
മലയാള സിനിമയുടെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന പേട്രിയറ്റിന്റെ പ്രീ റിലീസ് മെഗാ ഇവന്റ് ഏപ്രിൽ 10 ന് കൊച്ചിയിൽ അരങ്ങേറും.
മമ്മൂട്ടിയും മോഹൻലാലും നയൻതാരയും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനുമടക്കം മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് സിനിമയായ പേട്രിയറ്റിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കുന്ന പ്രീ റിലീസ് ഇവന്റ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഇവന്റാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തരെന്നാണ് വിവരം. മുൻ നിശ്ചയ പ്രകാരം ഏപ്രിൽ 23 ന് തന്നെ പേട്രിയറ്റ് ലോക വ്യാപകമായി റിലീസ് ചെയ്യുമെന്നാണ് സൂചന.
ആദ്യ രണ്ടാഴ്ച്ച നികുതി കഴിച്ച് 60 ശതമാനം വിഹിതം വേണമെന്ന് പേട്രിയറ്റിന്റെ നിർമ്മാതാക്കൾ ആവശ്യപ്പെട്ടതിനാൽ ഫിലിം എക്സിബിറ്റേഴ്സിന്റെ സംഘടനയായ ഫിയോക്ക് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.സാധാരണ ഗതിയിൽ ഒരു മലയാള സിനിമയ്ക്ക് ആദ്യ ആഴ്ചയിൽ 60 ശതമാനവും രണ്ടാമത്തെ ആഴ്ച 55 ശതമാനവും മൂന്നാം ആഴ്ച 50 ശതമാനവുമാണ് നിർമ്മാതാക്കൾക്ക് ലഭിക്കുന്നത്. എന്നാൽ അതിന് വിപരീതമായി ആദ്യ രണ്ടു ആഴ്ചകളിൽ 60 ശതമാനം വീതം വിഹിതമാണ് നിർമ്മാതാവ് ആവശ്യപ്പെട്ടതെന്നും തുടർന്നുള്ള ആഴ്ചകളിലും ഈ അഞ്ച് ശതമാനത്തിന്റെ വർദ്ധനവ് വേണ്ടിവന്നാൽ തിയറ്ററുകൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും സംഘടനയുടെ എല്ലാ അംഗങ്ങളോടും ഈ ചിത്രത്തിന്റെ എഗ്രിമെന്റിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫിയോക്ക് പ്രസിഡന്റ കെ.വിജയകുമാർ പറയുന്നു.
"ഞങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് പേട്രിയറ്റ്. മമ്മൂക്കയും ലാലേട്ടനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമ. ഒപ്പം ചാക്കോച്ചനും ഫഹദും നയൻതാരയും ഉൾപ്പടെ വലിയ താരനിര ഭാഗമാകുന്ന സിനിമ. എന്നാൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിൽ തിയറ്ററുകൾ 5 ശതമാനം കൂടുതൽ വിഹിതം നൽകണം എന്ന് പറഞ്ഞാൽ അത് പ്രാവർത്തികമാകില്ല. അതിനേക്കാൾ നല്ലത് ആ സിനിമ പ്രദർശിപ്പിക്കാതിരുന്നതല്ലേ. ഇത്തരം നിബന്ധനകൾ വെച്ചുകൊണ്ട് ഒരു സിനിമയും പ്രദർശിപ്പിക്കാൻ ഫിയോക്ക് തയ്യാറല്ല." കെ.വിജയകുമാർ പറയുന്നു. എന്നാൽ 100 കോടിക്ക് മേൽ മുതൽ മുടക്കി നിർമ്മിച്ച ചിത്രമായതിനാലാണ് ഇത്തരമൊരു കരാർ തിയേറ്ററുടമകൾക്ക് നല്കിയതെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. ആന്റോ ജോസഫിന്റെ പരാതി ലഭിച്ചാൽ ഈ പ്രശ്നത്തിൽ ഇടപെടുമെന്ന നിലപാടാണ് പ്രൊഡ്യൂസേഴ്സ് അസോസ്സിയേഷന്. മഹേഷ് നാരായണനാണ് പേട്രിയറ്റിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.