Image

ഇറാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ ആശങ്കയില്‍

സ്‌പോര്‍ട്‌സ് ലേഖകന്‍ Published on 11 March, 2026
ഇറാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ ആശങ്കയില്‍

പശ്ചിമേഷ്യയില്‍ യുദ്ധം കായികമേഖലയെ അനിശ്ചിതത്വത്തിലാക്കി. ഖത്തറില്‍ കുടുങ്ങിയ ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങള്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. ട്വന്റി 20 ലോകകപ്പിന് ഇന്ത്യയിലില്‍ എത്തിയ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളുടെ മടക്കയാത്ര ഐ.സി.സി. ഇടപെട്ട് പരിഹരിച്ചുവരുന്നു. പക്ഷേ, ഏഷ്യന്‍ കപ്പ് വനിതാ ഫുട്‌ബോളിൽ പങ്കെടുക്കാൻ  ഓസ്‌ട്രേലിയയില്‍ എത്തിയ ഇറാന്‍ താരങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.

ഗ്രൂപ്പ് തലത്തില്‍ മൂന്നു മത്സരങ്ങളും തോറ്റ ഇറാന്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. പക്ഷേ, കളിക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ദക്ഷിണകൊറിയയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഇറാന്‍ ദേശീയ ഗാനം ആലപിക്കുവാന്‍ കളിക്കാര്‍ തയ്യാറായില്ല. അവര്‍ മൗനം പാലിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും 'യുദ്ധകാലത്തെ വഞ്ചകര്‍' എന്നാണ് ഇറാന്‍ ടിവി വനിതാ ഫുട്‌ബോള്‍ താരങ്ങളെ വിശേഷിപ്പിച്ചത്. നാട്ടില്‍ മടങ്ങിയെത്തിയാല്‍ ഇവരുടെ ജീവന്‍ അപകടത്തിലാകുമെന്ന ആശങ്കയുണ്ട്.
ഇതിനിടെ ഇറാന്‍ ടീമിലെ അഞ്ചു കളിക്കാര്‍-ക്യാപ്റ്റന്‍ സഹിറ ഗംബാരി, ഫത്തേമെഹ്, സഹ്‌റ സര്‍ബാമി, അതെഫെഗ്, മോണ എന്നിവര്‍ - ഓസ്‌ട്രേലിയയില്‍ രാഷ്ട്രീയ അഭയം തേടി. ഹോട്ടലില്‍ നിന്ന് അപ്രത്യക്ഷരായ ഇവര്‍ക്ക് ഓസ്‌ട്രേലിയ സുരക്ഷ ഒരുക്കി. ഇവര്‍ക്ക് വീസ അനുവദിച്ചു. ഇവര്‍ ഓസട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബുര്‍ക്കെയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

എന്നാല്‍ ഇറാന്‍ വനിതാ ടീമിന് മുഴുവനായി അഭയം നല്‍കണമെന്നാണ് യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബാനിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയ ഇവരെ സ്വീകരിച്ചില്ലെങ്കില്‍ യു.എസ്. സ്വീകരിക്കുമെന്നാണ് ട്രമ്പിന്റെ പക്ഷം. കളിക്കാരെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ പുരുഷ ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ ക്രെയ്ഗ് ഫോസ്റ്റര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.

ഗള്‍ഫിലെ കായികരംഗവും നിശ്ചലമായിരിക്കുകയാണ്. ഖത്തറിലും ബഹ്‌റൈനിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ മാറ്റിവച്ചു. സൈപ്രസില്‍ യൂറോപ്യന്‍ ത്രോ കപ്പിന് ടീമിനെ അയയ്ക്കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചു. സൗദിയിലും ബഹ്‌റൈനിലും നടക്കേണ്ട ഫോര്‍മുല വണ്‍ കാര്‍ റാലിയുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു.

ഈ വര്‍ഷം യു.എസില്‍ നടക്കേണ്ട ഫിഫ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയിട്ടുള്ള ഇറാന്റെ പങ്കാളിത്തവും ചോദ്യചിഹ്നമാണ്. പിന്‍വാങ്ങിയാല്‍ ഇറാന് ഏതാണ്ട് 200 കോടി രൂപ നഷ്ടം വരുമെന്നാണ് കണക്ക്. ആറു കോടി പിഴ ഉള്‍പ്പെടെയാണിത്. ലോകകപ്പില്‍ ഗ്രൂപ്പ് 'ജി' യില്‍ ഉള്‍പ്പെട്ട ഇറാന് യു.എസി.ലെ മത്സരങ്ങള്‍ ലൊസാഞ്ചലസിലും സിയാറ്റിനിലുമാണ്. പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാന്‍ ഏറെ സാധ്യതയുള്ള ഇറാഖ് ടീമിന്റെ യാത്രയുടെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നു. ഇറാഖിന്റെ പ്ലേ ഓഫ് മാര്‍ച്ച് 31ന് മെക്‌സിക്കോയിലാണ് നടക്കേണ്ടത്.  തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ മെക്‌സിക്കോയിലേക്കോ കാനഡയിലേക്കോ മാറ്റാന്‍  ഇറാന്‍ അഭ്യര്‍ത്ഥിച്ചാലും ഫിഫ ചെവികൊള്ളണമെന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക