
ടേം വ്യവസ്ഥ ഇക്കുറി കടുപ്പിച്ചിരിക്കുകയാണ് സി.പി.എം. വല്യേട്ടന്‍ പാര്‍ട്ടിയായ സി.പി.എമ്മിനേക്കാള്‍ ഇക്കാര്യത്തില്‍ അവര്‍ മാതൃക കാട്ടുന്നു. അടൂരിന്റെ സിറ്റിംഗ് എം.എല്‍.എയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് പാര്‍ട്ടി ഇളവ് നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു സി.പി.ഐ പത്തനംതിട്ട ജില്ലാ നേതൃത്വം. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ചവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി തീരുമാനം കര്‍ശനമാക്കിയതോടെ ചിറ്റയം സ്ഥാനാര്‍ത്തഥി പട്ടികയില്‍ നിന്നും പുറത്താകുകയായിരുന്നു. ചിറ്റയത്തിന് പകരം കൊല്ലം മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും യുവതയുടെ മുഖവുമായ പ്രിജി കണ്ണന്‍ ആണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. പ്രിജി ആവേശത്തോടെ ചുവരെഴുത്ത് തുടങ്ങിയിട്ടുണ്ട്. അടൂര്‍ നഗരസഭാ ഒന്നാം വാര്‍ഡില്‍ പ്രിജി കണ്ണാനായി ചുവരെഴുത്ത് ആരംഭിച്ചാണ് അടൂര്‍ അസംബ്ലി മണ്ഡലം എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരിക്കുന്നത്.
സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ ചിറ്റയം ഗോപകുമാര്‍ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍, കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995-ല്‍ കൊട്ടാരക്കര ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച ചിറ്റയം ആദ്യ അവസരത്തില്‍ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായാണ് പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നത്. സംവരണ മണ്ഡലമായ അടൂരില്‍ 2011-ല്‍ ആദ്യ അങ്കത്തിനിറങ്ങിയ ചിറ്റയം കോണ്‍ഗ്രസിലെ പന്തളം സുധാരനെ തോല്‍പ്പിച്ചാണ് എം.എല്‍.എ ആകുന്നത്. തുടര്‍ന്ന് 2016-ല്‍ കെ.കെ ഷാജുവിനെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പിച്ച് വീണ്ടും അടൂരില്‍ ഇടത് കോട്ട ഉറപ്പിച്ചു. കഴിഞ്ഞ തവണ വാശിയേ മത്സരം നടന്ന അടൂരില്‍ 2819 വോട്ടിനാണ് ചിറ്റയം എതിര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.
അതേസമയം, 2020-2025 കാലഘട്ടത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനില്‍ നിന്നും 10848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിജി വിജയിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയില്‍ പള്ളിക്കല്‍ ഡിവിഷനില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവുമാണ് അവര്‍ക്ക് നിയമസഭാ സീറ്റിലേക്കുള്ള വഴി തുറന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമെ സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലും പ്രിജി സജീവമാണ്. കേരള സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു. എ.ഐ.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, സി.പി.ഐ നെടുവത്തൂര്‍ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
കരീപ്ര എന്‍ നാരായണന്‍ ഉണ്ണി ഗ്രന്ഥശാല എക്‌സിക്യൂട്ടീവ് അംഗവുമാണ്. കൊല്ലം എസ്.എന്‍ വനിതാ കോളജില്‍ നിന്നും ബിരുദവും കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പത്തനാപുരം മൗണ്ട് താബൂര്‍ ട്രെയിനിങ് കോളജില്‍ നിന്നും ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്. കരീപ്ര അരുവാറ്റൂര്‍ തെക്കേവിള വീട്ടില്‍ പരേതനായ ജി ശശിധരന്റെയും അനിതയുടെയും ഇളയ മകളാണ്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം യു കണ്ണനാണ് ഭര്‍ത്താവ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാന്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ ആറ് എം.എല്‍.എമാരാണ് മത്സരരംഗത്തു നിന്ന് മാറുന്നത്. ഇ ചന്ദ്രശേഖരന്‍, ഇ.കെ വിജയന്‍, ഇ.എസ് ജയലാല്‍, പി.എസ് സുപാല്‍, വി ശശി എന്നിവര്‍ക്കാണ് ഇത്തവണ അവസരം നഷ്ടപ്പെടുക. എന്നാല്‍ പിണറായി സര്‍ക്കാരിലെ നാല് സി.പി.ഐ മന്ത്രിമാരും അതാത് മണ്ഡലങ്ങളില്‍ തന്നെ വീണ്ടും മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. കെ രാജന്‍ (റവന്യൂ മന്ത്രി), ഒല്ലൂര്‍. പി പ്രസാദ് (കൃഷി മന്ത്രി), ചേര്‍ത്തല. ജി.ആര്‍ അനില്‍ (ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി), നെടുമങ്ങാട്. ജെ ചിഞ്ചുറാണി (മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി), ചടയമംഗലം എന്നിവര്‍ വീണ്ടും ജനവിധി നേടും.
