Image

ഒടുവില്‍ ശൈലജ ടീച്ചര്‍ സമ്മതിച്ചു; മട്ടന്നൂര്‍ വിട്ട് പേരാവൂരില്‍ സണ്ണി ജോസഫിനെ വീഴ്ത്താന്‍ കച്ചകെട്ടുന്നു (എ.എസ് ശ്രീകുമാര്‍)

Published on 03 March, 2026
ഒടുവില്‍ ശൈലജ ടീച്ചര്‍ സമ്മതിച്ചു; മട്ടന്നൂര്‍ വിട്ട് പേരാവൂരില്‍ സണ്ണി ജോസഫിനെ വീഴ്ത്താന്‍ കച്ചകെട്ടുന്നു (എ.എസ് ശ്രീകുമാര്‍)

തന്റെ തട്ടകമായ മട്ടൂന്നൂര്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ അതൃപ്തിയിലായിരുന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരില്‍ മല്‍സരിക്കും. സിറ്റിങ് സീറ്റായ മട്ടന്നൂരില്‍ ഇത്തവണ ശൈലജയെ പരിഗണിക്കേണ്ടതില്ലെന്ന പ്രാഥമിക ചര്‍ച്ചകള്‍ക്കൊടുവില്‍, പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഈ സുപ്രധാന തീരുമാനമെടുത്തത്. കോണ്‍ഗ്രസിന്റെ കോട്ടയായ പേരാവൂരില്‍ നിന്ന് 2006-ല്‍ ശൈലജ ടീച്ചര്‍ വിജയിച്ചിരുന്നു.ശൈലജയെപ്പോലെയുള്ള കരുത്തുറ്റ ജനകീയ നേതാക്കളെ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വത്തെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത്.

സി.പി.എമ്മിന്റെ ഷുവര്‍ സീറ്റായ മട്ടന്നൂരില്‍ പുതുമുഖത്തെ നിര്‍ത്തി വിജയിപ്പിക്കുന്നതിനു വേണ്ടിയാണ് ശൈലജ ടീച്ചറെ ഇവിടെ നിന്ന് മാറ്റുന്നത്.  ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജാകും മട്ടന്നൂരില്‍ ഇക്കുറി മത്സരിക്കുക. പേരാവൂരില്‍ മത്സരിക്കാന്‍ ശൈലജ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടമായിരിക്കും കരുത്തരായ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ പേരാവൂരില്‍ നടക്കുന്നത്. രണ്ടു ടേം വ്യവസ്ഥയുടെ പേരില്‍ ഇത്തവണ മുതിര്‍ന്ന പല നേതാക്കളെയും മാറ്റിനിര്‍ത്താന്‍ സി.പി.എം ആലോചിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ആദ്യ പട്ടികയില്‍ മട്ടന്നൂരില്‍ ശൈലജയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2021) കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ട് നേടിയാണ് കെ.കെ ശൈലജ മട്ടന്നൂരില്‍ നിന്ന് വിജയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച ഒരു നേതാവിനെ ഒഴിവാക്കുന്നത് വോട്ട് വിഹിതത്തെ ബാധിക്കുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി വാദിതിന്റെ അടിസ്ഥാനത്തിലാണ് പേരാവൂരില്‍ ശൈലജ ടീച്ചര്‍ക്ക് നറുക്കു വീണത്. യു.ഡി.എഫിന്റെ കൈവശമുള്ള, വിജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളില്‍ ജനപ്രീതിയുള്ള നേതാക്കള്‍ക്ക് രണ്ടു ടേം മാനദണ്ഡത്തില്‍ ഇളവ് നല്‍കാം എന്ന ഫോര്‍മുലയിലാണ് ശൈലജയുടെ കാര്യത്തില്‍ സി.പി.എം സ്വീകരിച്ച നിലപാട്.

പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാര്‍ട്ടി രണ്ട് ടേം മാനദണ്‍ത്തില്‍ ഇളവ് നല്‍കാറുണ്ട്. പുതുമുഖങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനൊപ്പം തന്നെ മുതിര്‍ന്ന നേതാക്കളെ കടുപ്പമേറിയ മണ്ഡലങ്ങളിലേക്ക് നിയോഗിക്കുന്ന ശൈലിയാണ് സി.പി.എം ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഇടതു മുന്നണിക്ക് ശൈലജയെപ്പോലുള്ള  ജനകീയ മുഖങ്ങളുടെ സാന്നിധ്യം അനിവാര്യമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് നാളെ (മാര്‍ച്ച് 4) ചേരും. എട്ടാം തീയതി സി.പി.എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും.

പേരാവൂര്‍ ഇടതുപക്ഷത്തിന് ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമാണെന്നാണ് കെ.കെ ശൈലജയുടെ ഉറച്ച വിശ്വാസം. 2006-ല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എയായിരുന്ന എ.ഡി മുസ്തഫയെ 9,099 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ശൈലജ പേരാവൂരില്‍ വിജയക്കൊടി പാറിച്ചിരുന്നു. മണ്ഡലം രൂപീകൃതമായ ശേഷം ഇടതുപക്ഷം നേടിയ ഏറ്റവും വലിയ വിജയമായിരുന്നു അത്. എന്നാല്‍ 2011-ല്‍ സണ്ണി ജോസഫിനോട് 3,440 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പിന്നീട് 2016-ലും 2021-ലും ശൈലജയെ പേരാവൂരിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പാര്‍ട്ടി സുരക്ഷിത സീറ്റുകള്‍ നല്‍കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ് ശൈലജയുടെ പേര് ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ ഉയര്‍ന്നുകേട്ടിരുന്നു.

കെ.കെ ശൈലജ കളത്തിലിറങ്ങുന്നതോടെ സിറ്റിങ് എം.എല്‍.എ സണ്ണി ജോസഫുമായുള്ള പോരാട്ടം പ്രവചനാതീതമാവും. കഴിഞ്ഞ മൂന്ന് തവണയായി കോണ്‍ഗ്രസിന്റെ സണ്ണി ജോസഫ് പ്രതിനിധീകരിക്കുന്ന ഈ മണ്ഡലം തിരിച്ച് പിടിച്ചെടുക്കുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നമാണങ്കിലും അത് അത്ര എളുപ്പമല്ല. സണ്ണി ജോസഫിന്റെ വ്യക്തിപരമായ സ്വാധീനവും യു.ഡി.എഫിന്റെ വോട്ട് ബാങ്കും മറികടക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും, മണ്ഡലത്തില്‍ പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകളും വനിതാ വോട്ടുകളും സമാഹരിക്കാന്‍ ശൈലജ ടീച്ചര്‍ക്ക് സാധിക്കുമെന്ന് സി.പി.എം നേതൃത്വം വിശ്വസിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിക്ക് ഊര്‍ജ്ജം പകരാന്‍ പോന്നതാണ്.

സണ്ണി ജോസഫ് 2025 മെയ് 8 മുതല്‍ കെ.പി.സി.സി പ്രസിഡന്റായി തുടരുന്ന വ്യക്തിയാണ്.  1970 മുതല്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായ സണ്ണി ജോസഫ് കോഴിക്കോട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു. 1980-കളില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി രാഷ്ട്രീയത്തില്‍ സജീവമായ സണ്ണി ജോസഫ് 2001-ല്‍ കെ സുധാകരന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോള്‍ പകരം ഡി.സി.സി പ്രസിഡന്റായി നിയമിതനായി.

സംസ്ഥാനത്തെ കോണ്‍ഗ്രസ്ില്‍ കെ സുധാകരന്റെ വിശ്വസ്ഥനായി അറിയപ്പെടുന്ന സണ്ണി ജോസഫ് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016, 2021 നിയമസഭകളില്‍ വീണ്ടും അംഗമായി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍, ജില്ലാ പ്രസിഡന്റ്, ഉളിക്കല്‍ സഹകരണ ബാങ്ക്,പ്രസിഡന്റ്, തലശ്ശേരി കാര്‍ഷിക വികസന സഹകരണ സൊസൈറ്റി, പ്രസിഡന്റ്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍, പ്രസിഡന്റ്, 2001മുതല്‍ 2011 വരെ കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ്, യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തുമ്പോള്‍, വി.ഐ.പി  മണ്ഡലമായി മാറിക്കഴിഞ്ഞ പേരാവൂരിലെ പോരാട്ടം കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക