
1947 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂറിൽ നിരോധിയ്ക്കപ്പെട്ടു.
ചോരയും കണ്ണീരുo.ചാലിച്ചെഴുതിയ പുന്ന പ്ര വയലാർ സമര ചരിത്രം!.വാരിക്കുന്തവുമായി നിർഭയം പോരാടിയ സമര സഖാക്കളെ വെടിയുണ്ടകൾ കൊണ്ടു നിർദ്ദയം നേരിട്ട പോലീസുകാർ!!
നൂറുകണക്കിനു യുവാക്കളും സമരത്തിലേർപ്പെടാത്ത കുറേ പാവം തൊഴിലാളികളും വെടിയേറ്റു പിടഞ്ഞുമരിച്ചു.... ശവങ്ങൾ വാരിക്കൂട്ടി മണൽക്കുഴിയിൽ പെട്രോൾ ഒഴിച്ചു കത്തിച്ചു.... വെടിയുണ്ടകളറ്റു തുള വീണ തെങ്ങുകളും . കരിഞ്ഞ മണ്ണുo ഒരു ജനതയുടെ പോരാട്ട വീര്യത്തിന്റെ നിശബ്ദ സാക്ഷികളായി. നല്ലൊരു നാളയ്ക്കായുള്ള സമരത്തിന്റെ തിരുശേഷിപ്പുകളായി ചുവപ്പൻ സൂര്യോദയം കാത്തു കിടന്നു.
പിറ്റേന്നു മുതൽ
ഭീതിയും അശാന്തിയും നിറഞ്ഞ ദിനങ്ങൾ ആരംഭിക്കുകയായിരുന്നു.
സഖാക്കൾ പലരും ഒളിവിൽ പോയി. നേതാക്കൾ എവിടെയാണെന്നു ആർക്കുമറിയില്ല.
സംശയം തോന്നിയ വരെ ഒക്കെ പോലീസ് കൊണ്ടുപോയി ചോദ്യം ചെയ്തു.... അതിക്രൂരമായി മർദ്ദിച്ചു.
നിന്റെ ഒക്കെ നേതാക്കൾ.... മക്കൾ എവിടെ എന്നു ചോദിച്ചു കൊണ്ടാണ് രാപകൽ നിർത്താതെയുള്ള ഭേദ്യം ചെയ്യൽ.
... ഒറ്റുകാരും ഉണ്ടായിരുന്നു. പ്രതിഫലം വാങ്ങിക്കൊണ്ട് അവർ ചില നേതാക്കളുടെ ഒളിസങ്കേതങ്ങൾ പറഞ്ഞു കൊടുത്തു.
അങ്ങനെ നേതാക്കളും രാഷ്ട്രീയത്തടവുകാരായി ജയിലിലായി.
പ്രസ്ഥാനത്തിന്റെ അതിജീവനത്തിന്റെ കഠിന നാളുകൾ !
പാർട്ടിയെ വളർത്തിയെടുക്കാൻ സഖാക്കൾ ജീവൻ കൊടുക്കാൻ പോലും മടിയില്ലാതിരുന്നകാലം... പുന്ന പ്രയിലും വയലാറിലും ചേർത്തലയിലും സഖാക്കൾക്കായ് പോലീസ് വീടുകൾ തോറും തെരച്ചിൽ നടത്തി.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തൊഴിലാളി സഖാക്കളുടെ കുടിലുകളിൽ പോലീസും ഗുണ്ടകളും കയറി ഇറങ്ങി സ്ത്രീകളേയും കുഞ്ഞുങ്ങളേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
ഭയന്നുവിറച്ച നാളുകൾ !!
ആഹാരമോ വെള്ളമോ ഇല്ലാതെ പലരും ഒളിവിടങ്ങളിൽ തളർന്നു വീണു...
സഖാവ് ഈശോയും ലോക്കപ്പിലടയ്ക്കപ്പെട്ടു.
മഞ്ചാടിക്കരിയിലും നേതാക്കൾ ഒളിച്ചു താമസിയ്ക്കാനെത്തി. ജലമാർഗമല്ലാതെ അവിടെ എത്തിപ്പെടുക ദുഷ്ക്കരമായിരുന്നു.
അവശ്യ സമയത്ത് ഉപയോഗിക്കാൻ തക്കവിധം വള്ളങ്ങൾ സജ്ജമാക്കി ഇട്ടിരുന്നു. പോലീസിന്റെ സാന്നിദ്ധ്യം മണത്തറിഞ്ഞാൽ അടുത്ത നിമിഷം വള്ളത്തിൽ ക്കയറ്റി വിശാലമായ പാടശേഖരങ്ങളിലേയ്ക്ക് തുഴഞ്ഞു പോകും. ചതുപ്പുകളും കൈതക്കൂട്ടങ്ങളും സുരക്ഷിതമായ കദളിക്കാടുകളും ഞാറക്കാടുകളുoകൊണ്ട് പ്രകൃതി ഒരുക്കി നൽകിയ ഒളിവിടങ്ങളിൽ പാവപ്പെട്ട സഖാക്കൾ അഭയം തേടി.
കൈപ്പുഴയാറിന്റെ ഇരുകരകളും വ്യത്യസ്ഥ പോലീസ് സ്റ്റേഷനതിർത്തികളിലായതിനാൽ രക്ഷപെടൽ എളുപ്പമായി. സംയുക്തമായ തിരച്ചിൽ ഒരിയ്ക്കലും ഉണ്ടായതുമില്ല.
മഞ്ചാടിക്കരിയിലെ ഭൂരിഭാഗം ഇതിലൊന്നും ഇടപെട്ടിരുന്നില്ല.
മാത്രമല്ല കമ്യൂണിസ്റ്റുകാരെ ശത്രുക്കളായ് . ചിലരെങ്കിലും കരുതിപ്പോന്നു... അവരും കൂടി ഉൾപ്പെടുന്ന തൊഴിലാളിവർഗത്തിനു വേണ്ടിയാണീ കഷ്ടപ്പാടെന്ന് തിരിച്ചറിയാനുള്ള വിവേകം അവർക്കില്ലായിരുന്നു. ദുഃഖവും ദാരിദ്ര്യവും ദൈവഹിതമെന്നു കരുതിയ വിശ്വാസികൾ....
അവർക്കു ദൈവാലയവും വിശ്വാസവും അത്രമേൽ വിലപ്പെട്ടതായിരുന്നു.
കോർണിങ്‌ഹാം കോർഫീൽഡ് എന്ന സായിപ്പു ആയിരുന്നു അവസാനത്തെ ബിഷപ്പ്... നാട്ടുകാരുടെ കോർണിങ്ങാo തിരുമേനി... സാധുക്കളായവർക്കുവേണ്ടി പല നല്ല കാര്യങ്ങളും അദ്ദേഹം.നടപ്പിലാക്കിയിരുന്നു . സ്ഥാനം ഒഴിഞ്ഞു ഇംഗ്ലണ്ടിലേയ്ക്.മടങ്ങിയപ്പോൾ കൂട്ടനിലവിളിയോടെയാണു അവർ അദ്ദേഹത്തെ യാത്ര അയച്ചതു. "....... ചെന്നായ്ക്കളുടെ ഇടയിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ വിട്ടിട്ടു പോകുന്നു......".എന്നു പറഞ്ഞു തേങ്ങികരഞ്ഞു കൊണ്ടാണു അദ്ദേഹം പടിയിറങ്ങിയത്.
മഞ്ചാടിക്കരിയിലെ പാവപ്പെട്ടവർക്കായ് മിഷൻ ദാനമായിക്കൊടുത്ത വയലും പുരയിടങ്ങളും വിശാലമായ തെങ്ങിൽ തോപ്പുമൊക്കെ കാലക്രമേണ പലരുടേയും പേരിലായി.... ആരു എപ്പോൾ ആർക്കു വിറ്റന്നോ ഒന്നും അവർക്കറിയില്ല....അവർക്കായി കൊടുത്ത വസ്തുവകകൾ കൈമോശം വന്നു.... സായിപ്പന്മാർ കൊടുത്ത ക്രിസ്തുവിനെ ... വിശ്വാസത്തെ ആരും തട്ടിയെടുത്തില്ല.... ക്രിസ്തീയ വിശ്വാസം ഉണ്ടെങ്കിൽ നമുക്കു എല്ലാമുണ്ടാകുമെന്നവർ വിശ്വസിച്ചു... മാത്രമല്ല മരണശേഷം കാത്തിരിയ്ക്കുന്ന സ്വർഗം ലഭിയ്ക്കുമെന്നവർ വിശ്വസിച്ചു കൊണ്ടു് ഭൂമിയിലെ അന്യായങ്ങളും ഇല്ലായ്മകളും സന്തോഷത്തോടെ സ്വീകരിച്ചു
പുതിയ ബിഷപ്പിനെ സ്വീകരിയ്ക്കാൻ പള്ളിയും പരിസരവും അലങ്കരിച്ചു തുടങ്ങി.
ഇപ്പോഴത്തെ കപ്യാർ ദാനിയേലാണ്. അയാളെ സഹായിയ്ക്കാൻ റാഹേലും കുട്ടികളും കൂടെയുണ്ട്.
അവർക്കൊപ്പം സാറായും അലങ്കാര പണികളിൽ ഏർപ്പെട്ടു.
( തുടരും......)