Image

ആത്മവിശ്വാസത്തിന്റെ ചിറകുകളിൽ ഉയരുന്ന വനിതകളുടെ ലോകം (ഡോ. ആനി ലിബു)

Published on 08 March, 2026
ആത്മവിശ്വാസത്തിന്റെ ചിറകുകളിൽ ഉയരുന്ന വനിതകളുടെ ലോകം (ഡോ. ആനി ലിബു)

ലോക വനിതാദിനം (മാർച്ച് 8) വെറും ആഘോഷത്തിന്റെ ദിനമല്ല; ആത്മപരിശോധനയുടെ ദിനംകൂടിയാണ്. സ്ത്രീകളുടെ നേട്ടങ്ങൾക്കൊപ്പം അവർ നേരിട്ടതും നേരിടുന്നതുമായ വെല്ലുവിളികളും ഓർമ്മിക്കേണ്ടതും ഈ ദിവസത്തിൽ പ്രധാനമാണ്. ആത്മവിശ്വാസവും കഴിവും കൈകോർത്തിരിക്കുന്നു എന്നുള്ള പെപ്സികോ സിഇഒ ഇന്ദ്രാ നൂയിയുടെ  വാക്കുകൾ ഏറെ ചിന്തനീയമാണ്. ഒരു സ്ത്രീയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമ്പോൾ, അവളുടെ പരിധികളെയാണ് ചുരുക്കുന്നത് എന്ന് ഓരോരുത്തരും മനസ്സിലാക്കണം. പ്രകൃതിയിൽ എല്ലാത്തിലും അന്തർലീനമായി ഒരു വൈജ്ഞാനിക രഹസ്യമുണ്ട്. ഒരു മരച്ചില്ലയിൽ ഇലകൾ അടുക്കിവച്ചിരിക്കുന്നത് ശ്രദ്ധിച്ചാൽപോലും അത് മനസ്സിലാകും. ഒരില മറ്റൊരിലയ്ക്ക് വളരാനും സൂര്യപ്രകാശം ലഭിക്കാനും തടസ്സമാകാതെയാണ് നിൽക്കുന്നത്.  സഹവാസത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഈ വലിയ പാഠം, നമുക്ക് ചുറ്റുമുള്ള സ്ത്രീ-പുരുഷന്മാരും അറിഞ്ഞിരിക്കണം. കുറ്റപ്പെടുത്തിയും പഴിചാരിയുമല്ല, പരസ്പരം താങ്ങായും തണലായും നിന്നുകൊണ്ട് വേണം നമ്മൾ വളരാൻ. ഒരാളെ ഇകഴ്ത്തുന്നതിലൂടെ ആരും ഉയർന്ന ചരിത്രമില്ല. കൈപിടിച്ച് ഉയർത്തിയവർ സ്ത്രീ ആയാലും പുരുഷനായാലും ബഹുമാനം അർഹിക്കുന്നു. ഭർത്താവ്,മകൻ,സഹപ്രവർത്തകൻ,സുഹൃത്ത് എന്നിങ്ങനെ ഒരു സ്ത്രീയുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവന്ന പുരുഷന്മാരെ വിസ്മരിക്കുന്നില്ല.

കഴിവ് ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടാകാം. എന്നാൽ അതിന് ചിറക് നൽകുന്നത് ആത്മവിശ്വാസമാണ്. ഒരു പെൺകുട്ടിയോട് 'ഇത് നിന്നെക്കൊണ്ട് സാധ്യമല്ല' എന്ന് പറയുന്ന നിമിഷം അവളുടെ സാധ്യതകളെ ചുരുക്കുകയാണ്.  ജീവിതത്തിൽ നമ്മളെ തേടി വരാത്ത അവസരങ്ങൾ നമ്മുടെതല്ല. എന്നാൽ, പടിവാതിൽ വരെ എത്തിച്ചേരുന്ന അവസരങ്ങൾ പോലും ചിലപ്പോൾ പെണ്ണായി പിറന്നു എന്ന ഒറ്റക്കാരണംകൊണ്ട് വഴിമാറിപ്പോകുന്ന ഒട്ടേറെപ്പേരുണ്ട്.

