
ആദ്യമായി ഒരു ലിസ്റ്റ് എഴുതിവെക്കാനായി ആഗ്രഹിച്ച നിമിഷമായിരുന്നു അത്.
സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വസ്തുക്കളുടെയും ആഗ്രഹങ്ങളുടെയും ലിസ്റ്റ്!
ആഗ്രഹം നമ്പർ വൺ.
1. കുട്ടികളെ സ്നേഹിക്കുന്ന ടീച്ചറെ വേണം!
കൂട്ടുകാരി ഉറങ്ങിവീണതിന് അടി വാങ്ങുന്ന സുഹൃത്ത് ചരിത്രത്തിലെ ആദ്യ സംഭവമാണ്.
പക്ഷെ കാർത്തിക ശേഷവും ചിരിച്ചു.
ഞാനായിരുന്നു കരഞ്ഞത്.
അവളുടെ കൈവെള്ള പഴുത്തു കിടന്നു.
സ്കൂൾ വിട്ടു ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു.
"അടി കിട്ടിയത് നീ വീട്ടിൽ പറയുമോ?"
"ആര് ചോദിക്കാനാ റുബി... അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുമ്പോൾ കുറേ സമയം ആകും. ഇതൊക്കെ ആരറിയാൻ "
" അപ്പൊ അവർ കൈ നോക്കുകയില്ലേ? "
" വൈകുന്നേരം വീട്ടിൽ പോയാൽ വീട് അടിച്ചു വാരണം. തുണി അലക്കണം. ആടിനെ കറക്കണം. കുളിച്ചു നാമം ജപിച്ചു കഴിയുമ്പോൾ അമ്മ എന്തെങ്കിലും ആഹാരം ഉണ്ടാക്കും. കഴിക്കും. പഠിക്കും. ഉറങ്ങും."
അവൾ ചെയ്യുന്ന ജോലികൾ കേട്ട് ഞാൻ അന്തം വിട്ടിരുന്നു.
എനിക്കാകെ ബസ്സിലെ ഇടി കൊണ്ടാൽ മതി.
വീട്ടിൽ പോയാൽ ഇത്തരം ജോലികൾ ഒന്നുമില്ല.
ഞാൻ വീണ്ടും നിസ്സഹായായി.
ബസ് സ്റ്റോപ്പിൽ ഒരു കട ചൂണ്ടി കാർത്തിക പറഞ്ഞു.
"ടീ... നമുക്കിവിടെ നോക്കീട്ട് പോകാം"
"എന്തിന്...."
"വാ.... നോക്കാം..."
ബസ് വരാൻ സമയം ഉള്ളതിനാൽ ഞാൻ സമ്മതിച്ചു.
അതിമനോഹരമായ പാവകൾ നിറഞ്ഞിരിക്കുന്ന കട കണ്ടു ഞങ്ങൾ വിസ്മയിച്ചുപോയി.
ഏതെടുക്കണം ഏതു തൊടണം ആദ്യം എന്നറിയാതെ
അയ്യോ ഇതു നോക്ക്....
യ്യൊ ഇവിടെ വാ ഇതു നോക്ക്....
ഹായ് ഈ കണ്ണ് കണ്ടോ....
അമ്പോ എന്തൊരു ഭംഗി....
എന്തു സോഫ്റ്റായ മുടി....
എന്നെല്ലാം
അത്ഭുതപ്പെട്ടും തൊട്ടും തലോടിയും കടയ്ക്കുള്ളിൽ ഞങ്ങൾ ഓടിനടന്നു.
നീലക്കണ്ണുകൾ മിന്നിക്കുന്ന ഇടയ്ക്കിടെ തലയാട്ടുന്ന സിൽക്ക് ഉടുപ്പിട്ട പാവയെ എനിക്കു ഒത്തിരിയൊത്തിരി ഇഷ്ടമായി.
"എന്താ വില?"
"അമ്പത് രൂപ."
അയാൾ വില പറഞ്ഞപ്പോൾ എന്റെ കണ്ണിലെ ആഗ്രഹം കെട്ടു.
സുഗമ പരീക്ഷയുടെ സ്കോളർഷിപ് ആകെ 30 രൂപയെ ഉള്ളൂ. അതും എല്ലാ മാസവും കിട്ടുകയില്ല.
കാർത്തികയുടെ പൈസയും എന്റെ പൈസയും കൂട്ടിയാലും ഒപ്പിക്കാൻ കഴിയില്ല.
പാവ വാങ്ങി വീട്ടിൽ ചെന്നാൽ ഉമ്മയും ദബയും വെച്ചേക്കില്ല.
മനസ്സില്ലാ മനസ്സോടെ ഞാൻ പാവ തിരികെ വെച്ചു.
പക്ഷെ ആ പാവയുടെ അഴക് മോഹിപ്പിച്ചു കൊണ്ടേയിരുന്നു.
അന്ന് രാത്രി പുസ്തകം നിവർത്തി അതിൽ രണ്ടാമത്തെ ആഗ്രഹം എഴുതി.
2. നീലക്കണ്ണുള്ള മിന്നുന്ന പാവ.
കുറേനാൾ ആ കടയുടെ മുന്നിൽ പാവയെയും നോക്കി നിന്ന നിൽപ് ഇന്നോർക്കുമ്പോഴും മനസ്സിൽ വിങ്ങലാണ്.
"എനിക്കിനി ബസിൽ ഇടി കൊള്ളാൻ വയ്യ. ഞാൻ ദബയുടെ അടുത്തേക്ക് പോകുകയാണ്. നാളെ ഇവിടുന്നു പോയാൽ ഞാൻ ഇങ്ങോട്ട് വരികയില്ല."
ഞാൻ ഒരു രാത്രിയിൽ ഉമ്മയോട് പറഞ്ഞു.
ബസ്സിലെ ഉന്തും തള്ളും അലച്ചിലും കാരണം ഞാൻ വല്ലാതെ മടുത്തിരുന്നു. വർഷങ്ങൾ രണ്ടോ മൂന്നോ ആയി ഈ പൊല്ലാപ്പ് പിടിച്ച യാത്രകൾ തുടങ്ങിയിട്ട്.
"നീ ഉപ്പ വന്നാൽ പറ. സ്കൂളിൽ പോകാനും മദ്രസയിൽ പോകാനും നേരം വൈകുന്നു എന്നു പറഞ്ഞാൽ മതി" ഉമ്മ സമാധാനിപ്പിച്ചു.
ഉപ്പ വന്നപ്പോൾ ഞാൻ പറഞ്ഞു.
"വേണ്ട. ഇവിടെ നിന്നും പോകാൻ പറ്റിമെങ്കിൽ പോയാൽ മതി. അല്ലെങ്കിൽ സ്കൂളിലും മദ്രസയിലും പോകേണ്ട " ഉപ്പയുടെ ഉഗ്രശാസനം.
"എനിക്ക് പഠിക്കണം" ഞാൻ ഒച്ചയിട്ടു.
"അതാണ് പറഞ്ഞത്. ഇതിലും ദൂരെ കുട്ടികൾ പോയി പഠിക്കുന്നുണ്ട്. നിനക്കെന്താ പ്രത്യേകത? "
എനിക്കെന്താണ് പ്രത്യേകത? കഷ്ടപ്പെടാൻ നിനക്ക് മനസ്സില്ലേ? കഷ്ടപ്പെടാൻ മറ്റുള്ളവർക്കുള്ളത് പോലെ നിനക്കൊരു ശരീരവും ഉണ്ടല്ലോ...
"രണ്ടു ബസ്സ് കേറി പോണം. വൈകിട്ട് ബസിൽ ഇടികൂടണം. നിൽക്കാൻകൂടി ഇടമില്ല" ഞാൻ വാശിയോട് പറഞ്ഞു.
"അങ്ങനെ കഷ്ടപ്പെട്ടാണ് എല്ലാരും പഠിച്ചത്. ഫ്ലൈറ്റ് കൊണ്ടുവരാനൊന്നും പറ്റില്ല" ഉപ്പ ദേഷ്യത്തോടെ പറഞ്ഞു.
"ഉപ്പ ബസിൽ പോയി പഠിച്ചിട്ടുണ്ടോ. തിരക്കിൽ ഇടി കിട്ടിയിട്ടുണ്ടോ. ഉപ്പാക്ക് പോകാൻ ഫ്ലൈറ്റ് ഉണ്ടായിരുന്നോ...?"
എട്ടാം ക്‌ളാസിൽ പഠിക്കുന്ന തന്റെ മകളുടെ വർത്തമാനം ആ പിതാവിന് സഹിച്ചില്ല. കൈയിൽ കിട്ടിയ വടിയെടുത്തു അദ്ദേഹം മകളെ പൊതിരെ തല്ലി.
കൂട്ടത്തിൽ ആക്രോശിച്ചു.
"വളർത്തി നാശമാക്കി വെച്ചിരിക്കുവാ... പെൺകുട്ടികളെ ഇങ്ങനെയാണോ വളർത്തുക? വലുതാകും തോറും വളഞ്ഞാണു വരുന്നത്. നീയിനി പഠിക്കേണ്ട. പഠിച്ചു പണിക്കരായി നീ ആരുടേം ഭാവി പറയേണ്ട. ഇവിടെനിന്നും പുറത്തിറങ്ങി പോകരുത്."
ഞാൻ വീണ്ടും നിരാശയുടെ പടുകുഴിയിൽ വീണു.
എങ്ങനെയാണു രക്ഷപ്പെടുക?
ഉപ്പയുടെ വീട്ടിലും ഉമ്മ ഒരു കൊച്ചു റേഡിയോ വെച്ചിട്ടുണ്ട്.
റേഡിയോയിൽനിന്നും ഒഴുകിവരുന്ന ചലച്ചിത്രഗാനങ്ങളും വരികളുമാണ് എന്നെ സ്വപ്നം കാണാനും അവഗണനകളിൽനിന്നും തലയൂരാനും യഥാർത്ഥത്തിൽ പ്രാപ്തമാക്കിയത്.
അക്ഷരങ്ങൾ വായിക്കും മുൻപേ സ്വരങ്ങൾ നമ്മളിലേക്ക് ഒഴുകി വരികയാണല്ലോ ആരംഭത്തിൽ.
ഒരു നോട്ടുപുസ്തകത്തിൽ എനിക്കിഷ്ടമുള്ള വരികൾ എഴുതിയെഴുതി നിറയ്ക്കാൻ തുടങ്ങി. പല വരികളും മനസ്സിൽ ഒരു നെയ്ത്തിരി കത്തിച്ചുവെച്ചതു പോലെയായിരുന്നു.
പാട്ടുകൾ മനുഷ്യന്റെ മനസ്സിനെ കീഴടക്കുന്നത് അത്യപൂർവമായൊരു രീതിയിലാണ്. ഏതു ഗഹനമായ അടുക്കുകളെയാണ് മൃദുവായി ഗാനങ്ങൾ തൊടുന്നതെന്ന് ഇന്നും മനസ്സിലായിട്ടില്ല. പാടുന്നവരും വരികൾ എഴുതുന്നവരും സംഗീതം നൽകുന്നവരും ഒരിക്കലും അവർ ചെയ്യുന്ന മഹത്തായ കാര്യങ്ങൾ അറിയുന്നേയില്ല. അവർ എഴുതുന്നു. പാടിക്കുന്നു. നമ്മൾ കേൾക്കുന്നു.
ഗൃഹതുരത്വം നിറഞ്ഞ എത്രയോ പാട്ടുകൾ!
നമ്മെ വിരഹത്തിൽ ആറാടിക്കുന്ന
പ്രണയത്തിൽ നീന്തി തുടിപ്പിക്കുന്ന
സന്തോഷത്തിൽ തുള്ളിച്ചാടിക്കുന്ന എത്രയോ എത്രയോ ഗാനങ്ങൾ!
ഏതൊരു മനുഷ്യനോടും ചോദിച്ചു നോക്കൂ.
പൂട്ടിവെച്ച സ്നേഹത്തെയും മൃദുലതയെയും തൊടുന്ന ഒരായിരം പാട്ടുകൾ അവരുടെ ശേഖരത്തിൽ ഉണ്ടാകും.
വാനത്തിലൂടെ പറക്കുന്ന കുതിരയുടെ മുകളിലിരുന്നു പറന്നു പറന്നു പോകുന്ന രാജകുമാരിയാണ് ഞാൻ.
വെളുത്ത ഉടുപ്പും സ്വർണ്ണ തലമുടിയും സ്ഫടികം പോലുള്ള ഷൂവും തലയിൽ വട്ടത്തിൽ രത്നം പതിച്ച കിരീടവും! കുതിരയുടെ ചലനം നിയന്ത്രിക്കുന്ന കടിഞ്ഞാൺ എന്റെ കയ്യിലാണ്. അവന്റെ വലതുവശത്തെ സ്റ്റിറപ്പ് എന്റെ കാല് കൊണ്ടാണ് ഞാൻ നിയന്ത്രിക്കുന്നത്.
എന്തൊരു രസമാണ്!
Princess of Heaven!!!
രാത്രി കേൾക്കുന്ന ചലച്ചിത്രഗാനങ്ങൾ മാസ്മരികമായ ഗന്ധർവലോകം എന്റെ മുന്നിൽ മലർക്കേ തുറന്നിട്ടു.
ആദ്യം എഴുതിവെച്ച വരികൾ ഇതായിരുന്നു.
"ദേവീ... നിൻ ചിരിയിൽ
കുളിരോ പാലൊളിയോ...
അനുദിനമനുദിനം എന്നിൽ നിറയും
ആരാധനമധുരാഗം നീ..."
