Image

ജീവിക്കുക അനുരാഗപൂർവ്വം (ഷീനാ പോൾ)

Published on 10 March, 2026
ജീവിക്കുക അനുരാഗപൂർവ്വം (ഷീനാ പോൾ)

തിരുത്തി എഴുതാൻ കഴിയാത്ത ഇന്നലെകളുടെ കറുത്ത ലിപികളെ, കാലഘട്ടത്തിന്റെ നിർബന്ധിത നിയോഗങ്ങളെന്ന് നമുക്ക് അടയാളപ്പെടുത്താം.
അനുവാദമില്ലാതെ അതിക്രമിച്ചു കയറി ആത്മാവിനെ നോവിക്കുന്ന സ്മൃതികളെ, വായുവിൽ ഒഴുകിനടക്കുന്ന അപ്പൂപ്പൻ താടിയുടെ ലഘുത്വത്തിലേക്ക് അലിയിച്ച് കാറ്റിലങ്ങ് പറത്തിവിടാം.

നിറഞ്ഞൊഴുകുന്ന മിഴികൾക്ക് എന്നും അഭയമാകുന്നത്, കരുതലിന്റെ മന്ദമാരുതനായ് തലോടി കടന്നുവരുന്ന ആ കൺപീലികൾ തന്നെയാണ്.

താഴെ ചുവടുകൾ കനലിൽ വെന്തുരുകുമ്പോഴും, പ്രത്യാശയുടെ ഒരു തളിരില ഏതോ മരക്കൊമ്പിൽ നമുക്കായി വിരിയുന്നുണ്ടെന്ന സത്യം നാം മറന്നുപോകരുത്.

കരളിനെ കാർന്നുതിന്നുന്ന കയ്പുരസങ്ങളെ ഒട്ടും വൈകാതെ പടിയിറക്കി വിടുക. പകരം, എത്ര ചെറുതാണെങ്കിലും നിമിഷമാത്ര നേരമെങ്കിലും നമുക്ക് കൂട്ടായിരുന്ന ആ സുന്ദരനിമിഷങ്ങളെ നെഞ്ചോടൊന്ന് ചേർത്തുപിടിക്കുക.

ചേതനയുള്ള ഓരോ വാക്കുകളെയും ആത്മബന്ധത്താൽ കോർത്തെടുക്കുക. ചിന്തകൾക്ക് വാനോളമുയരാൻ ചിറകുകൾ നൽകുക.

മനസ്സാകുന്ന പച്ചമുറിവിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഏതു നിരാശയുടെ ഒച്ചിനെയും അല്പം ഉപ്പിട്ട് ഇല്ലാതാക്കുക. നമ്മുടെ സ്വത്വത്തിന്റെ പ്രഭാവലയം തകർക്കാൻ ശ്രമിക്കുന്ന ഏത് അണുവിനെയും നിശ്ചയദാർഢ്യത്തിന്റെ കീടനാശിനിയാൽ പ്രതിരോധിക്കുക.
അതെ... എല്ലാറ്റിനുമുപരിയായി ജീവിക്കുക! ❤️

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക