Image

ഒൾഗക്കുണ്ടോ ഇത് വല്ലോം അറിയുന്നു ( ഇറ്റലിയിൽ : മിനി ആന്റണി )

Published on 09 March, 2026
ഒൾഗക്കുണ്ടോ  ഇത് വല്ലോം അറിയുന്നു ( ഇറ്റലിയിൽ : മിനി ആന്റണി )

ഇന്നലെ ഞാനും ഒൾഗയും കൂടി ഫുഡ് കഴിക്കാരുന്നു. എൻ്റെ പ്ലേയ്റ്റിൽ രണ്ട് ചിക്കൻ കാല്. ഒൾഗേടേല്  ഒരു സാൽസിച്ചെ വിത്ത് രണ്ട് പീസ് ബ്രെഡ്( പന്നിയിറച്ചി പന്നിക്കൊടലിൽ നിറച്ചത്) ഞാനത് കഴിക്കാറില്ല.

രണ്ട് പീസ് ചിക്കൻ അനുവദനീയമല്ല.  ഒരെണ്ണം ആണ് കണക്ക്.  അതോണ്ട് ചില്ലറ ചോദ്യം ചെയ്യലിനൊക്കെ എന്നെ വിധേയയാക്കി, വല്ലാത്ത പവറിൽ ഇരുന്ന് ഭക്ഷണം കഴിക്കാണ് ഒൾഗ.

രണ്ടല്ല വേണെങ്കി മൂന്ന് ചിക്കൻ കാലും കഴിക്കും..... ആ. ഇതൊക്കെ  വയസ്സായോരെ നോക്കണോർക്ക് പഞ്ചായത്തീന്ന് തരണതാ ഫ്രീ ആയിട്ട്.  എന്ന സ്ഥിരം ഡയലോഗടിച്ച് ഞാൻ  ടീവില് നോക്കി ചിക്കൻ കടിച്ചുപറിക്കുമ്പോ .......

അയ്യോ!!! ദേ ടീവീല് നമ്മടെ കോൺസ്റ്റബിൾ ചേട്ടൻമാര്. മുറിക്കയ്യൻ ഷർട്ടും ഷർട്ടിലെ ആ വെളുത്ത വീതിയുള്ള വി ചിഹ്നവും.  അയ്യോ !!!  എന്ന് വാ പൊളിച്ച് ഞാൻ ഒന്നൂടെ സൂക്ഷിച്ച് നോക്കി. സത്യാ.  ദാ പൊറകില് ഒരു കെസ് ആർ ടി സി. നീല കളറുള്ളത്. പോലീസുകാര് വണ്ടികളിൽ പരിശോധിക്കുന്നു.  

എൻ്റെ നാടാ.... അയ്യോ! എൻ്റെ കേരളം.  ഞാൻ ഒൾഗയോട്  പറഞ്ഞു.  

നിൻ്റെ നാടോ ?......എന്ന് ഒൾഗ പുരികം ചുളിച്ചു.  ചുണ്ടൊരു കോട്ടലും.  

ഓൾഗയെ പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമം നിർത്തി വീണ്ടും എന്താന്നറിയാൻ  നോക്കി.

അടീല് " നിപ്പ വൈറസ്സ് " എന്നെഴുതിക്കാണിക്കുന്നു. ഡോക്ടേഴ്സ് എന്തോ പരിശോധിക്കുന്ന വീഡിയോ സൈഡിൽ.

ഒൾഗ ചിരിക്കുന്നു.  ആക്കിച്ചിരിയാണോ?

ഏയ് .... നിപ്പ വൈറസുമായി ബന്ധപ്പെട്ട എന്തോ പ്രധാന കാര്യാവും....... മെഡിക്കൽ ഫീൽഡിൽ നമ്മളാരാ മക്കള്.  പുലികുട്ട്യോളല്ലേ.

ഒൾഗക്കുണ്ടോ  ഇത് വല്ലോം അറിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക