
ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിക്കുന്ന സാഹിത്യസായാഹ്നം മാർച്ച് 8-ന് നടക്കുകയാണ്. ‘എന്റെ കഥകളും കാലവും’ എന്ന പ്രമേയത്തിൽ മുംബൈയുടെ പ്രിയ കഥാകാരൻ സുരേഷ് വർമ്മ തന്റെ എഴുത്തനുഭവങ്ങൾ പങ്കുവെക്കുന്നു. നാലു ദശാബ്ദത്തിലേറെ നീണ്ട മുംബൈ ജീവിതത്തിന്റെ പരിച്ഛേദമാണ് സുരേഷ് വർമ്മയുടെ കഥാലോകം. കലാ-സാംസ്കാരിക-നാടക രംഗങ്ങളിലെ സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ രചനകളിൽ റെയിൽവേ ജീവിതത്തിന്റെ ഉൾത്തുടിപ്പുകളും മുംബൈ സ്ഫോടന പരമ്പരകളുടെ നടുക്കുന്ന ഓർമ്മകളും ഇന്ധനമായിട്ടുണ്ട്. ആ കഥാനുഭവങ്ങളുടെ കനൽപ്പാടങ്ങളിലൂടെ, കഥയ്ക്ക് പിന്നിലെ കഥകൾ തേടിയുള്ള ഒരു തീർത്ഥയാത്രയാണ് ഈ സായാഹ്നത്തിലെ ഇന്ധനം. എഴുത്തുകാരനും നിരൂപകനുമായ സന്തോഷ് പല്ലശ്ശന ചർച്ചകൾക്ക് നേതൃത്വം നൽകും.
അധികാരത്തിന്റെ മാറാല പിടിച്ച സമാജങ്ങളും വഴിമുട്ടി നിൽക്കുന്ന സാഹിത്യ സദസ്സുകളും ഇന്ന് മുംബൈ മലയാളി ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. ഡോംബിവ്‌ലി സമാജം സംഘടിപ്പിക്കുന്ന ഈ പരിപാടിയെ സ്വാഗതം ചെയ്യുമ്പോഴും, ആ സദസ്സിന്റെ പിന്നാമ്പുറങ്ങളിൽ ഒളിച്ചിരിക്കുന്ന ചില അപ്രിയ സത്യങ്ങൾ വിളിച്ചുപറയാതിരിക്കാൻ കഴിയില്ല. ഏഷ്യയിലെ ഏറ്റവും വലിയ സമാജമെന്ന് വീമ്പിളക്കുന്നവർ, സ്വന്തം തട്ടകത്തിലെ സാഹിത്യകാരന്മാരോട് കാണിക്കുന്ന അവഗണനയും അധികാരത്തോടുള്ള ആർത്തിയും അങ്ങേയറ്റം ലജ്ജാവഹമാണ്. സാഹിത്യമെന്തെന്ന് തിരിച്ചറിയാത്തവർ സമാജത്തിന്റെ നേതൃത്വത്തിലിരുന്ന് പൊന്നിന്റെ തലപ്പട്ടം അണിയാൻ വെമ്പുന്നത് കഷ്ടമെന്നേ പറയേണ്ടൂ.
സമാജത്തിന്റെ തലപ്പത്തിരിക്കുന്ന ‘തലനരച്ച’ ചിലർ ഇന്നും പഴഞ്ചൻ ചിന്താഗതികളുടെ തടവറയിലാണ്. പുതിയ കാലത്തിന്റെ അഭിരുചികളെ ഉൾക്കൊള്ളാനോ, യുവതലമുറയ്ക്ക് വഴിമാറിക്കൊടുക്കാനോ ഇക്കൂട്ടർക്ക് സാധിക്കുന്നില്ല. അധികാരം വിട്ടൊഴിയാൻ മനസ്സില്ലാത്ത ഈ വൃദ്ധമനസ്സുകൾ മഹാ നഗരത്തിലെ മിക്ക സമാജങ്ങളും സാംസ്കാരിക വേദികളും ഇവരെപ്പോലുള്ളവർ കൈയടക്കി വെച്ചിരിക്കുന്നത് എന്തിനാണ്? അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ജനങ്ങളുടെ പണം കൊണ്ട് പടുത്തുയർത്തിയ പ്രസ്ഥാനങ്ങളെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള കപടവേദികളാക്കി മാറ്റുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം.
നഗരത്തിലെ സാഹിത്യരംഗത്തെ ഹൈജാക്ക് ചെയ്യാനും വിഘടിപ്പിക്കാനും ശ്രമിക്കുന്ന ചില ‘ശിഖണ്ഡി’ വേഷങ്ങൾ ഇതിനിടയിൽ അരങ്ങുതകർക്കുന്നുണ്ട്. കവി ആഷിഷ് എബ്രഹാമിന്റെ കവിതകളെ ‘കച്ചറ’ എന്ന് വിളിച്ച് ആക്ഷേപിച്ചവൻ തന്നെയാണ് ഇന്ന് സാഹിത്യത്തിന്റെ വക്താക്കളായി അവിടെ ചമയുന്നത്.
മുംബൈയിലെ എഴുത്തുകാരുടെ ‘ഉച്ഛിഷ്ടം’ കൊണ്ട് ശില്പശാലകൾ നടത്തി കേരള സാഹിത്യ അവാർഡ് തരപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കളിപ്പാവയാണോ സമാജം? എഴുത്തുകാരെ കാണികളാക്കി മാറ്റി അവരിൽ നിന്ന് ഫീസ് വാങ്ങി കീശവീർപ്പിക്കുന്നവൻ,മീരാ റോഡിലെ സാംസ്കാരിക വേദിയിൽ നിന്ന് പൊന്നാട ഏറ്റുവാങ്ങുന്നത് കണ്ട് ലജ്ജ തോന്നുന്നു. നഗരത്തിലെ സ്ത്രീ എഴുത്തുകാർക്ക് കൂട്ടായ്മ സംഘടിപ്പിച്ചു അവർക്ക് അവാർഡുകൾ ‘വാങ്ങിക്കൊടുക്കൽ’ വിനോദമാക്കിയ ഈ മാന്യദ്ദേഹത്തിന്റെ ഒളിച്ചുകളികൾക്ക് കുടപിടിക്കുന്നതാണോ സമാജത്തിന്റെ സാംസ്കാരിക ദൗത്യം?
ഡോംബിവ്‌ലി സമാജം ഭാരവാഹികളെ ഞാൻ വെല്ലുവിളിക്കുന്നു; നിങ്ങൾക്ക് തന്റേടമുണ്ടെങ്കിൽ നഗരത്തിലെ മുഴുവൻ സാഹിത്യ പ്രവർത്തകരെയും ആദരിക്കൂ. മീരാ റോഡ് സാംസ്കാരിക വേദി കാട്ടിയ ആർജ്ജവം കാണിക്കാൻ നിങ്ങൾക്ക് ചങ്കൂറ്റമുണ്ടോ? വ്യക്തിവിരോധം മാറ്റിവെച്ച്, സമാജത്തിൽ മുൻകാലങ്ങളിൽ നിങ്ങൾ മാറ്റിനിർത്തപ്പെട്ട എഴുത്തുകാരെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹിത്യ പ്രതിഭകളെയും സദസ്സിലേക്ക് ക്ഷണിച്ച് പൊന്നാട അണിയിക്കാൻ നിങ്ങൾ തയ്യാറാണോ? ഇന്ന് അധികാരക്കസേരയിൽ ഇരിക്കുന്നവർ അല്പം പുറകോട്ടു നോക്കുന്നത് നന്നായിരിക്കും—അന്ന് നിങ്ങൾ എവിടെയായിരുന്നു എന്ന് സ്വയം ഓർത്തുനോക്കുക.?
നഗരസഭയിൽ നിന്ന് സ്ഥലം വാങ്ങുമ്പോൾ ‘ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കുമെന്ന്’ നൽകിയ വാഗ്ദാനങ്ങൾ ഇന്ന് എവിടെപ്പോയി? അധികാരത്തിന് വേണ്ടി അംഗങ്ങളെ തമ്മിലടിപ്പിക്കുന്ന ഹീനമായ കാഴ്ചയാണ് ഇന്ന് സമാജത്തിൽ നടക്കുന്നത്. ഈ സാഹിത്യ സായാഹ്നം വെറുമൊരു പ്രഹസനമാകരുത്. സമാജം ഭരിക്കുന്നവർ കണ്ണ് തുറക്കുക, കാലം നിങ്ങളെയും വിചാരണ ചെയ്യും.!