
പതിവിലും നേരത്തെ ആകാശം ഇരുണ്ടു തുടങ്ങി. ഇല പൊഴിച്ചു നിൽക്കുന്ന ഓക്ക് മരക്കൊമ്പുകൾക്കിടയിലൂടെ ഒളിച്ചു കളിച്ചുകൊണ്ടിരുന്ന അസ്തമയ സൂര്യന്റെ കിരണങ്ങൾ, മുഖം കറുപ്പിച്ചു കാണിച്ച കാർമേഘത്തിനു വഴി മാറിക്കൊടുത്തു. അല്പം കരുത്തു കാണിച്ചു നിന്ന സൂര്യനും കാർമേഘത്തിനു പിന്നിലേക്ക് മാറി നിന്നു.
മുറിക്കകത്തെ പ്രകാശത്തെ ഇരുട്ട് കീഴ്‌പ്പെടുത്തി. വൈകിട്ട് ആറുമണിയോടെ തുടങ്ങിയ ശക്തമായ മഞ്ഞാണ്. നാളെ ഉച്ചയോടു കൂടിയെ മഞ്ഞു വീഴ്ച തീരുകയുള്ളൂവെന്ന് നേരത്തെ തന്നെ കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു. ഇരുപത് ഇഞ്ചെങ്കിലും മഞ്ഞു വീഴുമത്രെ!.
“മമ്മീ, ഡാഡിയെക്കൊണ്ട് സ്നോ മാറ്റാൻ സമ്മതിക്കരുത്. നാളെ ഉച്ചകഴിഞ്ഞു വന്ന് ഞാൻ മുഴുവനും മാറ്റിത്തരാം”. അജയ് പല തവണ താക്കീത് തന്നു.
വൈകുന്നേരം ഒൻപതു മണി ആയപ്പോഴേക്കും അഞ്ചാറിഞ്ചു സ്നോ ആയിട്ടുണ്ട്. സാധാരണ ഇങ്ങനെ പെയ്യുമ്പോൾ ഓരോ നാലഞ്ച് മണിക്കൂർ കൂടുമ്പോഴും പ്രസാദ് മെഷീൻ ഇറക്കി മാറ്റിത്തുടങ്ങും. ഒരു കൂട്ടിനു താനും കൂടെ കൂടും.
പണ്ടൊക്കെ മുതിർന്ന സ്കൂൾ കുട്ടികൾ ഷവലുമായി സ്നോ മാറ്റിത്തരുവാൻ വരുമായിരുന്നു. അമ്പതോ, നൂറോ ഒക്കെ കൊടുത്താൽ മതി. ഇപ്പോൾ അങ്ങനെ ആരെയും കാണാറില്ല. ‘ന്യൂ ജെൻ’ കുട്ടികൾക്ക് ഇവിടെയും പണത്തിന് ബുദ്ധിമുട്ടില്ലായിരിക്കും.
“നാളെ ഉച്ചയാകുമ്പോഴേക്കും പത്തിരുപത് ഇഞ്ചിൽ കൂടുതൽ ആകും. അത്രയും സ്നോയിൽ മെഷീൻ വലിക്കാതെ നിശ്ചലമായി നിൽക്കും. പിന്നെ ഇരട്ടി പണിയാകും. ഇതു വരെ പെയ്തത് ഞാൻ മാറ്റാം. ഇപ്പോഴാണെങ്കിൽ എളുപ്പവും ആണ്. അജയ് അറിയേണ്ട".
താൻ തടസം പറഞ്ഞാലും അങ്ങേര് ഇറങ്ങാതിരിക്കില്ല.
“എന്നാൽ ഞാനും കൂട്ടിനു വരാം"
പത്തുമണി ആയപ്പോഴേക്കും അതുവരെ പെയ്തതെല്ലാം ക്ലീൻ ചെയ്ത് ഞങ്ങൾ തിരിച്ചു കയറി.
പ്രസാദിന് നല്ല ക്ഷീണം കാണും. ഒരിക്കലും അത് പുറത്തു കാണിക്കാറില്ല.
സ്ഥിരമല്ലാത്തൊരു ജോലി ചെയ്തിട്ട് പെട്ടെന്ന് ഉറങ്ങുവാൻ പോകുന്നതല്ലല്ലോ നല്ലത്. കുറച്ചു നേരം ന്യൂസ് കാണാമെന്ന് ഞങ്ങൾ കരുതി . എല്ലാ ചാനലുകളിലും സ്നോ പെയ്യുന്നതു തന്നെ പ്രധാന വിഷയം.
പുറത്തു തകൃതിയായി മഞ്ഞു പെയ്തുകൊണ്ടിരുന്നു. നല്ല കട്ടിയിലാണ് മഞ്ഞു താഴേക്ക് വീഴുന്നത്. ഓക്കുമരകൊമ്പുകളിലും പൈൻ മരങ്ങളിലുമെല്ലാം തൂവെള്ള അലങ്കാര ആഭരണങ്ങൾ കോർത്തിണക്കി തൂക്കിയിട്ടിരിക്കുന്നതുപോലെ അതിമനോഹരം. അയൽ വീടുകളിലെ ലൈറ്റുകളിൽ നിന്നും പതിക്കുന്ന വിവിധ വർണ്ണത്തിലുള്ള പ്രകാശം, കാറ്റുമൂലം മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന മഞ്ഞുകണങ്ങൾക്ക് എന്തൊന്നില്ലാത്ത മനോഹാരിത പകരുന്നു.
ആകാശത്തു നക്ഷത്രങ്ങളൊന്നും പ്രകാശിതമല്ലെങ്കിലും, ചന്ദ്രൻ അതിന്റെ പൂർണ്ണതയിൽ എത്തിയിരിക്കുന്നു. വെൺനിലാവിന്റെ നിഷ്കളങ്കമായ പൂ തൂകുന്ന പുഞ്ചിരി, അഭൗമമായ മഞ്ഞിന്റെ കുളിർമയേകിയ പൂമേനിയിൽ തലോടുമ്പോൾ ഭൂമീദേവി തന്നെ പുളകിതയാവുന്നു.
ജനാലയുടെ അടഞ്ഞു കിടന്നിരുന്ന മറയുയർത്തി പുറത്തെ കാഴ്ചകൾ ഏറെനേരം വീക്ഷിച്ചു കൊണ്ടുനിന്നു. കഥയോ കവിതയോ എഴുതുവാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ ഇപ്പോഴായിരുന്നു അതിനു പറ്റിയ ഏറ്റവും നല്ല സന്ദർഭം.
പ്രസാദ് ടീവിയിലെ ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു.
“എല്ലാ ചാനലുകളിലും പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു.” പ്രസാദ് സ്വയം പിറുപിറുത്തു.
“ഞാൻ കെടക്കാൻ പോകുന്നു. വരുന്നില്ലേ?“
“പ്രസാദ് പോയി കെടന്നോ. എനിക്കിപ്പോൾ ഒറക്കം വരുന്നില്ല. ഒറക്കം വരാതെ കെടന്നാൽ വെറുതെ തിരിഞ്ഞും മറിഞ്ഞും കെടക്കേയുള്ളു. അത് രണ്ടാൾക്കും ശല്യമാണ്. “ അത് പറഞ്ഞിട്ട് താൻ കുറച്ചു നേരം കൂടി ജനാലയിലൂടെ താഴേക്കും മുകളിലേക്കും നോക്കിക്കൊണ്ടു നിന്നു.
ആകാശം വളരെ ശാന്തം. കറുത്തിരുണ്ട് മുഖം വീർപ്പിച്ചു നിന്ന കുറെ മേഘങ്ങളെ മഞ്ഞു രൂപത്തിൽ താഴേക്ക് വീഴ്ത്തിയപ്പോൾ ആകാശത്തിന് എന്തോ ഭയങ്കര ഭാരം ഇറക്കി വച്ചതു പോലെ. എല്ലാവരും ഉറങ്ങിയ തക്കം പാർത്തു, ആരും കണ്ടാൽ കൊതിക്കുന്ന ചന്ദ്രനോട് കിന്നാരം പറയുവാൻ അവിടിവിടെ നക്ഷത്രങ്ങൾ പ്രത്യക്ഷപെട്ടു തുടങ്ങി.
“ഹലോ മമ്മീ.” ഫോണിന്റെ മറുതലക്കൽ അജയ്.
“നീ എന്തേ വിളിക്കാത്തതെന്ന് ഞാൻ കാത്തിരിക്യാരുന്നു .”
“ഓ ഞാനിതുവരെ പെയ്ത സ്നോ മാറ്റുവാർന്നു മമ്മീ. കഴിഞ്ഞിട്ട് വിളിക്കാന്നു കരുതി. ഡാഡി കെടന്നോ?”
