Image

എല്ലാം പറഞ്ഞ് കോംപ്രമൈസാക്കി; പക്ഷേ പത്തനാപുരത്ത് ഗണേഷ്‌കുമാറിന്റെ അവിഹിതം യു.ഡി.എഫ് ആയുധമാക്കും (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 10 March, 2026
എല്ലാം പറഞ്ഞ് കോംപ്രമൈസാക്കി; പക്ഷേ പത്തനാപുരത്ത് ഗണേഷ്‌കുമാറിന്റെ അവിഹിതം യു.ഡി.എഫ് ആയുധമാക്കും (എ.എസ് ശ്രീകുമാര്‍)

ഒരു വ്യക്തിയുടെ അവിഹിതമോ വിഹിതമോ അയാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ആരോപിക്കപ്പെട്ടയാള്‍ കേരളത്തിന്റെ മന്ത്രിയായതുകൊണ്ട് എരിവും പുളിയും കൂടും എന്ന് മാത്രമല്ല അങ്ങാടിയിലത് പാട്ടല്ല, വലിയ റിയാലിറ്റി ഷോ തന്നെയാവുകയും ചെയ്യും. കൊട്ടാരക്കര വാളകത്തെ കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ച മറ്റൊരു സ്ത്രീയുമായുള്ള മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ അവിഹിത വേഴ്ച 'തൊണ്ടി' സഹിതം ഭാര്യ ബിന്ദു മേനോന്‍ പിടികൂടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനം തെറിക്കുമെന്ന ഘട്ടത്തിലെത്തുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മഹസ്ബെന്റ് തന്നെ വിളിച്ച് ''സോറി...'' പറഞ്ഞതോടെ എല്ലാം കോംപ്രമൈസായി എന്ന് ബിന്ദു വ്യക്തമാക്കിയതോടെ ഗണേഷിന് സമാധാനമായി.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഇടതു മുന്നണിക്ക് വലിയ നാണക്കേടാണുണ്ടാക്കിയ സംഭവമായിരുന്നു ഗണേഷ് കുമാറിനെതിരെ ഭാര്യ നടത്തിയ അതിശക്തമായ ആരോപണങ്ങള്‍. ഗണേഷ് കുമാറിനെ കയ്യോടെ പിടികൂടിയതായും, മന്ത്രിയുടെ സഹായികള്‍ തന്നെ കൈയേറ്റം ചെയ്തതായും, താന്‍ വിളിച്ചതിന് ശേഷം പോലീസ് വീട്ടില്‍ എത്തുന്നത് തടഞ്ഞതായുമാണ് ബിന്ദു മേനോന്‍ ആരോപിച്ചത്. മന്ത്രിയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതോടെ തന്നെ മന്ത്രിയുടെ സഹായികള്‍ തടഞ്ഞുവെന്നുമായിരുന്നു ബിന്ദു മേനോന്റെ ആരോപണം. 2014-ല്‍ വിവാഹം നടന്നത് മുതല്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബിന്ദു മേനോന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

''മന്ത്രിയുടെ ഒരു കോള്‍ കാത്തിരുന്നു. തെറ്റ് ചെയ്താല്‍ സോറി പറയണമല്ലോ. എന്നാല്‍ അത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് താന്‍ 112-ല്‍ വിളിച്ചത് വട്ടുള്ളതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞത്. അതിനാലാണ് വൈകാരികമായി പ്രതികരിച്ചത്. ഇന്നലെ രാത്രിയോടെ മന്ത്രി വിളിച്ചു. ഞാന്‍ ഫോണ്‍ എടുക്കാത്തതിനാല്‍ ഹസ്ബെന്റ് എന്റെ സിസ്റ്ററോട് സംസാരിച്ചു. തെറ്റുപറ്റിപ്പോയെന്ന് വളരെ വൈകാരികമായിട്ടാണ് പറഞ്ഞത്. നമുക്ക് തീര്‍ക്കാവുന്ന പ്രശ്നമേ ഉള്ളൂവെന്നും സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു...'' എന്നാണ്, വിഷയത്തില്‍ ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പോകുന്നുവെന്ന ആഭൂഹങ്ങള്‍ പരക്കുന്നതിനിടെ ബിന്ദു മേനോന്‍ വ്യക്തമാക്കിയത്. പരസ്യമായി മന്ത്രി ക്ഷമ പറയേണ്ടതില്ലല്ലോ. ഒരുമിച്ച് ജീവിക്കുന്നയാള്‍ താനല്ലേയെന്നും അവര്‍ ചോദിച്ചു. ഒരു പ്രശ്നും ഇല്ലാതെ ഫോണ്‍ കോളിന് കാത്തിരുന്നത് ഹസ്ബന്റിനെ ഇഷ്ടമായതുകൊണ്ടാണെന്നും ബിന്ദു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഗണേഷ്‌കുമാര്‍ എത്തിയത്. വിഷയം ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബ പ്രശ്നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതേസമയം, മന്ത്രിക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും പ്രതിഷേധം കടുപ്പിച്ചിരിക്കയാണ്. പത്തനാപുരത്ത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പത്തനാപുരത്തെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

തിരഞ്ഞടുപ്പ് പ്രചാരണത്തിന് മണ്ഡലത്തില്‍ ഇറങ്ങാന്‍ സമയമായിരിക്കെ വെള്ളാപ്പള്ളി നടേശന്‍ ഗണേഷിനെ വലിച്ചുകീറി ഭിത്തിയില്‍ ഒട്ടിച്ചിരിക്കുകയാണ്. ''ഇത്തരം പ്രവര്‍ത്തികള്‍ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി ഇവിടെ നില്‍ക്കുമ്പോള്‍. സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ .ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെ.ബി ഗണേഷ് കുമാര്‍. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്...'' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ രൂക്ഷ വിമര്‍ശനം.

''പ്രണയമില്ലാത്തവന്‍ പൊട്ടനാണ്. എനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടാവും. ഇത് വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടേണ്ട...'' എന്നായിരുന്നു ഗണേഷ്‌കുമാര്‍ ഇന്നലെ പറഞ്ഞത്. അതേസമയം, മന്ത്രിയുടെ കൂടെ കൊട്ടരക്കരയിലെ വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീ ആരാണെന്ന് ചാറ്റ് ജി.പറ്റിയോട് വരെ ജനം ചോദിച്ചുവെന്നാണ് പറയപ്പെടുന്നത്. പെണ്ണ് വിഷയം നാറ്റക്കേസാവുമ്പോള്‍ ഇതൊക്കെ സ്വാഭാവികം. കേരളത്തിലെ ഒരു പ്രബല സമുദായത്തിന്റെ നേതാവായ വ്യക്തിയുടെ മകളാണിതെന്നാണ് വിവരം. ഈ അവിഹിതത്തിന്റെ തുടര്‍ ചലനങ്ങള്‍ ആ സമുദായത്തിന് തലവേദനയാവും. മാത്രമല്ല ഗണേഷിന്റെ പത്താപുരം മണ്ഡലത്തില്‍ വിഷയം കത്തിക്കയറുമെന്നതില്‍ സംശയമില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ മുരളീധരനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തുവന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളുണ്ട്. ഗണേഷിന്റെ പത്താപുരത്തെ വീട്ടിലേയ്ക്ക് ബി.ജെ.പിയും പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി,.

2001-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് നിന്ന് നിയമസഭാംഗമായതോടെയാണ് നടനായ ഗണേഷിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) പത്തനാപുരത്ത് നിന്ന് തുടര്‍ച്ചയായി ജയിച്ച് നിയമസഭാംഗമായി തുടരുന്ന ഗണേഷ് കുമാര്‍ രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭാംഗമായ ഗണേഷ് കുമാര്‍ രണ്ടാം പിണറായി മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി 2023 ഡിസംബര്‍ 29-നാണ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റത്. എ.കെ ആന്റണി മന്ത്രിസഭയിലെ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച മന്ത്രിയായി. രാഷ്ട്രീയത്തില്‍ നവാഗതനായിരുന്നു എങ്കിലും, തകര്‍ന്നടിഞ്ഞ് കിടന്ന കെ.എസ്.ആര്‍.ടി.സിയെ വളരെ മികച്ച ഒരു ഭരണസംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ഗണേഷ് വിജയിച്ചു.

എന്നാല്‍ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ ഗണേഷ്‌കുമാറിന്റെ കരിയറിനെ പലപ്പോഴും ബാധിച്ചു. ഗാര്‍ഹികപീഡനവും, പരസ്ത്രീ ബന്ധവും ആയിരുന്നു ഡോ. യാമിനി തങ്കച്ചിയുമായുള്ള ഗണേഷ്‌കുമാറിന്റെ വിവാഹബന്ധം പിരിയാനുള്ള കാരണം. മന്ത്രിസ്ഥാനം പോകുന്നതിലേക്ക് നയിച്ച പ്രശ്നങ്ങളായിരുന്നു ഈ കുടുംബജീവിതത്തിലുണ്ടായത്. 1994 മെയ് മാസത്തിലാണ് അന്ന് ഗവേഷകയായിരുന്ന യാമിനി തങ്കച്ചിയെ ഗണേഷ് കുമാര്‍ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ രണ്ടാണ്മക്കളുണ്ട്. ഒരിക്കല്‍ അകന്നു ജീവിച്ച അവര്‍ ഒന്നിച്ചുവെങ്കിലും, ഒടുവില്‍ വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു

യാമിനി തങ്കച്ചി 200 മില്യണ്‍ രൂപ വിവാഹമോചനത്തിനുള്ള ജീവനാംശമായി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഇടക്കാല ജീവനാംശമായി 25 മില്യനും ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് യാമിനി തങ്കച്ചി വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുന്‍പാകെ യാമിനി തങ്കച്ചി രേഖാമൂലം പരാതി നല്‍കി. തുടര്‍ന്ന്  2013 ഏപ്രില്‍ മാസത്തില്‍ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചു. കേസ് കോടതിയില്‍ എത്തിയെങ്കിലും, തിരുവനന്തപുരത്ത് അവര്‍ താമസിച്ചിരുന്ന വീടും, വലിയ ഒരു തുക നഷ്ടപരിഹാരവും നല്‍കിയ ശേഷം 2013-ല്‍ അവര്‍ വിവാഹമോചിതരായി. തുടര്‍ന്ന് 2014 ജനുവരിയിലാണ് കൊട്ടാരക്കരയിലെ 'വിവാദ' തറവാട് വീട്ടില്‍ വച്ച് അന്ന് 47വയസുള്ളപ്പോള്‍   മാധ്യമസ്ഥാപനത്തിന്റെ വിദേശവിഭാഗത്തിലെ ഉദ്യോഗസ്ഥയായ ബിന്ദു മേനോനെ വിവാഹം കഴിച്ചത്. ഇപ്രാവശ്യം മന്ത്രിസ്ഥാനത്തിനായി സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ ബിന്ദു ഗണേഷ്‌കുമാറിനെ വാനോളമുയര്‍ത്തി സംസാരിച്ചിരുന്നു.
 

Join WhatsApp News
Sicily Varghese 2026-03-10 14:48:02
എല്ലാം അങ്ങുപറഞ്ഞു കോംപ്രമൈസാക്കാൻ ഇത് വീട്ടുകാരനും വീട്ടുകാരിയും തമ്മിൽ മാത്രമുള്ള പ്രശ്നമല്ലല്ലോ ജനപ്രതിനിധിയിലും ഒരുപടി മുകളിൽ നിൽക്കുന്ന മന്ത്രിയും മന്ത്രികൊച്ചമ്മയും തമ്മിലുള്ളതല്ലേ ജനത്തിന്റെ വോട്ടുവാങ്ങി സർക്കാർ ചെലവിൽ മാന്യതയ്ക്കും ധാർമ്മികതയ്ക്കും ചേരാത്ത വിധം ഓരോന്നിലും ഏർപ്പെട്ടിട്ട് ഇപ്പോൾ പറയുന്നു എല്ലാം കോംപ്രമൈസാക്കിയെന്ന് ''അതങ്ങു പള്ളീൽ പറഞ്ഞാൽ മതി ''
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക