
അകലെ അമ്പലമേടുകൾക്കപ്പുറം
പച്ചക്കാവടിയാട്ടി, ചുകന്ന ഭസ്മമെറിഞ്ഞു
ഉന്മത്തനൃത്തം ചവുട്ടിയെന്നെ മരണദേവത വിളിക്കുന്നു...
ഇന്നേവരെ നേടിയ കടബാധ്യതകളുടെ ബീഭത്സതാണ്ഡവം
നേരിടാനാവാതെ, രമേ പോകുന്നു ഞാൻ - എന്നെന്നേക്കുമായ്...
നിൻ ഋതുക്കളിലൊന്നും പൂക്കാത്ത,
നിൻ സ്വപ്നങ്ങളിലൊന്നും തളിർക്കാത്ത
ഒരു വന്ധ്യവൃക്ഷമായി ഞാൻ!
തിക്തമൗനവും നിറനൊമ്പരവും
സ്നേഹംവറ്റുന്ന തീരങ്ങളും കരുത്തു ചോർത്തുന്ന
നിയതി - നിയമത്തിൻ ബന്ധനങ്ങളും വിറങ്ങലിച്ച വിരസതയും
തീവ്രാഭിലാഷങ്ങളുമെല്ലാം ഒടുക്കട്ടെ ഞാൻ,
ഇനിയൊരു ജ്വരഗീതകം കൂടി കേൾക്കുന്നതിനു മുമ്പായ്!
പ്രിയേ, നിൻ കനകക്കവിളിലൂടെ തപ്ത -
ബാഷ്പധാരയൊഴുകുമ്പോൾ നീ കണ്ഠമിടറി ഉരുവിട്ടേക്കും
'ഭീരു, വിഡ്ഢിസ്വർഗ്ഗത്തിലെ ഭീരു...'
നിന്നനുരാഗം പുഷ്പിക്കും മഷിയെഴുതിയ നേത്രങ്ങളും
ചുംബനം കൊതിക്കും ചെഞ്ചുണ്ടുകളും മാസ്മരസ്മേരവും
ഉന്മാദമുണർത്തും വശ്യസുഗന്ധവും മത്ത് പിടിപ്പിക്കും മാറിടവും
മധുരിതമാം പരിരംഭണങ്ങളും അയവിറക്കുമ്പോൾ,
എന്റെ മതിമോഹിനീ, അലമാലകളിലുലയും
ഈ ചെറുനൗക പിന്നെയും തുഴയാൻ തോന്നുന്നു...