അനുരാഗത്തിന്റെ കൊടുമുടിയിൽ...കാമുകിയുടെ ചിരിയിൽ... അമ്മയെയും ഭാര്യയെയും കാണുന്ന പ്രണയവും സ്നേഹവും ത്യാഗവും നടനമാടി.
പാട്ടിന്റെ ഇന്ദ്രജാലം!!
പി സുശീല തന്റെ മാന്ത്രിക സ്വരത്താൽ വിസ്മയിപ്പിച്ച പാട്ടായിരുന്നു അടുത്തത്.
"അറിയുന്നില്ല ഭവാൻ അറിയുന്നില്ല
അനുദിനമനുദിനം
ആത്മാവിൽ നടക്കുമെൻ അനുരാഗ പൂജ ഭവാൻ അറിയുന്നില്ല...
കേട്ടുമില്ല ഭവാൻ കേട്ടുമില്ല
ആരാധനയുടെ മണിക്കിലുക്കം..."
സുശീലയുടെ പാട്ടുകൾ എന്നെ വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയും മാതുവും ഇളവന്നൂർ മഠത്തിലെ ഇണക്കുയിലുമെല്ലാമാക്കി നിമിഷംപ്രതി മാറ്റിക്കൊണ്ടിരുന്നു.
"ഇലഞ്ഞി പൂമണം ഒഴുകിവരുന്നു....
ഇന്ദ്രിയങ്ങളിൽ അതു പടരുന്നു....
പകൽക്കിനാവിൻ പനിന്നീർ മഴയിൽ
പണ്ട് നിൻ മുഖം പകർന്ന ഗന്ധം.... "
യേശുദാസിന്റെ മാസ്മരിക ശബ്ദത്തിൽ ഏറി ഏതു ഗന്ധർവ്വലോകത്തേക്കും പറന്നുയരാൻ ഞാൻ തയ്യാറായി. ഈ പാട്ട് ഒഴുകി വരുമ്പോൾ ഇലഞ്ഞിപ്പൂവിന്റെ പ്രണയം മൂക്കിലേക്ക് അടിച്ചു കയറി ഞാൻ അനുരാഗവിവശയായി.
എത്രയോ ഹിറ്റ് ഗാനങ്ങൾ സുശീല അനശ്വരമാക്കി! അന്ന് പക്ഷെ വരികളുടെ അർത്ഥം മുഴുവനായി അറിയില്ലായിരുന്നു. അർത്ഥം എന്തിനറിയുന്നു? സംഗീതവും വരികളും സ്വരവും! ഒരു രക്ഷയുമില്ലാത്ത പാട്ടുകൾ!
"എന്നുമെന്നും ഒന്നുചേരാൻ
എൻ ഹൃദയം തപസ്സിരുന്നു
ഏകാന്ത സന്ധ്യകളിൽ നിന്നെയോർത്തു ഞാൻ കരഞ്ഞു...."
ഈ വരികളിൽ എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
'അമ്മയെക്കാണാൻ' എന്ന സിനിമയിൽ എസ് ജാനകി പാടിയ പാട്ടായിരുന്നു അടുത്ത ഹിറ്റ്.
"കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇന്നെന്നെക്കണ്ടാലെന്തു തോന്നും
കിങ്ങിണിപ്പൂവേ...
കരളിലോരായിരം തങ്കക്കിനാവുകൾ കരുതിയിട്ടുണ്ടെന്നു തോന്നുമോ.... തോന്നുമോ...
ഓടുന്ന കണ്ണുകള്‍ ഒറ്റയൊരാളിനെ
തേടുകയാണെന്ന് തോന്നുമോ തോന്നുമോ...
പൂക്കൂട നിറച്ചത് പൂമാരനെത്തുമ്പോള്‍
പൂജിയ്ക്കാനാണെന്ന് തോന്നുമോ..."
ഇതിലും മേലേയും എഴുതി പുസ്തകം അടച്ചു ഭദ്രമായി പെട്ടിയിൽ പൂട്ടി വെച്ചു.
പാട്ടെഴുത്തും പാട്ട് കേട്ടെഴുത്തും ഒരു ലഹരിയായി എന്നെ അധിനിവേശപ്പെടുത്തി.
അങ്ങനെയിരിക്കെയാണ് ഉപ്പയുടെ കുടുംബത്തിലെ ഒരു ബന്ധു ഗൾഫിൽനിന്നും നാട്ടിലെത്തി നാട്ടിൽ ചെറിയ കച്ചവടം തുടങ്ങുന്നത്. അദ്ദേഹം വീട്ടിൽ നിത്യസന്ദർശകനാ യി മാറി.
ഒരു ദിവസം നോട്ടുപുസ്തകം പുറത്തെവിടെയോ വെച്ചു ഞാൻ സ്കൂളിൽ പോയി.
തിരികെ വന്നപ്പോൾ വീട്ടിൽ ആകെ അസ്വസ്ഥമായ അന്തരീക്ഷം.
ആരും ഒന്നും മിണ്ടുന്നില്ല.
ഈ ബന്ധുവിന്റെ കൈയിൽ എന്റെ നോട്ടു പുസ്തകം ഇരിക്കുന്നു. അതിലെനിക്കു അസ്വാഭാവികത ഒന്നും തോന്നിയതുമില്ല.
പക്ഷെ സംഗതി വളരെ ഗൗരവമുള്ളതായിരുന്നു.
ഞാൻ ആർക്കുവേണ്ടി എഴുതിവെച്ചതാണ് ഈ വരികളെന്നു അവർക്കറിയണം.
ബന്ധുവായ ഇക്ക ഒരുവരി വായിച്ചു.
"പൂക്കൂട നിറച്ചത് പൂമാരൻ എത്തുമ്പോൾ പൂജിക്കാൻ.... ആണോ...
ആണെന്ന് തോന്നുമോ..."
"ആരാടീ നിന്റെ പൂമാരൻ?
എനിക്കു ചിരിയാണ് വന്നത്. ആ ചിരി ആർക്കും ഇഷ്ട്ടപ്പെട്ടുമില്ല.
"ഏഹ്....ഇത് സിനിമാപ്പാട്ടല്ലേ...?" ചിരിയോടെ ഞാൻ നെറ്റി ചുളിച്ചു.
"വേറെ ആയിരക്കണക്കിന് പാട്ടുകൾ ഉണ്ടല്ലൊ... അതൊന്നും നീ എഴുതിയില്ലല്ലോ...."
"ഇല്ല. എനിക്കിഷ്ടമുള്ളതല്ലേ ഞാൻ എഴുതുക."
നിസ്സംഗമായ എന്റെ മറുപടി ഇക്കയെയും ഉപ്പയെയും ചൊടിപ്പിച്ചു.
"അതേയ്.. മാമ ഇവളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല. മുട്ടയിൽ നിന്നും വിരിഞ്ഞില്ല. അപ്പോഴേക്ക് സിനിമയും വേണ്ടാത്ത വരികളും ചിന്തകളും ആണ്."
അന്ന് ഞാൻ ഒൻപതാം ക്ലാസിൽ എത്തിയിട്ടുണ്ട്.
"നിങ്ങൾ പാട്ടുകൾ കേൾക്കാത്തതിന് എനിക്കാണോ കുറ്റം? എന്റെ പുസ്തകം ഇങ്ങ് താ... " ഞാൻ കൈ നീട്ടി.
എന്റെ വീട്ടിൽ എപ്പോഴെങ്കിലും കേറിവന്നു എന്റെയോ വീട്ടുകാരുടെയോ കാര്യങ്ങളിൽ വാചകമടിച്ചു രസിക്കുന്ന, തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന ഒരു ബന്ധുവിനെയും ഒരു സുഹൃത്തുക്കളെയും എനിക്കന്നും ഇഷ്ടമില്ലായിരുന്നു.
ഇത്തരക്കാരെ എനിക്കന്നും ഇന്നും കണ്ണെടുത്താൽ കണ്ടുകൂടാ.
"എന്റെ പുസ്തകം താ..." ഞാൻ വീണ്ടും കൈ നീട്ടി.
"ഇല്ല. ഇത് ഞാൻ കത്തിക്കും." ഇക്ക പറഞ്ഞു.
ഞാൻ ഉപ്പയെ നോക്കി. ഉപ്പ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.
"ഈ പുസ്തകം ഇപ്പോ എനിക്കു വാങ്ങി തന്നില്ലെങ്കിൽ ഈ വീട് ഞാൻ കത്തിക്കും " ഞാൻ ഉപ്പയെ നോക്കി മുരണ്ടു.
ഉപ്പ എന്നെ സൂക്ഷിച്ചു നോക്കി. എന്റെ കണ്ണുകളിലെ തീ കണ്ടിട്ട്
ആ രംഗം നിസ്സാരമായി വിടുകയില്ലെന്നു ഉപ്പയ്ക്ക് മനസ്സിലായിട്ടുണ്ട്.
ഉമ്മ അപ്പോഴാണ് കടന്നു വന്നത്.
"അവൾ രണ്ടു കൊല്ലമായി എഴുതുന്ന ബുക്കാണത്. അതവൾക്ക് കൊടുത്തേക്ക്..."
ഉമ്മയുടെ ഉത്തരവിൽ പുസ്തകം എന്റെ നേർക്ക് എറിഞ്ഞുകൊണ്ടു ബന്ധു അവിടെനിന്നും ഇറങ്ങിപ്പോയി.
ഒരു പാട്ട് പോലും മര്യാദക്ക് ആസ്വദിക്കാൻ അറിയാത്ത ഈ "കൺട്രീസിന്റെ" കൂടെ ജീവിക്കുകയില്ലെന്നു ശപഥം ചെയ്തു പിറ്റേന്ന് പുലർച്ചെ വന്ന ആദ്യബസ്സിൽ കയറി ഞാൻ ഒളിച്ചോടി!
ആദ്യത്തെ ശപഥം!
ആദ്യത്തെ ഒളിച്ചോട്ടം!
ടിക്കറ്റ് എടുക്കാൻ കൈയിൽ കാശില്ല എന്നത് ബസിൽ കേറിക്കഴിഞ്ഞാണ് മനസ്സിലായത്.
കണ്ടക്ടർ കാശിനുവേണ്ടി അടുത്തു വന്നപ്പോൾ ഞാൻ വേറെങ്ങോ നോക്കീട്ട് പറഞ്ഞു.
"ഉമ്മ തരും. ഉമ്മാടേന്നു വാങ്ങിച്ചോ..."
ആ വിധം പിണക്കങ്ങളും ഇണക്കങ്ങളും തുടർന്നു. എന്റെ സ്കൂൾ കാലവും പ്രീ ഡിഗ്രി കാലവും കഴിഞ്ഞുപോയി.
പണ്ട് കണ്ടുമോഹിച്ച പാവക്കുട്ടിയെ പിന്നീട് ജീവിതത്തിന്റെ ഓരോ ഷോപ്പിംഗ് മാളുകളിലും കണ്ടിട്ടുണ്ട്. കൂടുതൽ മനോഹരമായവ.
പക്ഷെ ഇന്നലെ കിട്ടേണ്ട ആ പാവയുടെ സൗന്ദര്യം പിന്നീട് കണ്ട മറ്റൊരു പാവയിലും കണ്ടെത്താനായില്ല.
ജീവിതം പലതും കാട്ടി നമ്മെ മോഹിപ്പിക്കുന്ന ഓരോ സമയമുണ്ട്.
മോഹിക്കുമ്പോൾ കിട്ടാത്ത എല്ലാം പിന്നീട് നിസ്സംഗമായ ഒരു ഓർമ്മ മാത്രമാകുന്നു. നമ്മെ കാലങ്ങൾക്കുശേഷവും ഭ്രമിപ്പിക്കുവാൻ അവയ്ക്ക് കഴിയാത്തത് എന്തു കൊണ്ടായിരിക്കും?
അവ നമുക്ക് വേണ്ടാതാവുന്നു.
അന്ന് തോന്നിയിരുന്ന കൊതി നഷ്ടപ്പെടുന്നു.
എത്ര വിചിത്രമാണ് ജീവിതം!!
പലരും ഉപയോഗിക്കുന്ന ഷൂവിന്റെ മനോഹാരിത കണ്ടിട്ടാണ് ഏറെ കൊതിച്ചു ഉപ്പയോടു പറഞ്ഞു ഷൂ മേടിച്ചത്.
ആദ്യദിവസംതന്നെ കാല് ഉരഞ്ഞു പൊട്ടി വിങ്ങുന്ന നോവായതു മാറിയത് എത്ര പെട്ടെന്നാണ്?
പക്ഷെ ആ വിങ്ങൽ ഒഴിവാക്കാമായിരുന്ന പലതരം ടിപ്സ് ഉണ്ടെന്ന് അന്നറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ അതെല്ലാം ഉപയോഗിച്ച് വേദനയില്ലാതെ ഷൂ ഉപയോഗിക്കാമായിരുന്നു.
ചില സൂത്രവാക്യങ്ങളാൽ നിസ്സാരമായി പരിഹരിക്കാവുന്ന പലതും ആ വാക്യങ്ങൾ അറിയാത്തതിനാൽ പരിഹരിക്കപ്പെടാതെ പോയി. സൂത്രവാക്യങ്ങളെ ചേർക്കേണ്ടയിടത്തു ചേർക്കാനുള്ള അറിവ് ആരും പറഞ്ഞു തന്നുമില്ല.
ഓരോ കാലത്തും എനിക്ക് ഓരോരോ സ്പെഷ്യൽ കൂട്ടുകാരെ കിട്ടിയിട്ടുണ്ട്.
പ്രീ ഡിഗ്രി കഴിഞ്ഞ ഉടനെ അന്നൊരു ചെറിയ ജോലിയിൽ കയറിയിരുന്നു.