നമ്മുടെ വഴിയിലൂടെ കടന്നുപോകാത്ത അവസരങ്ങളെക്കുറിച്ച് വിഷമിക്കണമെന്ന് ഞാൻ പറയില്ല. ചിലപ്പോൾ അടഞ്ഞ വാതിൽ നമ്മെ കൂടുതൽ വലിയ വാതിലുകളിലേക്ക് നയിക്കും. ബഹുമാനവും, സമത്വവും, മികച്ച അവസരങ്ങളും ഓരോ സ്ത്രീയും അർഹിക്കുന്നുണ്ട്.

സ്ത്രീകൾക്ക് പലപ്പോഴും അനാവശ്യ ഉപദേശങ്ങൾ ലഭിക്കാറുണ്ട് — എന്ത് പഠിക്കണം, എവിടെ ജോലി ചെയ്യണം, എങ്ങനെ ജീവിക്കണം എന്നൊക്കെയായി. എന്നാൽ മറ്റുള്ളവർ  ജീവിതപാത നടന്നിട്ടുള്ള ഏക വ്യക്തി നമ്മളാണെന്ന് മറക്കരുത്. അവനവന് ഏറ്റവും നല്ലതെന്തെന്ന് തിരിച്ചറിയേണ്ടത് നമ്മൾ തന്നെയാണ്. 
നമ്മുടെ സ്വപ്നങ്ങളും, നമ്മുടെ പോരാട്ടങ്ങളും, നമ്മുടെ യാത്രയും നമ്മുടേതാണ്. തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും അതിന്റെ ഉത്തരവാദിത്വവും നമ്മുടേതാണ്. മറ്റുള്ളവരുടെ ഭയങ്ങളും സംശയങ്ങളും നമ്മുടെ ഭാവിയെ നിർണ്ണയിക്കരുത്.


സ്ത്രീശാക്തീകരണം വെറും ആശംസകളിലൂടെ സാദ്ധ്യമല്ല.
വിദ്യാഭ്യാസത്തിൽ തുല്യാവകാശം ഉറപ്പാക്കിക്കൊണ്ടും ജോലിസ്ഥലങ്ങളിൽ സമത്വം നേടിക്കൊണ്ടും നേതൃസ്ഥാനങ്ങൾ എത്തിപ്പിടിച്ചും സംരംഭകത്വത്തിന് തിരികൊളുത്തിയും എത്രയോ സ്ത്രീകൾ പരിശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് നമ്മൾ കൈവരിച്ചുകൊണ്ടിരിക്കുന്ന  ഓരോ നേട്ടവും. ഇവയെല്ലാം സമൂഹത്തിന്റെ പ്രവർത്തനപരമായ ഉത്തരവാദിത്വമാണ്. സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുക എന്നത് അവരെ മാത്രം ശക്തിപ്പെടുത്തുന്ന ഒന്നല്ല; ഒരു തലമുറയെ തന്നെ ശക്തിപ്പെടുത്തുന്നതാണ്.
ഇന്നത്തെ പെൺകുട്ടികൾക്ക് നാം നൽകേണ്ട ഏറ്റവും വലിയ സമ്മാനം ആത്മവിശ്വാസമാണ്. പരാജയം വന്നാലും അതിനെ ഒരു പാഠമായി കാണാനുള്ള മനസ്സ് വളർത്തിക്കൊടുക്കണം. സ്വപ്നങ്ങൾ കാണാനും അവ നേടാനും ധൈര്യം നൽകണം.ഒരു സ്ത്രീ തന്റെ കഴിവിൽ വിശ്വസിക്കുമ്പോൾ, അവൾക്ക് പരിധികളില്ല. അവളുടെ ആത്മവിശ്വാസമാണ് അവളുടെ യഥാർത്ഥ ശക്തി.
ഈ വനിതാദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം —
സ്ത്രീകളുടെ ആത്മവിശ്വാസം തകർക്കുന്ന വാക്കുകളല്ല, അവരെ ഉയർത്തുന്ന പ്രചോദനവാക്കുകളാണ് പറയേണ്ടത്.അവസരങ്ങൾ വരാത്തതിനെക്കുറിച്ച് വിഷമിക്കാതെ, വരാനിരിക്കുന്ന മികച്ച അവസരങ്ങൾക്ക് തയ്യാറെടുക്കാം.അനാവശ്യ ഉപദേശങ്ങൾക്കുപകരം സ്വന്തം ഹൃദയത്തിന്റെ ശബ്ദം കേൾക്കാം. കാരണം, ആത്മവിശ്വാസം കൈവിടാത്ത സ്ത്രീകൾ ലോകത്തെ മാറ്റിമറിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക