
സൂര്യോദയത്തോടെ ഉണരുന്നവരാണ് സ്ത്രീകൾ. സൂര്യൻ ഉദിച്ചില്ലെങ്കിൽ അന്ധകാരം മറയുകയില്ല. അതേപോലെ കുടുംബിനികൾ രാവിലെ ഉണർന്നു അവരിൽ നിക്ഷിപ്‌തമായ കർമ്മങ്ങളിൽ മുഴുകുമ്പോൾ കുടുംബം ദേവാലയമാകുന്നു. സ്ത്രീകൾക്കായി ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യം ഉണ്ടോ എന്ന സംശയം തോന്നാം. എന്നാൽ അത് വേണമെന്നാണ് എന്റെ അഭിപ്രായം. പലപ്പോഴം സ്ത്രീയുടെ സേവനങ്ങൾ അവർ പല കാര്യങ്ങളിലും വഹിക്കുന്ന പങ്ക് എന്നിവ അവഗണിക്കപ്പെടുകയോ ശ്രദ്ധിക്കപെടുകയോ ചെയ്യാതെ പോകുന്നു. സ്ത്രീയുടെ മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഇതുവഴി നമ്മൾ ലക്ഷ്യമാക്കുന്നത്. സ്ത്രീവിവേചനവും,അതിക്രമങ്ങളും അവസാനിപ്പിക്കാൻ സ്ത്രീകൾ തന്നെ ശക്തിയാർജിക്കണം. ലിംഗസമത്വവും, ലിംഗനീതിയും ഇതുമായി ബന്ധപ്പെട്ടു ചർച്ചാവിഷയമാണു.
1824 ഇൽ അമേരിക്കയിലെ റോഡ് ഐലൻഡിലെ തുണി മിൽ ജോലിക്കാരായ സ്ത്രീകൾ വേതനവർദ്ധനവിനും ജോലിസമയ ക്രമീകരണത്തിനും ആദ്യമായി സമരം ചെയ്തു. തുണിമില്ലുകളിലെ വനിതാ തൊഴിലാളികൾ തുടങ്ങിവച്ച സമരം പല രാജ്യങ്ങളിലേക്കും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. 1909 ഫെബ്രുവരി എട്ടിന് തങ്ങളുടെ അവകാശങ്ങൾക്കായി സമരം ചെയ്തതിന്റെ ഓർമ്മക്കായി അവർ വനിതാ ദിനം ആചരിച്ചു. എന്നാൽ, 1910 -ൽ കോപ്പൻഹേഗനിൽ വച്ചുനടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം അന്തർദേശീയമായി ആചരിക്കാൻ തന്നെ ആചരിക്കണം എന്ന ആവശ്യമുയർന്നു. അന്ന് ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാര-സെട്കിൻ ആണ് ഇതിന് മുൻകൈ എടുത്തത്. ആ ആവശ്യം അംഗീകരിക്കപ്പെട്ടു. വരും വർഷങ്ങളിൽ പല രാജ്യങ്ങളും വനിതാ ദിനം ആചരിച്ചു. എന്നാൽ, 1975 -ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് ലോക വനിതാദിനമായി പ്രഖ്യാപിച്ചത്.
എല്ലാ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കപ്പെടുന്നു. സ്ത്രീ ശാക്തീകരണം, ലിംഗ സമത്വം എന്നിവ ഉറപ്പുവരുത്തുക എന്നൊരാശയം ഇതിനു പിന്നിൽ ഉണ്ട്. കൂടാതെ സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ മേഖലകളിൽ ഇന്നത്തെ സ്ത്രീ വഹിക്കുന്ന പങ്കിനെ ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും കൂടി ഈ ദിവസം ഉപയോഗപ്പെടുത്തുന്നു.
ഇന്ന് ജീവിതത്തിന്റെ എല്ലാ തുറകളിലും സ്ത്രീ സാന്നിധ്യമുണ്ട്. പുരുഷനൊപ്പം അല്ലെങ്കിൽ പുരുഷനേക്കാൾ ഒരു പടി മീതെ എല്ലാ കാര്യങ്ങളിലും സ്ത്രീ വിജയക്കൊടി പാറിക്കുന്നുണ്ട്. സ്ത്രീകൾ എത്ര തന്നെ നേടിയാലും അത് അംഗീകരിക്കാൻ പുരുഷമേധാവിത്വമുള്ള സമൂഹങ്ങൾക്ക് പലപ്പോഴും കഴിയാറില്ല. ഇങ്ങനെ ഒരു ദിവസത്തിൽ നമ്മൾ നടത്തുന്ന സിമ്പോസിയങ്ങൾ, കൂട്ടായ്‌മകൾ, ആഘോഷങ്ങൾ എന്നിവയിലൂടെ സ്ത്രീകൾ സമൂഹത്തിനും കുടുംബത്തിനും നൽകുന്ന സേവനങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നു. സ്ത്രീകൾക്ക് നേരിട്ട വലിയ വിവേചനം. വിദ്യാഭ്യാസത്തിലും, ഭക്ഷണത്തിലും, തീരുമാനങ്ങളെടുക്കുന്നതിൽ അവർക്ക് സ്വാതന്ത്ര്യം നിഷേധിച്ചിരുന്നുവെന്നാണ്. ആൺകുട്ടികൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങളും സ്വാതന്ത്ര്യവും പെൺകുട്ടികൾക്ക് നൽകിയിരുന്നില്ല. ഇന്ന് അവസ്ഥക്ക് കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി നിൽക്കുന്നു. പുരോഗതിയുടെ പാതകൾ സ്ത്രീകൾ സ്വയം വെട്ടിതുറക്കണം. അതിലൂടെ അവളുടെ കരുത്ത് പ്രകടമാക്കണം.
നമ്മൾ 2026 ഇൽ എത്തിനിൽക്കുമ്പോഴും കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന വർധിച്ചുവരികയാണ് . നിയമങ്ങൾ ഉണ്ടായിട്ടും വിദ്യാഭ്യാസം നേടിയിട്ടും പെൺകുട്ടികൾ ഭർതൃഗൃഹങ്ങളിൽ കൊല്ലപ്പെടുന്നു. പലപ്പോഴും കേസ് വാദിക്കുന്ന വക്കീലിന്റെ മിടുക്കിൽ പുരുഷന്മാർ രക്ഷപെടുകയും അവർ പുനർ വി വാഹിതരായി അവരുടെ ജീവിതം തുടരുന്നു. പെൺകുട്ടികൾ കരാട്ടെ പോലുള്ള ആയോധനകലകൾ പഠിച്ച് സ്വയം രക്ഷ ഉറപ്പാക്കണമെന്ന അഭിപ്രായം സ്വാഗതാർഹമാണ്. ഒരു മലയാളം പടത്തിൽ ഭർത്താവിനാൽ പീഡി ക്കപെടുന്ന നായിക തന്റെ കരാട്ടെ അഭ്യാസത്താൽ അയാളെ തോൽപ്പിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ശ്വാസതമായ പരിഹാരം നൽകുന്നില്ല. കുടുംബജീവിതം പരസ്പര വിശ്വാസത്തിന്റെ സ്നേഹത്തിന്റെ കെടാവിളക്കാകണം.
നേടുവാൻ വേണ്ടി കൊടുക്കുക (Give to gain) എന്നതാണ് 2026 വനിതാദിനത്തിന്റെ വിഷയം. അതായത് നമ്മൾ ഓരോരുത്തരും കണ്ടെത്തുന്ന സമയം, നമ്മുടെ സ്രോതസ്സുകൾ, നമ്മൾ പരസ്പരം ചെയ്യുന്ന സഹായങ്ങൾ എന്നിവ നമുക്ക് തന്നെ ഒരുമിച്ച് അത് സഹായകമാകുക എന്നതാണ് അത് അർത്ഥമാക്കുന്നത്. നമ്മളുടെ അറിവുകൾ പൊതു നന്മക്കായി സമർപ്പിക്കുമ്പോൾ അതുമൂലം കുറേപേര്ക്ക് അത് സഹായകമാകുന്നു. അതേപോലെ തന്നെ പൊതുവായ പ്രശ്നങ്ങൾ ചർച്ച ചെയ്ത പരിഹാരങ്ങൾ കണ്ടെത്താനും എളുപ്പമാണ് ഒരുമിച്ച് നിന്നാൽ.
2026 ലെ ഈ വനിതാദിനം എല്ലാ സ്ത്രീകൾക്കും പ്രത്യാശയും സഹായകവുമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.