
"കവിത എനിക്ക് ഉപ്പാണ്; അതു പാകത്തിനു ചേര്‍ത്ത് ഞാനെൻ്റെ സഹയാത്രികര്‍ക്ക് നല്കുന്ന പാഥേയമാണ് പാട്ട്......" എന്ന് ഒ. എൻ. വി. പറഞ്ഞിട്ടുണ്ട്; സംഗീത സംവിധാനത്തിലൂടെ 'കാവ്യകല്പന ചാരുത നൽകിയ' പാട്ടുകൾ നമുക്ക് പാരിതോഷികമായി സമ്മാനിച്ച മഹാസംഗീതജ്ഞനാണ് എം. ബി. ശ്രീനിവാസൻ. ആ പ്രതിഭയുടെ 37-ാം ഓർമ്മദിനം, ഇന്ന്...
എം.ബി.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന എം. ബി. ശ്രീനിവാസൻ. എം.ബി.എസ്.-ഒ.എന്‍.വി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ക്ക് അപൂര്‍വ ചാരുതയായിരുന്നു. 'ഒരു വട്ടം കൂടിയെന്‍', 'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ' തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ ഒരു കാലത്തും മറക്കില്ല...
യേശുദാസിനെ പിന്നണിഗാനരംഗത്ത് ആദ്യമായി അവതരിപ്പിച്ച എം.ബി.എസിനെ എങ്ങനെ വിസ്മരിക്കും?
ഞാൻ ആദ്യമായി എം. ബി എസ്.-നെ നേരിട്ട് കാണുന്നത്: 1981-ൽ കോഴിക്കോട് വച്ച് പ്രകൃതി (സൈലൻറ് വാലി) സംരക്ഷണ സംഗീത പരിപാടി നടന്നു - മാനാഞ്ചിറ BEM സ്കൂൾ ഗ്രൗണ്ടിൽ. എം. ബി എസ്.-ഉം കോറസ് ഗ്രൂപ്പുമാണ് (മ്യൂസിക് ക്വയർ) അതവതിപ്പിച്ചത്! എം. ടി.-യാണ് ഓരോ പാട്ടിനും ആമുഖം പറഞ്ഞത്....
സംഘഗാനങ്ങൾക്ക്, സാമൂഹികമായ ഇടപെടലുകൾ കൂടി നടത്താനാകുമെന്ന് തിരിച്ചറിഞ്ഞാണ് എം.ബി. ശ്രീനിവാസൻ എന്ന സംഗീതപ്രതിഭ, മദ്രാസ് മ്യൂസിക് ക്വയർ സ്ഥാപിച്ചത്. സംഘഗാനത്തിലൂടെ മനുഷ്യ സമുദായത്തെ ഒരുമിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1971-ലായിരുന്നു മദ്രാസ് മ്യൂസിക് ക്വയർ യാഥാർത്ഥ്യമാക്കിയത്. മനുഷ്യശബ്ദത്തിൻ്റെ സൗന്ദര്യം സാമൂഹിക മാറ്റത്തിന് എന്നതായിരുന്നു ലക്ഷ്യമിട്ടത്.
1925 സെപ്റ്റംബർ 19-ന് ആന്ധ്രാപ്രദേശിലേ ചിത്തൂർ എന്ന സ്ഥലത്താണ് #മനമധുരൈ #ബാലകൃഷ്ണൻ #ശ്രീനിവാസൻ എന്ന എം. ബി. ശ്രീനിവാസൻ്റെ ജനനം. തീരെചെറു പ്രായത്തിൽ തന്നെ സംഗീതത്തിൽ ആകൃഷ്ടനായിരുന്ന എം ബി എസ്, ഹിന്ദുസ്ഥാനി, കർണ്ണാട്ടിക്, വെസ്റ്റേൺ എന്നിങ്ങനെയുള്ള സംഗീത സരണികളിൽ പ്രാവീണ്യം നേടിയതിനു ശേഷം, 1959- ലാണ് സംഗീതം ഒരു പ്രൊഫഷണായെടുത്തത്.
1950-കളിൽ ഡൽഹിൽ എത്തിയ എം. ബി. എസ്.-ന് പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാവും അന്നത്തെ ലോക്‌സഭയിലെ എം. പി.-യും ആയിരുന്ന എ. കെ. ഗോപാലന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കാനവസരം ലഭിച്ചു. ഡൽഹിയിലായിരുന്ന ഇക്കാലത്ത് ഇന്ത്യൻ പീപ്പിൾസ് അസോസിയേഷനിൽ അംഗമായ അദ്ദേഹത്തിന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പ്രാദേശിക സംഗീതവുമായി അടുത്ത് പരിചയപ്പെടാൻ ഇതുമൂലം അവസരം ലഭിച്ചു.
ഇക്കാലത്ത് കാശ്മീരി മുസ്ലീം കുടുംബാംഗമായ സഹീദ കിച്ച്ലുവും എം. ബി. എസും പ്രണയബദ്ധരായി. പ്രശസ്ത സ്വാതന്ത്ര്യ സമര നേതാവ് സൈഫുദ്ദീൻ കിച്ച്ലുവിന്റെ മകളായിരുന്നു സഹീദ കിച്ച്ലു. ജവഹർലാൽ നെഹ്രുവിന്റെ ആശീർവാദത്തോടെ അവർ വിവാഹിതരായി.
നിമിഘോഷിന്റെ കൂടെ തമിഴ് സിനിമയിൽ തന്റെ കരിയർ ആരംഭിച്ച എം. ബി. എസ്. , പിന്നീട് അടൂർ ഗോപാലകൃഷ്ണൻ, എം.ടി., കെ. ജി. ജോർജ്ജ്, ഹരിഹരൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവരുടെ സിനിമകൾക്ക് സംഗീതം നൽകി മലയാളത്തിലേക്ക് വന്നു. അരവിന്ദൻ്റെ ആദ്യ ചിത്രമായ 'ഉത്തരായണ'ത്തിനു പശ്ചാതല സംഗീതവും കുമാരപിള്ള സാറിൻ്റെ കവിതക്ക് ഇണവും ഒരുക്കിയത് എം. ബി. എസ്.- ആണ്.
പ്രശസ്ത ഗായകൻ കെ. ജെ. യേശുദാസിനെ പിന്നണിഗാനരംഗത്ത് അവതരിപ്പിച്ചത് എം. ബി. എസ്. ആണ്. 1961-ൽ 'കാൽപ്പാടുകൾ' എന്ന ചിത്രത്തിലെ എം. ബി. എസിന്റെ സംഗീതത്തിലുള്ള 'ജാതിഭേദം മതദ്വേഷം..' എന്നു തുടങ്ങുന്ന ഗാനമാണ് യേശുദാസിന്റെ ആദ്യ ഗാനം.
'ഉൾക്കടൽ', 'ചില്ല്', 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച', 'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' , 'പുതിയ ആകാശം പുതിയ ഭുമി', 'കന്യാകുമാരി', 'ഓപ്പോൾ' 'വളർത്തുമൃഗങ്ങൾ', 'ഒരു കൊച്ചുസ്വപ്നം', 'പഞ്ചവടിപ്പാലം', 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്' എന്നീ സിനിമകൾ അതിൽ ചിലതു മാത്രം.
"ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന..." (ചില്ല്) എന്ന് തുടങ്ങുന്ന ഗാനം അതിപ്രശസ്തമാണ്. 'ചെമ്പക പുഷ്പ..'.(യവനിക), "എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ..." (ഉൾക്കടൽ) എന്നിവയും എംബിഎസ്സിൻ്റെ പ്രിയ മലയാള ഗാനങ്ങളിൽ ചിലതാണ്.
"എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ..." (ഉൾക്കടൽ)
ഗാനങ്ങൾക്ക് പുറമേ പശ്ചാത്തലസംഗീത രംഗത്തും അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്. അനാവശ്യമായി സംഗീതം ഉപയോഗിക്കാതെ രംഗങ്ങൾക്കനുസരിച്ചുള്ള ലളിതമായ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള ശൈലിയാണ് എം. ബി. എസിന്റേത്. സമാന്തര സിനിമയുടെ വക്താക്കളിൽ ഉൾപ്പെട്ട അടൂർ, അരവിന്ദൻ, എം. ടി. വാസുദേവൻ നായർ, കെ. ജി. ജോർജ്, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർ മാത്രമല്ല, മികച്ച മുഖ്യധാരയിൽ കലാതില്പര്യ ഉള്ള ചലച്ചിത്രകാരന്മാരായ മോഹൻ, ഹരിഹരൻ തുടങ്ങിയവരും തങ്ങളുടെ സിനിമകളിൽ എം. ബി. എസിന്റെ സംഗീതം ഉപയോഗിച്ചിട്ടുണ്ട്.