“ ഉം ഇത്രയും നേരം ടീവിയുടെ മുന്നിൽ ഉണ്ടായിരുന്നു. ന്യൂസ് എല്ലാം പറഞ്ഞത് തന്നെയെന്ന് പറഞ്ഞു ദാ ഇപ്പോഴങ്ങു കെടക്കാൻ പോയി.“
“മമ്മി കെടന്നില്ലേ?”
“മഞ്ഞു വീണുകൊണ്ടിരിക്കുമ്പോഴത്തെ ആകാശത്തിന്റെയും ഭൂമിയുടെയും ഭാവഭേദങ്ങളും സൗന്ദര്യവും വീക്ഷിച്ചുകൊണ്ട് ഈ ജനാലക്കരുകിൽ നിൽക്കുകയായിരുന്നു.”
“മമ്മിക്ക് നല്ല കവിത വരുന്നുണ്ടല്ലോ. ഇനി പോയി കിടക്കാൻ നോക്ക് മമ്മി. സുമിയും മോനൂട്ടനും കെടന്നു. ഞാനും കെടക്കാൻ പോവ്വാ. നാളെ വന്നു സ്നോ മാറ്റിത്തരാം.“
“ ഓക്കേ മോനെ. ഗുഡ് നൈറ്റ്.”
കർട്ടൻ താഴ്ത്തിയിട്ട് മുകളിൽ ചെന്നപ്പോഴേക്കും പ്രസാദ് കൂർക്കം വലിച്ചു ഉറക്കമായി. എന്നാൽ പിന്നെ ഇനി പ്രസാദിനെ ശല്യം ചെയ്യെണ്ടല്ലോ എന്ന് കരുതി. എന്ന് തന്നെയല്ല കൂർക്കം വലി കേട്ടാൽ തനിക്ക് ഇത്തിരി പോലും ഉറങ്ങുവാൻ പറ്റുകയുമില്ല.
മോന്റെയും, മോളുടേയും മുറികൾ ഒഴിവായി കിടക്കുന്നതിനാൽ ഉറക്കം വരാത്തപ്പോൾ അങ്ങോട്ട് പോയി കിടക്കും. എത്ര വലുതായാലും അവർ ഇപ്പോഴും നമ്മൾക്ക് കുട്ടികളല്ലേ?. കിടക്കയിൽ അവരുടെ മണം കെട്ടി നില്പുണ്ടാവും. ഒന്നുംരണ്ടുമൊക്കെ കുട്ടികളുടെ മാതാപിതാക്കളായ അവർ വരുമ്പോൾ കൊച്ചുകുട്ടികളെ പോലെ ഞങ്ങളുടെ ഇടയിലും പത്തു മിനിട്ടെങ്കിലും കിടക്കാറുണ്ട്.
മോളുടെ മുറിയിലെ ഒരു ജനലിന്റെ മറ അല്പം ഉയർത്തി വച്ചു. ഉറക്കം വരുന്നതു വരെയും ഇടക്ക് ഉറങ്ങാതെ കിടക്കുമ്പോഴും പുറത്തു മഞ്ഞുവീഴ്ചയുടെ തീവൃത കാണാമല്ലോ.
എപ്പോഴോ ഉറക്കം തന്നെ കീഴ്‌പ്പെടുത്തി. അല്ലെങ്കിൽ ഉറക്കമില്ലായ്മയെ താൻ കീഴ്‌പ്പെടുത്തി. ഭൂമി കുലുങ്ങിയാൽ പോലും അറിയാത്ത ഉറക്കം. എന്തൊക്കെയോ വ്യക്തമല്ലാത്ത സ്വപ്നത്തിൽ കയറിയുള്ള സഞ്ചാരം.
സാധാരണ പ്രസാദ് ആണ് ആദ്യം എഴുന്നേൽക്കുന്നത്. ചിലപ്പോൾ ചായ ഉണ്ടാക്കിയിട്ട് “ചായ റെഡി” എന്ന് ഫോണിൽ മെസ്സേജിടും. താനാണ് ആദ്യം എഴുന്നേൽക്കുന്നതെങ്കിൽ തിരിച്ചും. പ്രസാദിന് ചൂടു ചായ വേണം. തണുത്തു പോകേണ്ടല്ലോ എന്ന് കരുതി താനായക്കുന്ന മെസ്സേജ് അല്പം നേരത്തെ ആകാറുണ്ട്.
