
വെളിച്ചം തേടി അയാൾ നടന്നുകയറിയത് അന്ധതമസിലേക്ക്!
പ്രകാശത്തിന്റെ പ്രളയമാണ് ഇരുളെന്ന് മെല്ലെ തിരിച്ചറിഞ്ഞുതുടങ്ങി!
രൂപാരൂപഭേദങ്ങളില്ലാതെ അന്നപാനീയമില്ലാതെ നാൽപതു ദിനങ്ങൾ!
ഒറ്റപ്പെടലിന്റെ കാഠിന്യപദങ്ങളിൽ ആത്മന്വഷണത്തിന്റെ ഭാഗധേയം!
അശ്രുപൂജയിൽ ശുദ്ധിചെയ്ത ഉള്ളിലെ ശ്രീകോവിലിൽ ഭദ്രദീപം!
തീജ്വാലക്ക് ചുറ്റും കട്ടപിടിച്ചിരുന്ന ഇരുട്ടിന്റെ മൂടൽ മാറിത്തുടങ്ങിയോ?
യുക്തിയും വികാരവുമുണരാത്ത മൗനവാത്മീകത്തിൽ
നാദബ്രഹ്മമുണർന്നു!
ഒരുജനതക്കുവേണ്ടിയുള്ള വിധിക്രമങ്ങളുടെ ഏറ്റുവാങ്ങൽ ചടങ്ങായിരുന്നത്!
ഒടുവിൽ വിശുദ്ധ ഇരുളിൽമറഞ്ഞ അഗ്നി ഉള്ളിൽ പകർന്നവന് മലയിറക്കം!
വെളിച്ചമുണ്ടെന്നുള്ളവർക്കു വെളിച്ചത്തെ നോക്കുവാൻ പിന്നെ മുഖംമൂടി !