Image

ജോവൻ മസ്ക് - 5 (പുതിയതരം കാമുകൻ : സന റുബീന)

Published on 11 March, 2026
ജോവൻ മസ്ക് - 5  (പുതിയതരം കാമുകൻ : സന റുബീന)

"ഇനി നമുക്ക് എവിടേലും പോകാം...ദൂ....രേ..."
ജോലി കിട്ടിയ മൂന്നാംമാസം സ്വപ്‍ന എനിക്കെഴുതി.
വീട്ടുകാരെ ധിക്കരിച്ചും കല്യാണം എന്ന പ്രസ്ഥാനം ഉപേക്ഷിച്ചും വിവാഹബന്ധത്തിന്റെ ഊരാക്കുടുക്കിൽനിന്നും  സ്വപ്ന ഊരി പോന്നില്ല.
പക്ഷെ അവൾ മറ്റൊന്ന് ചെയ്തു. അന്നത്തെ എന്റെ  'ചിലങ്കയടി'ക്ക് ശേഷമാണോ  അതോ ചൂളിയും പതറിയും ഇരുന്നാൽ ശരിയാവില്ലെന്ന് മനസ്സിലാക്കിയാണോ അവൾ ശക്തമായി  'നോ' പറയാൻ അവൾ പഠിച്ചു.
അയാളോട് മല്ലിട്ട്  വീണ്ടും പഠിക്കാൻ പോയി.

ഞാനും അവളും ഒരുമിച്ചെഴുതിയ പിഎസി പരീക്ഷകൾക്ക് കണക്കില്ല. അവൾക്ക് നാലുവർഷത്തിനുള്ളിൽ ജോലി കിട്ടി എന്നത് ഒരത്ഭുതം തന്നെയായിരുന്നു!

ഞാനും ജോലിയിൽ ഉണ്ട്. പാരലൽ കോളേജുകളിൽ പറന്നുപറന്നു ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ്. അപ്പോഴാണ് ഈ കത്ത് കിട്ടിയത്.

"എവിടെ....?"

"എവിടെയെങ്കിലും.... രണ്ടുദിവസം.."

യാത്രകളെക്കുറിച്ച് ഞാൻ നെയ്‌തുകൂട്ടിയ സ്വപ്നങ്ങൾ ആകാശംപോലെ വിശാലമാണ്.. അതിലേക്ക് വർണ്ണനൂൽ പാകിയ ചോദ്യമാണിത്.
നമുക്ക് എവിടെയെങ്കിലും പോകാം എന്ന്.

"ഇങ്ങനെയൊക്കെ വീട്ടിൽനിന്നും രണ്ടുദിവസം ടൂർ പോകാൻ പറ്റുമോ. ഉമ്മയോടും ദബയോടും എന്തുപറയും?"

"നീ എന്റെ വീട്ടിലേക്ക് വാ... നമുക്കൊരുമിച്ച്  പിഎസ്സി പരീക്ഷ ഉണ്ടെന്ന് പറ. തിരുവനന്തപുരമോ നിലമ്പൂരോ കോട്ടയമോ എന്തെങ്കിലും നുണ പറ"

ഇവൾക്ക് ജോലി കിട്ടിയ സ്ഥിതിക്ക് എനിക്കെന്താണ് കിട്ടാത്തത് എന്ന വാശിയിൽ ഞാൻ അന്ന് സർവ്വമാന പരീക്ഷകൾക്കും അപേക്ഷ അയക്കുന്ന കാലം കൂടിയാണത്. പലവിധ ഹാൾ ടിക്കറ്റുകൾ  കൈയിലുണ്ട്.

"പക്ഷെ നീ ഇപ്പോൾ ഒരു ജോലിയിൽ കയറിയില്ലേ? "

ഞാൻ  സംശയിച്ചപ്പോൾ അവൾ കണ്ണുരുട്ടി.

"എടീ ബുദ്ധു... പ്രൊമോഷൻ കിട്ടാൻ വേണ്ടി പരീക്ഷ എഴുതാം...വേറെ ജോലി കിട്ടാനും എഴുതാം"

സ്വപ്‍ന വളരെ വിവേകത്തോടെയാണ് പഴുതുകളടയ്ക്കുന്നത്. ചില നുണകൾ കേട്ടാൽ സത്യംപോലും സത്യമായും സംശയിച്ചുപോകും!
ധൈര്യത്തില്‍
ശരിക്കും അവൾ മറ്റൊരു കാർത്തികയായി മാറുന്നു!

അങ്ങനെ ഞങ്ങൾ 'എവിടേക്കെങ്കിലും' പോകാൻ പ്ലാൻ ചെയ്തു.

"നമുക്ക് ഊട്ടിയിൽ പോകാം സനാ...  അവിടാവുമ്പോൾ നമുക്ക് മഴയത്തു നടക്കാം. ഓടാം... കുടയും വേണ്ട.  എന്നിട്ട് പല പല കടകളിൽ കയറണം. അവിടെയുള്ള സകലമാന വസ്ത്രങ്ങളും വാരി വലിച്ചിടീക്കണം. അവസാനം ഒന്നും വേണ്ടെന്ന് പറഞ്ഞു ഇറങ്ങി ഓടണം.
അല്ല... വേണ്ടാന്നൊന്നും പറയാൻ നിക്കരുത്. ഒറ്റയോട്ടം കൊടുത്തേക്കുക..."

ഇതു കൊള്ളാമല്ലോ.
"ഓ.... കൈ..."

"പൂരിയും പുലാവും മധുരവും പണിയാരവും തെരുവിലെ കടകളിൽ പോയി വയറുനിറയെ വാങ്ങി തിന്ന്  കാശ് കൊടുക്കാതെ ഇറങ്ങി ഓടണം..."

"ങേ....???"

"അതേടീ... അതൊരു രസല്ലേ...."

"അതുപോലെ യന്ത്രയൂഞ്ഞാലിൽ കയറണം. കുറേ നാളായി ആഗ്രഹിക്കുന്നു."

"നീ കണ്ടിട്ടില്ലേ പുസ്തകങ്ങളിലും സിനിമകളിലും ചില കാഴ്ചകൾ... പാതയോരത്തെ റസ്റ്റോറന്റുകൾ... ഒരു കുഞ്ഞു മേശയും രണ്ടു കസേരയും ഇട്ടിരുന്നു മഴചാറ്റൽ ആസ്വദിച്ചു സ്ട്രീറ്റ് വെളിച്ചത്തിൽ സംസാരിച്ചിരുന്നു കോഫി കുടിക്കുന്നവർ... പുഴയിലൂടെ തുഴഞ്ഞു പോകുന്നവർ... തൊട്ടരികിലെ വഴികളിലൂടെ നടന്നുപോകുന്നവരെ നോക്കി പുഞ്ചിരിക്കുന്നവർ... അത്തരമൊരിടത്തു പോയിരിന്നു നമുക്ക് ചായ കുടിക്കണം"

വളരെ മൃദുലമായാണ് സ്വപ്‍ന എന്റെ ഹൃദയം തുറന്ന് ഒളിച്ചുവെച്ച കാഴ്ചകൾ പുറത്തേക്കിടുന്നത്. ഞാൻ ശ്വാസമടക്കി മിണ്ടാതിരുന്നു.

"പിന്നെ നമുക്ക് ആത്മാക്കളെ വിളിച്ചു വരുത്തുന്ന സ്ഥലങ്ങളിൽ പോകണം."

"അതെന്തിനാ...?"

"അതൊക്കെയുണ്ട്.  പിന്നേ 
ഊട്ടിയിൽ പോകുവാണേൽ ഒരു ബോട്ട് വാടകയ്ക്ക് എടുത്ത് അഞ്ചാറു മണിക്കൂർ തടാകത്തിൽ കറങ്ങണം. സത്യത്തിൽ എനിക്കു കശ്മീർ പോകാനാണ് ഇഷ്ടം. പൂക്കൾ വിൽക്കാൻ കൊണ്ടുപോകുന്ന തോണികളിൽ കയറണം. തേനും പൂവും കശ്മീർ പട്ടും ചന്ദനവും  മഞ്ഞും കുളിരും എല്ലാം ചേർന്ന  വെള്ളവും തീരവും തിരയും. നിനക്കിഷ്ടമില്ലേ അവിടം?"

അതേ എനിക്കിഷ്ടമാണ്. വായിക്കാൻ തുടങ്ങിയ കാലത്തേ മനസ്സിൽ കേറിയ ഭൂമിയിലെ പറുദീസയാണ് കശ്മീർ. The heaven of heaven!

പക്ഷേ...പക്ഷേ... ഇവിടെ ഈ തുരുത്തിൽ ഇരുന്നു കഥകൾ പറയുന്ന രണ്ടു പെൺകുട്ടികൾ വിചാരിച്ചാൽ ഭൂമിയുടെ അറ്റത്തെ ആ സ്വർഗ്ഗത്തിൽ എങ്ങനെയെത്തും?

ആകെ അറിയാവുന്ന തണുപ്പ് ഡിസംബറിലെ തണുപ്പാണ്. അതിലപ്പുറം....

"നീയെന്താ ഓർക്കുന്നത്?" സ്വപ്‍ന എന്നെ തട്ടിവിളിച്ചു. തണുപ്പിന്റെ പൂക്കൂടയിൽനിന്നും ഞാൻ വഴുതി താഴെവീണു.

