
വർഷങ്ങൾക്ക് മുമ്പ് റമദാൻ വിടപറഞ്ഞ നാളിൽ, വ്രതശുദ്ധിയുടെ നാളുകൾക്ക് പരിസമാപ്തി കുറിച്ച് പെരുന്നാൾ പുലരിയെത്തി. പുതുവസ്ത്രത്തിൻ്റെ മണവും അത്തറിൻ്റെ സുഗന്ധവും നിറഞ്ഞ പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിന് ഒത്തുകൂടിയപ്പോൾ ചുറ്റും ആഘോഷത്തിൻ്റെ തിരക്കുകളായിരുന്നു. എന്നാൽ ആ തിരക്കിനിടയിൽ എൻ്റെ കണ്ണ് ഉടക്കിയത് തൊട്ടു മുന്നിലിരുന്ന് പ്രാർത്ഥിക്കുന്ന ഒരു പയ്യനിലാണ്.
അവനെ ശ്രദ്ധിച്ചപ്പോൾ ആ വസ്ത്രത്തിൻ്റെ സൈഡിൽ കീറിത്തുന്നിയ ഒരടയാളം ഞാൻ കണ്ടു. സന്തോഷത്തിൻ്റെ ഈ ദിനത്തിൽ ഇങ്ങനെയൊരു കാഴ്ച എൻ്റെ മനസ്സിനെ ഉലച്ചു. മനസ്സിനെ മഥിച്ച ആ കുറ്റബോധത്തോടെ, പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവനെ അരികിലേക്ക് വിളിച്ചു.
"മോനേ, നീ പുതിയ ഡ്രസ്സ് എടുത്തില്ലേ? ഒന്ന് അറിയിച്ചിരുന്നെങ്കിൽ നമുക്ക് വാങ്ങാമായിരുന്നില്ലേ?" - സ്നേഹത്തോടെയും അല്പം പരിഭവത്തോടെയും ഞാൻ ചോദിച്ചു.
എന്നാൽ അവൻ്റെ മറുപടി എന്നെ ഞെട്ടിക്കുന്നതായിരുന്നു. മുഖത്ത് ഒരു ചെറിയ പുഞ്ചിരിയുമായി അവൻ പറഞ്ഞു:
"എനിക്ക് എന്ത് പ്രയാസമുണ്ടെങ്കിലും ഞാൻ അത് അല്ലാഹുവിനോട് മാത്രമേ പറയാറുള്ളൂ. എനിക്ക് അവൻ ഇതുവരെയുള്ള പ്രയാസങ്ങളൊക്കെ പരിഹരിച്ചു തന്നിട്ടുമുണ്ട്. ഞാൻ ഇപ്പോൾ വളരെ സന്തോഷവാനാണ്."
അവൻ്റെ ആ വാക്കുകൾ കേട്ട് ഒരു നിമിഷം ഞാൻ തരിച്ചുനിന്നുപോയി. ലോകത്തിൻ്റെ ആഢംബരങ്ങളിൽ സന്തോഷം തേടുന്ന നമ്മൾ എവിടെ, തുന്നിച്ചേർത്ത വസ്ത്രത്തിലും തളരാത്ത ദൈവവിശ്വാസവുമായി നിൽക്കുന്ന ആ കുഞ്ഞു ബാലൻ എവിടെ! നമ്മുടെ കയ്യിലുള്ളതിനേക്കാൾ വലിയ അനുഗ്രഹങ്ങൾ ലഭിക്കാത്തതിലാണ് നമ്മൾ പലപ്പോഴും സങ്കടപ്പെടുന്നത്. എന്നാൽ ഉള്ളതിൽ സംതൃപ്തി കണ്ടെത്തി, പരാതികളില്ലാതെ പടച്ചവനിൽ അഭയം തേടുന്ന അവൻ്റെ ആത്മീയ ഔന്നത്യം എന്നിൽ അസൂയയുണ്ടാക്കി.
ആ കുപ്പായത്തിലെ തുന്നലുകൾ ഒരു കുറവല്ലായിരുന്നു, മറിച്ച് പടച്ചവനോടുള്ള അവൻ്റെ വിശ്വാസത്തിൻ്റെ അടയാളമായിരുന്നു. റമദാൻ നമുക്ക് പകർന്നു നൽകേണ്ടതും ഈ വലിയ പാഠമാണ് - ഭൗതികമായ കാഴ്ചകളേക്കാൾ ആത്മീയമായ സംതൃപ്തിയാണ് യഥാർത്ഥ സന്തോഷമെന്ന വലിയ സത്യം.