
ഓസ്റ്റിൻ (ടെക്സാസ്): സവിതയെ സൂപ്പർ സ്റ്റാർ സ്റ്റുഡന്റ് എന്നായിരുന്നു യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാർ വിശേഷിപ്പിച്ചത്. അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനി. യു.എസിലെ ടെക്സസിലെ ഓസ്റ്റിനിൽ നടന്ന ദാരുണമായ വെടിവെപ്പിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയുടെ ജീവൻ പൊലിഞ്ഞു പോയത് ഇപ്പോഴും പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ലോകത്തെ മാറ്റിമറിക്കാൻ തയ്യാറെടുത്തിരുന്ന, മാതാപിതാക്കളെ സ്നേഹിച്ചിരുന്ന, ഒരുപാട് സുഹൃത്തുക്കളുള്ള മിടുക്കിയായകുട്ടിയെയാണ് നഷ്ടമായതെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ജിം ഡേവിസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ അവസാന വർഷ വിദ്യാർത്ഥിനിയായ സവിത ഷാൻ (21) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഓസ്റ്റിനിലെ ഒരു വിനോദ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിലാണ് സവിത ഉൾപ്പെടെ നാല് പേർക്ക് ജീവൻ നഷ്ടമായത്. തമിഴ്‌നാട് സ്വദേശിനിയായ സവിത ഷാൻ എന്ന സവിത ഷൺമുഖസുന്ദരം യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ മക്കോംബ്സ് സ്കൂൾ ഓഫ് ബിസിനസിൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഇരട്ട ബിരുദം പഠിക്കുകയായിരുന്നു.ഈ വർഷം മെയ് മാസത്തിൽ ബിരുദം പൂർത്തിയാക്കി പ്രമുഖ പ്രൊഫഷണൽ സർവീസ് സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം സവിതയെ തേടിയെത്തിയത്.
യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ സ്റ്റുഡന്റ്‌സ് അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായിരുന്നു. കൂടാതെ ഓസ്റ്റിൻ തമിഴ് സംഗത്തിന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ക്ലാസ് മുറിയിൽ വെളിച്ചം പകർന്ന വിദ്യാർത്ഥിനിയായിരുന്നു സവിത എന്ന് മക്കോംബ്സ് സ്കൂൾ ഓഫ് ബിസിനസിലെ അസിസ്റ്റന്റ് പ്രൊഫസറായ റസ് ഫിന്നി പറഞ്ഞു. സവിതയുടെ വിയോഗം ടെക്സസിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ഞെട്ടലുണ്ടാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണയുമായി നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തി. ഓസ്റ്റിനിലെ വെസ്റ്റ് സിക്സ്ത് സ്ട്രീറ്റിലുള്ള ‘ബഫോർഡ്സ് ബാക്ക്യാർഡ് ബിയർ ഗാർഡന്’ നേരെയായിരുന്നു അക്രമി വെടിയുതിർത്തത്. 53 വയസ്സുകാരനായ എൻഡിയാഗ ഡിയാഗ്നെ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് വെടിവെച്ചു കൊന്നു. അക്രമി ധരിച്ചിരുന്ന വസ്ത്രത്തിൽ ഇറാൻ്റെ പതാകയുടെ ചിത്രവും ചില മതപരമായ വാചകങ്ങളും ഉണ്ടായിരുന്നതായി എഫ്.ബി.ഐ റിപ്പോർട്ട് ചെയ്‌തതായി വാർത്തകൾ പുറത്തുവന്നു.