Image

ദിവ്യസ്വയംബോധി (കവിത: വേണുനമ്പ്യാർ)

Published on 05 March, 2026
ദിവ്യസ്വയംബോധി (കവിത: വേണുനമ്പ്യാർ)

ദിവ്യസ്വയംബോധിയുടെ
നഗ്നമായ അവബോധത്തിൽ 
നടക്കയാണെങ്കിൽ
നടത്തക്കാരനെ അനായാസം 
പാതയോരത്തുപേക്ഷിക്കാം.

ദിവ്യസ്വയംബോധിയുടെ
നഗ്നമായ അവബോധത്തിൽ വീക്ഷിക്കുകയാണെങ്കിൽ
കൺകെട്ടുകാരനെ അനായാസം 
പാതയോരത്തുപേക്ഷിക്കാം.

ദിവ്യസ്വയംബോധിയുടെ
നഗ്നമായ അവബോധത്തിൽ 
മരിക്കയാണെങ്കിൽ
ദേഹിയെത്തന്നെ അനായാസം
പാതയോരത്തുപേക്ഷിക്കാം.
ഒരുവൻ അപ്പോൾ
പൂർണ്ണമായും സ്വതന്ത്രനാകും.
അയാൾക്കും അങ്ങനെ
സ്വന്തം ശവസംസ്കാരത്തിൽ
മറ്റു ബന്ധുമിത്രാദികൾക്കൊപ്പം
നിർവ്യാജം പങ്കെടുക്കാം!

2

അകൃത്രിമവും അനിർമ്മിതവുമായ
ദിവ്യസ്വയംബോധം 
ബുദ്ധനിലും യേശുവിലും 
ഒരേയളവിൽ അനന്തമത്രെ!

അവരിൽ അതേയുള്ളൂ;
നമ്മളിലൊ അതിനു പുറമേ
മറ്റു പല കലർപ്പും ഉള്ളതിനാൽ
അവരുടെ പേരും പ്രതിമയും
കലണ്ടർ ചിത്രങ്ങളും
സുപരിചിതങ്ങളെങ്കിലും
അവർ നമുക്ക് തീർത്തും 
അപരിചിതരത്രെ!

അവർ കരുണയോടെ നമ്മളെ
വെളിച്ചത്തിന്റെ പൂങ്കാവനത്തിലേക്ക്
മാടി വിളിക്കുമ്പോഴും
നമ്മൾ അവരിൽ നിന്നും
ധൃതിപ്പെട്ട് ഓടിയൊളിക്കയാണ്,
ഇരുളിന്റെ ഒറ്റപ്പെട്ട തുരുത്തുകളിലേക്ക്!
മദമാത്സര്യത്താൽ അവനവൻ സൃഷ്ടിക്കുന്ന യുദ്ധസ്ഥലികളിലേക്ക്!!

3

ദിവ്യസ്വയംബോധമുള്ളവർ
അനുഗ്രഹീതരും സ്വപക്ഷപാതം
തീണ്ടാത്തവരുമത്രെ!
അവർക്ക് ആന്തരിക സംഘർഷങ്ങളില്ല;
ആകയാൽ അവർ ഭൂമിയിലാകട്ടെ
ആകാശത്തിലാകട്ടെ ഒരിക്കലും
പോർമുഖങ്ങൾ തുറക്കുകയുമില്ല!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക