
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അപ്രതീക്ഷിതമായി സ്ഥാനം രാജിവെച്ചു. 2022 നവംബർ മുതൽ മൂന്നര വർഷത്തോളം പദവിയിലിരുന്ന ശേഷമാണ് കോട്ടയം സ്വദേശിയായ ഈ റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജി സമർപ്പിച്ചത്.
മമത ബാനർജി സർക്കാരുമായി നിരന്തരമായ ഭരണഘടനാപരമായ തർക്കങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നീക്കം. രാജിക്കത്തിൽ പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞതായി അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
സി.വി. ആനന്ദബോസിന്റെ രാജിയെത്തുടർന്ന് നിലവിലെ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിച്ചു.
അതേസമയം, ഗവർണറുടെ രാജി തന്നെ ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്തി അദ്ദേഹത്തെ നിർബന്ധപൂർവ്വം രാജിവെപ്പിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.