Image

ആത്മരഹസ്യം - മിനി ആന്റണിയുടെ നോവൽ ആരംഭിക്കുന്നു

Published on 07 March, 2026
ആത്മരഹസ്യം - മിനി ആന്റണിയുടെ നോവൽ ആരംഭിക്കുന്നു

അത്തിക്കാവ്.

എപ്പോഴും മനസ്സിലുള്ളതും എന്നാൽ മനപ്പൂർവ്വം ഓർക്കാതിരിക്കാൻ ശ്രമിക്കുന്നതുമായ ഒരു സ്ഥലത്തിൻ്റെ പേരാണിത്.

മൂന്നതിരിലായി മൂന്നമ്പലങ്ങൾ. നാലാമത്തെ അതിരിൽ സെൻ്റ് മേരീസ് ചർച്ച്.. നൻമയുള്ള കുറേ സാധാരണ മനുഷ്യർ. പിന്നെ എപ്പോഴും വീശിയടിക്കുന്ന പാലപ്പൂമണമുള്ള കാറ്റ്. കാച്ചിക്കുറുക്കി പറഞ്ഞാൽ ഇതാണ് അത്തിക്കാവ് . എനിക്കേറ്റവും പ്രിയപ്പെട്ട ചിലർ ജീവിക്കുന്ന നാട്.

എന്നിട്ടുമെന്തിനാണ് മനപ്പൂർവ്വം ഓർക്കാതിരിക്കാൻ ശ്രമിക്കുന്നത് എന്നൊരു ചോദ്യമവിടെയുണ്ട്. പ്രണയനൈരാശ്യമെന്ന  ഒട്ടും പുതുമയില്ലാത്തൊരു ഉത്തരമാണ് തരാനുള്ളത്. പക്ഷേ, എൻ്റെ കാര്യത്തിൽ  ഒരു പുതുമയുണ്ട്.  മറ്റാർക്കുമുണ്ടായിട്ടില്ലാത്ത, ഇനിയാർക്കുമുണ്ടാകാൻ സാധ്യതയില്ലാത്തൊരു പുതുമ.

“ Love is so short, forgetting is so long “  നെരൂദയുടെ വരികളാണ്. എത്ര കൃത്യമായാണ് കവി പ്രണയത്തെ നിർവചിച്ചിരിക്കുന്നത്.

അങ്ങേയറ്റം സന്തോഷിപ്പിക്കാനും  അതിനേക്കാളധികം  വേദനിപ്പിക്കാനും പ്രണയത്തിന് മാത്രമേ കഴിയൂ എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത്തരം ചില  പ്രസ്താവനകളുടെ ആഴമറിയാൻ അതനഭുവിച്ചറിയണം.    പ്രണയനഷ്ടമുണ്ടാക്കുന്ന നീറ്റൽ അസഹനീയമാണ്.  നമ്മുടേതല്ലാത്തതും നമ്മളുൾപ്പെടുന്നതുമായ ചില കാരണങ്ങളാൽ  എന്നാൽ നമ്മളറിയാതെ ഒരൊറ്റ ദിവസം കൊണ്ട്  പ്രണയം കൈക്കുമ്പിളിൽ നിന്നടർന്നു വീഴുന്നു.

ശരിക്കും പ്രണയനഷ്ടമല്ല പ്രണയത്തിന് തിരശ്ശീലയിടേണ്ടി വന്ന അവസ്ഥയോർത്താണ് മനസ്സിപ്പോഴും നീറിപ്പിടയുന്നത്.  ആ അവസ്ഥയാലാണ് എൻ്റെ പ്രണയം വ്യത്യസ്തമാവുന്നത്.   ആ വ്യത്യസ്തയുൾക്കൊള്ളാൻ പാകപ്പെടാത്തതിനാലാണ്  അത്തിക്കാവിൽ നിന്ന് ദൂരേക്കോടിയകലാൻ എപ്പോഴും  ശ്രമിച്ചുകൊണ്ടേയിരുന്നത്.

യാദൃശ്ചികതയെന്നോ വിധിയെന്നോ  കാലത്തിൻ്റെ  തീരുമാനമെന്നോ  എങ്ങനെ ചിന്തിക്കണമെന്നറിയില്ല..  ഒടുവിൽ ഇലക്ഷൻഡ്യൂട്ടിയുടെ പേരിൽ  ഞാൻ വീണ്ടും അത്തിക്കാവിലെത്തിയിരിക്കുന്നു

പാലപ്പൂമണവുമായെത്തിയ കാറ്റ് അത്തിക്കാവെത്തിയെന്നോർമ്മിപ്പിച്ചപ്പോൾ മുതൽ ഒരോന്നോർത്ത് കണ്ണടച്ചിരിക്കുകയായിരുന്നു. തറവാട്.  തറവാട്ടിലേക്ക് കയറുന്ന വീതിയുള്ള ഒതുക്കുകല്ലുകൾ.  അവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ട് നടന്നാലെത്തുന്ന സ്വന്തം വീട്.  വീട്ടിലേക്ക് പോകുന്ന  നിഴൽ ചിത്രങ്ങളുള്ള ഇടവഴി.  മുകളിലെ കനാൽ.  കനാൽ മണ്ടയിലെ സ്നേഹപ്പുല്ലുകൾ.  

കാറിലപ്പോൾ പാലപ്പൂമണത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു. കൂടെയുള്ള സ്ത്രീ സുഹൃത്തുക്കൾ “ എന്തൊരു കുത്തുന്ന മണം. എന്തിൻ്റെയാണോ “ എന്ന് മൂക്ക് ചുളിച്ചു. “പാലപ്പൂവിൻ്റെ മണമാണ്. യക്ഷികളും ഗന്ധർവ്വൻമാരും ഉള്ള നാടാണെന്നാ തോന്നുന്നെ “ എന്ന് മുൻവശത്തിരുന്നവരിലാരോ തമാശ പറഞ്ഞു. ‘ഞാൻ ഗന്ധർവ്വനും’  ‘ഭാർഗ്ഗവീനിലയവും’ മറ്റു പല സിനിമകളും ചർച്ചയിൽ കടന്നുവന്നു.  പലരും അവർക്കറിയാവുന്ന പഴങ്കഥകളും കേട്ടറിവുകളും  പറഞ്ഞ്  അത്തിക്കാവിനെ യക്ഷിക്കാവാക്കി മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ ആരോ വിളിച്ചു പറഞ്ഞു.

“ദാ നിക്കുന്നു..... ഒരു പാലമരം.  വെറുതെയല്ല ഇത്ര മണം. “ വണ്ടി സ്ലോവിടുന്നതറിഞ്ഞു.  ആശ്ചര്യപ്രകടനശബ്ദങ്ങളേക്കാളുച്ചത്തിൽ ഹൃദയം മിടിക്കുന്നതറിഞ്ഞു. പൂത്തു നിൽക്കുന്ന ഏഴിലംപാലയും  അവിടുന്ന്  വലത്തോട്ടുള്ള വഴിയിലെ തറവാടും  മനസ്സിൽ തെളിഞ്ഞു.  നോക്കാൻ മനസ്സാഗ്രഹിച്ചു. പക്ഷേ, നോക്കിയില്ല. കണ്ണുകളിറുക്കിയടച്ചിരുന്നു.  

“ഇനിയൊരു അമ്പത് മീറ്ററിനപ്പുറം അത്തിക്കാവ് ജങ്ങ്ഷനാണ്. “ ഗൂഗിൾ മാപ്പ് നോക്കി  വഴി നോക്കിക്കൊണ്ടിരുന്നയാൾ ഓർമ്മിപ്പിച്ചു.

(തുടരും..)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക