Image

കൃഷ്ണ ജയശങ്കർ എൻസിഎഎ ഇൻഡോർ മീറ്റിന് (സനിൽ പി.തോമസ്)

Published on 04 March, 2026
കൃഷ്ണ ജയശങ്കർ എൻസിഎഎ ഇൻഡോർ മീറ്റിന് (സനിൽ പി.തോമസ്)

യുഎസിലെ അന്തർ സർവകലാശാലാ ചാംപ്യൻഷിപ് ആയ ഡിവിഷൻ വൺ എൻസിഎഎ ഇൻഡോർ ട്രാക്ക് ആൻഡ് ഫീൽഡ് ചാംപ്യൻഷിപ്പിന് തമിഴ്നാട്ടിൽ നിന്നുള്ള മലയാളി ഷോട്ട്പുട്ട് താരം കൃഷ്ണ ജയശങ്കർ മേനോൻ യോഗ്യത നേടി.മാർച്ച് 13, 14 തീയതികളിൽ അർക്കൻസാസ് ഫെയ്റ്റ് വില്ലയിലെ റാൻഡൽ ടൈസൻ സെൻ്ററിലാണ് മത്സരം.

കഴിഞ്ഞ ശനിയാഴ്ച നോർത്ത് വിർജീനിയയിലെ  റെനോയിൽ നടന്ന മൗണ്ടൻ വെസ്റ്റ് റീജനൽ ചാംപ്യൻഷിപ്പിൽ കൃഷ്ണ 17.09 മീറ്റർ താണ്ടി വനിതകളുടെ ഷോട്ട്പുട്ടിൽ വെള്ളി മെഡൽ നേടിയിരുന്നു.

അമേരിക്കൻ മണ്ണിൽ കൃഷ്ണ ജയശങ്കർ മേനോൻ വീണ്ടും ഇന്ത്യൻ ദേശീയ റെക്കോർഡ് തിരുത്തുകയായിരുന്നു.14 ന് അൽബുക്കർക്കിൽ  2026 ഡോൺ കിർബി എലീറ്റ് ഇൻവിറ്റേഷനിൽ  ഷോട്ട് പുട്ടിൽ  16.83 മീറ്റർ താണ്ടി കൃഷ്ണ സ്വന്തം ദേശീയ ഇൻഡോർ റെക്കോർഡ് മെച്ചപ്പെടുത്തിയിരുന്നു. ഇതാണ്  ഇപ്പോൾ 17.09 മീറ്റർ ആയത്. ജനുവരി 31ന് കൃഷ്ണ 16.63 മീറ്റർ കണ്ടിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് 6.01 മീറ്റർ പിന്നിട്ട കൃഷ്ണ ഒരു വർഷത്തിനിടയ്ക്കാണ് ഈ മികവു പ്രകടിപ്പിച്ചത്.

ഈ വർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിലെത്താൻ (യോഗ്യത 16 .25 മീറ്റർ) കൃഷ്ണയ്ക്കു കഴിയും.പക്ഷേ, ഇന്ത്യയിൽ സീനിയർ  ഫെഡറേഷൻ കപ്പിൽ മത്സരിക്കണം. ഇതു ലക്ഷ്യമിട്ട് ഏപ്രിലിൽ ഇന്ത്യയിൽ എത്താനാണ് കൃഷ്ണയുടെ പരിപാടി.

ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ടീം നായകരായിരുന്ന ജയശങ്കർ മേനോൻ്റെയും പ്രസന്നകുമാരിയുടെയും പുത്രിയാണ് യു.എസിൽ വിദ്യാർഥിയായ കൃഷ്‌ണ.

യു.എസ്.ഡിവിഷൻ വൺ എൻ സിഎ എ യിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതാ അത് ലിറ്റാണ് കൃഷ്ണ.യു.എസ്. സർവകലാശാലകളിൽ നിന്നുള്ള ഏറ്റവും മികച്ച 16 അത്ലറ്റുകളുടെ പോരാട്ടമാണ് ഇവിടെ നടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക