
വലതുകൈപ്പാങ്ങിലായി കണ്ടു, താന്‍ അഞ്ചു മുതല്‍ ഏഴു വരെ പഠിച്ച പ്രൈമറിസ്കൂള്‍ തികഞ്ഞ പ്രൌഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു നിമിഷാര്‍ദ്ധം കൊണ്ട് പൂര്‍വസ്മൃതികളിലേയ്ക്ക് മനസ്സ് ഊളിയിട്ടു. “കുങ്കുമപ്പൂവുകള്‍ പൂത്തു, എന്‍റെ തങ്കക്കിനാവിന്‍ താഴ്വരയില്‍.. ശശിഗോവിന്ദന്‍ അല്ലേ ആ പാടുന്നത്? ഉമ ചെവിയോര്‍ത്തു. അടുത്തതപ്പോള്‍ തന്‍റെ ഊഴമാണല്ലോ? ദ്വാരകേ... എന്ന പാട്ടാണ് താന്‍ പാടാന്‍ പോകുന്നത്.,. അതേതു ചിത്രത്തിലെയാണാവോ? മനസ്സപ്പോള്‍ കുസൃതിക്കാരിയായ കുട്ടിയായി, വര്‍ത്തമാനകാലത്തെ കൈവിട്ട് തന്‍റെ കൗമാരം മൊട്ടിട്ടു തുടങ്ങിയ ഭൂതകാലത്തെ വര്‍ണ്ണശോഭയണിഞ്ഞ സുന്ദരലോകത്ത് ഉത്സാഹത്തിമിര്‍പ്പോടെ ചിറകുവിരിച്ചു പറക്കുകയായിരുന്നു,..
ഇന്ന് താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് നിമിത്തമായത് തന്‍റെ ഈ സ്കൂള്‍ ആണെന്ന് അവള്‍ക്കറിയാം. ഉമയവിടെ ഒരുമാത്ര തന്നെ താനാക്കിയ അധ്യാപകരെ ഓര്‍ത്തുകൊണ്ട് സ്വയം മറന്നുനിന്നു,. ഓര്‍ത്തുനില്‍ക്കെ അറിയാതെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ ജലബിന്ദുക്കള്‍ പുറം കൈകൊണ്ട് വടിച്ചുമാറ്റി. അപ്പോഴും വന്നു,സാന്ത്വനവുമായി നേര്‍ത്തൊരു കുളിര്‍ക്കാറ്റ്. അവന്‍ ഉച്ചിയിലൊന്നു തലോടിയപ്പോള്‍ ഉമയുടെ മനസ്സും ശരീരവും ഒരുപോലെ തണുത്തു. തണുപ്പിനെ ചെറുക്കാന്‍ സാരിത്തുമ്പെടുത്തു തലവഴി മൂടിക്കൊണ്ട് നേരെ കോളനി ലക്ഷ്യമാക്കി മുന്നോട്ടു നടന്നു.
കണ്ണീരുപ്പും ചിരിപ്പൂക്കളും ഉതിര്‍ന്നുവീണ വഴിത്താരകളില്‍ പതിഞ്ഞ കാലടികളില്‍ കാലത്തിന്‍റെ ഉണങ്ങിയ മുറിപ്പാടുണര്‍ത്തുന്ന നേര്‍ത്ത ഒരു വിങ്ങല്‍ അനുഭവപ്പെട്ടു. വീടുകളുടെ കടമ്പകള്‍ക്കിരുവശം സ്നേഹംപങ്കിടാന്‍ കടന്നുകയറിയ ചെമ്പരത്തിപ്പൂക്കള്‍ ആശ്ലേഷബദ്ധരായി ചിരിച്ചു നില്‍ക്കുന്നു. വേലിയിറമ്പിലെ കോളാമ്പിയും ശംഖുപുഷ്പവും നാലുമണിപ്പൂക്കളും ഇന്നും തമ്മില്‍ പ്രണയത്തിലാണ് എന്ന് പറയാതെ പറയുന്നു. എത്താക്കൊമ്പിലെ അമ്പഴം, മുള്‍ച്ചെടികളില്‍ പടര്‍ന്നു കയറുന്ന ഞാറപ്പഴം, തൊടലിപ്പഴം, കാരകാരപഴം, ഞൊട്ടങ്ങ, ഞാവല്‍പ്പഴം ഇവയൊക്കെ തങ്ങള്‍ അന്യംനിന്നു പോയി എന്ന് പരിഭവിക്കുന്നു. വീരപ്പെട്ടിക്കാ എന്ന് തങ്ങള്‍ കുട്ടികള്‍ വിളിക്കുമായിരുന്ന വള്ളിമേല്‍ കായ്ക്കുന്ന പച്ചഉടുപ്പിട്ട ഒരുതരം വിചിത്രമായ കായ ഞാനിന്നുമിവിടെയുണ്ടെന്നവളോട് മൊഴിഞ്ഞു . സന്തോഷത്തോടെ അതിലൊന്നവള്‍ പൊട്ടിച്ചെടുത്തു കയ്യില്‍ തെരുപ്പിടിച്ചു.
വഴിയരികില്‍ കൂട്ടിയിട്ട റബ്ബര്‍ മരക്കഷണങ്ങളുടെ പുറംപാളികള്‍ കമ്പിപ്പാര വച്ച് അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ചില കട്ടികള്‍. ഒരിക്കല്‍ ഇവര്‍ തന്നെയായിരുന്നില്ലേ താനും തന്‍റെ കൂട്ടുകാരും? ഒരുനിമിഷം ഉമ തന്‍റെ കുട്ടിക്കാലം ഓര്‍ത്തുപോയി.
കോളനിയ്ക്കകത്തേയ്ക്കു കടക്കാനുള്ള പഴയ കടമ്പയ്ക്കു പകരമിപ്പോള്‍ കല്‍മതിലില്‍ ചേര്‍ത്തടയാതെ ചങ്ങലയിട്ടു ബന്ധിച്ച രണ്ടുതകരപ്പാളികളാണ് . ആത്മബന്ധങ്ങള്‍ തീര്‍ത്ത സ്വാതന്ത്രത്തിന്റെയും സഹവാസത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും അതിരുകള്‍ നിശ്ചയിച്ച ദ്രവിച്ച ചങ്ങലകള്‍ കൊണ്ട് ഉള്ളിലുള്ള സ്നേഹം താഴിട്ടു പൂട്ടി അതിന്‍റെ കടയ്ക്കല്‍ ഉറപ്പിച്ചിരിക്കയാണ്. തുറന്നുകിടന്ന ഇരുപാളികള്‍ക്കും ഇടയിലുള്ള വിടവിലൂടെ ഞെങ്ങി ഞെരുങ്ങി ഉമ അകത്തുകടന്നു. ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ തക്കവണ്ണം ഭൂതകാലത്തിന്‍റെ അവശേഷിപ്പുകള്‍ ഒന്നും തന്നെ അവള്‍ക്കവിടെ കാണാന്‍ സാധിച്ചില്ല. കോളനിയാകെപ്പാടെ നവീകരിക്കപ്പെട്ടിരിക്കുന്നു. കുടിലുകളുടെ സ്ഥാനത്ത് ഓടിട്ട വീടുകള്‍. പഴയമയുടെ കളങ്കലേശമില്ലാത്ത, ഹൃദ്യമായ പരിസരവുമായി അവിടമിപ്പോള്‍ താരതമ്യം ചെയ്യാന്‍ പോലും ഉമയ്ക്ക് കഴിഞ്ഞില്ല.
പരിചയമുള്ള ആരെങ്കിലും? അവള്‍ ചുറ്റും തിരഞ്ഞു. ഇടയ്ക്ക് ഒറ്റപ്പെട്ട ഒന്നുരണ്ട് ഓലമേഞ്ഞ വീടുകള്‍ പഴയ ദാരിദ്യം വിളിച്ചു പറഞ്ഞുകൊണ്ടവിടെ നിലകൊള്ളുന്നുണ്ട്. ഉമയാവട്ടെ, പണ്ടത്തെ ഓര്‍മ്മ വച്ച് സീതമ്മയുടെ വീടെന്നു തോന്നിക്കുന്ന അതിലൊന്നിന്‍റെ മുറ്റത്തു പോയി നിന്നു. വീട്ടിനുള്ളില്‍ ആരുമുള്ള ലക്ഷണമില്ല...
പരിസരമാകെ ഒന്ന് കണ്ണോടിച്ചു. പരമ്പരാഗത തൊഴില്‍ ഉപേക്ഷിച്ച മട്ടില്‍ തൊഴിലിടങ്ങള്‍ ചത്തു മലച്ചു കിടക്കുന്നു. കുലത്തൊഴില്‍ ചെയ്യാന്‍ തയ്യാറില്ലാത്ത പുത്തന്‍ തലമുറ ജീവിതത്തിനു ബലമുള്ള ഊടും പാവും നെയ്യാന്‍ അന്യസംസ്ഥാനത്ത് തൊഴില്‍ തേടി പോയിരിക്കുന്നതുകൊണ്ടാവാം, ഒരിക്കല്‍ ശബ്ദായമാനമായിരുന്ന അന്തരീക്ഷം ഇന്ന്‍ മൗനംകുടിച്ചു കിടക്കുന്നു. വിദേശങ്ങളില്‍ ചേക്കേറിയ ‘യുവജനങ്ങള്‍ നാട്ടില്‍ ചെയ്യാന്‍ മടിക്കുന്ന പല ജോലികളും അവിടെ ചെന്നാല്‍ നൂറുവട്ടം ചെയ്യാന്‍ തയ്യാറാകുന്ന കാഴ്ച താന്‍ നേരില്‍ക്കണ്ടിട്ടുള്ളതാണ്.
നിശ്ശബ്ധത ഘനീഭവിച്ച ആ ചുറ്റുപാടില്‍ ഉമയ്ക് വല്ലാത്ത തിക്കുമുട്ടല്‍ അനുഭവപ്പെട്ടു. അധികനേരം ഒരിടത്തുതന്നെ അങ്ങനെ നില്‍ക്കാതെ കഴിഞ്ഞ ഇരുപത്തഞ്ചോളം വര്‍ഷങ്ങളിലെ വിടവ് നികത്താനെന്നോണം അവിടെക്കണ്ട കുടികളിലും അതിന്‍റെ പരിസരത്തും വെറുതെ ചുറ്റി നടന്നു. ആരെയും കാണാതെ നിരാശയോടെ തിരിഞ്ഞു നടക്കാന്‍ ഭാവിച്ച ഉമയെ ഒരശരീരി പോലെ പിറകില്‍നിന്നാരോ വിളിച്ചതായി തോന്നി, ഞെട്ടിത്തിരിഞ്ഞവള്‍ നോക്കി. തൊട്ടടുത്ത് ആരെയും കണ്ടില്ല. എന്നാല്‍ ആദ്യം കണ്ട വീട്ടില്‍ നിന്നൊരു മെല്ലിച്ച സ്ത്രീരൂപം ഇറങ്ങിവരുന്നുണ്ടായിരുന്നു .. ഉമയവരെ പെട്ടെന്ന് തിരിച്ചറിഞ്ഞു.
അമ്മാളുവമ്മ !
വേഗമവള്‍ മുന്നോട്ടു നടന്നുചെന്നു. സീതയുടെ അമ്മയല്ലേ? ഇരുകൈകളും കവര്‍ന്നെടുത്ത് അവരുടെ തളര്‍ന്ന കണ്ണുകളിലേയ്ക്ക് നോക്കി ആര്‍ദ്രമായി ചോദിച്ചു. സംശയത്തിന്‍റെ മുനവച്ച നോട്ടം മടക്കിക്കൊടുത്തുകൊണ്ട് അതെയെന്നവര്‍ തലകുലുക്കി
അമ്മയ്ക്ക് സുഖമല്ലേ? ഉമയുടെ സഹതാപം വഴിയുന്ന ചോദ്യത്തിന് ആണെന്നോ അല്ലെന്നോ അവര്‍ പറഞ്ഞില്ല.
“സീതേടമ്മയ്ക്കെന്നെ മനസ്സിലായില്ലേ? ഞാനുമയാണ്. പണ്ടേ ഉമയവരെ അങ്ങനെയാണ് വിളിക്കുമായിരുന്നത്. ആ വിളികേട്ടാല്‍ തന്നെ തിരിച്ചറിയുമെന്നു കരുതിയ ഉമയ്ക്ക് അവിടെയും തെറ്റി .
അവരുടെ കണ്ണുകളില്‍ തെളിഞ്ഞുകണ്ട അപരിചിതഭാവം ഇല്ല! എന്നവളെ ബോധ്യപ്പെടുത്തി..
നമ്മുടെ മുത്ത് ? ഉമ വികാരാധീനയായി.
അവര്‍ മനസ്സിലാകാത്ത മട്ടില്‍ തുറിച്ചു നോക്കി.
സീതമ്മ ഇപ്പോള്‍ എവിടെയാ? കൂടുതല്‍ വ്യക്തത വരുത്താനായി ഉമയപ്പോള്‍ എടുത്തു ചോദിച്ചു
“അതി സെച്ചി പേയെ!”
അബോധാവസ്ഥയിലെന്നപോലെ അവര്‍ പിറുപിറുത്തത് കുമ്മറ ഭാഷയിലാണ്. ഉമയ്ക്കത് മുഴുവന്‍ മനസ്സിലായില്ല.
അവള്‍ക്കെന്തു പറ്റി, ങേ? ഉദ്വേഗം അടക്കാനാവാതെയുള്ള ഉമയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ അവര്‍ പിന്നെയും നിസ്സംഗത പാലിച്ചു.
“അവളെപ്പറ്റി അറിയാനാണ് സീതേടമ്മേ ഞാന്‍ വന്നത്. പറ്റിയാല്‍ കാണാനും.” ഉമ ഗദ്ഗദം മുറ്റിയ സ്വരത്തില്‍ പറഞ്ഞു.
ചത്തു! അങ്ങനെയാണവര്‍ പിന്നെയും പറഞ്ഞത്. കുറേക്കാലങ്ങളായിട്ട് ആരുചോദിച്ചാലും പറയുന്ന അതേ മറുപടി.
എന്താ? ഉമ നിന്നനില്‍പ്പില്‍ എവിടെയ്ക്കോ തെറിച്ചു പോയി.
ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒന്ന് തീരെ പ്രതീക്ഷിക്കാതെ കാതില്‍ വന്നലച്ചപ്പോള്‍ ഇട നെഞ്ചു പൊട്ടുംപോലെ തോന്നിയ ഉമ, പിടിച്ചു നില്‍ക്കാനാവാതെ ആ മണ്ണിലേയ്ക്ക് ഊര്‍ന്നിരുന്നു. ഇനിയെങ്ങാന്‍ അമ്മാളുവമ്മ പിച്ചും പേയും പറയുകയാണോ എന്നവള്‍ സംശയിച്ചു. കാരണം, അവര്‍ ഇപ്പോള്‍ തന്‍റെ പഴയകാലത്തിലേയ്ക്ക് തിരികെ നടക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നവള്‍ക്ക് മനസ്സിലായി. പൂര്‍വ്വകാല സ്മരണകളിലൂടെ തപ്പിത്തടഞ്ഞു നടന്നു വേച്ചുവീഴുന്ന ഒരാത്മാവ് മാത്രമാണിപ്പോള്‍ അമ്മാളുവമ്മ. .
എന്തായിരുന്നു, സീതേടമ്മേ അവള്‍ക്ക്? ഉമ തേങ്ങിപ്പൊട്ടി.
ആ... എന്നവര്‍ വായ് പൊളിച്ചു. നിസ്സഹായതയും നിര്‍വ്വികാരതയും ആയിരുന്നു അവരുടെ ആ ചേഷ്ടകളില്‍. ഉമ സ്വയം നഷ്ടപ്പെട്ടവളെപ്പോലെ എവിടേയ്ക്കോ നോക്കി ഒരു പ്രതിമ കണക്കെയിരുന്നു.
കൂടുതലൊന്നും പറയാനില്ല എന്നൊരനിഷ്ടഭാവം കാട്ടി അമ്മാളുവമ്മ വീട്ടിനുള്ളിലേയ്ക്ക് കയറിപ്പോയി. ആ നീക്കം ഉമ തീരെ പ്രതീക്ഷിച്ചതല്ല. അത്തരമൊരു പ്രതികരണത്തിലൂടെ അവര്‍ കാട്ടിയ നിസ്സഹകരണമനോഭാവം അവളെ കൂടുതല്‍ വേദനിപ്പിച്ചു.
ഇനിയിവിടെ നിന്നിട്ട് കാര്യമില്ല. ഇനി കൂടുതലൊന്നും അവരില്‍നിന്നറിയാന്‍ കഴിയില്ല. ഉമ പതിയെ എണീറ്റു. അടുത്തുള്ള വീടുകള്‍ ശ്രദ്ധിച്ചു. എങ്ങും ആളനക്കമുള്ള ലക്ഷണമില്ല. ആരെയെങ്കിലും ഒന്ന് കണ്ടാല്‍ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞേനെ. അവള്‍ ഉദയപുരം കൊട്ടാരമിരിക്കുന്ന ഭാഗത്തേയ്ക്ക് നോട്ടമെറിഞ്ഞു. പരിസരമാകെ കാടും പടലും പിടിച്ചു കിടക്കുന്നു. അങ്ങോട്ടേയ്ക്കൊന്നു കടക്കാന്‍ പോലും നിര്‍വ്വാഹമില്ല. പോയിട്ടും കാര്യമുണ്ടോ എന്നറിയില്ല. പിന്നീടൊരിക്കല്‍ വരാമെന്നോര്‍ത്ത് ഗൃഹാതുരത്വമുണര്‍ത്തുന്ന പൂര്വ്വസ്മരണകളെ മടക്കി വിളിച്ചുകൊണ്ട് ഉമ തിരികെ നടന്നു.
തുടരും....
Read More: https://www.emalayalee.com/writer/318