അവിടെ വെച്ചാണ് സ്വപ്നയെ കണ്ടെത്തിയത്. (യഥാർത്ഥ പേരല്ല)
അവൾ ജോലി ചെയ്യുന്നില്ല. പ്രീ ഡിഗ്രി ജയിച്ചു 'വെറുതെ ഒരു രസത്തിന്' കമ്പ്യൂട്ടർ കോഴ്സ് ചെയ്യുന്നു.
ഒരുദിവസം ബസിൽനിന്നും ഇറങ്ങുമ്പോൾ സ്വപ്‍ന ബസിന്റെ പടിയിൽനിന്നും വീണു. പുറകെ ഇറങ്ങിയ ഞാൻ അവളെയും കൊണ്ടു തൊട്ടടുത്ത ഹോസ്പിറ്റലിൽ പോയി. അങ്ങനെയാണ് ഞങ്ങൾ അടുത്തത്.
"കൈമുട്ടിലെ തൊലി നീങ്ങി പൊട്ടിയതൊഴിച്ചാൽ വേറെ കുഴപ്പമില്ല." ഡോക്ടർ പറഞ്ഞു. അവർ മരുന്നു വെച്ചു തന്നു.
"ഞാൻ കുറേ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണ് ചാവക്കാട്. എന്റെ കൂടെ വരാമോ...? " സ്വപ്‍ന ചോദിച്ചു.
ഞങ്ങൾ കടയിൽ പോയി.
ലിപ്സ്റ്റിക്, ക്ലിപ്പുകൾ, ഫൗണ്ടേഷൻ, മസ്കാര, ഐ ലൈനർ, ഷാംപൂ, കണ്ടീഷണർ, ഹെയർ സീറം, ചെരിപ്പ്, വെപ്പുമുടി, നെയിൽ പോളിഷ്, സൺ സ്ക്രീൻ, പെർഫ്യൂം, മയിലാഞ്ചി, പൊട്ട്.... അങ്ങനെ ഞാൻ പലപ്പോഴായി വാങ്ങാൻ ആഗ്രഹിച്ചിരുന്നതെല്ലാം ഈ കൊച്ച് വാങ്ങി കൂട്ടുന്നു!
"ഇതൊക്കെ എന്തിനാണ്?"
"ഒരുങ്ങാൻ. ഇന്ന് പെണ്ണ് കാണാൻ വരുന്നുണ്ട് എന്നെ..."
ഒഹ്... ഞാൻ എന്റെ പച്ച ചുരിദാർ ഓർത്തു. (അദ്ധ്യായം ഒന്നിൽ ആ കഥയുണ്ട്)
അങ്ങനെ ഞങ്ങൾ ബസിൽ എന്നും കണ്ടുമുട്ടി. ചിരപരിചിതരായി.
സ്വപ്ന എപ്പോഴും മുഖത്തും മനസ്സിലും വെളിച്ചമുള്ള കുട്ടിയായിരുന്നു. അവളുടെ വീട്ടിൽ ആവശ്യത്തിന് സ്വത്തും ഉണ്ട്. അതുകൊണ്ട് പഠനം അത്യാവശ്യത്തിനുമതി എന്നായിരുന്നു അവളുടെയും നിലപാട്. കല്യാണാലോചനകൾ ധാരാളം വരുന്നു.
"ഇന്നലെ പെണ്ണുകാണലിനു വന്ന അമ്മായിയമ്മ സുന്ദരിയാണ്. നല്ല തലക്കനമുണ്ട്." അവൾ ചിരിയോടെ പറഞ്ഞു.
അമ്മായിയമ്മയെയും നാത്തൂനെയും മലർത്തിയടിക്കാനുള്ള ടിപ്സ് ഞങ്ങളുടെ കൈയിൽ ഉണ്ട്.
" നീ എന്തിനാണിപ്പോൾ കല്യാണം കഴിക്കുന്നത്?" ഞാൻ ചോദിച്ചു.
"എനിക്കു കുറേ സാരികൾ കിട്ടും. കുറേ സ്വർണ്ണം സ്വന്തമാകും. എനിക്കെന്തിഷ്ടമാണ് പാദസരം എന്നറിയില്ലേ നിനക്ക്? കാഞ്ചിപുരം ബനാറസ് പട്ടുസാരികളുടെ വിലയറിയാമോ? എനിക്കു പൊട്ടു തൊടുന്നതും കുങ്കുമം വെക്കുന്നതും പൂ ചൂടുന്നതും ഒത്തിരി ഇഷ്ടമാണ്. ഭർത്താവിന്റെ കൂടെ അണിഞ്ഞൊരുങ്ങി പാർട്ടികൾക്ക് പോകാം. എല്ലാവരും നോക്കുകയില്ലേ നമ്മെ? എന്തു രസമായിരിക്കും?" അവൾ ആ ഓർമ്മയിൽ ചിരിച്ചുകൊണ്ടേയിരുന്നു.
ഫ്രഞ്ച് എഴുത്തുകാരൻ Maupassant മോപ്സോങ് (ൺ) കഥകൾ അന്ന് ഞാൻ വായിച്ചുകൊണ്ടിരിക്കുകയാണ്.
ഭർത്താവിന്റെ കൂടെ
വി ഐ പി സൽക്കാരത്തിനു പോയ സുന്ദരിയായ ഭാര്യയുടെയും അവരുടെ കടം വാങ്ങിയ നേക്ലസ് നഷ്ടപ്പെട്ടതുമായ കഥ! അതുവഴി ജീവിതം തന്നെ ഇരുട്ടായിപ്പോയ ക്ലാസ്സിക് സ്റ്റോറി 'The Necklace'
ഇവിടെ ആഗ്രഹിക്കുന്നതൊക്കെ കിട്ടുന്ന കല്യാണം എന്തിന് വേണ്ടെന്നു വെക്കണം?
അവൾക്ക് ഒന്നും കടം വാങ്ങേണ്ടതില്ല. പക്ഷെ അവൾ ഈ മിന്നും പൊലിമയിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.
"ഇതിനാണോ നീ കല്യാണം കഴിക്കുന്നേ? ഇതൊക്കെ നിനക്ക് ജോലിക്ക് പോയാൽ കിട്ടുമല്ലോ..." ഞാൻ വല്ലായ്മയോടെ വീണ്ടും ചോദിച്ചു.
"എടീ നമ്മൾ എന്തിനാ മെനെക്കെടുന്നെ? ഭർത്താവ് ഉണ്ടാക്കി വെക്കുന്നത് നമ്മൾ ചെലവാക്കിയാൽ പോരെ? നമ്മൾ എന്തിനാ ജീവിക്കുന്നത്? കല്യാണം കഴിക്കാനും കൂടിയല്ലേ?"
അതൊരു സ്റ്റേറ്റ്മെന്റ് ആണ്. അവൾക്ക് അത്ര മതി.