"ങാ... ഒന്നൂല്ല. നമ്മൾ എവിടെ കിടക്കും?" തണുപ്പില്ലാത്ത ഒരു ചോദ്യമാണ് പുറത്തേക്ക് വന്നത്. 
രാത്രിയായാൽ വെളിച്ചവും ശബ്ദവും ഇല്ലാതെ കൊതുകുമായുള്ള പടവെട്ടില്ലാതെ സ്വസ്ഥമായി ഉറങ്ങാൻ വേണ്ടി ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യും ഞാനെന്ന് അവൾക്കറിയാം. അല്ലെങ്കിൽ അവൾക്കേ അറിയൂ.

"സ്വിമ്മിംഗ് പൂൾ ഉള്ള ഹോട്ടലിൽ മുറി ബുക്ക്‌ ചെയ്യാ... മദിച്ചുനീന്തി തിമർക്കണം. തല തോർത്താതെ മുറിയിലേക്ക് ഓടണം. എന്നിട്ട് എ സി ഇട്ട മുറിയിൽ പുതപ്പിനടിയിലേക്ക് നൂണ്ട് കടന്നു കിടക്കയിൽ നൂഴ്ന്നുപ്പിടിച്ചുറങ്ങണം.  ഒറ്റശബ്ദവും കേൾക്കാതെ... ഒരു തടസ്സവുമില്ലാതെ ഉറങ്ങണം. സ്‌നോവൈറ്റ് ഉറങ്ങിയതുപോലെ നമ്മളും ഈ ലോകവും ഒരുമിച്ചുറങ്ങി വീഴണം"

"രാജകുമാരൻ വരേണ്ടി വരുമോ ഉമ്മ വെച്ചുണർത്താൻ?" എനിക്ക്‌ അരിശവും വരുന്നുണ്ടായിരുന്നു.

"നമുക്കൊരു ചെറുക്കനെയും കൂട്ടുവിളിക്കാം. രണ്ടാൾക്കും കൂടി ഒരു ബോയ് ഫ്രണ്ട് മതി" സ്വപ്നയുടെ ഉള്ളിലെ അരമനെയ് യക്ഷിയും നാഗസൈരന്ദ്രിയും കോട്ട  തകർത്തു പുറത്തുചാടിയിരുന്നു.

ഞാനവളെ തുറിച്ചു നോക്കി. 
"നിനക്ക് ഒരുത്തനെ കൊണ്ടുതന്നെ മതിയായില്ലേ?"

ഈ ചോദ്യത്തിന് അവളുടെ ചുട്ട മറുപടി വന്നു.

"പ്രവീൺ അങ്ങനെ ആണെന്ന് കരുതി എല്ലാ ആണുങ്ങളും അങ്ങനെയല്ല."

"ഓ... നിനക്ക് എത്ര ആണുങ്ങളെ അറിയാം...?"

"അയാൾക്ക് അടുക്കുവാൻ അറിയില്ല. മറ്റു സ്ത്രീകളോട് പെരുമാറും പോലെ എന്നോടയാൾ സോഫ്റ്റല്ല.  ഞാൻ മയപ്പെടുന്ന എന്നോട് മയപ്പെടുന്ന സോഫ്റ്റാകുന്ന ഒരാളെയാണ് കണ്ടെത്തേണ്ടത്. ജീവിക്കാൻ ചില അകൽച്ചകളും ചിലതരം അടുപ്പങ്ങളും വേണം"

ഇവളുടെ വളഞ്ഞുപുളഞ്ഞാടുന്ന ഫിലോസഫികൾ  കേട്ടു തഴമ്പിച്ചതിനാൽ ഞാൻ അനങ്ങാതിരുന്നു.

"ഒരൊറ്റ ബോയ് ഫ്രണ്ട് ആയാൽ പല ഗുണങ്ങൾ ഉണ്ട്. ഒരാൾക്ക് ചെലവിന് കൊടുത്താൽ പോരേ... ചില ആണുങ്ങൾ കാറും വീടും വാങ്ങുമ്പോലാണ്. ഇതൊക്കെ നമ്മുടേതാണെങ്കിലും ആജീവനാന്തം നമ്മുടെ കയ്യീന്ന്  കാശ് ഇറങ്ങികൊണ്ടിരിക്കും"
സ്വപ്‍ന അതോർത്തെന്നപോലെ ഉറക്കെ ചിരിച്ചു.

ഞാൻ വീണ്ടും നിശ്ശബ്ദയായി. ജോലിക്ക് വേണ്ടിയുള്ള പഠിത്തത്തിനിടയിൽ അവളിലേക്ക് ഒരുത്തൻ കയറിവന്നിരുന്നു. അതോ അവൾ ഇറങ്ങി നോക്കിയതാണോ അയാളിലേക്ക് എന്നറിയില്ല.

