Image

നാൻസി ഗ്രെവാളിന്റെ കൊലപാതകം: ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ അപലപിച്ചു

Published on 07 March, 2026
നാൻസി ഗ്രെവാളിന്റെ കൊലപാതകം: ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ അപലപിച്ചു

ഓട്ടവ: ഖലിസ്ഥാൻ പ്രസ്ഥാനത്തിൻ്റെ കടുത്ത വിമർശകയായ നാൻസി ഗ്രെവാളിന്റെ കൊലപാതകത്തിൽ ശക്തമായി അപലപിച്ച് ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ (എച്ച്‌സിഎഫ്). മാർച്ച് 3-ന് ഒൻ്റാരിയോ വിൻസർ-എസെക്സ് മേഖലയിലെ ലാസാലെയിലാണ് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ നാൻസി ഗ്രെവാൾ കുത്തേറ്റു മരിച്ചത്. ലാസാലെ പൊലീസ് ഈ സംഭവത്തെ കൊലപാതകമായി കണക്കാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, ഇതൊരു ഒറ്റപ്പെട്ട സംഭവമായാണ് നിലവിൽ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

എന്നാൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ച എച്ച്‌സിഎഫ്, കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകൾക്ക് ഈ കൃത്യത്തിൽ പങ്കുണ്ടാകാമെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഇത്തരം ശൃംഖലകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ സംവിധാനങ്ങളിലും മാധ്യമങ്ങളിലും സ്വാധീനമുറപ്പിച്ച ഈ തീവ്രവാദ ശൃംഖലകൾ കനേഡിയൻ പൗരന്മാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും, ഇതൊരു മുന്നറിയിപ്പായി കണ്ട് ഉടൻ നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം തനിക്ക് വധഭീഷണിയുണ്ടെന്ന് നാൻസി നേരത്തെ പരാതി നൽകിയിരുന്നു. നാൻസിയുടെ മരണം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് സഹോദരി അലീഷ ആരോപിച്ചു. ഖലിസ്ഥാൻ വിഘടനവാദികൾക്കെതിരെയും രാഷ്ട്രീയ-മത നേതാക്കൾക്കെതിരെയും നാൻസി തൻ്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം പ്രതികരിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാകാം കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക