
യുദ്ധം, യുദ്ധം, ലോകം മുഴുവൻ,
പടഹം കൊട്ടിപ്പരസ്യങ്ങൾ.
യുദ്ധം, വെള്ളിടിവെട്ടുംമട്ടിൽ,
ഉൾക്കിടിലത്തിൻ മാറ്റൊലി ഹാ!
യുദ്ധം, നരസംഹാര നൃത്തം,
ശത്രുത മൂത്തവരന്യോന്യം,
ചത്തും കൊന്നും വെല്ലുവിളിച്ചും,
പട്ടട തീർത്തു രസിക്കുന്നു.
അധികാരത്തിന്നാൾ രൂപങ്ങൾ,
ഭരണത്തലവന്മാരായി,
ഭസ്മാസുരസന്നാഹം കൂട്ടി.
പടയോട്ടങ്ങൾ പണ്ടുമുതൽ.
ശപ്തന്മാർ, യുദ്ധക്കൊതിയന്മാർ-
അടിച്ചമർത്തുന്നയൽ രാജ്യം;
ആയുധക്കളിമേളത്തോടെ,
കുരുതിക്കളമായ് മാറ്റുന്നു;
മണ്ണാകുന്ന മനുഷ്യാ,
നിന്റെ മതിബഭ്രമങ്ങൾക്കതിരുണ്ടോ?
പ്രതികാരത്തിൻ മുർത്തികളായ്,
മരണം വാരി വിതയ്ക്കുന്നോ?
ആകാശം, കര, കടലെല്ലാം,
പോരാട്ടത്തിൻ വേദികളായ്,
കണ്ണീർപ്പുഴകളൊഴുക്കുന്നു.
കുരുതിക്കളമായ് മാറ്റുന്നു.
കൂട്ടം വിട്ടഭയാർത്ഥികളായി,
ഓട്ടം, നിലവിളിയോടൊപ്പം;
അംഗവിഹീനർ,
മൃതപ്രായർ-ഗതികിട്ടാതെയുഴലുന്നോർ,
ജീവനുവേണ്ടിപ്പിടയുന്ന,
ദൃശ്യങ്ങൾ ഭയദായകമായ് തീവ്രവാദികളങ്ങിങ്ങമ്പേ;
കാഹളമൂതിയടുക്കുന്നു.
എത്ര ദുരന്തം, ദയനീയം....!
ദുഷ്ടത തൻ വിളയാട്ടങ്ങൾ.
ഏകാധിപത്യം തകരുന്ന,
കാലം ചിരമാഗതമായി,
ലോകമഹായുദ്ധങ്ങളിനി,
താണ്ഡവമാടരുതേ മേലിൽ.