പക്ഷേ കടുംനിരാശയായിരുന്നു ഫലം.
ഹോട്ടലിൽ കയറിയാൽ ബില്ലില്‍ വഴുതിമാറുന്ന  യാത്രയ്ക്ക് പോയാൽ പോക്കറ്റിൽ നിന്നും പണമെടുക്കുവാൻ മടിക്കുന്ന സമ്മാനങ്ങൾ അങ്ങോട്ടുമാത്രം വാങ്ങിവെയ്ക്കുന്ന ഹോട്ടൽ മുറികൾ അവളുടെ പേരിൽ ബുക്ക്‌ ചെയ്യിക്കുന്ന ഫോൺ എടുക്കാൻ സമയമില്ലാത്ത-ഇങ്ങോട്ടു വിളിയില്ല- ഒരു പുതിയ തരം കാമുകനായിരുന്നു അയാൾ. 
വികാരവും ആകാരവും മാത്രമുള്ള ഒരാൾ!
പക്ഷേ പ്രേമിക്കുമ്പോൾ- അങ്ങനെ നടിക്കുമ്പോൾ-  അയാൾ 'മോഹൻലാൽ' ആയി മാറിക്കൊണ്ടിരുന്നതാവാം അവരെ ബന്ധിപ്പിക്കുന്ന ഒരേയൊരു കൊളുത്ത്!

അവൾ ഷോപ്പിംഗ് ചെയ്യുമ്പോൾ രണ്ടു കുപ്പി വിർജിൻ ഒലിവ്ഓയിലും കുറേ അണ്ടിപ്പരിപ്പും മുന്തിരിയും പിന്നേയും കുറേ ഉണങ്ങിയ പഴങ്ങളും കുറേയേറെ ഷേവിങ് സെറ്റും ഏറെ പെർഫ്യൂം ബ്രാന്റുകളും കൂട്ടത്തിൽ ഹെയർ ഓയിലുകളും കൂടാതെ കോഫി ടീ ജ്യൂസ്‌ ഐറ്റംസ് കൂടി വാങ്ങിയ ഒരുനാളിലാണ് ഞാൻ ഇതു മനസ്സിലാക്കിയത്. ഇതൊക്കെ കാമുകനുള്ള ലിസ്റ്റ് ആണ്!

"എന്തിനാണീ ഒലിവ് ഓയിൽ?" അതെനിക്ക് മനസ്സിലായില്ലാരുന്നു.

"എടീ... പുള്ളിക്ക് ബി പി ഉണ്ട്. നല്ല എണ്ണ ഉപയോഗിച്ച് ആഹാരം ഉണ്ടാക്കി കഴിക്കട്ടെ..."

"അയാൾ പാചകം ചെയ്യും?"

"അയാളുടെ ഭാര്യ ചെയ്യും"

ഞാൻ പൊട്ടിത്തെറിച്ചു. “എന്തിനാടീ ഒരു ഭാര്യയുള്ള ഒരുത്തൻ നിനക്ക്?"

"ഭാര്യയില്ലാത്ത കാമുകന്മാരെ കിട്ടാനില്ല സന. മാത്രല്ല അയാൾ ഒരു ഭർത്താവായ ആളല്ലേ... സൗമ്യ ഭാവങ്ങൾ ഉണ്ടാകുമോ എന്നറിയാൻ..."
പ്രതീക്ഷ വറ്റിയ മറുപടി.

എങ്ങാണ്ടോ കിടക്കുന്ന ആ മനുഷ്യന്റെ ആരോഗ്യത്തിനു വേണ്ടി അവൾ ഇവിടെയിരുന്നു കാശ് ചിലവാക്കി ഇതെല്ലാം കെട്ടിക്കൊണ്ടുപോയി കൊടുത്ത് അയാളെ ഊട്ടി വളർത്തി ഒടുവിൽ....
"നീഎന്തു കണ്ടിട്ടാണ് അയാളെ തീറ്റി പോറ്റുന്നത്?" ഒരുനാൾ എനിക്കു ചോദിക്കാതിരിക്കാനായില്ല.

"എങ്ങനെയാ നീ ഇതൊക്കെ അയാൾക്ക് എത്തിക്കുന്നത്?"

"ഒരു പാവം സന്ദർശകയെപോലെ  അയാളുടെ ഓഫീസിൽ പോകും. പാക്കറ്റ് കൊടുക്കും. കടയിൽനിന്നും വാങ്ങിയതുപോലെ അതെല്ലാം  അയാൾ വീട്ടിൽ കൊണ്ടുപോകും"

"ഇതൊക്കെ അയാൾക്ക് വാങ്ങിക്കൂടെ?"

"ഇതെല്ലാം എന്റെ സന്തോഷമാണ് സനാ. എനിക്ക് സമ്മാനങ്ങൾ കൊടുക്കുവാൻ ഇഷ്ടമാണ്."

"നിനക്ക് എന്തെങ്കിലും തന്നിട്ടുണ്ടോ?"

അവൾ മിണ്ടാതെനിന്നു. നീണ്ട നീണ്ട മൗനം.

അടുത്തവട്ടം അവൾ വാങ്ങിയത്  ഒരു പെർഫ്യൂം ആയിരുന്നു.
ജോവൻ മസ്ക്! 
നല്ല വിലയുണ്ട്.

അവൾ എന്നെ നോക്കി കണ്ണിറുക്കി. "അയാളുടെ ഇഷ്ട ബ്രാൻഡ് ഇതാണ്"

ചില നേരങ്ങളിൽ  സ്വപ്‍ന അടുത്തുവന്നാൽ അവളുടെ സാരിയിലോ ചുരിദാറിലോ കലർന്ന മസ്കിന്റെ ഗന്ധത്തിൽ എന്റെ നെറ്റി ചുളിഞ്ഞു.

"നീ ഇന്ന് അയാളെ കണ്ടോ?"

"നീ ഷെർലോക് ഹോംസ് ആണോ? കൃത്യമായി മണം പിടിക്കുന്നുണ്ടല്ലോ."

"ആൻസർ മീ..."

"യെസ്...കണ്ടു."

"എങ്ങനെ?"

"അയാളുടെ വീട്ടിൽ. ഭാര്യ ഉണ്ടായില്ല ഇന്ന്."

"വീട്ടിൽ?"  എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

"അതേ. വീട്ടിൽ"

"എങ്ങനെ?"

"അവനും ഭാര്യയും ബൈക്കിൽ ഓഫീസിലേക്ക് ഇറങ്ങും. ഭാര്യയെ ഓഫീസിൽ ഡ്രോപ്പ് ചെയ്യും. എന്നിട്ടവൻ നേരെ ഓഫീസിൽ പോകും. അവിടെനിന്നു ഫീൽഡ് വർക്ക്‌ എന്ന് പറഞ്ഞു തിരിച്ചിറങ്ങി വീട്ടിലേക്ക് തിരികെ വരും. കാർ എടുത്തു പുറത്തിറങ്ങി എന്നെ എടുക്കും.  ഞാൻ അപ്പോഴേക്കും ഓഫീസിൽ നിന്നും ഹാഫ് ഡേ ലീവ് എഴുതി ഒരു ഓട്ടോയിൽ അയാൾ പറഞ്ഞ സ്റ്റോപ്പിൽ നിൽക്കും. ഒരുമിച്ചു അയാളുടെ വീട്ടിലേക്ക് പോകും."

"അയൽവാസികൾ?"

"എറണാകുളം നഗരത്തിൽ എന്തയൽവാസികൾ? ആര് ആരെ നോക്കുന്നു? എല്ലാവരും ജോലിക്കാർ. മതിലും ഗേറ്റും നിറഞ്ഞ വീടുകൾ."

എനിക്ക് വിശ്വാസമായില്ല.

"എടീ. ആരും കാണുന്നില്ല. ഞാൻ കാറിൽ പോകുന്നു. അവന്റെ കാർപോർച്ച്  അടുക്കള ഭാഗത്തോട് ചേർന്നാണ്. അലക്കിയ തുണികൾ നിറയെ വിരിച്ചിട്ടിരിക്കും. അടുത്ത വീട്ടിൽനിന്നും നോക്കിയാൽ കാറിൽ നിന്നും ഇറങ്ങുന്നവരെ കാണുകയില്ല.  ഞാൻ നേരെ ഇറങ്ങി അകത്തു കയറും. വാതിൽ അടയ്ക്കും. ഉച്ചയ്ക്ക് ഇതുപോലെ എന്നെ ഇറക്കി തിരികെ കാർ കൊണ്ടുവന്നു പാർക്ക്‌ ചെയ്തു ബൈക്ക് എടുത്തു അയാൾ പോകും. എല്ലാം ഭദ്രം!"

ഞാൻ മുറുകി നിന്നു. എന്റെ ഭാവം കണ്ടു സ്വപ്‍ന എന്റെ വിരലിൽ തൊട്ടു.
"നിനക്ക് പരിചയമില്ലാത്തോണ്ടാണ്  സന.  സ്വന്തം വീടാണ് സേഫ് എന്നയാൾ പറയുന്നു."

"ഭാര്യ ഇതുപോലെ വന്നാൽ?"

"വരില്ല. ഞാനും ഇത് ചോദിച്ചിട്ടുണ്ട്. അങ്ങനെ ഇയാൾ ഇറങ്ങുന്നതുപോലെ ഇറങ്ങാവുന്ന ജോലിയല്ല അവരുടേത്."

"നിങ്ങൾക്ക് യാത്ര പൊയ്ക്കൂടേ. എന്തിനീ റിസ്ക്?"

"അതിന് അവൻ തയ്യാറല്ല. കുടുംബം അറിഞ്ഞാലോ... പേടിയുണ്ട്. അവന്റെ കുടുംബം കലക്കാൻ  ഞാൻ ഉദ്ദേശിക്കുന്നുമില്ല."

"എന്താണിതിൽ ലാഭം?  ഇയാളുടെ എത്രാമത്തെ സ്ത്രീയാണ് നീ?" എന്റെ ചുണ്ടുകൾ വിറച്ചു.
സ്വപ്‍നയുടെ മുഖം ഇരുണ്ടു.

"പറ. എത്രാമത്തെയാ നീ"

സ്വപ്ന അങ്ങനെതന്നെ നിന്നു.
മറുപടി വരില്ലെന്ന് എനിക്കറിയാമായിരുന്നു.

"ഒരു സെക്സിനു വേണ്ടി  അയാൾ പെട്രോൾ ചെലവാക്കുന്നുണ്ട്. ഡ്രൈവിംഗ് പഠിച്ചത്  വ്യത്യസ്തമായി ഉപയോഗിക്കുന്ന അപൂർവം ചിലരിൽ ഇയാളുടെ പേരെഴുതാം ആവശ്യത്തിന്റെ കോളത്തിൽ  'വളരെ വളരെ അത്യാവശ്യം' എന്ന് പൂരിപ്പിക്കാം"

എന്റെ പരിഹാസമൊന്നും അവളെ തൊട്ടതേയില്ല.

"സ്വപ്‍ന. ഞാൻ ഒരു കാര്യം പറയാം. നിങ്ങൾ അവിടെ ഉള്ളൊരു ദിവസം അയാളുടെ ഭാര്യ എന്തിനോ വന്നെന്ന് കരുതുക. സുഖമില്ലെന്നു തോന്നി ലീവ് എടുത്തോ അല്ലെങ്കിൽ പിരിയഡ്‌സിന്റെ അസ്വസ്ഥത തോന്നിയിട്ടോ... എന്തെങ്കിലും കാരണം ഉണ്ടായെന്നു വെക്കുക.  എപ്പോൾ വേണമെങ്കിലും അവരുടെ വീട്ടിൽ വരാമല്ലോ. എന്തുചെയ്യും നീ?"

സ്വപ്ന എന്നെ മിഴിച്ചു നോക്കിയിരുന്നു. മറുപടിയില്ല!

"എന്തായാലും നിന്റെ ജോവാൻ മസ്കിനോട് പറഞ്ഞേക്ക്  തീക്കൊള്ളി കൊണ്ടല്ല സൾഫ്യൂരിക് ആസിഡ് കൊണ്ടാണ് കളിക്കുന്നത് എന്ന്!"

ശരിക്കും സ്വപ്‍ന ആത്മാർത്ഥയുള്ളവളായിരുന്നു. അവളെ പറ്റിക്കാനും ഉപയോഗിക്കാനും ശ്രമിക്കുന്നവരിലാണ് അവൾ എത്തിച്ചേർന്നതെന്നു മാത്രം. 
ഒടുവിൽ സ്വപ്‍നയ്ക്ക് മടുത്തു.
കാരണം അയാൾക്ക് ഒന്നും 'ഒന്നുമല്ലായിരുന്നു'.
കടുത്ത ശിലപോലുള്ള സെക്സ് ഭർത്താവിൽ നിന്നും 'വെറും വെറുതെ'യുള്ള സെക്സ് ഇയാളിൽ നിന്നും ആയപ്പോൾ സ്വപ്‍ന അയാളെ ഇട്ടേച്ചു ഇറങ്ങിപ്പോന്നു.

"എടീ... നമ്മുടെൽ എത്ര പണമുണ്ടേലും ഒരു പ്ലേറ്റ് ആഹാരം  വാങ്ങിത്തരാൻ കഴിയാത്തവൻ ഒരു കാമുകനാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?" സ്വപ്ന ചോദിച്ചു.

"തോന്നണില്ല. തോന്നാൻ ഒരു കാമുകനോ ഭർത്താവോ വേണമല്ലോ..." എന്റെ കോപത്തിന്റെയും ചൊടിപ്പിന്റെയും ഹോർമോൺ പെട്ടിയുടെ  ത്രാസ് പൊട്ടി വീണിരുന്നു!

" ആ... നീ 'പച്ച ചുരിദാറും' ഇട്ടോണ്ട് നടന്നോ. ഒരു കാമുകനെ എങ്കിലും ഉണ്ടാക്കിയാൽ നിനക്ക് കൊള്ളാം" സ്വപ്‍ന പുച്ഛിച്ചു.

ഞാനും തിരിച്ചടിച്ചു. "നീ ഉണ്ടാക്കിയ കാമുകൻ മഹാകേമനാണല്ലോ. എന്നെക്കൊണ്ട് പറയിക്കണ്ട. പണം അങ്ങോട്ട് കൊടുത്ത് തീറ്റിപോറ്റുന്ന ഇത്തരം ജനുസ്സുകളെ ആദ്യം കാണുകയാ. നിനക്ക് നാണമില്ല. അയാൾക്കോ...
എടീ അഭിമാനമുള്ള പുരുഷൻ ഇങ്ങനെയല്ല. അത്രയെങ്കിലും അറിയാനുള്ള അരിയാഹാരം ഞാൻ ഈ കാലംകൊണ്ട് തിന്നിട്ടുണ്ട്."

സ്വപ്‍ന തർക്കിച്ചില്ല. അവൾക്കും അറിയാമായിരുന്നു അതൊരു നൂലില്ലാത്ത പട്ടമാണെന്ന്. പ്രവീണിനോടുള്ള ദേഷ്യവും ജീവിതത്തോട് പലപ്പോഴും തോന്നുന്ന പകയും കൊണ്ടാണ്  താൻ വളയമില്ലാതെ ചാടുന്നതെന്ന്. ആ ബന്ധം അവസാനിച്ച കാലങ്ങളില്‍  ദിവസങ്ങളും മാസങ്ങളും കറങ്ങാതെ നിന്നു.   പർവതങ്ങൾ ഭൂമിയുടെ മാറിലേക്ക് ഉൾവലിഞ്ഞു. സാഗരം വരണ്ടുപോയി. മഴ മേഘങ്ങൾ മണ്ണിനെ തൊടാതെ ആകാശത്തു മാത്രം പെയ്തൊഴിഞ്ഞു. 
അവൾ ഒരു വിത്തായിരുന്നു. വലിച്ചെറിഞ്ഞപ്പോഴെല്ലാം അവൾ മുളച്ചുവന്നു!

അവൾ വീണ്ടും പറഞ്ഞു. ചിരിയോടെ.

"രണ്ടാൾക്കുംകൂടി ഒരു ബോയ്ഫ്രണ്ട് മതി. നമുക്ക് ചെലവ് കുറയും."

എനിക്കും തോന്നി. ശരിയാണ്. ആണുങ്ങള്‍ മാത്രം ഒന്നിലധികം പെണ്ണുങ്ങളെ കൊണ്ടുനടക്കുന്നില്ലേ. ഇവിടെയും  രണ്ടാള്‍ക്കുംകൂടി ഒന്ന് മതി. അതാണ്‌ ലാഭവും സൗകര്യവും! പാഞ്ചാലി മാത്രമല്ല കുറെയേറെ ഉണ്ടല്ലോ നമുക്ക് റഫറന്‍സിനായി. മുന്‍കാലങ്ങളില്‍. രാജ്യം ഭരിച്ച രാജാക്കന്മാരുടെ അന്തപ്പുരങ്ങള്‍ മാത്രമല്ല റാണിമാരുടേയും കിടപ്പറകള്‍ സൈന്യാധിപന്മാരുടെയും  മറ്റു രാജാക്കന്മാരുടെയും  അടിമകളുടെയും  കേളീവിപിനങ്ങള്‍ ആയിരുന്നല്ലോ. What a fantastic hell!!!

അങ്ങനെ യാത്ര ഞങ്ങൾ ഉറപ്പിച്ചു. 
സത്യത്തിൽ അതുവരെചെയ്ത യാത്രകളെല്ലാം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വീട്ടിൽ തിരികെയെത്തുന്നവയായിരുന്നു. ആദ്യമായാണ് ഇത്തരമൊരു യാത്ര.

"നമുക്ക്  ബോംബയ്ക്ക് പോയാലോ?"
അടുത്തദിവസം  സ്വപ്ന മറ്റൊരു സ്ഥലവുമായി വന്നു..

"നീ എവിടേലും ഒന്ന് ഉറപ്പിക്ക്. നിനക്കറിയോ ബോംബെയ്ക്ക് പോകുന്ന ട്രെയിൻ ഏതാന്ന്?"

"അതിനെന്താ നിന്റെ ഉപ്പാട് ചോദിച്ചാൽ പോരെ...?"

"ബെസ്റ്റ്! 
വീട്ടുകാരോട് പറയാതെയാണ് പോകുന്നതെന്ന് തമ്പുരാട്ടി മറന്നോ....'

എങ്ങനെ പോകും എന്നത് ഒരു വിഷയം തന്നെ ആയിരുന്നു.
ഞാൻ ആകെ ദീർഘം പോയത് ഒറ്റയ്ക്ക് തൃശൂർ /കൊച്ചിൻ വരെ മാത്രം. ദൂരെ ദൂരെ പോകുമ്പോൾ ഉപ്പയുണ്ടായിരുന്നു എല്ലായ്‌പ്പോഴും.

പലരോടും പല ഘട്ടങ്ങളായി വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചു. സ്വപ്നയുടെ കൂസലില്ലായ്മ എന്നെ കുറച്ചൊക്കെ ബേജാറാക്കിയിരുന്നു. വിവാഹം കഴിഞ്ഞു അവളുടെ ദേഹവും മനസ്സും ഉടഞ്ഞതിനുശേഷം അവളിൽ കണ്ട മാറ്റം എന്തിനോടുമുള്ള അഭിനിവേശവും എന്തിനോടെന്നില്ലാത്ത ധൈര്യവുമാണ്.

"നീ എങ്ങനെയാണിപ്പോൾ പ്രവീണുമായി ഇണങ്ങി പോകുന്നത്?
എന്തുകൊണ്ടാണ് അയാളെ നീ കളയാത്തത്. അല്ലെങ്കിൽ നിന്റെ മാറ്റം കണ്ട് അയാൾക്കും നിന്നെ വേണ്ടാത്തത്?"

സ്വപ്‍ന എന്നെ നോക്കി മനോഹരമായി ചിരിച്ചു.
"ഒരു കല്യാണത്തിൽ നിന്നും ഊരാൻ പല വാതിലുകൾ കടക്കണം സനാ. ഉടനെ നടക്കുന്ന കാര്യമല്ലിത്. ഡിവോഴ്സ് പെറ്റീഷൻ കൊടുക്കണം. കോടതി... സിറ്റിംഗ്സ്...അതിനെടുക്കുന്ന സമയം ഒത്തിരിയില്ലേ.  ഇതാകുമ്പോൾ ഒരു ഷെൽട്ടർ ഉണ്ട്. വേറെ ഷെൽട്ടർ ഉണ്ടാവുംവരെ കേറി കിടക്കാം. വീട്ടുകാർക്ക് ഞാൻ തിരികെ ചെന്നാൽ കുഴപ്പമില്ലെന്ന് പറയുന്നുണ്ടെങ്കിലും  ബാധ്യതയാകരുതല്ലോ. പിന്നെ പ്രവീൺ എനിക്ക് തരാനുള്ള പൈസ നൽകണം. അയാൾ സമയം ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾ പിരിയാൻ വേണ്ടി ഒരിടത്തു താമസിക്കുന്നു. പണ്ടേ പിരിഞ്ഞവർ... ബോട്ട് ജെട്ടിയിൽ ബോട്ട് വരാനുള്ള സമയം നോക്കി ഒരേബെഞ്ചിൽ ഇരിക്കുന്നു.   ബാക്കി നമുക്ക് 
യാത്രയിൽ സംസാരിക്കാം"

ഞങ്ങൾ പ്ലാൻ ചെയ്തത് മൈസൂരിലേക്കുള്ള യാത്രയായിരുന്നു. ബസ് റൂട്ടുകളും ട്രെയിൻ റൂട്ടുകളും കണ്ടുപിടിച്ചു നിശ്ചയിച്ച തീയതി വീട്ടിൽനിന്നും ചാടിപ്പോന്നു.

നാലഞ്ചു ജോഡി ഡ്രെസ്സും അത്യാവശ്യം സാധനങ്ങളും എടുത്തു  റെയിൽവേ സ്റ്റേഷനിൽ ഞാൻ കാത്തിരുന്നു.  വലിയ ട്രോളി ബാഗും ഉരുട്ടി ഹീൽ ഷൂവും ഇട്ട് ഒരു ബ്ലൂ ജീനിലും ടീ ഷർട്ടി ലും സ്വപ്‍ന ഒരു സ്വപ്‍നം പോലെ വന്നു എന്റെ മുന്നിൽ നിന്നു.
മനോഹരമായ ആ ഗാനമാണ് മനസ്സിലേക്ക് അടര്‍ന്നുവീണത്‌.
നീ വരൂ കാവ്യദേവതേ
നീലയാമിനി തീരഭൂമിയിൽ
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ
വരൂ...വരൂ... വരൂ...

സത്യത്തിൽ അവളുടെ ആ വരവും ആ വേഷവും സ്വതന്ത്രമായ പുഞ്ചിരിയും കണ്ടപ്പോൾ ആരും കാണാതെ അറിയാതെ യാത്ര പോകാൻ തീരുമാനിച്ച  നിമിഷത്തെ ഞാൻ മനസ്സുകൊണ്ട് പുണർന്നുപോയി.
യാത്രകൾ എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സന്തോഷമാകാൻ  പാകപ്പെട്ട  നിമിഷമായിരുന്നു അത്.

ചില നല്ല നിമിഷങ്ങളെ ചില നല്ല മനുഷ്യരെ ചില പ്രധാന തീരുമാനങ്ങളെ നാം ആദ്യനിമിഷത്തിൽ തന്നെ തിരിച്ചറിയും. അത്തരമൊരു നിമിഷമായിരുന്നു അത്.

(തുടരും ..)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക