Image

പടിഞ്ഞാറുദിച്ച സൂര്യൻ ( കവിത : ഷീജ അരീക്കൽ )

Published on 09 March, 2026
പടിഞ്ഞാറുദിച്ച സൂര്യൻ ( കവിത : ഷീജ അരീക്കൽ )

ഒരു ദിവസം
സന്ധ്യയ്ക്ക്
സൂര്യൻ
പടിഞ്ഞാറുദിച്ചു...

കരഞ്ഞ് കരഞ്ഞ്
ചുവന്നു പോയ
സന്ധ്യയുടെ
പിൻകഴുത്തിൽ
അമർത്തിയൊന്ന് 
ചുംബിക്കാൻ മറന്നില്ല
പുള്ളിക്കാരൻ

മരിച്ചു പോയൊരാൾ
തിരിച്ചു വന്നതു പോലെ
പരിഭ്രമത്താൽ
പക്ഷിക്കൂട്ടങ്ങൾ 
കരഞ്ഞു 
ബഹളമുണ്ടാക്കി
തുടങ്ങിയപ്പോൾ
കാക്കകളതേറ്റു 
പിടിച്ചു,
അതോടെ
രംഗം വഷളായി..

ഫാഷൻഷോയ്ക്കണി-
ഞ്ഞൊരുങ്ങിയ
നക്ഷത്രങ്ങൾ
പരിഭവിച്ച്
മേഘയവനിക
വലിച്ചിട്ടു...

എവിടൊക്കെയോ 
താളപ്പിഴകൾ 
പറ്റിയിട്ടുണ്ടെന്ന്
ഇവർക്ക് 
വിധികർത്താവായി
വന്ന ചന്ദ്രന് 
മനസിലായതിനാൽ
അദ്ദേഹം മൗനം പാലിച്ചു...

രാത്രിമുല്ലകളുടെ
സുഗന്ധം സ്വപ്നം 
കണ്ടുറക്കമെണീറ്റ കാറ്റ്
ചതിയാ  എന്ന്
മനസിൽ
സൂര്യനെ
പ്രാകിക്കൊണ്ട്
രാത്രിയിലേക്കാസൂത്രണം
ചെയ്ത 
പരിപാടികളെല്ലാം
ക്യാൻസൽ ചെയ്തു...

പറഞ്ഞുറപ്പിച്ച 
പരിപാടികൾ
ഒടുവിലത്തെ മിനുട്ടിൽ
മാറ്റി വെക്കേണ്ടി വന്ന
ജാള്യതയോടെ
പ്രകൃതി 
തലക്ക് കൈയ്യും 
കൊടുത്ത്
കുനിഞ്ഞിരുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക