
മരണം ഒരു അനിവാര്യതയാണ്. എപ്പോൾ ഏതു നിമിഷത്തിലും അതിന് ഒരു ജീവനെ കീഴ്പ്പെടുത്താനാകും. എങ്കിലും സുരഭിയുടെ മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു. സുഖമില്ലാതെ ആയ മൂന്നാം നാൾ ആണ് ഞാൻ അവളെ അവസാനമായി കണ്ടത്.
" വല്ലപ്പോഴും നീയെന്റെ മിന്നു മോളെ വിളിക്കണം.. വിവരങ്ങൾ തിരക്കണം. മോനും ഭാര്യയും പൊന്നു പോലെ നോക്കുമെങ്കിലും അവളുടെ മനസ്സ് ഇപ്പോഴും അനന്തനെ തേടുകയാണ്.. " അത്രയും പറഞ്ഞപ്പോൾ തന്നെ സുരഭിയുടെ ശബ്ദം ദുർബലമായി.
എല്ലാം എനിക്കറിയാമായിരുന്നു. സുരഭിയുടെ ഏക മകൾ മിന്നുവിന്റെയും അനന്തന്റെയും ജീവിതം. അവർക്കിടയിൽ നില നിന്നിരുന്ന ആഴമേറിയ സ്നേഹം. രോഗാവസ്ഥയിലും വർഷങ്ങളോളം അവളെ ചേർത്തു പിടിച്ച അനന്തന്റെ കാരുണ്യം. എല്ലാം ഇല്ലാതായത് പൊടുന്നനെ ആയിരുന്നു.
ഏക മകൻ ആദി ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിനോട് യോജിക്കാൻ എന്ത് കൊണ്ടോ അനന്തന് സാധിച്ചില്ല. മിന്നുവിന്റെ ലോകം മകൻ ആദിക്കും അനന്തനും ചുറ്റും വട്ടം കറങ്ങുന്ന ഒന്നായിരുന്നു. മറ്റൊരു ഭ്രമണ പഥം അവൾക്കില്ലായിരുന്നു. മോനെയും അനന്തനെയും അവൾ ഒരുപോലെ സ്നേഹിച്ചിരുന്നു. രണ്ടു പേരെയും അവൾക്കു വേണമായിരുന്നു. സ്വയം സ്നേഹിക്കുന്നതിനേക്കാൾ അവൾ അവരെയാണ് സ്നേഹിച്ചത്..അത് കൊണ്ടു തന്നെ അനന്തൻ എതിർത്തിട്ടും ഏക മകന്റെ വിവാഹത്തിൽ അവൾ പങ്കെടുത്തു. അവനോടൊപ്പം കേരളത്തിന് പുറത്തേക്ക് പോകേണ്ടി വന്നുവെങ്കിലും വൈകാതെ അനന്തന്റെ പിണക്കം മാറുമെന്ന് അവൾ വിശ്വസിച്ചിരുന്നു.
മോനോടൊപ്പമുള്ള ജീവിതം സുഖകരമായിരുന്നു എങ്കിലും മിന്നു പലപ്പോഴും എന്നെ വിളിച്ചിരുന്നു. അവളുടെ എല്ലാ സംഭാഷണങ്ങളും ഒടുവിൽ ചെന്നു ചേർന്നത് അനന്തനിലായിരുന്നു.
ഒരിക്കൽ കൂടി അവിടെക്കു തിരികെ ചെല്ലണം എന്ന അതിയായ ആഗ്രഹം പിന്നീട് ഒരു നോക്ക് വെറുതെ ഒന്ന് കണ്ടാൽ മതി എന്നും ശബ്ദം ഒന്ന് കേട്ടാൽ മതി എന്നുമുള്ള അവസ്ഥയിലേക്ക് വരെ എത്തി. ഓരോ തവണയും എല്ലാം ശരിയാകും കാത്തിരിക്കൂ എന്ന് ഞാൻ അവളെ ആശ്വസിപ്പിച്ചു കൊണ്ടുമിരുന്നു.
കാലം ഉണക്കാത്ത മുറിവുകളില്ലല്ലോ. അറ്റു പോയ സ്നേഹച്ചരടിനെ കൂട്ടി യോജിപ്പിക്കാൻ ഞാൻ നടത്തിയ ശ്രമങ്ങൾ എല്ലാം വിഫലമായി. അനന്തന്റെ മൗനത്തിലേക്കും രോഷ ത്തിലേക്കും ഞാൻ അവളുടെ സന്ദേശങ്ങൾ പകുത്ത് നൽകി. ഒരു പ്രയോജനവുമുണ്ടായില്ല എങ്കിലും ഒടുവിൽ എന്ന് തൊട്ടോ അവൾ ശാന്തമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചേർന്നു എന്നെനിക്കു തോന്നിയിരുന്നു. പിന്നെ ഇടറിയ ശബ്ദത്തിൽ എപ്പോഴെങ്കിലും ഒക്കെ അവളുടെ വോയിസ് മെസ്സേജുകൾ എന്നെ തേടി വരുമായിരുന്നു. ആ സന്ദേശങ്ങൾക്ക് എണ്ണം കുറഞ്ഞു വന്നപ്പോൾ ജീവിതത്തോട് അവൾ സമരസപ്പെട്ടുവെന്നു ഞാൻ ആശ്വസിച്ചു.
സുരഭിയുടെ മരണത്തോടെ നാട്ടിൽ വന്ന മിന്നു ഒരാഴ്ച എന്നോടൊപ്പം നിന്നു.. മരുന്നിന്റെ പ്രത്യാഘാതം തളർത്തുന്ന പകലുകൾക്കൊടുവിൽ രാവിൽ ഒരു നനഞ്ഞ പഴന്തുണി പോലെ അവൾ കിടക്കയിൽ തളർന്നു കിടന്നുറങ്ങി. സുരഭിയുടെ മരണശേഷം പറമ്പിൽ വന്നിരുന്നകരിമഷിക്കറുപ്പുള്ള ബലിക്കാക്ക അമ്മയുടെ ആത്മാവാകുമെന്ന് മിന്നു പലവട്ടം പറഞ്ഞു സ്വയം ആശ്വസിച്ചു.
സുരഭിയുടെ മരണാനന്തരം നടന്ന പ്രധാന ചടങ്ങിൽ മിന്നു ഉണ്ടായിരുന്നില്ല. ഏറ്റവും പ്രിയപ്പെട്ടവർ പോലും തന്നിൽ നിന്നകന്ന് പോയ തിൽ അവൾ വല്ലാതെ വേദനിച്ചിരുന്നു. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഭയപ്പെടുന്നത് കടമോ ജീവിതപ്രാരാബ്ധങ്ങളോ രോഗങ്ങളോ വന്നു പെടുന്ന നിസ്സഹായമായ അവസ്ഥയിലാണ്. അങ്ങനെ ഉള്ളവരെ വിളിക്കാനോ വിവരം അറിയാനോ അവർ വിളിച്ചാൽ ഫോൺ എടുക്കാനോ പോലും ഭയപ്പെടുന്നവരാണ് ഏറെപ്പേരും. ചേർത്തു പിടിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അതിന് സാധിക്കാത്ത ചില സാഹചര്യങ്ങളിൽ ഒഴിഞ്ഞു മാറുന്നവരും ഉണ്ട്
.
ഇന്നുണ്ടെന്നു അഹങ്കരിക്കുന്ന പലതും നാളെ ചിലപ്പോൾ അന്യാധീനപ്പെട്ടെന്ന് വരാം. ഏതു നിമിഷത്തിലും ഒരു മാറാരോഗം ആരെയും വന്നു പിടി കൂടാം. പക്ഷെ അതെല്ലാം വിസ്മരിക്കുന്ന ആരിലേക്കും അവളെ തള്ളി വിടാൻ എനിക്ക് മനസ്സ് വന്നില്ല. ജീവിതത്തിൽ തനിച്ചായതിന്റെ പരിമിതികൾ ഉണ്ടായിരുന്നു എങ്കിലും അവളെ പരിചരിച്ചത് എനിക്ക് സന്തോഷം മാത്രം നൽകി. അങ്ങനെ ഒരു നിയോഗം എനിക്കുണ്ടായിരുന്നു എന്ന് തന്നെ ഞാൻ വിശ്വസിച്ചു.
അങ്ങനെ കടന്ന് പോയ ദിവസങ്ങളിൽ ഒന്നിലാണ് ആ സംഭവമുണ്ടായത്. വളരെയേറെ സന്തോഷം നിറഞ്ഞ ശബ്ദത്തിൽ ആദി എന്നെ ഫോണിൽ വിളിച്ചു.
"ആന്റി. അമ്മയുടെ ബർത്ഡേ വരുന്നു. അപ്രതീക്ഷിതമായി ഒരു സസ്പെൻസ് കാത്തിരിക്കുന്നുണ്ട് എന്ന് മാത്രം പറയുക."
എന്തായിരിക്കും ആ സസ്പെൻസ് എന്ന് ഞാൻ ഏറെ ചിന്തിച്ചു. അത് പറഞ്ഞ ദിവസം ഏതെല്ലാമോ വിദൂര സ്മൃതികൾ മിന്നുവിനെ അലട്ടും പോലെ എനിക്ക് തോന്നി. അനന്തതയിലേക്ക് നോക്കിയിരുന്ന അവളുടെ മിഴികൾ ശൂന്യമായിരുന്നു. പിറ്റേന്ന് അവളുടെ പിറന്നാൾ ആണ്. ഞാനും ആദി പറഞ്ഞ സർപ്രൈസ് എന്തായിരിക്കും എന്ന് കാത്തിരിക്കുകയായിരുന്നു.
പക്ഷെ അന്നവൾ ആരെക്കുറിച്ചും സംസാരിച്ചില്ല. പ്രഭാത ഭക്ഷണം കഴിച്ചു.അല്പം കഴിഞ്ഞ് ഒരു കുഞ്ഞിനെ പോലെ ശാന്തമായി ഉറങ്ങി. അപ്പോഴാണ് ആദിയൂടെ മെസ്സേജ് വന്നത്.
"ആന്റി കുറച്ച് സമയം കഴിയുമ്പോൾ ഞങ്ങൾ എത്തും. അച്ഛനും ഞാനും മായയും. അച്ഛൻ അമ്മയെ വീട്ടിലേക്ക് കൊണ്ടു പോരാനാണ് വരുന്നത്. ഇപ്പോൾ പറയേണ്ട. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നാണ് അച്ഛന്റെ ആഗ്രഹം.,എന്നോടുള്ള എല്ലാ പിണക്കവും മാറി " മറുപടി പറയാൻ വാക്കുകളില്ലാതെ ഞാൻ നിന്നു. എത്ര പെട്ടെന്നാണ് ജീവിതം മാറി മറിയുന്നത്. ഒട്ടേറെ ആകസ്മികതകൾ നിറഞ്ഞ ജീവിതത്തിൽ അന്നാദ്യമായി ഞാൻ വളരെയേറെ സന്തോഷിച്ചു. അവരെ സ്വീകരിക്കാൻ കാത്തു നിന്നു.
പുറത്ത് ഒരു കാർ വന്നു നിന്നപ്പോൾ എന്റെ ഹൃദയമിടിപ്പുകൾ വർദ്ധിച്ചു.. എത്ര കാലമായി ഇങ്ങനെ ഒരു സമാഗമത്തിനായി കാത്തിരിക്കുന്നു. പ്രതീക്ഷിച്ചതു പോലെ അത് അവർ തന്നെയായിരുന്നു. കൈയിൽ ഒരു ഗിഫ്റ്റ് പാക്കറ്റുമായി ആദ്യം കടന്ന് വന്നത് അനന്തനായി രുന്നു. പിന്നാലെ കടന്ന് വന്ന ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വിറയ്ക്കുന്ന വിരലുകൾക്കുള്ളിൽ അവൻ മായയുടെ വലം കൈ ചേർത്തു പിടിച്ചു.
ഞാൻ മെല്ലെ ചെന്നു മിന്നുവിനെ വിളിച്ചുണർത്തി.
" നോക്ക് ആരൊക്കെയാണ് വന്നിരിക്കുന്നതെന്ന് " ഞാൻ മിന്നുവിന്റെ നെറ്റിയിൽ തലോടി. ഉറക്കത്തിൽ നിന്നുണർന്ന അവൾ ക്ഷീണിച്ച കണ്ണുകൾ തുറന്ന് ഒരു അപരിചിതയെ പോലെ ഞങ്ങളുടെ മുഖങ്ങളിൽ മാറി മാറി നോക്കി.
"നിങ്ങളൊക്കെ ആരാ? എന്തിനാ എന്നെ ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തിയത്? ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ? "
അതിവിദൂരമായ ഏതോ ഗുഹാ മുഖത്ത് നിന്നും കേൾക്കുന്നത് പോലെ അവളുടെ ശബ്ദം വീണ്ടും കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ആദിയുടെ നിലവിളികൾക്ക് നേരെ മുഖം തിരിച്ചു വീണ്ടും അവൾ മയക്കത്തിലേക്കു വഴുതി വീഴുന്നത് ഒരു നടുക്കത്തോടെ ഞാൻ നോക്കി നിന്നു.
അവൾ ഉണരാൻ ഏറെ നേരം കാത്തിരുന്നതിന് ശേഷം അവർ നിരാശയോടെ ഇറങ്ങി. ഉണർന്നാൽ ഉടനെ വിളിക്കണം. ആശുപത്രിയിൽ കൊണ്ടു പോകാം എന്ന് പറഞ്ഞാണ് അവർ ഇറങ്ങിയത്. മറവി രോഗം കൂടി അവളെ ബാധിച്ചു കാണുമോ എന്ന് ഞാൻ ഭയപ്പെട്ടു. കാർ പോയിക്കഴിഞ്ഞു ഞാൻ ഗേറ്റ് അടച്ചു തിരികെ വന്നപ്പോൾ മിന്നു ഉണർന്നു കിടക്കുകയായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
"എന്താ കുട്ടീ എന്തിനാ കരയുന്നത് ? നമുക്ക് ഡോക്ടറെ പോയി കണ്ടാലോ. ഇപ്പോൾ ഓർമ്മ വരുന്നുണ്ടോ കാര്യങ്ങൾ?" ഞാൻ വേവലാതിയോടെ ചോദിച്ച് മറുപടി കാത്തു നിന്നു.
"അവർ പോയല്ലോ അല്ലേ. എന്റെ ഓർമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. എല്ലാം ഓർമ്മയുണ്ട്. ഇത്ര കാലം ഞാൻ അനന്തനെ വിളിച്ചു കൊണ്ടിരുന്നത് ഒരു ബാധ്യതയായി ആ ജീവിതത്തിലേക്ക് തിരികെ ചെല്ലാൻ ഒന്നുമായിരുന്നില്ല. ഇനിയും ആ ജീവിതം ഏറെ നാൾ ബാക്കിയുണ്ട്. അത് സന്തോഷത്തോടെ ജീവിച്ചു തീർക്കട്ടെ. കൂട്ടിന് ഒരാളെ കണ്ടെത്തട്ടെ. എനിക്ക് അനന്തനോട് പറയാൻ ഉണ്ടായിരുന്നത് എന്തെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. "
ആ നിറഞ്ഞ കണ്ണുകൾ അവൾക്കു പറയാൻ ബാക്കിയുള്ളത് എന്തെന്ന് എന്നെ ബോധ്യപ്പെടുത്തി. പെട്ടെന്നുള്ള ആ തിരിച്ചറിവിൽ ഒന്ന് ഉറക്കെ കരയണം എന്ന് പോലും എനിക്ക് തോന്നി. അപ്പോൾ മിന്നുവിന്റെ ഫോൺ ശബ്ദിച്ചു. മറുവശത്ത് അനന്തന്റെ നമ്പർ തെളിഞ്ഞു മായുന്നത് കണ്ണീരിലൂടെ അവ്യക്തമായി ഞാൻ കണ്ടു.