'കവിതയില്‍ സംഗീതത്തിന്റെ സുഗന്ധം കലരുമ്പോള്‍ അപൂര്‍വ്വ ചാരുതയാര്‍ന്ന ഗാന ശില്‍പ്പങ്ങള്‍ പിറക്കുന്നു. ചലച്ചിത്രത്തിലെ കഥാ സന്ദര്‍ഭങ്ങള്‍ക്കും കാലത്തിന് തന്നെയും അപ്പുറത്തേക്ക് അവ പറന്നുയരുന്നു. അത്തരം നൂറ് കണക്കിന് സുന്ദര സൃഷ്ടികള്‍ക്ക് പിന്നില്‍ എം.ബി ശ്രീനിവാസന്‍ എന്ന മഹാപ്രതിഭയുടെ മാന്ത്രിക സ്പര്‍ശമുണ്ട്.' (-'ചക്കരപ്പന്തൽ')
എല്ലാറ്റിനും പുറമേ, മദ്രാസ് യൂത്ത് കൊയറും സംഗീതസ്നേഹികൾക്ക് നൽകിസ്റ്റേൺ രീതിയിൽ സംഘഗാനങ്ങൾ (കൊയർ മ്യൂസിക്) സംവിധാനം ചെയ്യുന്നതിൽ നിപുണനായിരുന്ന അദ്ദേഹം ഹാർമണൈസിങ് വിദ്യകൾ, റൌണ്ട് എന്നിവയൊക്കെ കൊയർ സംഘങ്ങളിലെക്ക് അവതരിപ്പിച്ചു. ഇവരുടെ ഒരു പരിപാടി കോഴിക്കോട് മാനഞ്ചിറക്കടുത്തുള്ള BEM സ്കൂളിൽ അവതരിപ്പിച്ചതിനെക്കുറിച്ചാണ് (1981) ഈ കുറിപ്പിൻ്റെ തുടക്കത്തിൽ വിവരിച്ചത്.
കേരളത്തിലും (തിരുവനന്തപുരത്ത്) എം ബി എസ് ഓർമ്മയിൽ 'കേരളാ മ്യൂസിക് കൊയർ' പ്രവർത്തിച്ചിരുന്നു.
എം. ബി. എസിന്റെ ഗാനങ്ങളിൽ പലതിലും നിറഞ്ഞു നിൽക്കുന്ന നേർപ്പിച്ചെടുത്ത സങ്കടമാണുണു ഹൃദയത്തിൽ കൊള്ളുന്നത്. പ്രേമഗാനങ്ങളിലും ഇത് അലിഞ്ഞു കിടക്കും. “മിഴികളിൽ നിറകതിരായി...... മധുരമൊരനുഭൂതിയായി' എന്ന് അവതരിപ്പിക്കുന്നത് ഒരു മധുരവേദന ഇറ്റിച്ചാണ്. "ഇനിയും തൃസന്ധ്യകൾ....." എന്നതിലൊക്കെ ഈ നേർപ്പിച്ചെടുത്ത സങ്കടം അനുഭവിക്കാം. “അലിഞ്ഞലിഞ്ഞുപോം അരീയ ജന്മമാം പവിഴദ്വീപിൽ ഞാൻ ഇരിപ്പതെന്തിനോ...” കമ്പോസ് ചെയ്യുമ്പോൾ തീർച്ചയായും ഒരു 'എം. ബി എസ്. ടച്ച്' നമുക്ക് അനുഭവപ്പെടും!
ജോൺ എബ്രഹാമിന്റെ 'അഗ്രഹാരത്തിൽ കഴുതൈ' എന്ന ചിത്രത്തിലൂടെ അഭിനയത്തിലും കൈവച്ച എം.ബി.എസ്., 'കന്യാകുമാരി' എന്ന ചിത്രത്തിൽ തന്റെ ഒരു ഗാനത്തിന് വരികൾ എഴുതിയിട്ടുമുണ്ട്.