പട്ടാമ്പിയില്‍ മൂന്നാമൂഴത്തിന് മുഹമ്മദ് മുഹ്‌സിന്‍ തന്നെ കളത്തിലിറങ്ങും. തൃശ്ശൂരില്‍ ആലങ്കോട് ലീലാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. നിലവിലെ എം.എല്‍.എ പി ബാലചന്ദ്രന് ഇത്തവണ സീറ്റില്ല. വൈക്കത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയ സി.കെ ആശയ്ക്ക് സീറ്റില്ല. പകരം ബി പ്രദീപാണ് മത്സരിക്കുക.കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ആണ് സ്ഥാനാര്‍ത്ഥി, തിരൂരങ്ങാടി- അജിത് കൊളാടി, മഞ്ചേരിയില്‍ പി കെ മുസ്തഫ, ഏറനാട്- ഷഫീര്‍ കിഴിശേരി, മണ്ണാര്‍ക്കാട് - ബക്കര്‍, പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍, തൃശൂര്‍- ആലങ്കോട് ലീലാകൃഷ്ണന്‍, നാട്ടിക- ഗീത ഗോപി, കൈപ്പമംഗലം- കെ. കെ വത്സരാജ്, കൊടുങ്ങല്ലൂര്‍-വി.ആര്‍ സുനില്‍കുമാര്‍, പറവൂര്‍- ഇ.ടി ടൈസണ്‍ മാസ്റ്റര്‍, മൂവാറ്റുപുഴ- എന്‍ അരുണ്‍, ഹരിപ്പാട്- ടി.ടി ജിസ്‌മോന്‍, വൈക്കം- പ്രദീപ്, അടൂര്‍- പ്രിജി കണ്ണന്‍, പുനലൂര്‍-അജയപ്രസാദ്, കരുനാഗപള്ളി- എം.എസ് താര, ചാത്തന്നൂര്‍- ആര്‍ രാജേന്ദ്രന്‍, ചിറയിന്‍കീഴ്- മനോജ് ബി. ഇടമ, നാദാപുരം-പി വസന്തം എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍. പ്രഖ്യാപനം പിന്നീടുണ്ടാവും.
ഇതിനിടെ, തൃശൂര്‍ നാട്ടിക മണ്ഡലത്തില്‍ മുന്‍ എം.എല്‍.എ ഗീത ഗോപിക്ക് സീറ്റു നല്‍കുന്നതിനെതിരെ നിലവിലെ എം.എല്‍.എ സി.സി മുകുന്ദന്‍ രംഗത്തുവന്നു. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്നും സി.സി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. സി.സി മുകുന്ദനെ മാറ്റി ഗീതാഗോപിയെ മത്സരിപ്പിക്കാന്‍ സി.പി.ഐ തീരുമാനിച്ചതോടെയാണ് വിമര്‍ശനം. നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചു.
പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. സി.പി.ഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എം.എല്‍.എമാര്‍ക്കും നല്‍കിയെന്നും തന്നെ മാത്രം ഒഴിവാക്കിയെന്നും മുകുന്ദന്‍ പറഞ്ഞു. പെയ്‌മെന്റ് സീറ്റ് എന്ന മുകുന്ദന്റെ ആക്ഷേപം പാര്‍ട്ടി തള്ളി. മുകുന്ദന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാതെ ഗീതാഗോപി ഒഴിഞ്ഞു മാറുകയും ചെയ്തു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിക്കലാണ് ഇപ്പോള്‍ ലക്ഷ്യമെന്നും മറ്റൊന്നും തനിക്കറിയില്ലെന്നുമാണ് ഗീത ഗോപി പ്രതികരിച്ചത്.