Image

ചമതി (നോവല്‍- ഭാഗം-5: ഉഷാ ചന്ദ്രന്‍)

Published on 11 March, 2026
ചമതി (നോവല്‍-  ഭാഗം-5: ഉഷാ ചന്ദ്രന്‍)

പണ്ട്കാലത്ത് രാജകുടുംബത്തിന്‍റെ അധീനതയിലുള്ള ഏതാണ്ട് രണ്ടേക്കറോളം വരുന്ന ഭൂമിക, മണ്ണില്‍ സ്വര്‍ണ്ണം വിളയിക്കുന്ന കുശവസമുദായക്കാര്‍ക്കായി ഉദയപുരംകൊട്ടാരത്തില്‍ നിന്ന് ഇഷ്ടദാനം കൊടുത്തതാണ്. അവരില്‍ പലരും അന്ന് കൊട്ടാരത്തിലെ ആശ്രിതരായിരുന്നു. അവരുടെ പെണ്ണുങ്ങളാവട്ടെ, അവിടത്തെ സഹായികളും പുറംപണിക്കാരും. വളച്ചുകെട്ടി സ്വന്തമാക്കിയ ഭൂമിയില്‍ കുശവര്‍ കുടിലുകള്‍ കെട്ടി താമസം തുടങ്ങി. ചെത്തി, ചെമ്പരത്തി, കൊന്ന, കടലാവണക്ക്, ഒതളം തുടങ്ങി നട്ടുവളര്‍ത്തിയ ജൈവസമ്പത്ത്കൊണ്ടതിനവര്‍ അതിര് തിരിച്ചു. അതിരിനോട് ചേര്‍ന്നുള്ള ചെറിയൊരു നടവഴിയ്ക്കപ്പുറം ചുറ്റോടു ചുറ്റിലും രാജകൊട്ടാരം അതിന്‍റെ പല ശാഖകളായി വ്യാപിച്ചു കിടക്കുന്നു. കോളനിക്കാര്‍ക്ക് എടുത്തുപറയാനായി മറ്റൊരു അയല്‍വക്കം ഇല്ല. തിരിഞ്ഞാലും മറിഞ്ഞാലും കാണുന്നത് രാജകുടുംബം മാത്രം.

പിന്നീടെപ്പോഴോ കാലാന്തരത്തില്‍ മക്കളും കൊച്ചുമക്കളുമൊക്കെയായി കോളനിയിലെ ജനസംഖ്യ വര്‍ധിച്ചപ്പോള്‍ അതില്‍ വിവാഹബന്ധത്തിലൂടെയും മറ്റുമായി അനധികൃതതാമസക്കാരായ  സമാനജാതിക്കാരും വന്നു കുടിയേറി. വടക്കുനിന്നുവന്ന കുംഭാരര്‍, വേളാര്‍, കുലാലര്‍, വണ്ണാര്‍ തുടങ്ങിയ ഗോത്രക്കാരും ഇപ്പോള്‍ ഇവിടെ ഇടകലര്‍ന്നു കിടക്കുന്നു.. അതില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അംഗബലം കുശവര്‍ക്ക്തന്നെ.

രാജകൊട്ടാരത്തിന്‍റെ അവസ്ഥയും മറിച്ചായിരുന്നില്ല. അവരുടെയും ബന്ധുബലം വര്‍ദ്ധിച്ചു ക്ഷത്രിയര്‍ക്കൊപ്പം ബ്രാഹ്മണരും ഏതാനും ശൂദ്രരും വേളിയും സംബന്ധവും മറ്റുംമറ്റുമായി അവിടെ വന്നുചേര്‍ന്നു.. രാജകൊട്ടാരം അതനുസരിച്ച് വിസ്തൃതമായി, അവ ശാഖോപശാഖകളായി തിരിഞ്ഞ് കുശവക്കോളനിയെ പൊതിഞ്ഞു. ഉദയപുരം കൊട്ടാരത്തിന്‍റെ പ്രധാന കോവിലകത്ത് സുഭദ്രത്തമ്പുരാട്ടി താമസിക്കുന്നു. ചേച്ചി സുനന്ദയും ഭര്‍ത്താവ് ആദിത്യവര്‍മ്മയും തൊട്ടടുത്ത ശാഖയിലാണ്. ചെറിയ ചെറിയ കൊട്ടാരക്കെട്ടുകളില്‍  ഇവരുടെയെല്ലാം താവഴികളും ഉണ്ട്. മറ്റൊരു കെട്ടിലാണ് കാരണവര്‍ അശോകവര്‍മ്മ താമസം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ അശോകവര്‍മ്മ ഇപ്പോള്‍  അവശനായിരിക്കുന്നു. എന്നാലെന്താ, ജട കൊഴിഞ്ഞ സിംഹത്തെപ്പോലെ അവിടെയിരുന്നും കിടന്നും ഇടയ്ക്കെണീറ്റുലാത്തിയുമൊക്കെ ഇപ്പോഴും അദ്ദേഹം മറ്റുള്ളവര്‍ക്കായി കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പനകള്‍ പുറപ്പെടുവിക്കാറുണ്ട്‌  

മറിച്ചു് കോളനിയിലാകട്ടെ, അംഗസംഖ്യ വര്ധിച്ചതനുസരിച്ച് സ്ഥലവിസ്തൃതി ഉണ്ടായില്ല., ഒറ്റയ്ക്കും തെറ്റയ്ക്കും ബന്ധുക്കള്‍ വന്നുകൂടിയെന്നതുകൊണ്ട് മാത്രം ബന്ധുബലം ഉണ്ടാവണമെന്നില്ലല്ലോ?.

നിര്‍ദ്ധനരരും നിരക്ഷരരും അടിച്ചമര്‍ത്തപ്പെട്ടവരും പാര്ശ്വവല്‍ക്കരിക്കപ്പെടവരുമായ ഒരു ജനവിഭാഗം. അവരവിടെ എന്നും പട്ടിണിയും പരിവട്ടവുമായി ഇടതിങ്ങിപ്പാര്‍ത്തു. ചട്ടിയും കലവും കുടവും കൂജയും മണ്‍പാത്രങ്ങളും നിര്‍മ്മിച്ചു വിറ്റ് തട്ടീം മുട്ടീം കാലം കഴിച്ചു. മറ്റുപജീവനമാര്‍ഗ്ഗമൊന്നും അവര്‍ക്കറിയില്ലായിരുന്നു.. കളിമണ്ണ്‍ കുഴച്ച് വീടിന്‍റെ ചുമരുകള്‍ കെട്ടിപ്പൊക്കി കൂരയുണ്ടാക്കി.. മേല്‍ക്കൂര മേയാന്‍ പനയോലയും തെങ്ങോലയും അവര്‍ തന്നെ നെയ്തെടുത്തു. മിക്കവീടുകള്‍ക്കും കൂടിയാല്‍ രണ്ടു മുറികളേ ഉണ്ടാവൂ. വെളിക്കിരിക്കാനോ കുളിക്കാനോ ഒന്നും വേണ്ടത്ര സൗകര്യമോ സാഹചര്യമോ ആ പാവങ്ങള്‍ക്കില്ല. രാവിലെ ഒന്നിനും രണ്ടിനുമൊക്കെ  പോകാനുള്ള ഉള്‍വിളിവന്നാല്‍, ഏക്കറുകണക്കിന് കാടുപിടിച്ച് വിശാലമായി കിടക്കുന്ന കൊട്ടാരം വക പുരയിടമാണ് അവര്‍ക്കാശ്രയിക്കാനുണ്ടായിരുന്നത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു മണ്‍കൂജയില്‍ വെള്ളവുമെടുത്ത് അവര്‍ കാടുകയറും. കുളിക്കാന്‍ പൊതുകിണര്‍ ഉണ്ടെങ്കിലും ഇത്രയധികം പേര്‍ കുളിക്കാന്‍ വെള്ളമൂറ്റിയാല്‍ മറ്റു വീട്ടാവശ്യത്തിനൊന്നും വെള്ളം കിട്ടിയില്ലെങ്കിലോ എന്ന് കരുതി മൂന്നു കിലോമീറ്റര്‍ അകലെയുള്ള പായല്‍ തിങ്ങിനിറഞ്ഞ ആറ്റിലേയ്ക്ക് സ്ത്രീകളെല്ലാംകൂടി കൂട്ടം കൂടി പോകും. പായല്‍ ഒഴുക്കിനെ തടഞ്ഞുനിര്‍ത്തിയിട്ടുള്ളതിനാല്‍ കെട്ടിക്കിടക്കുന്ന ദുര്‍ഗന്ധപൂരിതമായ കലക്കവെള്ളത്തില്‍ കുളിക്കും. അടിയില്‍ ഉറഞ്ഞുകൂടിയ ചേറില്‍ അറിയാതെയെങ്ങാന്‍ ചവിട്ടിപ്പോയാല്‍ ചെളിയോടൊപ്പം ആര്‍ത്തവത്തുണി പോലും പൊങ്ങിവരാറുണ്ട്. അത്രമേല്‍ മലിനമാണത്. അതുകൊണ്ടാവാം പലരിലും പലതരത്തിലുള്ള ത്വഗ്രോഗങ്ങളും പിടിവിടാതെനിന്നു.

മുത്തിനെ മാത്രം കൊട്ടാരത്തിലെ കുളത്തില്‍ കുളിക്കാന്‍ എന്തുകൊണ്ടോ  ഭദ്രത്തമ്പുരാട്ടി അനുവദിച്ചിട്ടുണ്ട്. സപ്തവര്‍ണ്ണ പുഷ്പഹാരം കഴുത്തിലണിഞ്ഞു നില്‍ക്കുന്ന സുന്ദരിയായ നീന്തല്‍ക്കുളമാണ് കൊട്ടാരത്തിലേത്. പൂച്ചെടികള്‍ കൊണ്ട് മറയ്ക്കപ്പെട്ട കുളത്തിനു ചുറ്റും ചെത്തി, ചെമ്പരത്തി, കൊങ്ങിണി നന്ത്യാര്‍വട്ടം തുടങ്ങി ഗന്ധമില്ലാത്ത പൂക്കളാണ് അധികവും. ഉദയപുരം കൊട്ടാരത്തിലെ പുരുഷന്മാരാരും ആ ഭാഗത്തേയ്ക്ക് എത്തിനോക്കാറില്ല. അവര്‍ക്ക് വേറെ കുളമുണ്ട്. അമ്മയെക്കൂടാതെ ശൗരി മാത്രമേ വല്ലപ്പോഴും അവധിയ്ക്കുവരുമ്പോള്‍ അവിടെ പോയി കുളിക്കാറുള്ളൂ. അപ്പോള്‍ സീതമ്മ ആ വഴിയ്ക്കേ പോകാറില്ല.

മിക്കവാറും സീതമ്മ കുളിച്ചു കയറുമ്പോള്‍ ഭദ്രത്തമ്പുരാട്ടി കൊട്ടാരക്കെട്ടിലെ തളത്തിനു ചുറ്റുമുള്ള പൊക്കം കുറഞ്ഞ വരാന്തയിലിരുന്നു മുറുക്കാന്‍ചെല്ലം മുന്നിലെടുത്തു വച്ച് നാലുംകൂട്ടി മുറുക്കുന്നുണ്ടാവും.

മുത്തേ വാ.. അവര്‍ വിളിക്കും.

അഴിച്ചിട്ട ഈറന്‍ മുടിയുമായി സീത നാലകത്തേയ്ക്ക് കയറിച്ചെന്നാല്‍ ആദ്യമവര്‍ കണ്മഷിയെടുത്ത് കൊടുക്കും. “ഇതാ ഇതിത്തിരി കണ്ണില്‍ തേച്ചോളൂ!”

ശുദ്ധമായ തിരശ്ശീല, കയ്യന്യവും പൂവാംകുരുന്നിലയും പിഴിഞ്ഞെടുത്ത ചാറില്‍ മുക്കിയുണക്കി നിലവിളക്കില്‍ ആവണക്കെണ്ണ ഒഴിച്ച് കത്തിച്ച്, അതിനു മീതെ പുത്തന്‍ മങ്കലം കമിഴ്ത്തിവച്ച് സംഭരിച്ച് പിന്നീട്  വെളിച്ചെണ്ണയില്‍ ചാലിച്ചു വച്ച ശുദ്ധമായ കരിമഷിയാണത്. സീതമ്മയത് ചൂണ്ടുവിരലില്‍ തോണ്ടി കണ്ണില്‍ തേയ്ക്കും. ചെല്ലം നീക്കിവച്ച് വെറ്റിലയില്‍ ലേശം നൂറു തേച്ച് കളിയടയ്ക്ക വച്ചു പൊതിഞ്ഞ് അതും അവര്‍ അവള്‍ക്കു നേരേ നീട്ടും. മയ്യെഴുതി, കുറിതൊട്ട്, മുറുക്കിച്ചുവപ്പിച്ച ചുണ്ടും അഴിച്ചിട്ട മുടിയുമായി നില്‍ക്കുന്ന സീതമ്മയെ കണ്ടാല്‍ ഏതൊരു തമ്പുരാനും നോക്കിനിന്നുപോകും. അസ്സലൊരു തമ്പുരാട്ടിക്കുട്ടി. അങ്ങനെയാണ് കൊച്ചുതമ്പുരാനും അവളെ നോക്കിത്തുടങ്ങിയത്.

സ്കൂളില്‍ ചേര്‍ക്കാന്‍ നേരം സീതമ്മ എന്നവള്‍ക്ക് പേരിട്ടതും ഭദ്രത്തമ്പുരാട്ടിയാണ്. മകളെപ്പോലെയാണ് അവര്‍ക്കവള്‍. കൊട്ടാരത്തില്‍ ചെല്ലുമ്പോഴെല്ലാം ഒറ്റയ്ക്ക് താമസിക്കുന്ന തമ്പുരാട്ടിയെ അല്ലറചില്ലറ ജോലികളില്‍ അവള്‍ സഹായിക്കാറുണ്ട്. പുറംതളത്തിന്‍റെ ഈശാനകോണില്‍ ചാരിവച്ചിരിക്കുന്ന ചൂലെടുത്ത് കൊട്ടാരത്തിന്‍റെ വിശാലമായ മുറ്റം അടിച്ചു വാരിക്കൊടുക്കും. തമ്പുരാട്ടി ക്ഷേത്രദര്‍ശനം നടത്തുന്ന ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ദേവിയ്ക്ക് ചാര്‍ത്താനുള്ള പൂമാല കെട്ടിക്കൊടുക്കുന്നത് സീതയാണ്. അതവള്‍ക്ക്‌ നിര്‍ബ്ബന്ധമാണ്‌. ചെടിയ്ക്ക്‌ വെള്ളമൊഴിക്കുക, നിലവിളക്ക് മോറുക, ഇടയ്ക്ക് തമ്പുരാട്ടിയുടെ അഴുക്കുള്ള വസ്ത്രങ്ങള്‍ അടിച്ചുനനയ്ക്കുക, വെള്ളം കോരി കൊടുക്കുക ഇത്യാദി ജോലികള്‍ ഒരവകാശം പോലെ സീത ചെയ്യുമ്പോള്‍ തമ്പുരാട്ടി ചോദിക്കാറുണ്ട്,

“നീയെന്താ ഈ കാട്ടുന്നത് സീതേ? ഇവിടെ പുറംപണിയ്ക്ക് തേയി വരുന്നുണ്ടല്ലോ?, അതൊക്കെ അവിടെയിട്! നീയെനിക്ക് വെറുതേ വന്നു കൂട്ടിരുന്നാല്‍ മതി”. പക്ഷേ, സീതയ്ക്കത് പോരാ.. അവളുണ്ടോ കേള്‍ക്കുന്നു? ഒക്കെ തന്‍റെ അവകാശമാണെന്നാണ് അവള്‍ ധരിച്ചിരിക്കുന്നത്‌. ഒന്നോ രണ്ടോ പേര്‍ക്കുള്ള ആഹാരം തമ്പുരാട്ടിതന്നെ ഉണ്ടാക്കും. അടുക്കളയില്‍ കയറി പാചകം ചെയ്യുന്നില്ല എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം സ്വയം ഏറ്റെടുത്തു ചെയ്യാനവള്‍ക്ക് വല്ലാത്തൊരുല്‍സാഹമാണ്.

എന്തൊക്കെയായാലും സീതയ്ക്കവിടെ പ്രത്യേകമൊരു പരിഗണന ഉണ്ടെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ ഈ കൊട്ടാരക്കെട്ടിനുള്ളില്‍ മാത്രമേ സീതയ്ക്കിത്രയും സ്വാതന്ത്ര്യമുള്ളൂതാനും. അവരുടെ മറ്റുള്ള ബന്ധുക്കള്‍   താമസിക്കുന്നിടത്തേയ്ക്ക് അവള്‍ പോകാറില്ല. അവര്‍ക്കവളോടും അടുപ്പമില്ല. എന്നാല്‍ ഭദ്രത്തമ്പുരാട്ടി അങ്ങനെയല്ല. അവരുടെ  അടുക്കളക്കെട്ടില്‍ വിശേഷപ്പെട്ട എന്തുണ്ടാക്കിയാലും അതില്‍ ഒരുവിഹിതം അവര്‍ സീതയ്ക്കായി മാറ്റിവയ്ക്കും. എന്നിട്ട് കൊട്ടാരം ആശ്രിതനെയോ കാര്യസ്ഥനെയോ വിട്ട് അവളെ വിളിപ്പിക്കും. അതവര്‍ക്ക് മുഷിച്ചില്‍ ഉണ്ടാക്കുന്നുണ്ടെന്ന് തമ്പുരാട്ടിയ്ക്കറിയാം. തിരിഞ്ഞുനിന്ന് ചോദിയ്ക്കാനുള്ള അവകാശമില്ലാത്തതുകൊണ്ട് ചുളിഞ്ഞ നെറ്റിയും കറുത്ത മുഖവുമായി അവര്‍ തമ്പുരാട്ടിയുടെ ആജ്ഞ അനുസരിക്കുന്നു എന്നേയുള്ളു.

ആരു വന്നു വിളിച്ചാലും ശൗരി കൊട്ടാരത്തില്‍ ഉണ്ടെങ്കില്‍ സീത പോകാനൊന്നു മടിക്കും. മനസ്സ് അവിടേയ്ക്കു ഓടിയെത്താന്‍ കുതികൊള്ളുമെങ്കിലും സ്വത്വബോധം അവളെ പിന്നിലേയ്ക്ക് വലിക്കും. താനെവിടെ നില്‍ക്കുന്നു എന്ന് സ്വയമൊന്നു വിലയിരുത്തുമ്പോള്‍ സ്വന്തം നിലപാടുതറ, പരിമിതികള്‍ ഒക്കെ അവളെ അതില്‍ നിന്ന് വിലക്കും. കിട്ടാക്കനിയ്ക്ക് സീതമ്മയങ്ങനെ വെറുതേ കൊതിയ്ക്കില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കും.

കൊച്ചിലേതന്നെ താന്‍ മനസ്സില്‍ കുടിയിരുത്തിയ ആരാധനാ മൂര്‍ത്തിയാണ് കൊച്ചുതമ്പുരാന്‍. തിരിച്ചറിവായപ്പോള്‍മുതല്‍ ആ കനകവിഗ്രഹം ഉള്ളില്‍ വച്ചു പൂജിയ്ക്കാന്‍ തുടങ്ങിയതാണ്.. വേറൊന്നും വേണ്ടവള്‍ക്ക്. തേജസ്സുള്ള ആ മുഖമൊന്നു കണ്ടാല്‍ മാത്രം മതി,.. കണ്ണിനുകര്‍പ്പൂരമാണത്. പ്രായമായപ്പോളാവട്ടെ, നോക്കിനോക്കിനില്‍ക്കുമ്പോള്‍  ഉള്ളില്‍ വികാരങ്ങളുടെ വേലിയേറ്റമാണ്. പിന്നെ കേള്‍ക്കാം, നെഞ്ചില്‍ നിലയ്ക്കാത്ത  പഞ്ചാരിമേളം.

വല്ലപ്പോഴുമാണെങ്കിലും ചൈതന്യവത്തായ ആ കോമളരൂപം നേരില്‍ കാണുമ്പോള്‍ കണ്ണിനാകെയോരുല്‍സവപ്രതീതിയാണ്.. എന്താണ് തന്നില്‍ സംഭവിക്കുന്നതെന്ന് അവള്‍ക്കുതന്നെ അപ്പോള്‍ തിരിച്ചറിയുന്നുണ്ടാവില്ല. ഉണ്ണി എന്ന, ശൗരി എന്ന, ഉണ്ണ്യേട്ടനെ അത്രമേല്‍  ജീവനാണ് സീതമ്മയ്ക്ക്. കൊച്ചമ്പ്രാനെ. ഉണ്ണ്യേട്ടാ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം അമ്മയായ ഭദ്രത്തമ്പുരാട്ടി അവള്‍ക്കു മാത്രമായി അനുവദിച്ചുകൊടുത്തിട്ടുള്ള ഒരു സൗജന്യമാണ്. തമ്പുരാട്ടിയുടെ ഈ സ്നേഹവും പരിഗണനയും സീതമ്മയ്ക്ക് എന്നുമൊരു പ്രഹേളികയായി തോന്നാറുണ്ട്. തന്‍റെ സ്വഭാവമോ പെരുമാറ്റമോ അതുമല്ലെങ്കില്‍ സൗന്ദര്യമോ ആയിരിക്കാം ഭദ്രത്തമ്പുരാട്ടിയെ സ്വാധീനിച്ചിരിക്കുന്നതെന്ന് അവള്‍ എപ്പോഴും വിശ്വസിച്ചുപോന്നു.

ചക്കപ്പഴത്തിന്‍റെ കാലമാണ്. കോളനിക്കാര്‍ പട്ടിണിയെന്തെന്നറിയാത്ത കാലം. കൊട്ടാരത്തിലെ തൊടി നിറയെ പ്ലാവാണ്. പ്ലാവില്‍ ചക്ക വീണാല്‍ കോളനിയിലുള്ളവര്‍ക്ക് കുറേക്കാലത്തേയ്ക്ക് നല്ല കുശാലാണ്. കൊത്തുചക്ക മുതല്‍ അവര്‍ അടര്‍ത്താന്‍ തുടങ്ങും. പിന്നെ ഇടിച്ചക്കയിട്ട് തോരനായും വിളവന്‍ വെറുതെ വേവിച്ചുമൊക്കെ വലിയ ആഘോഷമാക്കും. ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ടമാതിരി എന്ന്‍ പറയുമ്പോലെ ദിനസരി ചക്കയും വെള്ളവും മാത്രം കഴിച്ച്‌ ഏറിയപങ്കും വയറ്റില്‍ സൂക്കേടും പിടിപ്പിക്കും. ഗത്യന്തരമില്ലാതെ വന്നാല്‍ പിന്നെ സര്‍ക്കാരാശുപത്രി തന്നെയവര്‍ക്ക്  ശരണം.

അന്നും തമ്പുരാട്ടി വിളിപ്പിച്ചതനുസരിച്ച് “ചക്കയട” കഴിക്കാനാണ് സീത കൊട്ടാരത്തിലേയ്ക്കോടിയത്. ചെന്നുപെട്ടത് ശൗരിയുടെ മുന്നില്‍. അപ്രതീക്ഷിതമായി ശൗരിയെ കണ്ട സീത നിന്നിടത്തു തന്നെ തറച്ചുപോയി.. ആകെയൊരു വിറയലും ചങ്കിലൊരു പിടപ്പും.. അവള്‍ മരവിച്ചങ്ങനെനിന്നു.

ങ്ങും? എന്താ നിന്നുകളഞ്ഞത്? ശൗരി കണ്ണില്‍ കുസൃതി നിറച്ചു.. ആ കണ്ണുകളിലെ നക്ഷത്രത്തിളക്കം നേരിടാനാവാതെ ഭൂമിയിലേയ്ക്ക് നോക്കി, ഒന്നുമില്ല എന്നവള്‍ കുനിഞ്ഞശിരസ്സാട്ടി.

“ഒന്നുമില്ലേല്‍ പൊയ്ക്കോ!”  അത് കേള്‍ക്കാന്‍ കാത്തുനിന്നപോലെ സീത തിരിച്ചോടി.

മുത്തേ.... ശൗരിയുടെ പിറകില്‍ നിന്നുള്ള സ്നേഹാര്‍ദ്രമായ ആ വിളിക്ക് പ്രപഞ്ചത്തോളം പടരുന്ന ഭാവതീവൃതയും വൈകാരികതയും ഉണ്ടായിരുന്നു. സീത ഒന്നാടിയുലഞ്ഞു. പിന്നെ ഉരുകിയൊലിച്ചു. ഒരുനിമിഷം ചിന്തിച്ചുനിന്നിട്ട് തിരിഞ്ഞു നോക്കാതെ വേഗം മുന്നോട്ടുതന്നെ നടന്നു.

അങ്ങോട്ടല്ല, ഇങ്ങോട്ട്! ശൗരി ചിരിച്ചു.

സീതയ്ക്കും സത്യത്തില്‍ അതായിരുന്നു ആഗ്രഹം.

തുടരും....

Read More: https://www.emalayalee.com/writer/318

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക