Image

കാതോരം പെയ്തു പെയ്ത് (കവിത : പി.സീമ)

Published on 10 March, 2026
കാതോരം പെയ്തു പെയ്ത് (കവിത : പി.സീമ)

സിരകളിൽ
ഒരു മധുചഷകത്തിന്റെ 
ലഹരി 
നുരയുമ്പോഴാണ് 
അവൻ ആർദ്രമായി 
ഓരോ വിളിയിലും 
അവളുടെ 
കാതോരം 
മഴയായി 
പെയ്യുന്നത്.
പിന്നീടവർ 
മയ്യഴിയിലെ 
ആകാശവും 
വെള്ളിയാങ്കല്ലിലെ 
തുമ്പികളും 
കന്യാകുമാരിയിലെ 
കടലോരവുമാകും 
അവരുടെ 
ചുംബനം 
പോലെ 
ചുവന്ന 
പുലരിയിൽ 
അവളുടെ 
നെറ്റിയിൽ 
അവൻ 
പ്രണയത്തിന്റെ 
സൂര്യനായുദിക്കും 
അദൃശ്യമായ 
ഒരു 
തൊടുകുറി 
അവളുടെ 
സീമന്തരേഖയിൽ 
മിന്നിമായും.
വിളറിയ നിലാവിനാൽ 
ആകാശം 
കടലിനു മീതെ
അഴിഞ്ഞു ചിതറിയ 
ഉടുപുടവ  ഞൊറിഞ്ഞുടുക്കും.
പിന്നെയും അവർ 
വഴി പിരിഞ്ഞൊഴുകുന്ന 
പുഴയാകും.
ഋതു ഭേദങ്ങളിൽ 
സ്വപ്നത്തിൽ 
മാത്രം 
സംഗമിക്കുന്ന 
നീലനിറമാർന്ന 
നദിയായി 
ചിരിച്ചും കരഞ്ഞും 
നിറഞ്ഞും 
കടൽ തേടി 
ഒഴുകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക