
''രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി, ഒരു യു.എസ് നേവി ഫാസ്റ്റ് അറ്റാക്ക് അന്തര്‍വാഹിനി ഒരു ശത്രു യുദ്ധക്കപ്പലിനെ ഒരു എംകെ-48 ടോര്‍പ്പിഡോ ഉപയോഗിച്ച് മുക്കി. യുദ്ധക്കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്ക് അയച്ചു. അമേരിക്കയുടെ സൈനിക ആഗോള വ്യാപ്തിയുടെ അവിശ്വസനീയമായ പ്രകടനമാണിത്. പ്രദേശത്തിന് പുറത്തുള്ള ഒരു സൈനിക വിന്യാസത്തെ തിരയുക, കണ്ടെത്തുക, കൊല്ലുക എന്നത് അമേരിക്കയ്ക്ക് മാത്രമേ ഇത്തരത്തിലുള്ള തോതില്‍ ചെയ്യാന്‍ കഴിയൂ...'' ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് 'ഐറിസ് ദേന' എന്ന ഇറാനിയന്‍ യുദ്ധക്കപ്പലിനെ തകര്‍ത്ത അതീവ മാരകമായ മാര്‍ക്ക്-48 ടോര്‍പിഡോ ആക്രമണത്തെപ്പറ്റി യു.എസ് ജോയിന്റ് സ്റ്റാഫ്‌സ് ഓഫ് ചീഫിന്റെ ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിങ്ങനെയാണ്.
ഫെബ്രുവരി 15 മുതല്‍ 25 വരെയായിരുന്നു വിശാഖപട്ടണത്ത് നടന്ന, ഇന്ത്യയുടെ ബഹുരാഷ്ട്ര നാവികാഭ്യാസമായ 'മിലാന്‍ 2026'-ല്‍ പങ്കെടുത്ത കപ്പലാണ് ഐറിസ് ദേന എന്നത് ടോര്‍പിഡോ ആക്രമണത്തിന്റെ ഒരു യാദൃശ്ചികതയാണ്. ഇന്ത്യയുടെ ആത്ഥ്യം സ്വീകരിച്ച് മടങ്ങിയ കപ്പലിന് ഇത്തരത്തിലൊരു ദുര്യോഗമുണ്ടാവുമ്പോള്‍ അതിന് വൈകാരിക തലമുണ്ട്. സംഭവത്തിന്റെ ചരിത്രപരമായ പ്രസക്തിയുമുണ്ട്. എന്നാല്‍, 1941-ല്‍ ജപ്പാന്‍ യു.എസ് പസഫിക് ഫ്‌ളീറ്റിന് നേരെ പേള്‍ ഹാര്‍ബറില്‍ നടത്തിയ ആക്രമണത്തില്‍ വിമാനങ്ങളില്‍ നിന്ന് ടോര്‍പ്പിഡോകള്‍ ഉപയോഗിച്ചിരുന്നുവെന്നോര്‍ക്കുമ്പോള്‍ ആ സ്മരണകള്‍ക്കും നൊമ്പരമുണ്ട്.
1941ഡിസംബര്‍ 7-ന്റെ പ്രഭാതത്തിലായിരുന്നു അപ്രതീക്ഷിതമായ ആ കൊടിയ ആക്രമണം. കോളനിവല്‍ക്കരണവും അധിനിവേശതൃഷ്ണയും മനസിലേറ്റിയ കിഴക്കിന്റെ കിരാത ശക്തികള്‍ അമേരിക്കന്‍ മണ്ണില്‍ ചുടല നൃത്തം ചവുട്ടിയ ഭീതിയുടെ പുലര്‍കാലമായിരുന്നു അത്. ശാന്ത സമുദ്രത്തില്‍ നങ്കൂരമിട്ട കപ്പലുകളില്‍ നിന്ന് അശാന്തിയുടെ ഹുങ്കാരവുമായി അമേരിക്കയുടെ ആകാശവിശാലതയിലെത്തിയ ജാപ്പനീസ് വിമാനങ്ങള്‍ പസഫിക്കിലെ ഏറ്റവും വലിയ നേവല്‍ ബേസായ പേള്‍ ഹാര്‍ബറില്‍ ബോംബുകള്‍ നിഷ്‌കരുണം വര്‍ഷിച്ചു. കേവലം രണ്ടു മണിക്കൂര്‍ മാത്രം ദീര്‍ഘിച്ച ഈ സംഹാര താണ്ഡവത്തില്‍ പേള്‍ ഹാര്‍ബര്‍ ശ്മശാന ഭൂമിയായി. ടോര്‍പിഡോകളും വര്‍ഷിക്കപ്പെട്ടു. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. അനേകര്‍ മുറിവുണങ്ങാതെ ജീവിക്കുന്ന രക്തസാക്ഷികളായി. എട്ട് യുദ്ധക്കപ്പലുകള്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. ടോര്‍പിഡോ ആക്രമണവും ബോംബാക്രമണവും സംയോജിപ്പിച്ചാണ് ജപ്പാന്‍ ഈ മിന്നലാക്രമണം നടത്തിയത്. പില്‍ക്കാലത്ത് ഒട്ടേറെ പടയോട്ട വിജയങ്ങള്‍ നേടാന്‍ അമേരിക്കയെ പ്രാപ്തമാക്കിയത് പേള്‍ഹാര്‍ബര്‍ ആക്രമണമായിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് അമേരിക്ക മാര്‍ക്ക്-48 അല്ലെങ്കില്‍ എം.കെ-48 പ്രയോഗിച്ചതെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ടോര്‍പ്പിഡോ ആക്രമണങ്ങളുടെ പരമ്പര തന്നെയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൈനിക നടപടിയായ അറ്റ്‌ലാന്റിക് യുദ്ധത്തില്‍ ജര്‍മ്മന്‍ അന്തര്‍വാഹിനികള്‍ സഖ്യകക്ഷികളുടെ ചരക്കുകപ്പലുകളെ ലക്ഷ്യമാക്കി ടോര്‍പ്പിഡോ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ജര്‍മ്മന്‍ സബ്മറൈനുകള്‍ ബ്രിട്ടീഷ് കപ്പലുകളെ ടോര്‍പ്പിഡോ ഉപയോഗിച്ച് മുക്കിയിരുന്നു. ജപ്പാന്‍ 'ടൈപ്പ് 93 ലോങ് ലാന്‍സ്' എന്നറിയപ്പെടുന്ന ടോര്‍പ്പിഡോകളാണ് ഉപയോഗിച്ചത്. ഇവ അക്കാലത്തെ ഏറ്റവും മികച്ചവയില്‍ ഒന്നായിരുന്നു. യു.കെയും യു.എസും ടോര്‍പ്പിഡോകള്‍ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി.
അമേരിക്കയുടെ ഏറ്റവും പ്രഹര ശേഷിയുള്ള 'ജലശരം' ആയ മാര്‍ക്ക് 48-ന് ഒരു കപ്പലിനെ കടലിന് മുകളിലേക്ക് ഉയര്‍ത്തി എറിഞ്ഞ് അതിന്റെ നടുവൊടിക്കാന്‍ കഴിയും. ഈ ഹെവിവെയ്റ്റ് ടോര്‍പ്പിഡോയുടെ ഭാരം 1698.25 കിലോ ആണ്. റഡാറുകള്‍ക്ക് പിടികൊടുക്കാതെ കടലിനടിയിലൂടെ കുതിച്ചെത്തി ശത്രുവിനെ നിഷ്പ്രഭമാക്കുന്ന ഈ സാങ്കേതികവിദ്യയുടെ കരുത്ത് അപാരമാണ്. 6 മീറ്റര്‍ നീളവും 21 ഇഞ്ച് വ്യാസവുമുള്ള ഈ ടോര്‍പ്പിഡോയ്ക്ക് ഏതാണ്ട് 300 കിലോ ഗ്രാമിലധികം ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള വെടിമരുന്ന് വഹിക്കാന്‍ കഴിയും. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കരുത്ത് സ്‌ഫോടനത്തില്‍ മാത്രമല്ല, അത് പ്രയോഗിക്കുന്ന രീതിയിലുമാണ്. ശത്രു കപ്പലിന്റെ അടിഭാഗം ലക്ഷ്യം വെച്ചാണ് ഇത് കുതിക്കുന്നത്.
ടോര്‍പ്പിഡോ കപ്പലില്‍ ഇടിക്കുന്നതിനേക്കാള്‍ കൂടുതല്‍ അപകടമുണ്ടാക്കുന്നത് കപ്പലിന് തൊട്ടുതാഴെ വെച്ച് നടക്കുന്ന സ്‌ഫോടനമാണ്. ടോര്‍പ്പിഡോ കപ്പലിന്റെ അടിഭാഗത്തെ 'കീല്‍' ലക്ഷ്യം വെച്ച് പൊട്ടിത്തെറിക്കുന്നു. സ്‌ഫോടനമുണ്ടാക്കുന്ന മര്‍ദ്ദത്തില്‍ കപ്പല്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ത്തപ്പെടുകയും, മധ്യഭാഗം തകര്‍ന്ന് കപ്പല്‍ രണ്ടായി പിളരുകയും ചെയ്യുന്നു. ഐറിസ് ദേനയുടെ ഹള്ളില്‍ ടോര്‍പ്പിഡോ ഇടിച്ചതോടെ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ കപ്പലിന്റെ പിന്‍ഭാഗം തകരുകയും കപ്പല്‍ തല്‍ക്ഷണം മുങ്ങുകയുമായിരുന്നു. കപ്പല്‍ വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്നതും പിന്നീട് മുങ്ങുന്നതും അമേരിക്കന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്.
അഡ്വാന്‍സ്ഡ് സോണാര്‍ സംവിധാനമുള്ള ഈ ടോര്‍പ്പിഡോയ്ക്ക് ശത്രു കപ്പലിന്റെ ശബ്ദം തിരിച്ചറിഞ്ഞ് അതിനെ പിന്തുടരാന്‍ കഴിയും. 55 നോട്ടിക്കല്‍ മൈല്‍ (മണിക്കൂറില്‍ 100 കിലോമീറ്ററിലധികം) വേഗതയില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ശേഷിയുള്ളതാണിത്. വിക്ഷേപിച്ച ശേഷവും അന്തര്‍വാഹിനിയിലുള്ള ഓപ്പറേറ്റര്‍ക്ക് ഒരു നേര്‍ത്ത വയര്‍ വഴി ടോര്‍പ്പിഡോയുടെ ദിശ മാറ്റാന്‍ സാധിക്കും. ഇത് ലക്ഷ്യം തെറ്റാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ശത്രുക്കള്‍ പ്രയോഗിക്കുന്ന വ്യാജ സിഗ്‌നലുകളെ തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ ലക്ഷ്യത്തെ മാത്രം ആക്രമിക്കാന്‍ ഇതിലെ ആധുനിക കമ്പ്യൂട്ടറുകള്‍ക്ക് കഴിയും.
അതേസമയം, അമേരിക്കയുടെ ടോര്‍പിഡോ പ്രയോഗം ഇറാന്റെ നാവിക ആസ്തികള്‍ക്ക് വലിയൊരു ഭീഷണിയാണ് ഉയര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ ഇറാന്റെ ഭാഗത്തുനിന്ന് സമാനമായ ഒരു 'അണ്ടര്‍ വാട്ടര്‍' പ്രത്യാക്രമണം ഉണ്ടാകുമോ എന്നാണിപ്പോള്‍ ലോകം ഭീതിയോടെ ഉറ്റുനോക്കുന്നത്. മാര്‍ക്ക് 48 മേരിക്കയുടെ സമുദ്രത്തിലെ അപ്രമാദിത്വത്തിന്റെ പ്രതീകമാണ്. 'ഐറിസ് ദേന'യെ മുക്കിയതിലൂടെ തങ്ങളുടെ സാങ്കേതിക കരുത്ത് ലോകത്തിന് മുന്നില്‍ അവര്‍ കാട്ടിക്കൊടുത്തു. എന്നാല്‍ നിരവധി മനുഷ്യജീവനുകള്‍ ബലിയാടായ ആക്രമണം ലോകസമാധാനത്തിന് വലിയ ഭീഷണിയുമാണ്.