വേണമെന്ന ആവശ്യം വെക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകകളാണ് ഉയരുന്നത്. ഗാര്‍ഹിക കണക്ഷനുകളുടെ ബുക്കിംഗ് ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയതും സ്ഥിതിഗതികളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഹോട്ടലുകളോടൊപ്പം ക്യാന്റീനുകളുടെ പ്രവര്‍ത്തനവും നിലയ്ക്കുമെന്ന സ്ഥിതായാണുള്ളത്.
ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ അതിനേക്കാള്‍ ഉപരിയായി, യുദ്ധസാഹചര്യത്തില്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് കമ്പനികള്‍ നിര്‍ത്തലാക്കിയതാണ് പ്രതിസന്ധി ഇത്രമേല്‍ രൂക്ഷമാക്കിയതെന്ന് എല്‍.പി.ജി വിതരണ അസോസിയേഷന്‍ വ്യക്തമാക്കുന്നു. 2025 ഏപ്രിലിന് ശേഷം ആദ്യമായി 14.2 കിലോ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ 60 രൂപ കഴിഞ്ഞ ദിവസം വര്‍ധിച്ചു. ഇതിന് പിന്നാലെ 19 കിലോ വാണിജ്യ സിലിണ്ടറുകള്‍ക്ക് 144 രൂപയും കൂട്ടി. 2026 മാര്‍ച്ചിലെ ആദ്യ വാരത്തില്‍ തന്നെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിക്കുന്നത്.
ലോകത്തെ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതി മേഖലയായ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പശ്ചിമേഷ്യയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സാരമായി ബാധിക്കും. ക്രൂഡ് ഓയിലിനും എല്‍.എന്‍.ജി ഇറക്കുമതിക്കും ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. ഇന്ത്യയുടെ കയറ്റുമതിയുടെ 14.0 ശതമാനവും ഇറക്കുമതിയുടെ 20.9 ശതമാനവും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍ നിലവിലെ സംഘര്‍ഷം ഇന്ത്യയുടെ വ്യാപാരത്തെ സാരമായി ബാധിക്കും. യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്ക് പോലുള്ള പ്രധാന കപ്പല്‍ പാതകളെ തടസ്സപ്പെടുത്തുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന് വലിയ ഭീഷണിയാണ്.