
KHGAയുടെ നേതൃത്വത്തിൽ അറ്റ്ലാന്റയിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി
അറ്റ്ലാന്റ: കേരള ഹിന്ദൂസ് ഓഫ് ജോർജിയ (KHGA)യുടെ ആഭിമുഖ്യത്തിൽ 2026 മാർച്ച് 1-ാം തീയതി അറ്റ്ലാന്റയിലെ കമിങ്ങിലുള്ള ശ്രീ ശിവ ദുര്‍ഗ്ഗാ ടെംപിൾ ഓഫ് അറ്റ്ലാന്റയിലെ ക്ഷേത്രപ്രാകാരത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി സംഘടിപ്പിച്ചു.
അനന്തപുരിയിലെ ആറ്റുകാൽ അമ്മയുടെ ദിവ്യാനുഗ്രഹം തേടി അറ്റ്ലാന്റയിലെ ഭക്തജനങ്ങൾ ഒരുമിച്ച് സമർപ്പണത്തോടെ പങ്കെടുത്തു.

ഏകദേശം 300-ലധികം ഭക്തജനങ്ങൾ പങ്കെടുത്ത ഈ മഹോത്സവം ആത്മീയ ഐക്യത്തിന്റെ ഉജ്ജ്വല ഉദാഹരണമായി മാറി. പുലർച്ചെ മുതൽ ക്ഷേത്രപ്രാകാരത്തിൽ ആത്മീയമായ അന്തരീക്ഷം നിറഞ്ഞുനിന്നു. പണ്ടാര അടുപ്പുകൾ ഒരുക്കി, കലങ്ങൾ നിരത്തി, പൂജാസാമഗ്രികൾ സജ്ജമാക്കി ഭക്തർ അമ്മയെ ധ്യാനിച്ചുകൊണ്ട് പൊങ്കാല അർപ്പിക്കാൻ തയ്യാറായി.
ലളിതാ സഹസ്രനാമ ഗ്രൂപ്പ് അതുല്യമായ ഏകോപനത്തിലും ആത്മീയ ഐക്യത്തിലും ഉജ്ജ്വലമായി പ്രവർത്തിച്ചു. അവരുടെ ശുദ്ധസ്വരങ്ങളിൽ ലളിതാ സഹസ്രനാമ പാരായണം അതീവ ഭക്തിയോടെ മുഴങ്ങിക്കൊണ്ടിരുന്നു. ആ ദിവ്യനാദം ക്ഷേത്രമുറ്റമൊട്ടാകെ ആത്മീയ സ്പന്ദനമായി നിറഞ്ഞൊഴുകി. ഓരോ മന്ത്രോച്ചാരണവും അമ്മയുടെ സാന്നിധ്യം സാക്ഷാത്കരിക്കുന്ന പവിത്ര നിമിഷങ്ങളായി ഭക്തഹൃദയങ്ങളിൽ പതിഞ്ഞു.

പണ്ടാര അടുപ്പ് തെളിയിക്കുന്നതിന് മുമ്പ്, ശ്രീ ശിവ ദുര്‍ഗ്ഗാ ടെംപിൾ ഓഫ് അറ്റ്ലാന്റയിലെ താന്ത്രികശ്രേഷ്ഠൻ ശ്രീ കാർത്തിക് ദീക്ഷിതർ ഭക്തജനങ്ങൾക്ക് വേണ്ടി ക്ഷേത്രത്തിനുള്ളിൽ കുടുംബപൂജ നയിച്ചു. തുടർന്ന് ദേവിയുടെ സന്നിധിയിൽ നിന്നുള്ള ദീപജ്വാല ഭക്തിപൂർവ്വം പുറത്ത് കൊണ്ടുവന്ന് ആറ്റുകാൽ ദേവിയുടെ സന്നിധിയിൽ പ്രത്യേക പൂജ നടത്തി. ആ ദിവ്യജ്വാലയാൽ പണ്ടാര അടുപ്പ് ആദ്യം തെളിയിച്ചു. തുടർന്ന് അതേ പരിശുദ്ധ അഗ്നിയിൽ നിന്ന് ഭക്തജനങ്ങൾ ഓരോരുത്തരും തങ്ങളുടെ അടുപ്പുകൾ തെളിയിച്ചു. ആ നിമിഷം ഭക്തിയും ഐക്യവും നിറഞ്ഞ ദിവ്യാനുഭവമായി മാറി; അനന്തപുരിയിലെ ആറ്റുകാൽ അമ്മയുടെ കൃപ അറ്റ്ലാന്റയിൽ സാക്ഷാത്കരിച്ച അതുല്യമായ ആത്മീയ മുഹൂർത്തമായി.

ഈ മഹോത്സവം സ്ത്രീകൾക്ക് മാത്രമല്ല, മുഴുവൻ കുടുംബങ്ങളുടെ സമർപ്പണവും സഹകരണവും ചേർന്ന ആത്മീയ ആഘോഷമായിരുന്നു. നാല്‍പതിലധികം ദിവസങ്ങളായി നടന്ന തയ്യാറെടുപ്പുകൾ, നിരന്തരം നടത്തിയ മീറ്റിംഗുകൾ, രജിസ്ട്രേഷൻ, സുരക്ഷാ ക്രമീകരണങ്ങൾ, പൂജാ ഏകോപനം തുടങ്ങി വിവിധ വിഭാഗങ്ങളുടെ ആത്മാർത്ഥ അധ്വാനഫലമായിരുന്നു ഈ വിജയകരമായ ആഘോഷം.
ജ്വലിച്ചുനിന്ന അടുപ്പുകളുടെ അഗ്നിശിഖകളിൽ ഭക്തരുടെ പ്രാർത്ഥനകളും നേർച്ചകളും തെളിഞ്ഞുനിന്നു. ഓരോ കലത്തിലുമുണ്ടായിരുന്ന പൊങ്കാല അമ്മയോടുള്ള ആത്മസമർപ്പണത്തിന്റെ പ്രതീകമായി മാറി.

പൂജാനന്തരമായി കേരളത്തിന്റെ നാടൻ രുചികളോടെ ഒരുക്കിയ പ്രഭാതഭക്ഷണം എല്ലാവരും ഒരുമിച്ച് സ്നേഹപൂർവ്വം ആസ്വദിച്ചു, സന്തോഷത്തോടും ഐക്യബോധത്തോടും കൂടെ ഭക്തർ വീടുകളിലേക്ക് മടങ്ങി.
പൊങ്കാല മഹോത്സവം വിജയകരമാക്കുന്നതിനായി ഗീതാ കുമാരി, ശാലിനി ഷാജീവ്, ദീപ രാജേഷ് എന്നിവർ ആത്മാർത്ഥ മനോഭാവത്തോടെ മുന്നിട്ടിറങ്ങി പ്രവർത്തിച്ചു. കൂടാതെ സംഘാടകരായ സുരേഷ് നായർ, രഞ്ജിത് ഗംഗാധരൻ, കവിത രാമചന്ദ്രൻ, ലാവണ്യ ഷിജു, ബിനീഷ് രാഘവൻ, ജഗദീഷ്, പ്രദീപ് അയ്യർ എന്നിവർ വിവിധ മേഖലകളിൽ നേതൃത്വം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഇവരോടൊപ്പം ഭേദമന്യേ അനേകം സന്നദ്ധ പ്രവർത്തകർ മുൻനിരയിൽ നിന്നു പ്രവർത്തിച്ചതാണ് ഈ മഹോത്സവത്തിന്റെ വിജയത്തിന് കരുത്തായത്.

ഈ പൊങ്കാല മഹോത്സവം വിജയകരമാക്കാൻ ആത്മാർത്ഥമായി സഹകരിച്ച എല്ലാവർക്കും സംഘാടകരായ ഷാജീവ് പത്മനിവാസ്, രാജേഷ് പിള്ളൈ, മിനി നായർ എന്നിവർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
സംഘാടകരുടെയും സന്നദ്ധ പ്രവർത്തകരുടെയും അക്ഷീണ പരിശ്രമം ഈ മഹോത്സവത്തെ അതുല്യ വിജയമാക്കി. അറ്റ്ലാന്റയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും ആത്മബന്ധവും വീണ്ടും തെളിയിച്ച ദിനമായി ഈ പൊങ്കാല മാറി.