
ദേവൂ...... പിറകില്‍നിന്നുള്ള വിളികേട്ടാണ് ഉമ തിരിഞ്ഞു നോക്കിയത്.
സീതമ്മ മാത്രമാണ് അമ്മ വിളിക്കുംപോലെ തന്നെ അങ്ങനെ വിളിക്കാറുള്ളതെന്ന് ഉമയ്ക്കറിയാം.
"ങാ, മുത്തേ! നീയോ?".
സീതമ്മ ആ ചേരിയിലുള്ളവര്‍ക്കെല്ലാം മുത്താണ്. വിലപിടിപ്പുള്ള മുത്ത്. ഇരുനിറക്കാരായ കുശവന്മാര്‍ക്കിടയില്‍ വെളുത്തു തുടുത്തു സുന്ദരിയായ ഒരേയൊരു പെണ്‍കുട്ടി. അവളവര്‍ക്ക് മുത്താണ്. മുത്തിനെ കാണുന്നവര്‍ക്കൊക്കെ വലിയ അതിശയമാണ്. കുശവക്കോളനിയില്‍ ഇങ്ങനെയൊരു ജന്മമോ? എന്തൊരു തേജസ്സാണാ മുഖത്ത്?. അവരവളുടെ ഓരോ ചലനങ്ങളും കൗതുകത്തോടെ നോക്കിക്കണ്ടു. വടക്കുനിന്ന് ഏതാണ്ട് മൂന്നു വയസ്സുള്ള കുഞ്ഞിനേയുംകൊണ്ട് അമ്മാളുവമ്മ ഈ നാട്ടിലേയ്ക്ക് വരുമ്പോള്‍ത്തന്നെ കരക്കാര്‍ക്കിടയില്‍ വേണ്ടാത്ത ചില ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാലും മുത്തിനെ അവര്‍ക്കൊക്കെ വലിയ ഇഷ്ടമാണ്. അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും കോളനിയിലുള്ളവര്‍ അത്ഭുതത്തോടെ നോക്കി നിന്നു. വളര്‍ന്നു വരുന്തോറും അഴകും മിഴിവുമുള്ള അവളുടെ കടഞ്ഞെടുത്ത അവയവഭംഗി കണ്ടവര്‍ കണ്ടവര്‍ അസൂയപ്പെട്ടു. പ്രത്യേകിച്ചു പെണ്‍കുട്ടികളും അവരുടെ അമ്മമാരും.
“ഇവള്‍ക്ക് പറ്റിയ ചെക്കന്‍മാര്‍ നമ്മുടെ കൂട്ടത്തിലെങ്ങുമുണ്ടാവില്ലമ്മാളുവേ!” വല്ല രാജകുമാരന്മാരെയും അന്വേഷിക്കേണ്ടിവരും” കൊക്കോച്ചിയമ്മ അമ്മാളുവിനോട്ട് പറയുന്നത് സീത കേട്ടിട്ടുണ്ട്.
“നീയെങ്കിലും എന്നെ സീതമ്മേ എന്ന് വിളിക്കെടീ.. അല്ലേല്‍ ഞാനെന്‍റെ പേര് മറന്നുപോകും”. “അല്ല, നീയെന്താ ഇവിടെ?” അവള്‍ ചോദിച്ചു.
“നിന്നെ കാണാന്‍” ഉമ ദോഷമില്ലാത്ത ഒരു കള്ളം പറഞ്ഞു.
“അത് വെറുതെ! നമ്മള്‍ എന്നും കാണുന്നതല്ലേ? പിന്നെ ഒരു ഞായറാഴ്ച കണ്ടില്ലെങ്കിലെന്താ?
പറ, നീയെന്തിനാ വന്നത്?”
“എനിക്കൊരു നല്ല 'കുടുക്ക' വേണം. നീ വാ.. നിന്‍റെ അപ്പയോട് പറഞ്ഞ് നല്ലതുനോക്കി ഒന്നെടുത്തു താ..” ഉമയവളെ പിടിച്ചു വലിച്ചു.
സീതമ്മ ഉമയെ കൂട്ടിക്കൊണ്ടുപോയത്, തെങ്ങോലമിടഞ്ഞു മറച്ചു താല്‍ക്കാലികമായി കുത്തിക്കൂട്ടിയ ചെറിയൊരു ഷെഡിലേയ്ക്കാണ്. അതിനുള്ളില്‍ അവളുടെ അച്ഛന്‍ 'താമി', കളിമണ്ണുകൊണ്ട് പുതിയൊരു ശില്‍പ്പം മെനയുകയായിരുന്നു..
അതിനുള്ളിലെന്താ? ഉമയുടെ ചോദ്യം സീതമ്മ പ്രതീക്ഷിച്ചതാണ്.
അത് അപ്പാവുടെ പണിപ്പുരയാണ്. “ചമതി” എന്ന് പണ്ടുള്ളവര്‍ പറയും. അതിനുള്ളിലിരുന്ന് ദേവീവിഗ്രഹം നിര്‍മ്മിക്കുകയാണ് അപ്പാ. അവിടേയ്ക്ക് ഒരാള്‍ക്കും പ്രവേശനമില്ല. നീയിവിടെ നില്‍ക്ക്. അപ്പാ ഇറങ്ങിവരട്ടെ. അല്ലേല്‍ വേണ്ട, എന്തോ ഓര്‍ത്തുനിന്നിട്ടവള്‍ പറഞ്ഞു, നീ പാതിഅന്തര്‍ജ്ജനമല്ലേ? നിനക്ക് കയറാമായിരിക്കും. എന്നാലും അച്ഛനോട് അനുവാദം വാങ്ങാതെ പറ്റില്ല.
വേണ്ട, ഇറങ്ങിവരട്ടെ! ഉമ അടുത്തുകണ്ട മുറ്റത്തതിര്‍ത്തിയിലുള്ള മണ്‍തിട്ടമേലിരുന്നു. കൂടെ സീതയും. കുറച്ചു കഴിഞ്ഞപ്പോള്‍ മുറ്റത്തിറങ്ങിയിരുന്നവര്‍ കൊത്തങ്കല്ലാടാന്‍ തുടങ്ങി. അത് കണ്ടോണ്ടുവന്ന അമ്മാളുവമ്മ അവരെ ശകാരിച്ചു.
“നിര്‍ത്തീട്ട് പോ പിള്ളാരെ. ഐച്ചര്യക്കേട്!”
അതൊരന്ധവിശ്വാസത്തിന്‍റെ ഭാഗമാണെങ്കിലും, കൊത്തംകല്ലാടിയാല്‍ വീട്ടില്‍ കടം കയറുമെന്നാണ് ഗ്രാമീണരുടെ ഉറച്ച വിശ്വാസം..
“കുടുക്കകളൊക്കെ പൊട്ടുന്നു. മണ്ണില്‍ കരടുണ്ടായിട്ടാ!”
നല്ലൊരു മണ്‍കുടുക്ക തിരയുമ്പോള്‍ “താമി” ആത്മഗതം ചെയ്തു. ഇതില്‍ ധാരാളമായ് പണം വന്നു നിറയട്ടെ എന്ന് താമി അനുഗ്രഹിച്ചു കൊടുത്ത നല്ലൊരു കുടുക്കയും വാങ്ങി തരികെപ്പോകുമ്പോള്‍ ഉമ വെറുതെയെങ്കിലും മനസ്സിലോര്‍ത്തു. താന്‍ സങ്കരജാതി എന്നല്ലേ സീത പറഞ്ഞതിനര്‍ത്ഥം?.അത് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാവുന്ന കാര്യമാണ്. വടക്കെങ്ങോ ഉള്ള പേരുകേട്ട ഒരു ഇല്ലത്തെയാണ് തന്‍റെ അച്ഛന്‍നമ്പൂതിരി. ഉത്സവങ്ങള്‍ നടത്തിനടത്തി കാലാന്തരത്തില്‍ ഇല്ലം നശിച്ചു നമാവശേഷമായി. അന്യം നിന്നുപോയ തറവാടിന്‍റെ ശാഖകളും വേരുകളുമറ്റു. അംഗങ്ങളെല്ലാം പലവഴിക്ക് ചിതറി. അച്ഛനാണെങ്കില്‍ അമ്മയെ സംബന്ധം ചെയ്ത് ഇവിടെവന്നങ്ങ് കൂടുകയും ചെയ്തു. അന്നതൊക്കെ നാട്ടുനടപ്പായതുകൊണ്ട് ആര്‍ക്കും ഒരു പരാതിയുമുണ്ടായില്ല. ആരും അതിനെ ചോദ്യം ചെയ്തില്ലെന്ന് മാത്രമല്ല സാധാരണ സംഭവം പോലെ നാട്ടുകാരതിനെ കാണുകയും അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍ തന്നെപ്പോലെയാണോ സീതമ്മ? കണ്ടാല്‍ കുശവകുലത്തില്‍ ജനിച്ചതെന്ന് ആരെങ്കിലും പറയുമോ? ഒരു രാജകുമാരിയെപ്പോലെയല്ലേ അവളിരിക്കുന്നത്? നാട്ടുകാര്‍ സംശയിക്കുന്നതില്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? ആ ജ്വലിക്കുന്ന സൗന്ദര്യം അവള്‍ക്കെവിടുന്നു കിട്ടി? തേജസ്സുറ്റ മുഖവും കടഞ്ഞെടുത്ത മേനിയഴകും. കൃത്യമായ ഉടലളവും. ഒതുങ്ങിയ അരക്കെട്ടും.. അവള്‍ ചേറില്‍ വിരിഞ്ഞ ചെന്താമര തന്നെ!..
പൂര്വ്വസ്മൃതികള്‍ ഉമയ്ക്ക്‌ചുറ്റും പിന്നെയും വട്ടംകറങ്ങി നിന്നു.
സീതമ്മ തന്‍റെ കുട്ടികാലം മുതലേയുള്ള കളിക്കൂട്ടുകാരിയാണെന്നതില്‍ അന്നും എന്നും തനിക്കഭിമാനമായിരുന്നു. അമ്മയുടെ തനിപ്പകര്‍പ്പാണെങ്കിലും കുഞ്ഞിലേതന്നെ സീതയുടെ മുഖത്ത് പ്രത്യേകമൊരു തേജസ്സായിരുന്നു. വളരുന്തോറും അത് തെളിഞ്ഞു തെളിഞ്ഞു വന്നു.. ഒരു കുശവസമുദായത്തില്‍ ഇങ്ങനെയൊരു കുട്ടിയെങ്ങനെ വന്നു പിറന്നുവെന്ന് അധ്യാപകരും കൂട്ടുകാരുമെല്ലാം സംശയിക്കുകയും ചിലരോടൊക്കെ അവരത് ഗോപ്യമായി സൂചിപ്പിക്കുകയും മറ്റുചിലരത് ചര്‍വ്വിതചര്‍വ്വണം നടത്തി പുറത്തേയ്ക്ക് നീട്ടിത്തുപ്പുകയും ചെയ്തു.. പഠിക്കാനാണെങ്കിലും ബഹു മിടുക്കി. സീതയുടെ ചെവിയിലും ഇതില്‍ ചിലതൊക്കെ എത്താതിരുന്നില്ല. തനിക്കിതില്‍ ഒന്നും ചെയ്യാനില്ല എന്നഭാവത്തില്‍ അവളതു ചിരിച്ചു തള്ളിയതേയുള്ളു. എന്തുവന്നാലും തളരാതെ പിടിച്ചുനില്‍ക്കാനുള്ള ഇച്ഛാശക്തിയും ആത്മബലവും സീതയ്ക്കെന്നുമുണ്ട്. അത് സമ്മതിച്ചു കൊടുത്തേ പറ്റു. അതെന്തുമാവട്ടെ! തനിയ്ക്കവളെ വലിയ ഇഷ്ടമാണ്. അവള്‍ കഴിഞ്ഞേയുള്ളൂ തനിക്കാരും.
ദേവൂ നീ പറ, എന്‍റെയമ്മ സുന്ദരിയല്ലേ? ഞാന്‍ അമ്മയെപ്പോലെയല്ലേ? വയസ്സറിയിച്ച പ്രായത്തില്‍ ഒരിക്കല്‍ സീതമ്മ ഉമയോട് ചോദിച്ചു
അതെ! ഉമ സമ്മതിച്ചു.
ങാ! ദേ, അത്രയേയുള്ളൂ കാര്യം.
പക്ഷേ!... ഉമ ബാക്കി പറയാന്‍ വാക്കുകള്‍ക്കായി പരതി.
പക്ഷേ..? എന്താടീ, ബാക്കികൂടെ പറ.
അല്ലാ.. അതല്ലാ.... ഏയ് ...ഒന്നുമില്ല! ഉമ തപ്പിത്തടഞ്ഞു..
പറയാതെ നിന്നെ ഞാന്‍ വിടില്ല. സീതമ്മ ഉമയുടെ കണങ്കൈ, വിരലുകള്‍ കൊണ്ട് വട്ടം ചുറ്റിപ്പിടിച്ചു തള്ളവിരലും നടുവിരലും ചേര്‍ത്തു ഞെരുടിക്കശക്കി. അതവളുടെയൊരു മര്‍മ്മാണി പ്രയോഗമാണ്.
“എടീ നിന്‍റെയമ്മയ്ക്ക് നിന്‍റത്രേം വെളുപ്പുണ്ടോ ?” കൈ വേദനിച്ചപ്പോള്‍ ഒറ്റ ശ്വാസത്തില്‍ ഉമ പറഞ്ഞുപോയി.
തൊലിക്ക് നിറം കൊടുക്കുന്നത് ദൈവമാ..അതേറീം കുറഞ്ഞുമൊക്കെയിരിക്കും. സീതയ്ക്കതേ പറയാനുണ്ടായിരുന്നുള്ളൂ.
ചുറ്റും കിടക്കുന്നത് വെളുത്ത തമ്പുരാക്കന്മാരല്ലേ? നീ കേട്ടിട്ടില്ലേ, മുല്ലപൂമ്പോടിയേറ്റ് കിടക്കും....ചിലപ്പോള്‍ അതാവും. ഉമ തമാശ പറഞ്ഞു ചിരിച്ചു..
പോടീ ! നിന്നെ ഞാന്‍.. സീത ഉമയ്ക്കുനേരെ കയ്യോങ്ങി.
തുടരും...
Read More: https://www.emalayalee.com/writer/318