
'ട്വന്റി 20 ലോകകപ്പ് ആരും നിലനിര്‍ത്തിയിട്ടില്ല. സ്വന്തം മണ്ണില്‍ ആരും കപ്പ് നേടിയിട്ടില്ല.' അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയതതില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ കാണികള്‍ക്കു മുന്നില്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്ത്യ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ചരിത്രം അതായിരുന്നു. ഫൈനലില്‍ എതിരാളികളായ ന്യൂസിലന്‍ഡിന്റെ റെക്കോര്‍ഡും വേറിട്ടു നില്‍ക്കുന്നു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ എതിരിട്ടപ്പോഴെല്ലാം വിജയം. 2007ലും 2016ലും 2021ലും ഇന്ത്യയെ തോല്‍പിച്ച ചരിത്രമായിരുന്നു ഇക്കുറി ന്യൂസിലാന്‍ഡ് നായകന്‍ മിച്ചല്‍ സാന്റിനും പിന്‍ബലം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ന്യൂസിലൻഡ് ഇന്ത്യയെ തോല്‍പിച്ചതുമാണല്ലോ?
പക്ഷേ കലാശക്കളിയില്‍ കണ്ടത് ഇന്ത്യയുടെ സര്‍വാധിപത്യമാണ്. ഒരുകളിയും തോല്‍ക്കാത്ത ഏക ടീം എന്ന ലേബലുമായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഫൈനല്‍ ബര്‍ത്ത് നേടിയ ന്യൂസിലൻഡ് പകുതിവഴിയില്‍ പോരാട്ടം ഉപേക്ഷിച്ചു. ഇന്ത്യയാകട്ടെ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പൊരുതിനേടിയ ഏഴു റണ്‍സ് വിജയവുമായാണ് കപ്പ് നിലനിര്‍ത്താനിറങ്ങിയത്. ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്തിയപ്പോള്‍ ഫൈനലിനെക്കുറിച്ച് ഇങ്ങനെ പറയാം. "സൂപ്പര്‍ എട്ടിലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം പോലെ ഏകപക്ഷീയ മത്സരം ". ഇന്ത്യ 76 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതെങ്കില്‍ ന്യൂസിലന്‍ഡ് ഇന്ത്യയോട് തോറ്റത് 96 റണ്‍സിന്.
ടോസ് നഷ്ടപ്പെട്ട് ബാ്റ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ചിന് 255 റണ്‍സ് നേടി. ന്യൂസിലന്‍ഡ് 19 ഓവറില്‍ 159ന് ഓള്‍ഔട്ട്. ഫൈനലിനെക്കുറിച്ച് സുനില്‍ ഗാവ സ്‌ക്കറുടെ കണക്കുകൂട്ടല്‍ ഇങ്ങനെയായിരുന്നു. "ഫിന്‍ അലനെയും ടിം സീഫെര്‍ട്ടിനെയും തളയ്ക്കുന്നതിലാണ് കാര്യം. ജസ്പ്രീത് ബുംറയുടെ ബൗജിങ് മികവും." സെമിയില്‍ 33 പന്തിയില്‍ സെഞ്ചുറി അടിച്ച അലന്‍ ഫൈനലില്‍ ഒന്‍പതിന് പുറത്തായി. സീഫെര്‍ട് പക്ഷേ, അര്‍ധ സെഞ്ചുറി നേടി. അക്‌സര്‍ പട്ടേലാണ് വിക്കറ്റ് വീഴ്ചക്കു തുടക്കമിട്ടത്. ബുംറ അത് പൂര്‍ത്തിയാക്കി.
പക്ഷേ, സഞ്ജു സാംസനും(46 പന്തില്‍ 89) അഭിഷേക് ശര്‍മയും (21 പന്തിൽ 52) ഇഷന്‍ കിഷനും 25 പന്തില്‍ 54) കാഴ്ചവച്ച വെടിക്കെട്ട് ബാറ്റിങ് അക്ഷരാര്‍ത്ഥത്തില്‍ ന്യൂസിലന്‍ഡിന്റെ ആത്മവിശ്വാസം കെടുത്തി. സഞ്ജുവിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ഥ സെഞ്ചുറി. തുടരെ മൂന്നാം തവണയും ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ന്യൂസിലൻഡ് ഇന്നിംഗ്‌സ് മൂന്നിന് 47 ല്‍ എത്തിയപ്പോള്‍ അതും പവര്‍ പ്‌ളേയില്‍ ഏഴു പന്ത് ബാക്കി നില്‍ക്കെ, അവർ പരാജയ ഭീതിയിലായി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നെര്‍ മാത്രമാണ് ടിം സീഫെര്‍ട്ടിനു ശേഷം പോരാടാനുറച്ച് ബാറ്റ് വീശിയത്.
നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ പ്ലെയര്‍ ഓഫ് ദ് മാച്ച്, സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റ്. ഇന്ത്യ 2007 ല്‍ ട്വന്റി 20 ലോകകപ്പ് നേടിയപ്പോള്‍ നായകനായിരുന്ന എം.എസ്. ധോണിയും 2024 ല്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച നായകന്‍ രോഹിത് ശര്‍മയും സാക്ഷി നില്‍ക്കെ സൂര്യകുമാര്‍ യാദവ് ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ഏറ്റു വാങ്ങി. ഇന്ത്യയുടെ അഞ്ചാമത്തെ ഐ.സി.സി. ലോകകപ്പ്, ട്വന്റി 20യില്‍ മൂന്നു തവണയും ഏകദിനത്തില്‍ രണ്ടു തവണയും ഇന്ത്യ ലോക ചാമ്പ്യന്‍മാര്‍.
2023 നവംബറില്‍ ഇതേ സ്റ്റേഡിയത്തില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയ ഇത്തവണ സൂപ്പര്‍ എട്ടില്‍ എത്താതെ പുറത്തായി. 2007 ല്‍ ജൊഹനാസ് ബര്‍ഗില്‍ പാക്കിസ്ഥാനെ അഞ്ചു റണ്‍സിനും 2024 ല്‍ ബ്രിജ്ടൗണില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടിയതെങ്കില്‍ ഇത്തവണ കലാശപ്പോരാട്ടത്തിലെ വിജയം ആധികാരികമായിരുന്നു. എതിരാളികളെ നിലംതൊടാന്‍ അനുവദിച്ചില്ല.
ട്വന്റി 20 ലോകകപ്പിന്റെ പത്താം പതിപ്പ് തുടങ്ങുമ്പോള്‍ അഭിഷേക് ശര്‍മ്മയും വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു. ഐ.സി.സിയുടെ ട്വന്റി 20 റാങ്കിങ്ങില്‍ യഥാക്രമം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാം സ്ഥാനത്ത്. ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസണ്‍ 2024ലേതിന് ആവര്‍ത്തനമായി ഡഗ്ഔട്ടില്‍ ഇരിക്കേണ്ടിവരുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. അഭിഷേക് ഫോമിലല്ലാതിരുന്നിട്ടും സഞ്ജുവിന് അവസരം തെളിയുമോയെന്ന് സംശയിച്ചവർ ഏറെ.
രണ്ടാം മത്സരത്തില്‍ നമീബിയയ്‌ക്കെതിരെ ഇറങ്ങിയ സഞ്ജു എട്ടു ബോളില്‍ 22 റണ്‍സ് നേടി. പാക്കിസ്ഥാനെതിരെയും നെതര്‍ലന്‍ഡ്‌സിനെതിരെയും അവസരം കിട്ടിയില്ല. സൂപ്പര്‍ എട്ടില്‍ സിംബാബ് വെയ്ക്കിരെ തിരിച്ചുവരവ്. 15 പന്തില്‍ 24 റണ്‍സ്. പക്ഷേ, വിന്‍ഡീസിനെതിരെ സൂപ്പര്‍ എട്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ 50 പന്തില്‍ 97 റണ്‍സുമായി വിജയശില്പിയായി. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ്. ഒടുവില്‍ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സ്. വ്യക്തിഗത സെഞ്ചുറിക്കു ശ്രമിക്കാതെ ടീമിനായി, സ്വതസിദ്ധമായ ആക്രമണ ശൈലിയില്‍ ആണ് സഞ്ജു കളിച്ചത്. ഒപ്പം വിക്കറ്റ് കീപ്പറുടെ അധികചുമതലയും ഭംഗിയായി നിറവേറ്റി.
പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ താരമായി അറിയപ്പെടുമ്പോഴും ടീമില്‍ സ്ഥാനം ഉറപ്പില്ലാതിരുന്ന സഞ്ജു സാംസന്റെ ലോകകപ്പാണ് സമാപിച്ചത് എന്നുതന്നെ പറായം. അഞ്ചു കളികളില്‍ നിന്ന് 321 റണ്‍സുമായാണ്, ഒന്‍പതു മത്സരങ്ങള്‍ കളിച്ചവരെ പിന്തള്ളി ടൂര്‍ണമെന്റിലെ താരമായത്. സഞ്ജു മാത്രമല്ല, കേരളം തന്നെ കാത്തിരുന്ന നിമിഷങ്ങള്‍. ഇന്ത്യയുടെ ലോകകപ്പ് വിജയം സഞ്ജുവിന്റെ പ്രകടനത്തിന് തിളക്കം ഇരട്ടിപ്പിച്ചു. കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച താരം എന്ന ഖ്യാതി വ്യത്യസ്തമാണ്. പവര്‍ പ്ലേയില്‍ ഇറക്കാന്‍ ഏറ്റവു ഉതകുന്ന താരമായി സഞ്ജുമാറി.
സഞ്ജു കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയില്‍ 300 ല്‍ അധികം റണ്‍സ് നേടിയത് ഇഷാൻ കിഷന്‍(317 റണ്‍സ്) മാത്രം. സൂര്യകുമാര്‍ യാദവും(242), ശിവം ദുബെയും(235), ഹാര്‍ദിക് പാണ്ഡ്യയും(217), തിലക് വര്‍മ്മയും(207) ഏറെ പിന്നില്‍. ബൗളര്‍മാരില്‍ ബുംറെയ്ക്കും വരുണ്‍ ചക്രവര്‍ത്തിക്കും 14 വിക്കറ്റ് വീതമുണ്ട്. ടീമിന്റെ മൊത്തം പ്രകടനമെടുത്താല്‍ ബാറ്റര്‍മാരില്‍ സഞ്ജുവും ബൗളര്‍മാരില്‍ ബുംറയും ഒരു ചുവട് മുന്നില്‍.
കപില്‍ ദേവിന്റെ ഇന്ത്യ 1983ല്‍ നടാടെ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ കേരളത്തിനു കളിച്ചിട്ടില്ലാത്ത, ആ ടൂര്‍ണമെന്റില്‍ ഒരു മത്സരവും കളിക്കാഞ്ഞ ഡല്‍ഹിതാരം സുനില്‍ വാല്‍സന്റെ കേരളത്തിലെ വേരുകള്‍ മാന്തി നമ്മള്‍ ആശ്വസിച്ചു. 2007 ട്വന്റി 20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും എസ്. ശ്രീശാന്തിന്റെ സാന്നിധ്യമായിരുന്നു നമുക്ക് ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നത് . 2007ല്‍ ഫൈനലില്‍ വിജയമുറപ്പിച്ച ക്യാച്ച് ശ്രീശാന്ത് എടുത്തു എന്നതായിരുന്നു കേരളത്തിനു വാര്‍ത്ത. 2026, കേരളം മാത്രമല്ല, ഇന്ത്യയൊട്ടാകെ സഞ്ജു സാംസനെ ആഘോഷിക്കുന്നു.
ബംഗ്ലാദേശിന്റെ പിന്‍മാറ്റം, ഇന്ത്യക്കെതിരെ വിദേശത്തും കളിക്കില്ലെന്ന് വാശിപിടിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ ഐ.സി.സി.ക്കു വഴങ്ങി കളിക്കാന്‍ സന്നദ്ധരായത്. സിംബാബ് വെയുടെ അട്ടിമറി വിജയങ്ങള്‍. ഓസ്‌ട്രേലിയയുടെ ദയനീയ പ്രകടനം, അസോഷ്യേറ്റ് രാജ്യങ്ങളുടെ പ്രതീക്ഷ നല്‍കുന്ന കളിമികവ്. എല്ലാം കഴിഞ്ഞ് സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ ലോകകപ്പ്. സഞ്ജു അത്യുന്നതങ്ങളില്‍ എത്തി നില്‍ക്കുന്നു. പക്ഷേ, സഞ്ജുവിനുശേഷം കേരളത്തില്‍ നിന്ന് ആര് എന്ന ചോദ്യം ബാക്കി.