Image

പ്രാതൽ (വിവ: മാടശ്ശേരി നീലകണ്ഠൻ)

Published on 07 March, 2026
പ്രാതൽ (വിവ: മാടശ്ശേരി നീലകണ്ഠൻ)

ഫ്രെഞ്ച് കവി ഷാക് പ്രിവേറിന്റെ ‘Dejeuner du matin’ എന്ന പ്രസിദ്ധ കവിത.
(രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞയുടനെ എഴുതിയ ഈ ചെറു കവിത അന്നത്തെ നഷ്ടബോധവും അകല്ച്ചയും ബന്ധങ്ങളുടെ തകർച്ചയും എല്ലാം ഏതാനും വരികളിൽ ചിത്രീകരീക്കുന്നു.)

അയാൾ കാപ്പി ഒരു
കപ്പിൽ ഒഴിച്ചു.
പിന്നെ കാപ്പിയൊഴിച്ച
കപ്പിൽ പാൽ ചേർത്തു.
പാൽ ചേർത്ത കാപ്പിയിൽ
അയാൾ പഞ്ചസാരയിട്ടു.
ഒരു ചെറിയ സ്പൂൺ കൊണ്ട്
കാപ്പി ഇളക്കി.
പാൽ ചേർത്ത
കാപ്പി അയാൾ കുടിച്ചു.
എന്നോട് ഒന്നും മിണ്ടാതെ
കപ്പ് താഴെ വച്ചു.

അയാൾ ഒരു സിഗററ്റ്
കത്തിച്ചു.
പുക കൊണ്ട്
വലയങ്ങളുണ്ടാക്കി.
ചാരം അയാൾ ആഷ്ട്രേയിലിട്ടു -
എന്നോട് മിണ്ടാതെ,
എന്റെ നേരെ നോക്കാതെ.
അയാൾ എണീറ്റു.
തൊപ്പി തലയിൽ വച്ചു.
റെയിൻകോട്ട് ധരിച്ചു;
എന്തെന്നാൽ
മഴ പെയ്യുന്നുണ്ടായിരുന്നു.
പിന്നെ അയാൾ പോയി,
മഴയിൽ - എന്നോടൊരു
വാക്കും ഉരിയാടാതെ,
എന്റെ നേരെ നോക്കാതെ.

ഞാനോ - ഞാൻ തല
കൈയിൽ വച്ച്
കരഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക