
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോൾ കേരളം വീണ്ടും തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് നീങ്ങുകയാണ്. വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉത്സവമേളം അരങ്ങൊഴിയുമ്പോൾ പൊരിവെയിലിൽ കണിക്കൊന്നകൾ പൂക്കുന്ന മീനച്ചൂടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് മൂന്നു മുന്നണികളും. മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ചു ഭാരതവും, ലോക മലയാളികളും ഉറ്റു നോക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യാം.
കേരളത്തിന്റെ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ചരിത്രവും — 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയിൽ പാർട്ടികൾക്കുള്ള സാധീനവും നമുക്ക് വിശകലനം ചെയ്യാം.
കേരളം ഇന്ത്യയിലെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന, ഏറ്റവും രാഷ്ട്രീയബോധമുള്ള ജനങ്ങൾ ഉള്ള സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഉയർന്ന വിദ്യാഭ്യാസനിരക്ക്, സാമൂഹിക ബോധം, സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധത,മത സൗഹാർദ്ദം എന്നിവ കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തെ വ്യത്യസ്തമാക്കുന്നു. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ, തൊഴിലാളി-കർഷക സമരങ്ങൾ, വിദ്യാഭ്യാസ സ്ഥാപങ്ങൾ,, ജനാധിപത്യ മൂല്യങ്ങൾ ഉള്ള ജനങ്ങളും,രാഷ്ട്രീയ പ്രസ്ഥാനങ്ങളും, വിദേശ നിക്ഷേപം,പ്രവാസികൾ എന്നിവയുടെ സംയോജനമാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
കേരള സംസ്ഥാന രൂപീകരണവും ആദ്യ തെരഞ്ഞെടുപ്പും
1956 നവംബർ 1-ന് ഭാഷാപ്രാധാന്യത്തെ അടിസ്ഥാനമാക്കി കേരളം സംസ്ഥാനം രൂപം കൊണ്ടു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ ഒന്നിച്ചുചേർന്നാണ് പുതിയ കേരളസംസ്ഥാനം രൂപം കൊണ്ടത്. സംസ്ഥാന രൂപീകരണത്തിന് പിന്നാലെ 1957-ൽ കേരളത്തിൽ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പിലൂടെ, ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭയാണ് 1957 ലേതു. മുഖ്യമന്ത്രിയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് അധികാരമേറ്റു. ഭൂസമരങ്ങൾ, ഭൂപരിഷ്കരണ നിയമം,വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ തുടങ്ങിയ നിരവധി സാമൂഹിക നടപടികൾ ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചു.
സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനം
കേരളത്തിലെ രാഷ്ട്രീയ ബോധത്തിന്റെ വളർച്ചയിൽ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ നിർണായക പങ്കുവഹിച്ചു. ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ,മന്നത്തു പത്മനാഭൻ തുടങ്ങിയ നേതാക്കളുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ സമത്വബോധവും വിദ്യാഭ്യാസത്തിന്റെയും,വ്യവസായത്തിന്റെയും പ്രാധാന്യവും വളർത്തി.
ജാതിവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങൾ, വിദ്യാഭ്യാസ വ്യാപനം, തൊഴിലാളി അവകാശ സമരങ്ങൾ, ഭൂസമരങ്ങൾ എന്നിവ പിന്നീട് കേരളത്തിലെ രാഷ്ട്രീയ ചിന്താഗതിയെ ശക്തമായി സ്വാധീനിച്ചു. ഈ സാമൂഹിക ബോധമാണ് കേരളത്തിലെ ജനങ്ങളെ രാഷ്ട്രീയമായി കൂടുതൽ സജീവരാക്കിയത്. ഇന്നും മലയാളി ജനത കത്തി നിൽക്കുന്ന അവകാശ സമരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ്. ആശാ വർക്കർമാർ,നേഴ്‌സുമാർ,ഡോക്ടർമാർ എന്നിവരുടെ സമീപകാല സമര നാളുകൾ അതിനു ഉത്തമ ഉദാഹരണമാണ്.
മുന്നണി രാഷ്ട്രീയത്തിന്റെ രൂപീകരണം
1960-കളോടെ കേരളത്തിലെ രാഷ്ട്രീയം മുന്നണി രാഷ്ട്രീയത്തിലേക്ക് മാറി. പിന്നീട് രണ്ട് പ്രധാന മുന്നണികൾ രൂപപ്പെട്ടു: ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF). യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF)
1980-കളിനുശേഷം സംസ്ഥാന ഭരണത്തിൽ ഈ രണ്ട് മുന്നണികൾ മാറിമാറി അധികാരത്തിലെത്തി. എന്നാൽ കാലക്രമേണ ഈ രാഷ്ട്രീയ മാതൃകയിൽ ജനങ്ങളിൽ ചില നിരാശകളും വിമർശനങ്ങളും ഉയർന്നതായി പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. 1951-ൽ സ്ഥാപിച്ച ജനസംഘം 1980 കളിൽ ബി ജെ പി ആയും പിന്നീട് എൻ ഡി എ മുന്നണിയെയും രൂപപ്പെട്ടു മൂന്നാം സ്ഥാനത്തും നിലയുറപ്പിയ്ക്കുന്നു.
നിലവിലെ ഭരണത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
സമീപകാലത്ത് സംസ്ഥാന ഭരണത്തെക്കുറിച്ച് പൊതുചർച്ചകളിൽ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.
രാഷ്ട്രീയപരമായും,ബന്ധു പരമായും ഉള്ള പ്രീണന രാഷ്ട്രീയം,അഴിമതി,സ്വജനപക്ഷപാതം, ധൂർത്ത്, ഡോളർ,സ്വർണ്ണകൊള്ള, മതങ്ങളോടുള്ള അവഗണനയും,പ്രീണനവും തുടങ്ങിയ അഴിമതികളും,
ഭരണത്തിൽ സുതാര്യത കുറവാണെന്ന ആരോപണങ്ങൾ, ചില വിവാദങ്ങൾ, സാമ്പത്തിക പ്രതിസന്ധി, കടബാധ്യത വർധനവ്, കടലാസുകളിലും,മാധ്യമങ്ങളിലും മാത്രം ഒതുങ്ങുന്ന വികസനം, പരീക്ഷാ,മാർക്ക് തട്ടിപ്പു,തുടങ്ങിയ വിഷയങ്ങൾ പൊതുചർച്ചകളിൽ ഇടം നേടിയിട്ടുണ്ട്.വികസന പദ്ധതികളുടെ നടപ്പാക്കൽ മന്ദഗതിയിലാണെന്നതും തൊഴിൽ അവസരങ്ങൾ കുറവാണെന്നതും ചില വിഭാഗങ്ങൾ ഉന്നയിക്കുന്ന പ്രധാന വിമർശനങ്ങളാണ്. യുവജനങ്ങളിൽ തൊഴിൽ അവസരങ്ങളുടെ കുറവ് വലിയ ആശങ്കയായി പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. താത്കാലിക ജീവനക്കാരായി സ്വന്തം പാർട്ടിയിലെ ആളുകളെ നിയമിയ്ക്കുന്നതു മൂലം അർഹതപ്പെട്ടവർക്ക് നഷ്ടപെടുന്ന തൊഴിലവസരങ്ങൾ, കുത്തഴിഞ്ഞ പോലീസ് സംവിധാനങ്ങൾ,മയക്കുമരുന്നു ഉപയോഗം,ആത്മഹത്യാ നിരക്കിൽ വർദ്ധനവ്,തകർന്നടിഞ്ഞ ആരോഗ്യ, വിദ്യാഭ്യാസ രംഗം എന്നിവ എടുത്തു പറയേണ്ട ഒന്നാണ്.
യു.ഡി.എഫ്.യിലെ ആഭ്യന്തര പ്രശ്നങ്ങൾ
സംസ്ഥാനത്തിലെ പ്രധാന പ്രതിപക്ഷമായ യു.ഡി.എഫ്. മുന്നണിയിലും പലപ്പോഴായി ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളും നേതൃ മത്സരങ്ങളും സംബന്ധിച്ച ചർച്ചകൾ ഉയരാറുണ്ട്. മുന്നണിക്കകത്തെ ഏകോപനക്കുറവ്, വിവിധ ഘടക പാർട്ടികൾ തമ്മിലുള്ള അഭിപ്രായഭിന്നതകൾ തുടങ്ങിയവ രാഷ്ട്രീയ വിശകലനങ്ങളിൽ പരാമർശിക്കപ്പെടാറുണ്ട്. രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളായും ഉൾപ്പെട്ട പീഡന കേസുകൾ, അധികാര സ്ഥാനത്തേക്കുള്ള വടംവലികൾ, പരസ്യ വിമർശനങ്ങൾ എന്നിവ മുഖ്യ പാർട്ടിയായ കോൺഗ്രസിലും,ഘടക കക്ഷികളിലും ഉള്ള ജനങ്ങളുടെ വിശാസം നഷ്ടപ്പെടുത്തിയിരിയ്ക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ ഒരു മാറ്റത്തെകുറിച്ചും, അഴിമതി രഹിതവും, വികസന കാഴ്ചപ്പാടിൽ ഊന്നിയുള്ള രാഷ്ട്രീയ, ഭരണക്രമത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകളും പൊതു ജനങ്ങളുടെ ഇടയിൽ ഉയരുന്നു. യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് വനിതാ വോട്ടർമാർക്കിടയിൽ നാളിതുവരെയുള്ള കക്ഷി രാഷ്ട്രീയ വോട്ടിങ് സമ്പ്രദായത്തിൽ നിന്നും മാറി മൂന്നാമത് ഒരു കക്ഷിയെ എന്തുകൊണ്ട് തെരഞ്ഞെടുത്തുകൂടാ എന്നുള്ള ചോദ്യം ശക്തിപ്പ്ട്ടിരിയ്ക്കുന്നു.
മൂന്നാം ശക്തിയായി എൻഡിഎയുടെ ഉയർച്ച
ഈ സാഹചര്യത്തിലാണ് ഭാരതീയ ജനതാ പാർട്ടി (BJP) നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യമായ എൻഡിഎ കേരളത്തിൽ മൂന്നാം ശക്തിയായി ഉയർന്നുവരുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ബിജെപി സംഘടനാത്മകമായി ശക്തിപ്പെടും,പൊതു ഞങ്ങളുടെ ഇടയിലേക്കുള്ള പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു.ബൂത്ത് തലത്തിലേക്കുള്ള സംഘടനാ വ്യാപനം, യുവജന, വനിതാ പങ്കാളിത്തം വർധിപ്പിക്കൽ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, വിവിധ സമൂഹവിഭാഗങ്ങളുമായി ബന്ധം വർധിപ്പിക്കൽ എന്നിവയിലൂടെ പാർട്ടി സംസ്ഥാനത്ത് സുസ്ഥിരമായ അടിത്തറ സൃഷ്ടിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലുമുള്ള മുന്നേറ്റം
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എൻഡിഎ കേരളത്തിൽ വോട്ടുശതമാനത്തിൽ വളർച്ച കൈവരിച്ചു. ചില മണ്ഡലങ്ങളിൽ ശക്തമായ മത്സരാർത്ഥികളായി മാറുകയും ചില ഇടങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. കോര്പറേഷനുകൾ,മുനിസിപ്പാലിറ്റികൾ,പഞ്ചായത്തുകൾ എന്നിവയിൽ പലതിലും എൻ ഡി എ ചരിത്ര വിജയം നേടിയപ്പോൾ തൃശ്ശൂർ മണ്ഡലത്തിലെ ശ്രീ സുരേഷ് ഗോപിയുടെ വിജയവും,തലസ്ഥാന നഗരിയിലെ കോർപറേഷൻ വിജയവും എൻ ഡി എ യുടെ കരുത്തും, പൊതു ജനങ്ങൾക്കിടയിൽ അവർ നേടിയെടുത്ത വിശ്വാസവും ജ്വലിപ്പിയ്ക്കുന്നു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലും എൻഡിഎ സാന്നിധ്യം വർധിപ്പിച്ചു. ചില പ്രദേശങ്ങളിൽ ഭരണത്തിൽ പങ്കാളികളാകാനും കഴിഞ്ഞിട്ടുണ്ട് എന്നതും,അതിൽ വനിതകൾക്കും,യുവ ജനതയ്ക്കു ലഭിച്ച പ്രാതിനിധ്യവും, കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ മേൽകോയ്മയ്ക്കു വെല്ലുവിളി ഉയർത്തുന്നു.
ഈ മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ മൂന്നാം ശക്തിയുടെ സാധ്യതയെ ശക്തമാക്കിയതായി നിരീക്ഷകർ വിലയിരുത്തുന്നു.
നരേന്ദ്ര മോദി സർക്കാരിന്റെ വികസന ദർശനം കേരളരാഷ്‌ട്രീയത്തെ പുതിയ ദിശയിലേക്കു നയിക്കും
കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന ലക്ഷ്യം രാജ്യത്തെ സമഗ്ര വികസനത്തിലേക്ക് നയിക്കുകയെന്നതാണ്. “സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്” എന്ന മുദ്രാവാക്യം ഉൾക്കൊള്ളുന്ന ഭരണക്രമമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്.
രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുക, ഹൈവേകൾ, റെയിൽവേകൾ, വിമാനത്താവളങ്ങൾ വികസിപ്പിക്കുക, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുക, വനിതാ സംരക്ഷണം,കർഷകർക്കും,വയോജങ്ങൾക്കും, വിദ്യാർത്ഥികൾക്കും,ആരോഗ്യ പരിപാലനത്തിനും,ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്കും, സാമൂഹ്യ നീതി ഉറപ്പു വരുത്തുക, രാജ്യ സുരക്ഷ ഉറപ്പു വരുത്തുക എന്നിവയാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന പ്രവർത്തന മേഖലകൾ. സാമ്പത്തിക വളർച്ചയും,സേവനവും ലക്ഷ്യമിട്ട് ജനധൻ പദ്ധതി, ഉജ്ജ്വല പദ്ധതി, ആയുഷ്മാൻ ഭാരത് പോലുള്ള ക്ഷേമ പദ്ധതികളും നടപ്പിലാക്കി. ഇവയുടെ ലക്ഷ്യം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ്.
കേരളത്തിനുള്ള വികസന സാധ്യതകൾ
കേരളത്തിന്റെ വികസനത്തിനായി അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ നിക്ഷേപം, ടൂറിസം വികസനം, മത്സ്യബന്ധന മേഖലയുടെ പുരോഗതി, സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ച തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളുണ്ട്. ബിജെപി കേരളത്തിൽ മുന്നോട്ടുവയ്ക്കുന്ന പ്രധാന കാഴ്ചപ്പാട് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാക്കുകയും യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക,സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുക, ഭവനം,ജലം,വൈദ്യുതി ഉറപ്പു വരുത്തുക വനിതാ സംരക്ഷണം എന്നതാണ്. കഴിഞ്ഞ 10 വർഷമായി കേന്ദ്രം നടപ്പിലാക്കുന്ന വികസന,സുരക്ഷാ പദ്ധതികളോട് പുറം തിരിഞ്ഞു നിൽക്കുന്ന, ഇടതു മുന്നണിയുടെയും, വലതു മുന്നണിയുടെയും രീതികൾക്ക് വിപരീതമായി കേന്ദ്ര സർക്കാരിന്റെ വിവിധ വികസന പദ്ധതികൾ സംസ്ഥാന വികസനവുമായി കൂടുതൽ ഏകോപിപ്പിച്ചു കേരളത്തിൽ വികസന മുന്നേറ്റം നടത്തുവാൻ കഴിയും എന്ന് ബിജെപി അഭിപ്രായപ്പെടുന്നു.
2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്
2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയവും വികസന ദിശയും നിർണ്ണയിക്കുന്ന നിർണായക ഘട്ടമായിരിക്കും.ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായി ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള വിഷയങ്ങൾ:
യുവജന തൊഴിൽ അവസരങ്ങൾ, വ്യവസായ നിക്ഷേപവും സാമ്പത്തിക വളർച്ചയും കടലാസിലും പി ആർ വർക്കിലും ഒതുങ്ങാതെ ജനങ്ങൾക്ക് ലഭ്യമാക്കുക, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, കൃഷി,മൽസ്യബന്ധനം,മേഖലയിലെ പുരോഗതി, വിദ്യാഭ്യാസവും ആരോഗ്യവും,പരിസ്ഥിതി സംരക്ഷണം, പുതിയ സ്റ്റാർട്ടപ് പദ്ധതികൾ,വനിതാ സംരക്ഷണവും,ചെറുകിട തൊഴിൽ സ്ഥാപനങ്ങളുടെ വികസനവും എന്നിവ ലക്ഷ്യമിടുന്നു.
പരമ്പരാഗതമായി LDF-ഉം UDF-ഉം തമ്മിലുള്ള മത്സരം ശക്തമായിരിക്കും. എന്നാൽ എൻഡിഎയും (NDA ) രാഷ്ട്രീയത്തിൽ കൂടുതൽ സ്വാധീനം നേടുകയും,തെരഞ്ഞെടുപ്പിൽ വിജയം കൈവരിയ്ക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇൻഡി മുന്നണി ഒളിഞ്ഞും തെളിഞ്ഞു മൂന്നാം മുന്നണിയെ പരാജയപ്പെടുത്താൻ ശ്രമിയ്ക്കും എങ്കിലും, പത്തു വർഷത്തെ ഇടതു ഭരണത്തിന്റെ വിലയിരുത്തൽ ആയി പരിണമിയ്ക്കുന്ന വരാനിരിയ്ക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികൾക്ക് വിജയം വരയ്ക്കുക എന്നത് കഠിനമായ ഒന്നായിരിയ്ക്കും.
കേരളത്തിന്റെ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ചരിത്രവും ജനാധിപത്യ ബോധത്തിന്റെ ശക്തമായ ഉദാഹരണമാണ്. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസ വളർച്ച, ജനങ്ങളുടെ സജീവ പങ്കാളിത്തം എന്നിവ ചേർന്നാണ് ഈ ചരിത്രം രൂപപ്പെട്ടത്. ഇന്ന് കേരളം പുതിയ രാഷ്ട്രീയ ചർച്ചകളുടെ ഘട്ടത്തിലാണ്. വികസനം, അഴിമതിരഹിത, സുതാര്യഭരണം, യുവജനങ്ങളുടെ ഭാവി, വനിതാ, ശിശുക്ഷേമം, വിദ്യാഭ്യാസം,തൊഴിൽ,ആരോഗ്യ രംഗം,കൃഷി,ടൂറിസം,മൽസ്യബന്ധനം, സാധാരക്കാർക്കും,താഴെ തട്ടിലുള്ളവർക്കും ഇന്നും നേരിട്ട് കൊണ്ടിരിയ്ക്കുന്ന അവഗണനയും, സ്വജന പക്ഷപാതവും, സാമൂഹിക നീതി,സുരക്ഷ എന്നീ വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടുകയും, അത് തെരഞ്ഞെടുപ്പിന്റെ ദിശ തന്നെ മാറ്റി മറിയ്ക്കുകയും ചെയ്യും.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി രാഷ്ട്രീയ ദിശയെ നിർണ്ണയിക്കുന്ന പ്രധാന ഘട്ടമായിരിക്കും. ജനങ്ങളുടെ തീരുമാനം തന്നെയാണ് സംസ്ഥാനത്തിന്റെ ഭാവിയെ രൂപപ്പെടുത്തുക. ജനാധിപത്യത്തിൽ ഓരോ വോട്ടും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളതാണ്. വോട്ടവകാശം കൃത്യമായി വിനിയോഗിയ്ക്കുന്നതിലൂടെ മാത്രമേ സാക്ഷര കേരളത്തിന്റെ വികസനം സാധ്യമാകുകയുള്ളൂ എന്ന് ഈ തെരഞ്ഞെടുപ്പിൽ എങ്കിലും പൊതു ജനം തിരിച്ചറിയും.
ജയശങ്കർ പിള്ള, ടൊറന്റോ