മിക്കപ്പോഴും ചായ തിളക്കുന്നതിനുള്ള പുറപ്പാടിലായിരിക്കും പ്രസാദ് പതുങ്ങി വന്ന് തന്റെ കണ്ണ് പൊത്തുന്നത്. അല്ലെങ്കിൽ മറ്റെന്തെങ്കിലും കുസൃതി.
“പ്രായം എത്രയെന്നാ കരുതിയിരിക്കുന്നത്. ഈ മനുഷ്യന് ഒരു നാണവുമില്ല.”
“പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് നീ കേട്ടിട്ടില്ലേ?”. പ്രസാദിന് എല്ലാത്തിനും ഒരു ന്യായം കാണും.
ഈ സമയംകൊണ്ട് ചായ തിളച്ചു സ്ററൗവിൽ തൂകിയിരിക്കും. ഇക്കാര്യത്തിൽ ഞങ്ങൾ പലപ്പോഴും വഴക്കിടാറുണ്ട്. പുതിയ സ്ററൗവ് വാങ്ങിയിട്ട് ആറുമാസം ആയിട്ടില്ല. അതിനുമുമ്പ് മൂന്നു പ്രാവശ്യം ചായ തിളച്ചു വീണിരിക്കുന്നു.
ജനലിന്റെ മറ ഉയർത്തി കുറച്ചു നേരം പുറത്തേക്കു നോക്കി നിന്നു. മഞ്ഞുവീഴ്ചയുടെ ശക്തിക്ക് ഒട്ടും കുറവ് തോന്നുന്നില്ല. മഞ്ഞിൽ തണുത്തു വിറച്ചു പതം പറയുന്ന ഏതോ ജീവജാലങ്ങളുടെ ആരവം കേൾക്കാം. മരച്ചില്ലികളിൽ തൂങ്ങിക്കിടക്കുന്ന മഞ്ഞുകണങ്ങളുടെ ഇടയിലൂടെ സൂര്യപ്രകാശം ഒഴുകി വരുന്നുണ്ട്. അങ്ങകലെ മുൻസിപ്പൽ ബിൽഡിങ്ങിനു അരികെയുള്ള ക്ലോക് ടവറും മിന്നിത്തിളങ്ങുന്നു.
ചാരിക്കിടക്കുന്ന വാതിൽ പതുക്കെ തുറന്നു നോക്കിയപ്പോൾ പ്രസാദ് നല്ല ഉറക്കത്തിലാണ്.ചായ വച്ചിട്ട് പതിവ് പോലെ മെസ്സേജ് അയക്കാമെന്നു കരുതി.
രണ്ടുമൂന്ന് മെസ്സേജ് അയച്ചു. ചായ വാങ്ങിക്കഴിഞ്ഞിട്ടും മെസ്സേജ് അയച്ചു. ഇനി വന്ന് കണ്ണുപൊത്തുകയോ എന്തും ചെയ്യട്ടെ. ചായ സ്ററൗവിൽ തൂകില്ലല്ലോ.
കാണാതായപ്പോൾ വേവലാധിയായി.മുറി തുറന്ന് പ്രസാദിനരികിൽ ചെന്ന് വിളിച്ചപ്പോൾ പ്രതികരണമില്ല. കുലുക്കി വിളിച്ചു നോക്കി. യാതൊരു പ്രതികരണവുമില്ല.ഭ്രാന്തിയെപ്പോലെ അലറി വിളിച്ചു.
താഴെ ചായ എടുത്തുകൊണ്ടിരുന്ന പ്രസാദ് ആകെ ഭയന്നുപോയി. ഓടി മുകളിലെ മുറിയിൽ ചെന്ന് തന്നെ കുലുക്കിവിളിച്ചുണർത്തിയപ്പോഴാണ് താൻ കണ്ടതെല്ലാം ദുസ്വപ്നമായിരുന്നല്ലോ എന്ന് മനസിലായത്. കണ്ട സ്വപ്നമെന്തെന്നു പ്രസാദിനോട് പറഞ്ഞില്ല. എന്തോ ഒരു ചീത്ത സ്വപ്നം!. പിന്നെ പ്രസാദ് ഓടി താഴെ ചെന്നപ്പോഴേക്കും ചായ തിളച്ചുതൂകി സ്ററൗവ് ആകെ താറുമാറായി.
അടുത്ത വഴക്കിനുള്ള തിരിയിട്ടു വച്ചു. ഉള്ള ചായ കുടിച്ചിട്ടാവാം ബാക്കിയെല്ലാം.