1986-ൽ സംഗീതനാടക അക്കാദമി അവാർഡ്, 1973, 1978, 1979, 1981 തുടങ്ങിയ വർഷങ്ങളിൽ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് , 1987-ലെ സ്പെഷ്യൽ ജൂറി അവാർഡ് എന്നിവക്ക് അർഹനായ അദ്ദേഹം സംഗീതനാടക അക്കാദമി മെമ്പർ , നാഷണൽ ബോർഡ് ഓഫ് ഫിലിം സെൻസേഴ്സ് മെമ്പർ തുടങ്ങിയ പല സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.
1988 മാർച്ച് 9-ന്, 62-ാം വയസ്സിൽ, ലക്ഷദ്വീപിൽ വെച്ച് ഹൃദയസ്തംഭനത്തെ ത്തുടർന്ന് നിര്യാതനായി.
കിട്ടുന്ന പ്രതിഫലം മുഴുവന്‍ മദ്യഷാപ്പുകളില്‍ക്കൊണ്ടു ചെന്നു കൊടുക്കുന്ന സംഗീതജ്ഞരുടെ വ്യാപകമായിരുന്ന ജീവിത ശൈലി അവസാനിപ്പിക്കാന്‍ 'സിനി മ്യൂസിഷന്‍സ് യൂണിയൻ' എന്ന സംഘടനയിലൂടെ അദ്ദേഹം ശ്രമിച്ചു. മദ്യലഹരിയില്‍ ഷാപ്പുകളില്‍ സംഗീത വിരുന്നൊരുക്കുന്ന കലാകാരന്‍മാരുടെ ജീവിത ശൈലി മാറ്റിയെടുത്തത് എം. ബി ശ്രീനിവാസനായിരുന്നു എന്നു തന്നെ പറയാമെന്ന് തോന്നുന്നു; ആ സംഗീതക്കാരുടെ കുടുംബാംഗങ്ങള്‍ എം.ബി ശ്രീനിവാസന്‍ എന്ന സംഗീതജ്ഞനെ ആരാധനയോടെ നോക്കിക്കണ്ടു.
ബി. ശ്രീനിവാസന്റെ ഭാര്യ, സഹീദ കിച്ലുവായിരുന്നു (കിച്ച്‌ലൂ?) അദ്ദേഹത്തിന്റെ സംഗീത-സംഘടനാ പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ലായിരുന്നു, സുഹൃത്തുക്കള്‍ 'ഭാഭി' എന്നു വിളിച്ചിരുന്ന ഷാഹിദ.
എന്നിട്ടും സ്വന്തം ജീവിതത്തിന്റെ തന്ത്രികള്‍ പൊട്ടിത്തകര്‍ന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു... സംഗീതത്തെ ഉപാസനാ മൂര്‍ത്തിയായി കണ്ട എം.ബി. ശ്രീനിവാസന്റെ സ്വകാര്യ ജീവിതത്തില്‍ ദു:ഖം എന്നും പിരിയാത്ത സ്വന്തക്കാരനായിരുന്നു...
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമയുടെ ബാലപാഠങ്ങള്‍ പഠിക്കാന്‍ പോയ സ്വന്തം മകന്‍ കബീര്‍ ശ്രീനിവാസനെ കൂട്ടുകെട്ടുകള്‍ മയക്കുമരുന്നിൻ്റെ സങ്കേതത്തിലെത്തിച്ചു. അതില്‍ നിന്നുള്ള മോചനം അപ്രാപ്യമായി. തുടര്‍ന്നു കബീര്‍ സ്‌കിസോഫ്രീനിയ എന്ന മാരക മനോരോഗത്തിന് അടിമയായി. ഏക മകൻ മയക്കുമരുന്നിന് അടിമയായി സ്വജീവിതം തകര്‍ത്തുകളഞ്ഞതോര്‍ത്ത് തേങ്ങിക്കരഞ്ഞ ഒരച്ഛനായിരുന്നു അദ്ദേഹം - ഒരു തേങ്ങൽ തൻ്റെ പാട്ടുകളിൽ ഒളിപ്പിച്ചുവച്ച എം ബി ശ്രീനിവാസൻ.