
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ 'പുതുയുഗ യാത്ര' തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ 5 വമ്പന്‍ പ്രഖ്യാപനങ്ങള്‍ കേട്ടാണ് രാഷ്ട്രീയ കേരളം കോരിത്തരിച്ചത്. കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തല്‍, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, യുവ സംരംഭകര്‍ക്ക് 5 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ, മുതിര്‍ന്നവര്‍ക്ക് പ്രത്യേക വയോജന വകുപ്പ് തുടങ്ങിയവയാണ് രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രഖ്യാപനങ്ങള്‍. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന അഞ്ച് വാഗ്ദാനങ്ങള്‍ കേള്‍ക്കാന്‍ പരമ സുഖമുള്ളതാണെങ്കിലും കേരളം കടക്കെണിയാലാവാന്‍ ഇതിലപ്പുറമൊന്നും വേണ്ട. അതാണ് നിലവില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി. അതിനാല്‍ ഈ തിരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യം മറുവശത്ത് ഉയരുന്നുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന തെലുങ്കാനയിലും കര്‍ണാടകയിലും മുമ്പ് ഭരിച്ചിരുന്ന മധ്യപ്രദേശിലും നടപ്പാക്കിയ പദ്ധതികള്‍ മുന്നില്‍ക്കണ്ടാണ് ഈ 'ഇന്ദിരാ ഗ്യാരന്റി' നടപ്പാക്കാന്‍ ലക്ഷ്യമിട്ട് യു.ഡി.എഫ് നിയമസഭാ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. നിലവില്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കി മാതൃക കാണിച്ച പദ്ധതികള്‍ കേരളത്തില്‍ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫിന്റെ വിശ്വാസ്യത ഇരടട്ടിയാക്കുമെന്നാണ് മുന്നണിയുടെയും പാര്‍ട്ടിയുടെയും ഉറച്ച വിശ്വാസം.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും എന്നതാണ് പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയം. കര്‍ണാടകത്തിലും തെലങ്കാനയിലും കോണ്‍ഗ്രസ് നടപ്പാക്കി വിജയിച്ച ഈ പദ്ധതി കേരളത്തിലും വലിയ വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. യഥാസമയം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാതെ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഈ പ്രഖ്യാപനം എത്രത്തോളം താങ്ങാനാകുമെന്ന് കണ്ടറിയണം. കര്‍ണാടകത്തില്‍ 'ശക്തി പദ്ധതി' എന്ന പേരില്‍ സൗജന്യ യാത്ര നടപ്പിലാക്കിയപ്പോള്‍ ടിക്കറ്റ് ഇനത്തില്‍ ലഭിക്കേണ്ട വലിയൊരു വരുമാനം സര്‍ക്കാര്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് സബ്‌സിഡിയായി നല്‍കേണ്ടി വരുന്നുവെന്നതാണ് സ്ഥിതി. എന്നാല്‍ നമ്മുടെ പൊതു ഗതാഗത സംവിധാനത്തിനിത് അധിക ബാധ്യതയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കേളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാസം തോറും 1000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്ന വാഗ്ദാനം യുവത്വത്തെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടായാണ്. ഇതോടൊപ്പം വ്യവസായം തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനുമായി യുവ സംരംഭകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളം പോലുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്ത് സംരംഭകത്വം വളര്‍ത്താന്‍ ഇത് സഹായിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ബാങ്കുകളെ ഇതില്‍ എങ്ങനെ സഹകരിപ്പിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഇല്ല.
ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി, നിലവിലുള്ള 2000 രൂപയുടെ ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനം വയോജനങ്ങളെ സന്തോഷിപ്പിക്കും. സംസ്ഥാനത്തെ അനേക ലക്ഷം സാധാരണക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാവുകയും ചെയ്യും. അതേസമയം, ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിന്റെ പൊതു കടം അഞ്ച് ലക്ഷം കോടി രൂപ കടന്നിരിക്കുകയാണിപ്പോള്‍. പെന്‍ഷന്‍ കുടിശ്ശിക പോലും കൊടുക്കാതെ സര്‍ക്കാര്‍ വലയുമ്പോള്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നത് ഖജനാവിന് എടുത്താല്‍ പൊങ്ങാത്ത ഭാരമാകും. ഇതിന് മാത്രമായി പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. അങ്ങനെ വരുമ്പോള്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ക്കായി മാറ്റിവെക്കേണ്ട തുകയിലാണ് കുറവ് സംഭവിക്കുക.
ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ളതായിരിക്കും. 2018-2023 കാലത്ത് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ 'ചിരഞ്ജീവി യോജന'യുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുക. 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് മോഹന വാഗ്ദാനമാണെങ്കിലും, അതിനുള്ള പ്രീമിയം തുക സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം പ്രസക്തമാണ്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പകരം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പണം നല്‍കുന്ന രീതി ആശശാസ്യമല്ലെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക വകുപ്പ് ഉണ്ടാക്കുന്ന വാഗ്ദാനത്തിന് വലിയ സ്വീകാര്യതയുണ്ട്. വയോജനങ്ങള്‍ വര്‍ധിക്കുന്ന കേരളത്തില്‍ അവര്‍ക്ക് പ്രസ്തുത പദ്ധതി വഴി സേവനം ഉറപ്പാക്കാനാവും. എന്നാല്‍ ജനസഞ്ചയത്തിനു മുന്നില്‍ പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതികളെല്ലാം ജനക്ഷേമം മുന്‍ നിര്‍ത്തിയുള്ളതെണെന്ന് സമ്മതിക്കാമെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ യാഥാര്‍ത്ഥ്യം കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
ഇത്തവണത്തെ ബജറ്റ് കണക്കുകള്‍ പ്രകാരം കേരളത്തിന്റെ റവന്യൂ കമ്മി 34,586 കോടി രൂപയാണ്. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് വരുന്ന അപകടകരമായ അവസ്ഥയാണിത്. കടം വാങ്ങി പലിശ അടയ്ക്കാനായി വീണ്ടും കടം വാങ്ങുന്ന 'കടക്കെണി'യിലാണ് സംസ്ഥാനമെന്ന് സാമ്പത്തിക വിദഗഗ്ധരുടെ നിരവധി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജസ്ഥാനിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് ഇത്തരം വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പല പദ്ധതികളും നടപ്പിലാക്കാന്‍ പ്രയാസപ്പെടുന്നുവെന്നതാണ് സത്യാവസ്ഥ. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വാഗ്ദാനങ്ങള്‍ സ്ഥിരമാണ്. എന്നാല്‍ വെറും വാഗ്ദാനങ്ങള്‍ക്കപ്പുറം കൃത്യമായ സാമ്പത്തിക ആസൂത്രണം ഇതിന് പിന്നിലുണ്ടോയെന്ന് തിരഞ്ഞടുപ്പിന് മുമ്പ് യു.ഡി.എഫ് വ്യക്തമാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ ബൂമറാങ്ങാവും.