"നമ്മൾ എന്തിനാ കഷ്ടപ്പെട്ട് വീടും പൈസയും ഉണ്ടാക്കുന്നത്? അയാൾ ഉണ്ടാക്കുന്നത് നമ്മൾ ഉപയോഗിച്ച് തീർത്താൽ പോരെ?"
അവൾ പറഞ്ഞവസാനിപ്പിച്ചു.
പാവം 'അയാൾ!!!'
ഞാൻ ആ അജ്ഞാത മനുഷ്യനെ സഹതാപത്തോടെ ഓർത്തു.
"നിനക്ക് ഭർത്താവിനെക്കുറിച്ച് ഒന്നും അറിയേണ്ടേ?"
"എടീ അയാൾക്ക് കട്ടിയുള്ള മീശയുണ്ട്. തുടുത്ത കവിളും നല്ല ഉയരവും ഉണ്ട്. സൂപ്പറാണെടീ കാണാൻ..."
അവിടെയും അവൾ സന്തോഷവതിയാണ്.
അയാളുടെ സ്വഭാവമോ ജോലിയോ ശേഷം അവളുടെ ഭാവിയോ ഒന്നും ആലോചനയിൽ ഇല്ല. ജോലിക്ക് പോകാനുള്ള ചിന്ത
ആയിരം വർഷം അപ്പുറത്തുപോലും ഇല്ല.
"സനാ.... നീ കൂടുതൽ വായിക്കേണ്ട... കൂടുതൽ വായിക്കുന്നതാണ് നിന്റെ കുഴപ്പം. നീ സാധാരണ മനുഷ്യർ ചിന്തിക്കുമ്പോലെ ചിന്തിക്കാൻ മറന്നുപോകുന്നു." അവൾ എന്നെ താക്കീതോടെ നോക്കി.
"നീ നിന്റെ പച്ച ചുരിദാർ ഇട്ട് ഇനി ഒരു പെണ്ണുകാണലിനും പോയി നിന്നേക്കരുത്. കല്യാണംമുടക്കിയാണ് ആ ചുരിദാർ!"
ഒഹ്.... ഞാൻ ഒന്ന്
ഞെട്ടാതിരുന്നില്ല.
സ്വപ്‍ന സന്തോഷത്തോടെ കല്യാണത്തിനൊരുങ്ങി. കല്യാണത്തിന് എനിക്കു കടും മെറൂൺ നിറത്തിൽ ഒരു ചുരിദാർ വാങ്ങി തന്നു.
ഞാൻ നാലുദിവസം മുൻപേ കല്യാണവീട്ടിൽ ആയിരുന്നു. അവിടെത്തെ ഓരോ തൂണും തുരുമ്പും സ്വപ്‍നയുടെ കല്യാണം കൊണ്ടാടുകയാണ്. ഏവരും ഉത്സാഹത്തിലാണ്.
അതിസുന്ദരിയായിതന്നെ അവൾ സുമംഗലിയായി. എല്ലാ മംഗളങ്ങളും നേർന്നു ഞങ്ങൾ തിരികെവന്നു.
അന്ന് എല്ലാ വീടുകളിലും ഫോണുകൾ ഇല്ല. ഞാൻ ടെലഫോൺ ബൂത്തിൽ പോയാണ് എല്ലാവരെയും വിളിക്കുക. സ്വപ്നയുടെ വീട്ടിൽ ഫോൺ ഉണ്ട്. നാലുദിവസം കഴിഞ്ഞു വിളിച്ചപ്പോൾ അവൾ വന്നെന്നു അമ്മ പറഞ്ഞു. ഞാൻ അവളുടെ വീട്ടിലെത്തി.
എന്നെ കണ്ടയുടനെ സ്വപ്ന ഓടി വന്നു.
അവൾ പെട്ടെന്ന് മുതിർന്നതുപോലെ തോന്നി. തിളങ്ങുന്ന സാരിയാണ് വേഷം. ആഭരണങ്ങൾ നിറയെ കിലുങ്ങുന്നു. പക്ഷെ ഒരു കരിവാളിപ്പ് മുഖത്തും ദേഹത്തും പടർന്നിരിക്കുന്നു. കണ്ണുകളിൽ മുൻപത്തെ തെളിച്ചമില്ല.
"എന്താ നിന്റെ കണ്ണുകൾ ഇങ്ങനെ?"
നീ ഉറങ്ങാറില്ലേ?"
"നീ വാ... പറയട്ടെ..." അവൾ എന്നെ വിളിച്ചു മുറിയിലേക്ക് കൊണ്ടുപോയി.
സ്വപനയുടെ മുറി മുൻപേ കണ്ടതുപോലെയല്ല ഇപ്പോൾ. മുറിയിൽ ഏതോ പെർഫ്യൂമിന്റെയോ ബീഡിയുടെയോ സിഗാറിന്റെയോ സമ്മിശ്ര ഗന്ധം ഉറഞ്ഞു നിൽക്കുന്നു.
സ്വപ്‍ന വയറും കാലും അമർത്തിപ്പിടിച്ചാണ് കിടക്കയിലേക്ക് ഇരുന്നത്.
"എങ്ങനെയുണ്ട് ന്യൂ ലൈഫ്? എങ്ങനെയുണ്ട് നിന്റെ കല്യാണരാവുകൾ? വിരുന്നുപോക്ക് തുടങ്ങിയോ?"
"സന... നീ എന്താണ് കരുതിയത് കല്യാണ രാത്രിയെക്കുറിച്ച്?"
ഞാൻ ഒരുനിമിഷം അവളുടെ മുഖത്തേക്ക് നോക്കി.
കല്യാണം എപ്പോഴും കൂട്ടുകാർക്കിടയിൽ വലിയ ചർച്ചയാണ്. സാരി,ആഭരണം,
വരന്റെ ചന്തം, അമ്മായിയമ്മയുടെ ഭരണം...
അവരുടെ വീട്....
ആദ്യ രാത്രിയിൽ തന്നെ സ്വർണ്ണത്തിന്റെ തൂക്കം നോക്കുന്ന ഭർത്താവിന്റെ അമ്മയും വീട്ടുകാരും... അങ്ങനെ പല കഥകൾ ഞങ്ങൾ കേട്ടിട്ടുണ്ട്.
പക്ഷെ സെക്സ് ഒരിക്കലും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ലായിരുന്നു.
സത്യത്തിൽ ഞങ്ങളുടെ ജീവിതം വളരെ വളരെ നോർമൽ ആയിരുന്നു.
സെക്സും വളരെ നോർമൽ ആണ് എന്ന അറിവ് അന്ന് ഇല്ലായിരുന്നു.
കല്യാണം എന്നത് സെക്സുമായി ബന്ധമുള്ളതാണെന്ന വലിയ അറിവ് ഞങ്ങളിൽ ഒട്ടും ഇല്ലായിരുന്നു.
സിനിമകളിലും പുസ്തകങ്ങളിലും കാണുന്ന ചുംബനവും കെട്ടിപ്പിടുത്തവും
ചില വീക്കിലികളിൽ കാണുന്ന
'അവളുടെ മാറിടം ഉയർന്നു താഴ്ന്നു... അയാളുടെ നെറ്റിയിൽ വിയർപ്പുത്തുള്ളികൾ ചാലിട്ടൊഴുകി...'
എന്നതിലപ്പുറം ഒരു സെക്സ് ഉണ്ടെന്ന് ഞങ്ങൾ ആരും മനസ്സിലാക്കിയിട്ടില്ലായിരുന്നു.
ഉമ്മ വെച്ചാൽ മതി ഗർഭിണിയാകും എന്നതായിരുന്നു അന്നത്തെ സ്കൂൾ കുട്ടികളുടെ ഏറ്റവും വലിയ സെക്സ് അറിവ് എന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല.
അപ്പോഴാണ് സ്വപ്‍ന എന്നെ നോക്കി ഈ ചോദ്യം ചോദിക്കുന്നത്.
"എന്റെ അമ്മ എനിക്കൊന്നും പറഞ്ഞു തന്നില്ല. ആകെ പറഞ്ഞത് അവൻ എന്തു പറഞ്ഞാലും കേൾക്കണം എന്നാണ്. പക്ഷെ ശാരീരികബന്ധത്തെക്കുറിച്ച് ഒരു മുന്നറിയിപ്പ് എനിക്കു തരേണ്ടതായിരുന്നു. ഇത്രയും വലിയ ചതി ഒറ്റ രാത്രിയിൽ ഉണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു."
ചതി....? എന്റെ പുരികം ഉയർന്നുവന്നു.
"സന, പൂവങ്കോഴി പിടക്കോഴിയുടെ ദേഹത്തു കയറുമ്പോഴല്ലേ കുറച്ചുദിവസം കഴിഞ്ഞാൽ പിടക്കോഴി മുട്ടയിടുക. അതുപോലെ ചുമ്മാ ദേഹത്തു കയറി സെക്കന്റ്കൾക്കുള്ളിൽ മാറിക്കിടന്നാൽ ഫസ്റ്റ് നൈറ്റ് കഴിഞ്ഞു എന്നാണ് ഞാൻ വിചാരിച്ചത്."
"എന്റെ ഹസ് എനിക്കിതെല്ലാം അറിയാം എന്ന മട്ടിലാണ് പെരുമാറിയത്. അയാൾ അടുത്തു വന്നയുടനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. ഞാൻ ഭയത്തോടെ വിറച്ചു മാറിയപ്പോൾ അയാൾ കരുതി ഞാൻ വികാരം കൊണ്ടു വിറയ്ക്കുകയാണ് എന്ന്."
അയാൾ.... ആ വാക്കിലും ഞാൻ അപരിചിതത്വം മണത്തു. ഏട്ടൻ... ചേട്ടൻ... ഞാൻ അയാളെ എന്തു വിളിക്കും...എങ്ങനെ ഞാൻ പേര് വിളിക്കും....എന്നൊക്കെ പറഞ്ഞിരുന്ന അവൾക്ക് അയാൾ തീർത്തും 'മറ്റൊരാൾ' ആയിരിക്കുന്നു.
"അയാൾ സംസാരത്തിനൊന്നും മുതിർന്നില്ല. എന്നോട് വസ്ത്രം അഴിക്കാൻ പറഞ്ഞു. ഞാൻ പകച്ചു പോയിരുന്നു. ഞാൻ ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ അയാൾ അതിനു മുതിർന്നു.
"ഫസ്റ്റ് നൈറ്റിൽ പെണ്ണുങ്ങൾ സ്വയം അഴിക്കില്ലല്ലോ.. ഞാൻ അഴിക്കാം" എന്നും ഒരുമാതിരി ചിരിച്ചു അയാൾ മുന്നോട്ടുവന്നു.
ഞാൻ കൈ തട്ടി മാറ്റി.
ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് ആണ്. ഇന്ന് ഇതൊക്കെ ചെയ്തെ പറ്റു എന്നയാൾ വാശി പിടിച്ചു. എനിക്കിതൊന്നും അറിയില്ല നമുക്ക് ആദ്യം നല്ല ഫ്രണ്ട്‌സ് ആകാം എന്നു ഞാൻ പറഞ്ഞു. അയാൾ കൂട്ടാക്കാതെ ബലം പ്രയോഗിച്ചു. മേശപ്പുറത്തിരുന്ന പാൽ ഗ്ലാസ്സ് എടുത്തു ഞാൻ അയാളുടെ മുഖത്തേക്കൊഴിച്ചു. മുന്തിരിയും ആപ്പിളും വെച്ച പാത്രമെടുത്തു ഞാനയാളെ എറിഞ്ഞു"
ഞാൻ ഞെട്ടി എഴുന്നേറ്റുനിന്നുപോയി!!
സ്വപ്‍ന എന്റെ മുഖത്തേക്ക് നോക്കിയല്ല പറയുന്നത്. അവൾ നാലഞ്ചു ദിവസം മുൻപത്തെ രാത്രിയിൽ കുടുങ്ങി കിടക്കുകയാണ്. ആ നിമിഷത്തിൽനിന്നാണ് ഇതെല്ലാം വിളിച്ചു പറയുന്നത്.
"ശബ്ദം കേട്ടു ആളുകൾ വന്നതിനാൽ കൈ തട്ടി വീണതാണെന്നു ഞാൻ പറഞ്ഞു. അത് എന്റെ വീടാണല്ലോ. അയാൾ അടങ്ങി. ഒന്നും മിണ്ടാതെ കിടന്നുറങ്ങി. ഞാൻ ഉണർന്നിരുന്നു നേരം വെളുപ്പിച്ചു.
പിറ്റേന്ന് അയാളുടെ വീട്ടിൽ ആയിരുന്നു താമസം. ഈ മൂന്ന് ദിവസവും അയാൾ എന്നെ ആക്രമിച്ചു. എനിക്കു നടക്കുവാൻ കഴിയുന്നില്ല. വേദനയാണ്. നടു ഒടിയുന്ന വേദന...മൂത്രമൊഴിക്കുവാനും വയ്യ...."
അവൾ ശ്വാസം എടുക്കുവാൻ വേണ്ടി നിറുത്തി.
"ഇവിടെ വന്നപ്പോൾ എല്ലാം അമ്മയോട് പറഞ്ഞു. സാരമില്ല. വേദനയെല്ലാം മാറും എന്നാണ് അമ്മ പറയുന്നത്. പക്ഷെ എനിക്കയാളെ ഓർക്കാൻ കൂടി വയ്യ. രാത്രിയാകുമ്പോൾ എനിക്കു പേടിയാണ്." സ്വപ്ന അലച്ചുവന്ന ഒരു തേങ്ങൽ ശക്തിയായി അകത്തേക്കമർത്തി.
"സന, എനിക്കീ കല്യാണം വേണ്ട. നമുക്ക് ഒളിച്ചോടാം. എവിടേലും പോകാം" സ്വപ്‍ന പെടുന്നനേ എന്റെ കൈ പിടിച്ചു.
"എനിക്കിപ്പോൾ വേദനിക്കാനേ സമയമുള്ളൂ. എനിക്കു വേണ്ട ഈ വേദന. വേണ്ട"
ഒരുപാട് സ്വപ്നങ്ങളോടെ ജീവിതത്തിലേക്ക് വിളക്കുവെച്ചു കയറിയ ഒരു പാവം പെൺകുട്ടിയുടെ സ്വപ്നങ്ങൾ കൊടുങ്കാറ്റിൽ
ചുഴറ്റി എറിയപ്പെട്ട നിമിഷം!
സ്വപ്നങ്ങളുടെ തകർച്ചയിൽനിന്നും കര കേറാൻ ആവാതെ കരയാനും അറിയാതെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട പെൺകുട്ടി....
അവളെ നോക്കിനിൽക്കേ എന്റെ ഹൃദയം പറിഞ്ഞടർന്നു ആ മുറിയിൽ വീണു.
അമ്മ മുറിയിലേക്ക് കയറിവന്നു.
"ഞാനും സ്വപ്നയും ഡോക്ടറെ കണ്ടിട്ട് വരാം "
ഞാൻ അവരുടെ മുഖത്തേക്ക് കനത്തോടെ നോക്കിയാണ് പറഞ്ഞത്. അവർ സ്വപ്നയെ ഒന്നു നോക്കിയിട്ട് പുറത്തേക്കിറങ്ങിപ്പോയി.
ഡോക്ടറെ കണ്ടു തിരിച്ചിറങ്ങി ഞങ്ങൾ ബസ് സ്റ്റോപ്പിൽ ഏറെനേരം ഇരുന്നു. മിണ്ടാതെ. രണ്ടുപേരും രണ്ടുവഴികളിൽ ചിന്തകളിൽ ആയിരുന്നു.
"ഇനി എന്തു ചെയ്യും?"
ആ ചോദ്യമാണ് രണ്ടു കണ്ണുകളിലും.
"നിന്റെ ഹസിന്റെ ഓഫീസ് എവിടെയാ? "
അവൾ തൃശൂർ ഓഫീസിലെ അഡ്രെസ്സ് തന്നു.
"നീ വീട്ടിൽ പൊയ്ക്കോ... ഞാൻ രാത്രി വിളിക്കാം"
അവൾ തലകുലുക്കി. കാലുകൾ നിലത്തു ഉറച്ചു കുത്തിയാൽ വേദനിക്കുന്നതിനാൽ പതുക്കെ നടന്നു അവൾ ബസ് കയറുന്നതു ഞാൻ നോക്കിനിന്നു.
അന്ന് ഞാൻ ആഴ്ചയിൽ രണ്ടുദിവസം ഡാൻസ് പഠിക്കാൻ പോകുന്ന കാലമാണ്. ഏറെ ഇഷ്ടപ്പെട്ടു വാങ്ങിയ ചിലങ്ക എന്റെ ബാഗിൽ എപ്പോഴും ഉണ്ട്.
തൃശൂർ അയാളുടെ ഓഫീസിൽ എത്തി ഞാൻ റിസപ്ഷനിൽ പറഞ്ഞു.
"ഞാൻ സന. പ്രവീണിന്റെ വൈഫ് സ്വപ്നയുടെ ഫ്രണ്ട് ആണ്. എനിക്കു പ്രവീണിനെ കാണണം. (പേര് യഥാർത്ഥമല്ല).
അവളുടെ ഭാഷയിലെ കട്ടിമീശയുള്ള സൂപ്പർ മാൻ എന്നെ കണ്ടു ഓടിവന്നു സന്തോഷത്തോടെ അയാളുടെ കേബിനിലേക്ക് കൊണ്ടുപോയി.
കൂളിങ് ഗ്ലാസ്സ് ചുങ്കൻ!!
മീശ വെച്ച പങ്കൻ!!!
ഞാൻ ബാഗിൽനിന്നും ചിലങ്കയെടുത്തു മേശപ്പുറത്തു വെച്ചു.
"സ്വപ്നയെ താൻ വേദനിപ്പിച്ചാൽ അവളുടെ അമ്മയ്ക്കോ അച്ഛനോ പ്രശ്‌നമില്ലായിരിക്കും. പക്ഷെ അവളുടെ ഫ്രണ്ടായ എനിക്കു അങ്ങനെയല്ല. താനിനി അവളെ ബലാത്സംഗം ചെയ്താൽ ഞാൻ പരസ്യമായി തന്നെ ഇവിടെ വന്നു തല്ലും. ദാ ഇങ്ങനെ...."
പറഞ്ഞതും ചിലങ്കയെടുത്തു ഞാൻ ആഞ്ഞു വീശി. പെട്ടെന്നായതിനാൽ തടയാൻ അയാൾക്ക് അവസരം കിട്ടിയില്ല. കണ്ണടയും കൈകൊണ്ടു തടഞ്ഞ ഭാഗത്തെ ഫുൾ സ്ലീവ് ഷർട്ടിന്റെ ബട്ടനും പൊട്ടി വീണു.
അന്ന് ഞാൻ ഗുരുവായൂരിൽനിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ലോക്കൽ പേപ്പറിൽ ആഴ്ചയിൽ ഒന്നോ മാസത്തിൽ രണ്ടോ മറ്റോ എഴുതുന്നുണ്ട്. അവർ ആവശ്യപ്പെടുന്ന എന്തെങ്കിലും വിഷയമായിരിക്കും മാറ്റർ എങ്കിലും പേപ്പർ എന്റെ കൈയിൽ ഉണ്ട്.
"നീ ഇനി അവളെ തൊട്ടാൽ ഞാൻ 'ഇന്ന.....' പേപ്പറിൽ കൊടുക്കും. പത്രക്കാരെ വിളിക്കും.
കാണണോ നിനക്ക്?"
ചിലങ്കയുടെ പല മണികളും താഴെ ചിതറിപ്പോയിരുന്നു.
അതെല്ലാം പെറുക്കി ബാഗിൽ ഇട്ടു ഞാൻ പുറത്തിറങ്ങി.
ടെലിഫോൺ ബൂത്തിൽ വന്നു സ്വപ്നയെ ഫോണിൽ വിളിച്ചു.
"നിനക്ക് ധൈര്യം ഉണ്ടേൽ നീ ജീവിക്കാൻ നോക്ക്. ഇപ്പോൾ വേദനിക്കുന്ന വേദനയുടെ പകുതി ശക്തിപോലും വേണ്ട നല്ലൊരു തീരുമാനം എടുക്കാൻ. എന്നും നിനക്ക് വേണ്ടി അടിക്കാൻ പോകാൻ ഞാൻ ഉണ്ടാവില്ല. മനസ്സിലായോ?"
(തുടരും .. )